Faisal K Abu
സിനിമയിൽ ദൃശ്യ ഭാഷക്ക് ഉള്ള പ്രാധാന്യം വിളിച്ചോതുന്ന നല്ലൊരു സിനിമാ അനുഭവം തന്നെ ആണ് പടവെട്ട്… സിനിമയുടെ രാഷ്ട്രീയം പറയാൻ ഒരുപാട് ഡയലോഗുകൾ ഉപയോഗിക്കാതെ സീൻ ബൈ സീൻ ദൃശ്യങ്ങളെയും, സംഗീതവും മാത്രം ഉപയോഗിച്ച് അതി ഗംഭീരമായി കഥ പറയുന്ന ചിത്രം… ഗോവിന്ദ് വസന്തയുടെ സംഗീതം സിനിമയുടെ ജീവൻ ആണു. ചില പ്രത്യേക സാഹചര്യങ്ങളാൽ ജോലിക്ക് ഒന്നും പോകാതെ ഇളയമ്മ പുഷ്പയുടെ ചിലവിൽ ജീവിക്കുന്ന രവിയിലൂടെ ആണ് പടവെട്ട് കഥ പറഞ്ഞ് തുടങ്ങുന്നത്… ഒട്ടും പ്രതീക്ഷിക്കാതെ ഇവരുടെ ജീവിതത്തിലേക്കും പറമ്പിലേക്ക് വിളിക്കാതെ ഇടിച്ചു കയറി നേതാവ് കുയ്യാലി കൂടി വരുന്നതോടെ ആണ് പടവെട്ട് തീ പിടിച്ചു തുടങ്ങുന്നത്. സിനിമയെ ഒരു മികച്ച അനുഭവം ആക്കി മാറ്റുന്നതിനു കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്…. പുഷ്പ ആയി എത്തുന്ന രമ്യ സുരേഷിൻ്റെ പ്രകടനംഅസാധ്യമാണ്… അഭിനയിക്കുക അല്ല ജീവിക്കുക ആണ് എന്ന് തോന്നിപ്പിക്കുന്ന പ്രകടനം.
നേതാവ് കുയ്യാലി ആയി എത്തുന്ന ഷമ്മി തിലകൻ പൂ പറിക്കുന്ന ലാഘവത്തോടെ ആണ് വേഷം കൈകാര്യം ചെയ്തിരിക്കുന്നത്… അദേഹത്തിൻ്റെ ഘനഗംഭീരമായ ശബ്ദം കഥാപാത്രത്തിന് പ്രത്യേക മൈലേജ് കൊടുക്കുന്നുണ്ട്..താൻ തന്നേ ഉണ്ടാക്കിയെടുത്ത തടവറയിൽ ഒറ്റപ്പെട്ട രവി ആയി എത്തുന്ന നിവിൻ പോളിയുടെ മികച്ച പ്രകടനവും അടയാളപ്പെടുത്തേണ്ടത് തന്നെ ആണ് … അയാൾ അടക്കി വച്ച സങ്കടവും അമർഷവും ദേഷ്യവും ഒക്കെ പുറത്ത് വരുന്ന സീനിൽ ഒക്കെ ഹെവി പെർഫോർമൻസ് ആയിരുന്നു. ആകെ ഒരു പൊരുത്തക്കേട് തോന്നിയത് ചിലയിടത്ത് വന്ന ഡയലോഗ് ഡെലിവറി ആണ്. ചിത്രം എഴുതി സംവിധാനം ചെയ്ത ലിജു കൃഷ്ണൻ ആദ്യ സിനിമയാണ് ഇത് എന്ന് തോന്നിപ്പിക്കാത്ത അവതരണശൈലി ആണ് സ്വീകരിച്ചു ഇരിക്കുന്നത്.സാങ്കേതികം ആയി മികച്ചു നിൽക്കുന്ന ചിത്രം അതിൻ്റെ രാഷ്ട്രീയം കൃത്യമായി പറഞ്ഞു കൊണ്ട് തന്നെ ആണു മുന്നോട്ടു പോകുന്നതും…തൻ്റെ മണ്ണിലൂടെ നടക്കാതെ ഇരിക്കാൻ സ്ലാബ് വീഴ്ത്തുന്നത് മുതൽ…അർഹതപ്പെട്ടവർക്ക് പകരം ആനുകൂല്യങ്ങൾ വേണ്ടപെട്ടവർക്ക് നൽകുന്നത്. ആ അവസരം മുതലെടുക്കാൻ വരുന്ന “വക”… സേവനം എന്ന് തോന്നിപ്പിച്ചു അതു വഴി മറ്റുള്ളവർക്ക് മുകളിൽ തൻ്റെ അധികാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്..എന്നിങ്ങനെ കാണുന്നവൻ്റെ വിവേചനത്തിന് അനുസരിച്ച് കാലങ്ങൾ ആയി തുടർന്ന് വരുന്നതും, സമകാലികവുമായ ഒരുപാട് രാഷ്ട്രീയ സാഹചര്യങ്ങളെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്… ഏതെങ്കിലും ഒരു മുന്നണി രാഷ്ട്രീയത്തെ പ്രതികൂട്ടിൽ നിർത്താതെ ജനങ്ങൾക്ക് എന്ന് പറഞ്ഞു അടിച്ചേൽപ്പിക്കുന്ന ജനദ്രോഹപരമായ നടപടികൾക്ക് എതിരെ ഉള്ളൊരു ആഹ്വാനം തന്നെ ആണു പടവെട്ട്….