Vaaitha
Faisal K Abu
തമിഴ് സിനിമാ ഉലകത്തിൽ എത്ര പറഞ്ഞാലും വീണ്ടൂം പറയാൻ കാമ്പുള്ള ഒരു വിഷയം ആണ് ജാതി രാഷ്ട്രീയം… അതിനെ മുൻനിർത്തി നീതിയും നിയമവും തമ്മിൽ ഉള്ള അന്തരത്തെ കൂടി ഉൾപ്പെടുത്തി പച്ചയായ കഥ പറയുന്ന ഒരു മികച്ച സിനിമ ആണ് വായ്താ.
തൻ്റെ കടയുടെ മുൻവശത്ത് ഇരുന്നു ഇസ്തിരി ഇടുവാൻ വേണ്ടി കരി കത്തിച്ചു കൊണ്ടിരിക്കെ അലക്കുകാരൻ ആയ അപ്പുസ്വാമിയുടെ ദേഹത്ത് അശ്രദ്ധ മൂലം ബൈക്ക് ഇടിപ്പിക്കുന്നത് , ആ നാട്ടിലെ പ്രമാണിയും, പഞ്ചായത്ത് പ്രസിഡൻ്റും ആയ ആയ ആളുടെ മകൻ ആണ്. സംഭവത്തിന് ശേഷം പെട്ടെന്ന് ഉള്ള പരവേശത്തിൽ ബൈക്ക് അവിടെ ഉപേക്ഷിച്ച് ഓടിപോവുകയാണ് ആ പയ്യൻ ചെയ്യുന്നത്. അപകടത്തിൽ പൊള്ളൽ എൽക്കുകയും തോൾ എല്ലിന് പരിക്ക് പറ്റുകയും ചെയ്യുന്ന അപ്പുസ്വാമി തുടർന്നു ജോലി എടുക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആകുന്നു. അപകടത്തെ കുറിച്ച് പോലീസിൽ പരാതി നൽകാതെ നാട്ടുകൂട്ടം പറയുന്നത് കേട്ടു നഷ്ടപരിഹാരം നേടുവാൻ തീരുമാനിക്കുന്നത് മുതൽ അപ്പുസ്വമിയുടെയും, കുടുംബത്തിൻ്റെയും കാര്യങ്ങൾ ആകെ കുഴഞ്ഞു മറിയുകയാണ്, തുടർന്നു നടക്കുന്ന സംഭവങ്ങളുടെ ആകെ തുകയാണ് ചിത്രം പറയുന്നത്.
ന്യായം തൻ്റെ ഭാഗത്ത് ആയിട്ടും പാവപ്പെട്ടവൻ ആയത് കൊണ്ടും താഴ്ന്ന ജാതിക്കാരൻ ആയത് കൊണ്ടു മാത്രം നീതി നിഷേധിക്കപ്പെടുന്നവൻ്റെ കഥ മികച്ച രീതിയിൽ തന്നെ ആണ് സിനിമ അവതരിപ്പിക്കുന്നത്. നാട്ടിൽ നീതി ലഭിക്കാതെ വരുമ്പോൾ നിയമത്തെ സമീപിക്കുന്ന അപ്പുസ്വാമിക്ക് അവിടെയും നേരിടേണ്ടി വരുന്നത് പ്രശ്നങ്ങൾ മാത്രം ആണ്. ഇതിനിടയിൽ കോടതി നടപടികളിലെ കാല താമസവും, ആക്സിഡൻ്റ് കേസുകളിലെ വക്കീൽമാരുടെ മുതലെടുപ്പും , എന്തിനേറെ നിയമത്തെ വരേ സ്വാധീനിക്കാൻ ശക്തിയുള്ള എത്ര തേച്ചു കഴുകിയാലും മാറാത്ത ജാതി വേറി എന്ന കറയെയും ഒക്കെ നല്ല രീതിയിൽ വരച്ചു കാട്ടുന്നുണ്ട് സിനിമ.
സിനിമയിലെ ചില കോടതി നടപടികൾ ഒക്കെ കാണുമ്പോൾ ഇങ്ങനെയൊക്കെ ആളുകളെ പറ്റിക്കുവാൻ കഴിയുമോ എന്നു തോന്നും എങ്കിലും , ഒരു തവണ എങ്കിലും കോടതിയിൽ പോയിട്ടുള്ള ആളുകൾക്ക് അത് കൃത്യമായി കണക്റ്റ് ആകും എന്ന് വിശ്വസിക്കുന്നു.ഈ സിനിമയുടെ ക്ലൈമാക്സ് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് അവക്ക് ഉത്തരം കണ്ടെത്തുക എളുപ്പം ആല്ല.. സാമൂഹിക പ്രതിബദ്ധത ഉള്ള നല്ല സിനിമകൾ ഇഷട്ടപ്പെടുന്നവർ കഴിയും എങ്കിൽ കാണുവാൻ ശ്രമിക്കുക..ചിത്രം ആമസോൺ പ്രൈംൽ ലഭ്യമാണ്.