വിശ്വാസിയായ ഒരു മുസ്‌ലിം മതേതര ജനാധിപത്യത്തില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനെ ‘അദ്ദേഹം’ ഉപമിക്കുന്നത് പന്നിയിറച്ചി തിന്നുന്നതുമായിട്ടാണ്

339

എം സ്വരാജിന്റെ നിയമസഭാ പ്രസംഗത്തെക്കുറിച്ചു പ്രതികരിക്കാമോയെന്ന് ഒരു ജമാഅത്ത് സുഹൃത്ത് ചോദിച്ചു.നൂറുവട്ടമന്നേ അതേക്കുറിച്ചു പറയാനുള്ളൂ..

സുഹൃത്തേ..മലബാറിലെ സ്വാതന്ത്ര്യസമര ചരിത്രത്തേയും ആലിമുസ്ലിയാരും വാരിയംകുന്നത്തും അടക്കമുള്ളവരുടെ പോരാട്ടവീര്യത്തേയും സൂചിപ്പിച്ചു, അത്തരം പാരമ്പര്യമുള്ള മുസ്ലിം ജനവിഭാഗത്തോട്, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തു മാത്രം പരിചയമുള്ള സംഘുപരിവാരം, അബദ്ധവശാൽ അധികാരം കിട്ടിയെന്നു കരുതി രേഖ ചോദിച്ചു വരേണ്ടതില്ലെന്ന് അസന്നിദ്ഗമായി അദ്ദേഹം പറഞ്ഞു. ഇരയാക്കപ്പെടുന്ന മുസ്ലിം ജനസാമാന്യത്തോട് വൈകാരികമായി ഐക്യപ്പെട്ടാണ് സംഘുപരിവാറിന്റെ കരണത്ത് സ്വരാജ് തല്ലിയത് .
Image result for maududi"തുടർന്ന് അദ്ദേഹം പറഞ്ഞതും പ്രധാനപ്പെട്ട കാര്യം തന്നെയല്ലേ . ” ഇത് മതനിരപേക്ഷമായി സംഘടിപ്പിക്കേണ്ട സമരമാണ് , മത രാഷ്ട്രവാദത്തെയാണ് എതിർക്കുന്നത് , ആർഎസ് എസ് മത രാഷ്ട്രവാദം ഉയർത്തിയാലും ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉയർത്തിയാലും മനുഷ്യന്റെ റിപ്പബ്ലിക് ആണ് ഉണ്ടാവേണ്ടത്..” തുടർന്ന് ആണ് അദ്ദേഹം മൗദൂദിയെ പരാമർശിക്കുന്നത്..
താരതമ്യം ചെയ്യുന്നതിൽ പൊരുത്തക്കേട് ചൂണ്ടിക്കാട്ടാമെങ്കിലും , ഡെമോക്രസിയുടെ ഭാഗത്ത് നോക്കി കാണുമ്പോൾ , മൗലാന മൗദൂദിയിലൂടെ പിറവി കൊണ്ട ജമാഅത്തെ ഇസ്‌ലാമിയുടെ മുഖ്യലക്‌ഷ്യം എന്താണ് എന്നത് പ്രസക്തം തന്നെയാണ്.. ആധുനിക മതേതര ജനാധിപത്യംഅംഗീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ച വ്യക്തിയാണ് മൗദൂദി.
`മുസല്മാന്മാരെ സംബന്ധിച്ച്‌ ഞാനിതാ പ്രഖ്യാപിക്കുന്നു ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിന്നും ഈമാനിനും കടകവിരുദ്ധമാണ്‌.’ (മതേതരത്വം ദേശീയത്വം ജനാധിപത്യം- പേ. 22 അബുല്അഅ്‌ലാ മൗദൂദി) ..
മതങ്ങളിലെയും സംസ്കാരങ്ങളിലെയും സമൂഹങ്ങളിലെയും നന്മകളെ അടിസ്ഥാനമാക്കി ഉയർന്നു വന്ന, ആധുനിക ജനാധിപത്യം മതവിരുദ്ധമല്ലെന്നു മുസ്ലിം ജനസാമാന്യത്തിനു അറിയാമെങ്കിലും മൗലാനാ മൗദൂദിക്ക് പക്ഷെ , അത് അംഗീകരിക്കാൻ സാധ്യമല്ല, വിശ്വാസിയായ ഒരു മുസ്‌ലിം മതേതര ജനാധിപത്യത്തില് രാഷ്‌ട്രീയ പ്രവര്ത്തനം നടത്തുന്നതിനേ അദ്ദേഹം ഉപമിക്കുന്നത്, പന്നിയിറച്ചി തിന്നുന്നതിനെയാണ് . “ അമുസ്‌ലിം പാകം ചെയ്‌താലും മുസ്‌ലിം പാകം ചെയ്‌താലും പന്നി പന്നി തന്നെയാണ്‌. അതിന്റെ മാംസം അശുദ്ധവുമാണ്‌. ” എന്നൊക്കെ എഴുതിയ ആളാണ് അദ്ദേഹം.
മൗദൂദിയെ ഉപേക്ഷിക്കാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, ഇപ്പോഴും ആശയ അടിത്തറ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ തന്നെയാണ് . വോട്ടു ചെയ്യുന്നതിനെക്കുറിച്ചു ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന് നടത്തിയ ഒരു പ്രസംഗം മുൻപ് സോഷ്യൽ മീഡിയയിൽ വിവാദമായിരുന്നു. ജനാധിപത്യ മതേതര വ്യവസ്ഥ നിലനിർത്താൻ ഉദ്ദേശിച്ചു വോട്ടു ചെയ്യുന്നത് ശിർക്കാണെന്ന് പ്രസംഗിച്ച വ്യക്തിയാണ് അദ്ദേഹം.
ഹിന്ദുമത രാഷ്ട്രവാദവുമായുള്ള അതിന്റെ വ്യത്യാസം അംഗീകരിക്കുമ്പോള് തന്നെ, ഇസ്‌ലാമികം എന്ന് പേരിട്ടത് കൊണ്ട് മതരാഷ്ട്രവാദം മത രാഷ്ട്രവാദമാകാതിരിക്കുന്നില്ല. ഇന്ത്യന് ഭരണഘടനയും ജനായത്തവും സംരക്ഷിക്കാനുള്ള സമരത്തില്, നിങ്ങള്ക്ക് എങ്ങിനെയാണ് ആത്മ സംഘര്ഷമില്ലാതെ പങ്കു ചേരാന് കഴിയുക..?
ജമാഅത്ത് സുഹൃത്തുക്കളോട് പറയാനുളളത്, ഒന്നുകിൽ നിങ്ങളീ മൗദൂദി വാദം പൂർണ്ണമായും ഉപേക്ഷിച്ചു ജനാധിപത്യ മതേതര വ്യവസ്ഥയെ മാനസികമായി അംഗീകരിച്ചു കൊണ്ട്, അതിനെ ശക്തിപ്പെടുത്താന് പങ്കു ചേരുക എന്നതാണ്.. അല്ലാത്ത പക്ഷം മനസ്സിൽ മറ്റൊന്ന് വെച്ച് നിങ്ങളീ നടത്തുന്ന കസർത്തുകളെ, മതേതര ജനാധിപത്യ പക്ഷത്തുള്ള ആളുകൾ, മുസ്ലിംകളിൽ തന്നെയുള്ള ബഹുഭൂരിപക്ഷം ഉൾപ്പെടെ , തീർച്ചയായും എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും.