Entertainment
ഈ സിനിമ പ്രസക്തം ആകുന്നത് അതു മുന്നോട്ടു വയ്ക്കുന്ന കുറച്ച് ചോദ്യങ്ങൾ കാരണം ആണ്

Faizal Ka
ഒരു സിനിമ എന്ന നിലയിൽ അനേക് ഒരിക്കലും പൂർണത അവകാശപ്പെടാവുന്ന ഒന്നോ , കഥ പറച്ചിലിൽ കൊണ്ട് കാണികളെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത വിധം പിടിച്ചിരുത്താൻ കെൽപ്പുള്ളതോ ആയ ഒന്നല്ല… എന്നിട്ടും ഈ സിനിമ പ്രസക്തം ആകുന്നത് അതു മുന്നോട്ടു വയ്ക്കുന്ന കുറച്ച് ചോദ്യങ്ങൾ കാരണം ആണ്…. അതിൽ പ്രധാനമായത്…
“ഒരു ഇന്ത്യക്കാരനെ എങ്ങിനെ തിരിച്ചറിയാൻ സാധിക്കും ? “എന്നതും
ഇവിടെ സമാധാനം വേണ്ട എന്ന് തീരുമാനിക്കുന്നത് ആരാണ് ?” എന്നതും…
ഇന്ത്യയുടെ മാപ്പിൽ നിന്നു സംസ്ഥാനങ്ങളുടെ പേരുകൾ എടുത്തു മാറ്റിയാൽ എത്ര പേർക്ക് കൃത്യമായി എല്ലാ സ്റ്റേറ്റൂകളും തിരിച്ചറിയാൻ കഴിയും? എന്നതും ആണ്.മുൽക്ക്, ആർട്ടിക്കിൾ 15, തപ്പട് എന്നീ സിനിമകൾക്ക് ശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്തു ആയുഷ്മൻ ഖുറാന , Andrea Kevichüsa , മനോജ് പാഹ്വ, കുമുദ് മിശ്ര, JD ചക്രവർത്തി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് തീയറ്റർ റിലീസ് ആയി വന്ന ചിത്രം ആണ് അനേക്.
ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്ത് അഥവാ നോർത്ത് ഈസ്റ്റിൽ സമാധാനം പുനസ്ഥാപിക്കുന്നതിൻ്റെ ഭാഗം ആയി നടക്കുന്ന ഒരു under cover ഓപ്പറേഷനിൽ ഫീൽഡ് ഏജൻ്റ് ആയി പ്രവർത്തിക്കുന്ന അമൻ്റെ കാഴ്ചപ്പാടിലൂടെ ആണ് ചിത്രം കഥപറയുന്നത്. വടക്കു കിഴക്കൻ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം എന്ന രീതിയിൽ കഥപറയുന്ന ചിത്രം പറയാൻ ശ്രമിക്കുന്നത്, കാലങ്ങൾ ആയി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വലിയ അസമത്വത്തെ കുറിച്ചും , അവിടത്തെ ജനങ്ങളെ രൂപം കൊണ്ടും ഭക്ഷണ രീതി കൊണ്ടും അവർ നേരിടേണ്ടി വരുന്ന വിവേചനങ്ങളെ കുറിച്ചും , പ്രധാനമായും അവിടത്തെ നേതാക്കളും കേന്ദ്രം ഭരിക്കുന്നവരും തമ്മിലുള്ള രാഷ്ട്രീയ ചൂതാട്ടങ്ങളെ കുറിച്ചും അതു മൂലം അവിടത്ത്കാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ്…
പ്രകടനങ്ങളിൽ എല്ലാവരും തങ്ങളുടെ ഭാഗം നന്നായി ചെയ്യുന്നുണ്ട്… ആയുഷ്മൻ ഖുറാന ഒരു സ്റ്റാൻഡ് എലോൺ പെർഫോർമൻസ് എന്നതിനേക്കാൾ സിനിമയുടെ ഭാഗമായി ഇഴചേർന്നു പോകുന്നുണ്ട്… അതോടു ഒപ്പം മനോജ് പഹ്വായുടെ കഥാപാത്രവും നന്നായി തോന്നി. ചിത്രത്തിൽ നന്നായി തോന്നിയതും അൽഭുതപ്പെടുത്തിയതും NE കാരായ അഭിനേതാക്കൾ ആണ്… അതിൽ തന്നെ എമ്മ ആയി അഭിനയിക്കുന്ന അവരും , ഇന്ത്യക്കാരി ആണ് എന്നു തെളിയിക്കാൻ , സ്വന്തം രാജ്യത്തെ പ്രതിനിധാനം ചെയ്യുവാൻ വേണ്ടി പൊരുതേണ്ടി വരുന്ന ഐഡോയും അവളുടെ അച്ഛനും , ടൈഗർ സംഗാ ആയി വരുന്ന ആളും എല്ലാം നിങ്ങളുടെ മനസ്സിൽ നിൽക്കും , അവരുടെ ചോദ്യങ്ങൾ നിങ്ങളെ ചിന്തിക്കാൻ എങ്കിലും പ്രേരിപ്പിക്കും…
ആദ്യം പറഞ്ഞത് പൊലെ അനേക് ഒരു പതിവ് സിനിമാ കാഴ്ച്ച അല്ല… ഈ സിനിമ ആരെയും പ്രതി ആക്കാനോ ആരുടെയും പക്ഷം പിടിക്കാനോ , പ്രശ്നത്തിന് പരിഹാരം കണ്ടുപിടിക്കാനോ അല്ല ശ്രമിക്കുന്നത്…മറിച്ച് ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന ചോദ്യങ്ങൾ സാമൂഹ്യ പ്രധിപത്യത ഉള്ളതും അ ചോദ്യങ്ങൾ നമ്മുടേത് ആകുന്ന ഒരു ചിത്രം കൂടി ആണ്.സമാധാനത്തെയും സ്വത്വത്തെയും കുറിച്ചുള്ള നമ്മുടെ ആശയം എന്താണ് ?
യഥാർത്ഥത്തിൽ നമ്മൾ അവകാശപ്പെടുന്ന നാനാത്വത്തിൽ ഏകത്വം എന്നത് ഈ ജനാധിപത്യത്തിൽ എത്രത്തോളം അംഗീകരിക്കപെടുന്നു ?വടക്കുകിഴക്കു ജനതകൾക്ക് എന്ത് കൊണ്ടു ഇപ്പോഴും അവർ ഇന്ത്യക്കാർ ആണ് എന്നതിൽ ഒരു വിശ്വാസക്കുറവ് ?എന്നിങ്ങനെ പോകുന്നു വീണ്ടും ആ ചോദ്യങ്ങൾ… പച്ചയായ കഥകൾ പറയാൻ ശ്രമിക്കുന്ന സീരിയസ് സിനിമകൾ താൽപര്യം ഉള്ളവർ തീർച്ചയായും കണ്ടൂ നോക്കേണ്ട ഒന്ന് തന്നെ ആണ് അനേക്.
497 total views, 4 views today