ഇതെന്താ ബാനാനയൊക്കെ ട്രീയുടെ മുകളിൽ ഞങ്ങൾക്ക് ഭക്ഷണം കിട്ടുന്നത് സ്വിഗ്ഗിയിൽ നിന്നാണല്ലോ

77

Faizal Ks

വിദേശത്ത് ജനിച്ച് വളർന്നൊരു കുട്ടി, വെക്കേഷന് നാട്ടിൽ വന്ന സമയത്ത് “ഇതെന്താ ബനാനയൊക്കെ ട്രീയുടെ മുകളിൽ” എന്നത്ഭുതത്തോടെ പറയുന്നത് കണ്ടിട്ടുണ്ട്. അവനെ സംബന്ധിച്ച് സൂപ്പർമാർക്കറ്റിൽ നിന്ന് കിട്ടുന്ന ഒരു സംഗതിയാണ് ബനാന, അതൊരു മരത്തിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്നത് അവൻ ജീവിതത്തിൽ ആദ്യമായി കാണുവാണ്. ഡൽഹിയിലെ കർഷക സമരവുമായി ബന്ധപ്പെട്ട് “ഞങ്ങൾക്ക് ഭക്ഷണം കിട്ടുന്നത് സ്വിഗ്ഗിയിൽ നിന്നാണല്ലോ, പിന്നെന്താ പേടിക്കാൻ” എന്ന് സമാനമായ ട്രോൾ വന്നപ്പോൾ അതോർത്തു. പെട്ടെന്ന് തമാശ ആയി തോന്നുമെങ്കിലും, വളരെ ഗൗരവകരമായ ഒരു വിഷയമാണ് നമ്മുടെ ഭക്ഷണം എവിടെ നിന്നാണ് വരുന്നതെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ എന്നത്.

എന്തിനാണ് കർഷക ബില്ലിനെ എതിർക്കുന്നത്? കോർപ്പറേറ്റുകൾ കാർഷിക മേഖലയിലേക്ക് വരുന്നത് കർഷകർക്ക് നല്ലതല്ലേ, ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയുള്ള കൃഷി രീതികൾ വന്നാൽ അത് രാജ്യത്തിനും കർഷകർക്കും ഗുണകരമല്ലേ എന്നൊക്കെ ചിന്തിക്കുന്നവരാണ് കുറേപ്പേരെങ്കിലും. എന്നാൽ യഥാർത്ഥത്തിൽ എന്തായിരിക്കും സംഭവിക്കുക എന്നറിയാൻ സമാനമായ നിയമങ്ങൾ നിലവിലുള്ള രാജ്യങ്ങളിലെ കർഷകരുടെ അവസ്ഥ നോക്കിയാൽ മതിയല്ലോ… അതിന് പറ്റിയ രണ്ട് ഡോക്യുമെന്ററികളാണ് Food Inc (2010), Food Chain$ (2014).

Food Inc യെപ്പറ്റി മുൻപും എഴുതിയിട്ടുണ്ട്, മോൻസാന്റോയുടെ വിത്ത് പേറ്റന്റുമായി ബന്ധപ്പെട്ട്. എല്ലാവരും കണ്ടിരിക്കേണ്ട ഡോക്യുമെന്ററികളിൽ ഒന്നാണത്. അമേരിക്കയിലെ ഫുഡ് പ്രോഡക്ടുകൾ ഏതാണ്ട് മുഴുവനായി തന്നെ വെറും നാല് കമ്പനികൾ നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക് എത്തിയത് എങ്ങനെന്നും, രാജ്യത്തെ കർഷകരെ മുഴുവൻ അവരെങ്ങനെ അടിച്ചമർത്തിയെന്നുമൊക്കെ വിശദീകരിക്കുന്ന ഒരു ക്ലാസിക് ഡോക്യുമെന്ററി.

Food Chain$, സഞ്ജയ് രാവൽ എന്ന ഇന്ത്യക്കാരൻ സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററിയാണ്. ഫ്ലോറിഡയിൽ നടന്നൊരു കർഷക സമരത്തിന്റെ വിവരണങ്ങളിലൂടെ, എങ്ങനെയാണ് കോർപ്പറേറ്റുകൾ അമേരിക്കൻ കാർഷിക മേഖലയെ തകർത്തതെന്നും, ഒരു വശത്ത് കോടികൾ ലാഭം കൊയ്യുകയും, അതിന് വേണ്ടി വിയർപ്പൊഴുക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്ത് ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്നതെന്നും കാണിക്കുകയാണ്.

വർഷത്തിൽ എല്ലാ ദിവസവും ഓഫറുകൾ കൊടുക്കുന്ന, മറ്റേത് കടകളെക്കാളും വിലക്കുറവിൽ സാധനങ്ങൾ (കാർഷിക വിഭവങ്ങൾ) നൽകുന്ന വമ്പൻ റീട്ടെയിൽ സൂപ്പർമാർക്കറ്റുകൾക്ക് എങ്ങനെയാണ് ഇത് സാധ്യമാകുന്നത് എന്നൊരു ചോദ്യമുണ്ട്. അവർ നേരിട്ട് കാർഷിക മേഖലയിൽ ഇടപെടുന്നു എന്നതാണ് ഉത്തരം. ഇടപെടുക എന്നാൽ അവർ കൃഷി ചെയ്യുന്നുവെന്നോ, കൃഷിയിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നു എന്ന് ധരിക്കരുത്, പകരം കോണ്ട്രാക്റ്റ് ഫാമിംഗ് നടത്തുകയാണ്. തീർത്തും ഏകപക്ഷീയമായ വ്യവസ്ഥകൾ വെച്ചുകൊണ്ട് കർഷകരുമായി കമ്പനി കരാറുകളിൽ ഏർപ്പെടുന്നു.

കൃഷിയെക്കുറിച്ച് നമുക്കറിയാം, വളരേ റിസ്ക് ഉള്ള ഒരു പരിപാടിയാണ്, കാലാവസ്ഥ മുതൽ നൂറായിരം കാര്യങ്ങളാൽ ബാധിക്കപ്പെടാവുന്ന, ധാരാളം ഇൻവെസ്റ്റ്‌മെന്റ് ആവശ്യമായുള്ള ഒരു കാര്യം. തുടർച്ചയായി ലാഭം മാത്രം കിട്ടുക എന്നതൊരു ഐഡിയൽ സ്വപ്നം മാത്രമാണ്. എല്ലാ കാര്യങ്ങളും കൃത്യമായി നടക്കുകയും, നല്ല വിളവ് കിട്ടുകയും ചെയ്താൽ കിട്ടിയേക്കാവുന്ന ലാഭത്തിന് വേണ്ടി ചൂഷണം ചെയ്യപ്പെടുന്നത് ഏറ്റവും താഴെത്തട്ടിൽ അധ്വാനിക്കുന്ന തൊഴിലാളിയാണ്. അവരുടെ വേതനം രാജ്യത്തിലെ ഏറ്റവും കുറഞ്ഞതാകുന്നു. മറുവശത്ത് റീട്ടെയിൽ ഭീമന്മാരുടെ ലാഭം ഓരോ വർഷവും കോടികളുടെ ടേണോവറുമായി മുകളിലേക്ക് മാത്രമാണ് പോകുന്നത് എന്നോർക്കണം. കൃഷിയിൽ ഉണ്ടാകുന്ന ഒരു നഷ്ടവും അവരെ ബാധിക്കുന്നതേയില്ല. എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് സഹിച്ച് കമ്പനികൾക്ക് വേണ്ടി നിൽക്കുന്നത് എന്ന് ന്യായമായും തോന്നാം, വേറെ വഴിയില്ലാത്തത് കൊണ്ടാണ് എന്നാണ് ഉത്തരം.

എക്കണോമിക്സിൽ “മോണോപ്സോണി” (Monopsony) എന്നൊരു അവസ്ഥയുണ്ട്. മോണോപ്പൊളിയുടെ ഓപ്പോസിറ്റ്. ഒരുപാട് വില്പനക്കാർ, വാങ്ങാൻ ഒരേയൊരു ആൾ മാത്രമുള്ള അവസ്ഥ. അവിടെ മാർക്കറ്റ് കണ്ട്രോൾ മുഴുവൻ വാങ്ങുന്ന ആളുടെ കയ്യിലായിരിക്കും. കാർഷിക മേഖലയിൽ കോർപ്പറേറ്റുകൾ സൃഷ്ടിക്കുന്നത് ഈ അവസ്ഥയാണ്. ഒരുപാട് കർഷകർ, എന്നാൽ പ്രൊഡക്റ്റ് വാങ്ങുന്നത് മുഴുവൻ ഒന്നോ രണ്ടോ കമ്പനികൾ എന്ന അവസ്ഥ. ഒരൊറ്റ രാത്രികൊണ്ട് ഉണ്ടായ സ്ഥിതിയല്ല, മറിച്ച് കുത്തക കമ്പനികളോട് പിടിച്ച് നിൽക്കാൻ പറ്റാതെ ചെറിയ ചെറിയ കമ്പനികൾ ഒക്കെ പൂട്ടി വമ്പന്മാർ മാത്രം ബാക്കിയായ ശേഷം ഉണ്ടാകുന്ന അവസ്ഥയാണ്. (ജിയോ വന്നതിന് ശേഷം പൂട്ടിപ്പോയ ടെലികോം കമ്പനികളെ ഓർക്കാം) പിന്നീട് കമ്പനിയുടെ ആവശ്യങ്ങൾ മീറ്റ് ചെയ്യുന്ന തരത്തിൽ കൃഷി ചെയ്യേണ്ടത് കർഷകരുടെ ബാധ്യതയായി മാറുകയാണ്, അവർക്ക് വേറെ ഓപ്‌ഷനില്ലാതെ വരുന്നു.

ഫ്ലോറിഡയിലെ തക്കാളി തോട്ടങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ വെച്ച്, ഈ ഡോക്യുമെന്ററി ലോകമെങ്ങുമുള്ള കർഷക തൊഴിലാളി ചൂഷണങ്ങളെ കുറിച്ചാണ് പറയുന്നത്. ലോകത്തിന്റെ കാർഷിക ചരിത്രം എടുത്ത് നോക്കിയാൽ എവിടെയാണ് ചൂഷണങ്ങളില്ലാതെ ഇരുന്നിട്ടുള്ളത്. ആഫ്രിക്കൻ അടിമകളുടെ ചരിത്രം മുതൽ ഇങ്ങ് ഇടുക്കിയിലും വയനാട്ടിലും വരെ കോർപറേറ്റ് കൃഷി എന്നാൽ ചൂഷണത്തിന്റെ ചരിത്രമാണ്. ഡോക്യുമെന്ററിയിൽ പറയുന്നത് പോലെ “ഇന്ന് അടിമത്ത സമ്പ്രദായം നിലവിലില്ല, അടിമകളെ വാങ്ങാൻ കിട്ടില്ല, പകരം അവരെ കോണ്ട്രാക്റ്റ്‌ ബേസിൽ വാടകക്ക് എടുക്കുകയാണ്” എന്നതൊരു സത്യമാണ്. കർഷക ആത്മഹത്യകൾ ഒരു വാർത്ത പോലുമല്ലാത്ത, ദാരിദ്ര്യത്തിനൊപ്പം ജാതിയെന്ന ദുർഭൂതം കൂടെ ജീവിതം നരകമാക്കുന്ന ഇന്ത്യൻ കർഷക തൊഴിലാളികൾക്ക്, ഈ കർഷക ബില്ല് അവരെ മുന്നിലേക്ക് കൊണ്ടുവരാൻ ഉള്ളതല്ല, അവരെ കൂടുതൽ ദരിദ്രർ ആയി നിലനിർത്തുവാൻ മാത്രമേ സഹായിക്കാൻ പോകുന്നുള്ളൂ.