മലയാള സിനിമയിലെ ഒളിച്ച് കടത്തലുകൾ

75

Faizal Ks

മലയാള സിനിമയിലെ ഒളിച്ച് കടത്തലുകൾ

മലയാള സിനിമ പിന്തുടർന്ന് വന്നിരുന്ന സാമ്പ്രദായികതകൾ എല്ലാം ഒഴിവാക്കി, പുതുവഴി വെട്ടുന്ന യുവനിര, അങ്ങനെയാണ് 2010 കാലഘട്ടത്തിൽ ന്യൂജനറേഷൻ സിനിമകളെന്നു വിളിക്കപ്പെട്ട സിനിമാക്കാരെ പറ്റി പറഞ്ഞിരുന്നത്. ആ സമയത്ത് വന്ന സിനിമകളുടെ അവതരണത്തിലും ചിത്രീകരണത്തിലുമെല്ലാം ആ മാറ്റങ്ങൾ കാണാനുമുണ്ടായിരുന്നു. ഈ മാറ്റങ്ങൾക്കൊപ്പം മലയാള സിനിമയിൽ അലിഞ്ഞ് ചേർന്ന സവർണ്ണതയും സ്റ്റീരിയോടൈപ്പിംഗും ഒക്കെ മാറിയെന്നാണ് കുറേ പേരെങ്കിലും ധരിച്ചിരിക്കുന്നത്. ശരിക്കും അതൊക്കെ പോയെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

പുതിയ സംവിധായകരിൽ പ്രമുഖനായ അരുൺകുമാർ സിനിമകളിലെ (മുരളീഗോപി സിനിമകൾ എന്നും പറയാം) ചില കഥാപാത്ര സൃഷ്ടികളെ അവരുടെ പേരും രൂപവും ഒക്കെ കാണിച്ചിരിക്കുന്ന രീതികളെ, ആവർത്തിക്കുന്ന ചില പാറ്റേണുകളെ ഒന്നെടുത്ത് നോക്കുകയാണ് ചുവടെ. (സിനിമയെ സിനിമയായി മാത്രം കാണുന്നവർക്ക് ഇവിടെ നിർത്തി സ്കിപ്പ് ചെയ്ത് അടുത്ത പോസ്റ്റിലേക്ക് പോകാം 🙂 )

2007ലിറങ്ങിയ Butterfly on a wheel എന്ന ഹോളിവുഡ് സിനിമ മലയാളീകരിച്ചാണ് അരുൺകുമാർ 2010ൽ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. സീൻ ബൈ സീൻ കോപ്പി, എന്നാൽ ഒറിജിനലിൽ ഇല്ലാത്ത ചില രംഗങ്ങൾ മലയാളത്തിൽ നമുക്ക് കാണാം, അതിലൊന്ന് ജയസൂര്യയും അനൂപ് മേനോനും വഴിയിൽ വെച്ച് ഇന്നസെന്റിനെ കണ്ടുമുട്ടുന്ന രംഗമാണ്. അതുവരെ അഞ്ജാതനായ കിഡ്നാപ്പർ ആയ ജയസൂര്യയുടെ കഥാപാത്രം, അങ്ങനെ ചുമ്മാ ഒരാളല്ല, ബ്രാഹ്മണനാണ് എന്ന് പ്രേക്ഷകരെ അറിയിക്കലാണ് സീനിന്റെ ലക്ഷ്യം. ഇന്നസെന്റിന്റെ കല്യാണകൃഷ്ണൻ വന്നിട്ടാണ് ജയസൂര്യ വെങ്കിടേഷ് എന്ന ബ്രാഹ്മണൻ ആണെന്നും പഠിപ്പിൽ മിടുക്കൻ ആയിരുന്നെന്നും, ന്യൂക്ലിയർ ഫിസിക്സ് പഠിച്ചയാളാണെന്നൊക്കെ നമുക്ക് മനസിലാകുന്നത്. കഥക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെങ്കിലും നായകനല്ലേ ഇരിക്കട്ടേന്ന്.

അപ്പുറത്ത് വെങ്കിടേഷിന്റെ ജീവിതം തകർത്ത ‘രവി അബ്രഹാം’. ധർമ്മ സംസ്ഥാപനത്തിനായി രവിയെ ഓടിക്കയാണ് വെങ്കിടേഷ്. ആദ്യം ചെല്ലുന്നതൊരു മുസ്ലിം കോളനിയിലേക്കാണ്, മൊത്തത്തിൽ ഒരു ഗുണ്ടാ സെറ്റപ്പ് ഒക്കെയുള്ള ഒരു സ്ഥലം, ബാങ്ക് വിളിയുടെ ബിജെഎം ഒക്കെയുണ്ട്. (ആ സമയത്ത് ഇറങ്ങിയ ട്രാഫിക്കിലും ആംബുലൻസിന് തടസ്സം നേരിടേണ്ടി വരുന്ന ഒരേ ഒരു സ്ഥലം ‘ബിലാൽ കോളനി’ ആണല്ലോ) അവിടെ വെച്ച് നിവൃത്തി ഇല്ലാതെ വാച്ച് വിൽക്കാൻ പോവുകയാണ് രവി, അപ്പോഴാണ് മാമുക്കോയയുടെ ‘ഹക്കീം സേട്ട്’ വരുന്നത്. അവസരം മുതലെടുത്ത് ഒരു ലക്ഷം രൂപയുടെ Bvlgari വാച്ച് വെറും ആറായിരം രൂപക്ക് തട്ടിയെടുക്കുന്ന ഫ്രോഡ്. ഒപ്പം പുള്ളിയൊരു കഥയും പറയുന്നുണ്ട്, “പെരുമ്പിലാവിൽ ഉള്ള അബ്ദുൽകരീം ഹാജി താനൂർ നിന്ന് ആൾക്കാരെ കൊണ്ട് വന്ന് കള്ളവാച്ച് ഉണ്ടാക്കി വിറ്റ് കോടീശ്വരൻ ആയത്രെ”

ഹക്കീം സേട്ടിനെ അവിടെ വെച്ച് വിടാൻ ഭാവമില്ല സംവിധായകന്, പിന്നെ വരുന്നതൊരു ഡാൻസ് സീനാണ്, അവിടെ അല്പവസ്ത്ര ധാരിണിയായ ഡാൻസറെ വായും പൊളിച്ച് നോക്കി നിൽക്കുന്ന ഹക്കീം സേട്ട് ഉണ്ട്, അതും പോരാഞ്ഞ് അവരുടെ ഡ്രസ്സിംഗ് റൂമിൽ ചെന്ന് എത്തി നോക്കുന്നുമുണ്ട് ഹക്കീം. ഇതൊക്കെ എന്തിനാണെന്ന് ചോദിച്ചാൽ? സിനിമയുടെ കഥക്ക് ഹക്കീം സേട്ട് ഗ്രീൻറൂമിൽ ഒളിഞ്ഞു നോക്കേണ്ട കാര്യമൊന്നുമില്ല. പിന്നെ എന്തിനായിരിക്കും?

റൂബിക്സ് ക്യൂബ് പോലൊരു അവതരണ രീതിയുമായി വന്ന് പ്രശംസ പിടിച്ച് പറ്റിയ സിനിമയാണ് ‘ഈ അടുത്ത കാലത്ത്’. അരുൺ കുമാർ അരവിന്ദിന്റെ രണ്ടാമത്തെ സംവിധാന സംരഭം. സിനിമ തുടങ്ങുന്നത് തന്നെ വിളപ്പിൽ ശാലയിലെ ജനകീയ സമരത്തെ കളിയാക്കികൊണ്ടാണ്. നിരാഹാരം കിടക്കുന്ന ആളുടെ മുന്നിലിരുന്ന് പഴംപൊരിയും ചായയും കുടിച്ച്, വേസ്റ്റോക്കെ അവിടെ തന്നെ ഇട്ട്, അതിന്റെ ബോർഡിന്റെ സൈഡിൽ തന്നെ മൂത്രമൊഴിച്ച് വെക്കുന്ന സമരക്കാർ. അവരാ പരിസരം മൊത്തം വൃത്തികേട് ആക്കി ഇട്ടിട്ടുണ്ട്. അവരാണ് മാലിന്യശാലക്കെതിരെ സമരം ചെയ്യുന്നത്. കേരളത്തിലെ ജനകീയ സമരങ്ങളിൽ പ്രാധാന്യമുള്ള ഒരു സമരത്തെയാണ് പരിഹസിക്കുന്നത്.

പിന്നെയാണ് പിണഞ്ഞു കിടക്കുന്ന കഥയിലേക്ക് പോകുന്നത്. കഥയിലെ കഥാപാത്രങ്ങളെ നോക്കിയാൽ ഏതാണ്ട് ഒരൈഡിയ കിട്ടും. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന വിഷ്ണു. ജീവിക്കാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലാണ്, മൂക്കറ്റം കടത്തിലാണ്. പിന്നെയുള്ളത് മുരളി ഗോപിയും അനൂപ് മേനോനും. മുരളി ഗോപി ‘അജയ് കുര്യനാ’ണ്. കുര്യന് ലൈംഗിക ശേഷിയില്ല, പക്ഷേ ഉണ്ടെന്ന് കാണിക്കാൻ ഭാര്യയെ ഉപദ്രവിക്കുക, മാനസികമായി പീഡിപ്പിക്കുകയൊക്കെയാണ് പണി.

അനൂപ് മേനോൻ ‘ടോം ചെറിയാൻ’ ആണ്, പോലീസ് ഓഫീസറാണ്. വെട്ടേറ്റ് രക്തം വാർന്ന് കിടക്കുന്ന ആളോട് ഐപാഡിൽ കുറേ ഫോട്ടോസ് കാണിച്ച് ഇയാളാണോ പ്രതി എന്ന് ചോദിക്കുന്ന മണ്ടൻ പോലീസ്, സൗന്ദര്യത്തിലും സ്ത്രീ വിഷയത്തിലും മാത്രം താല്പര്യമുള്ള ഒരൂള. അടുത്ത കഥാപാത്രം റുസ്തമാണ്. അജയ് കുര്യന്റെ ടോർച്ചറിംഗിൽ വിഷമിച്ച് കഴിയുന്ന അയാളുടെ ഭാര്യയെ വശത്താക്കി നഗ്നചിത്രങ്ങൾ പകർത്തുക എന്ന ലക്ഷ്യത്തിലാണ് നിഷാന്ത് അവതരിപ്പിക്കുന്ന ‘റുസ്തം’ വരുന്നത്. വലിയൊരു മാഫിയയുടെ കണ്ണിയാണയാൾ. ഒരു സ്ത്രീയെ വശത്താക്കാൻ 3 ആഴ്ച ധാരാളമെന്ന് കരുതുന്നയാൾ. അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിലാണ് അയാളുടെ താമസം, റുസ്തമിന്റെ ഇൻട്രോ സീൻ കഴിഞ്ഞ ഉടൻ കുറച്ച് തൊഴിലാളികൾ അയാളോട് “സലാം” പറഞ്ഞ് പോകുന്നുണ്ട്.

കഥ മുന്നോട്ട് പോയിക്കൊണ്ടിരിക്കെ റുസ്തമിന്റെ ബോസ് പുരോഗതി അറിയാൻ വിളിക്കുന്നുണ്ട്. ആരാണ് ബോസ്?സുലൈമാൻ ഭായ്. അറബികളും, നമ്മുടെ നാട്ടിൽ മുസ്‌ല്യാക്കന്മാരും മാത്രം ഉപയോഗിക്കുന്ന ‘കഫിയ്യ’ ഒക്കെയിട്ടാണ് ബ്ലൂഫിലിം മാഫിയാ തലവൻ ഫോൺ ചെയ്യുന്നത്. ഒരു നീലച്ചിത്ര മാഫിയാ തലവനെ അറബി തട്ടം ഇടിച്ച് കാണിക്കുന്നത് എന്തിനായിരിക്കും?
അടുത്തത് കലാഭവൻ ഹനീഫിന്റെ ‘മമ്മൂട്ടിയാണ്’. വിഷ്ണുവിന് കടം കൊടുത്ത കാശ് വാങ്ങാൻ വീട്ടിൽ ചെന്നിട്ട്, രോഗിയായ അമ്മയുടെ കാശ് വെക്കുന്ന പെട്ടി അതേപടി എടുത്ത് കൊണ്ട് പോകുന്ന ദുഷ്ടൻ.

അയാൾ ആദ്യ തവണ വിഷ്ണുവിനെ പിന്തുടരുന്ന സമയത്താണ് രക്ഷകരായി ആർഎസ്എസ് പ്രവർത്തകർ വരുന്നത്. ശാഖ നടക്കുന്ന സമയത്ത് ഗണവേഷത്തിലുള്ള പരിവാരത്തെ കണ്ട് പേടിച്ച് പിന്മാറുകയാണ് മമ്മൂട്ടി. പിന്നീട് വാട്ട്സൺ ഭായിയുടെ ഗുണ്ടകൾ വിഷ്ണുവിനെ തീർക്കാൻ വരുമ്പോഴും രക്ഷകർ ആർഎസ്എസ് തന്നെയാണ്. ‘നീ വിട്ടോ ഇത് ഞങ്ങൾ നോക്കിക്കൊള്ളാം’ എന്ന് ശാഖാപ്രമുഖ്. ‘ മമ്മൂട്ടി, വാട്ട്സൺ ‘തുടങ്ങിയവരിൽ നിന്നൊക്കെ വിഷ്ണുമാരെ സംഘപരിവാരം രക്ഷിക്കുമെന്ന്.
വിഷ്ണു മമ്മൂട്ടിയുടെ കടമൊക്കെ തീർത്ത ശേഷം റോഡ് സൈഡിൽ നിൽക്കുന്ന മമ്മൂട്ടി അതിലൂടെ സൈക്കിളിൽ പോകുന്ന ശാഖാ പ്രവർത്തകരെ കണ്ട് പേടിച്ച് തലമറച്ച് തിരിഞ്ഞ് നിൽക്കുന്ന ഒരു സീൻ കൂടെയുണ്ട്.

പിന്നെയുള്ളത് മണികണ്ഠൻ പട്ടാമ്പി അവതരിപ്പിക്കുന്ന ‘പട്ടർ സുന്ദരം’ ആണ്. കടം വാങ്ങിയ കാശ് കിട്ടാൻ വേണ്ടി വഴക്കൊക്കെ ഉണ്ടാക്കുമെങ്കിലും ആള് ശുദ്ധനാണ്, മനുഷ്യപ്പറ്റുള്ള ആളാണ്. മറ്റുള്ളവർക്ക് ഇഷ്ടമല്ലെങ്കിലും അയാളാണ് വാടക കൊടുക്കാത്ത വിഷ്ണുവിനെ താമസിപ്പിക്കുന്നത്, ആപത്തിൽ സഹായിക്കുന്നത്. വിഷ്ണുവിന് അധികം വൈകാതെ നിധി ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ടയാൾ. “ബ്രാഹ്മണൻ ശൊന്ന വാക്ക് താണ്ടാ.. നിശ്ചയമാ കെടക്കും” എന്നയാൾ എടുത്ത് പറയുന്നുമുണ്ട്. സിനിമ മുന്നോട്ട് പോകവേ, ബ്രാഹ്മണൻ പറഞ്ഞ വാക്കതാ ഫലിക്കുന്നു. വിഷ്ണുവിന് നിധി കിട്ടുന്നു. ഇതിനോടൊപ്പം രഹസ്യം സൂക്ഷിക്കാനാറിയാത്ത, പരസ്പരം ഭീഷണിപ്പെടുത്തി നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ മാധുരി കുര്യനും രൂപയും ഒക്കെയുണ്ട്. കഥാവസാനം സീരിയൽ കില്ലറെയും കൂടെയുള്ളവരെയും സംരക്ഷിച്ച് അനന്തശയനത്തിൽ കിടക്കുന്ന ‘വിഷ്ണു’വിനെ കാണിച്ചാണ് സിനിമ തീരുന്നത്.

തൊട്ടടുത്ത വർഷമാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ വരുന്നത്. സിനിമയിലെ രാഷ്ട്രീയവും മുഖ്യകഥാപാത്രങ്ങളും നിരവധി ചർച്ചകൾ കഴിഞ്ഞതാണ്. അത്തരം ചർച്ചകളിൽ കടന്ന് വരാത്ത കുറച്ച് കഥാപാത്രങ്ങൾ കൂടെ ആ സിനിമയിലുണ്ട്.
സൈജു കുറുപ്പിന്റെ ‘മാത്യൂസ്’.
ലഹരിക്കടിമപെട്ട് ചികിത്സയിലാണ്. ഫ്ലാഷ്ബാക്കിൽ ഭാര്യയെ കെട്ടിയിട്ട് ആനൽ സെക്സ് ചെയ്യുന്നതും, കുട്ടിയെ ഉപദ്രവിക്കുന്നതും കാണിക്കുന്നുണ്ട്. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ ഉടൻ ഭാര്യയെ തല്ലാൻ പോകുന്ന ക്രിമിനൽ.

ജെന്നിഫർ കുരുവിള (രമ്യാ നമ്പീശൻ)
കാര്യസാധ്യത്തിനായി ആരെ വേണമെങ്കിലും ഉപയോഗിക്കാൻ മടിയില്ലാത്ത സ്ത്രീ. വട്ട് ജയൻ അവർക്ക് ഒരു ഉപകരണം മാത്രമാണ്. അവളുടെ കുട്ടി ഭർത്താവ് മാത്യൂസിന്റേത് അല്ല എന്ന് കൂട്ടുകാരിയുമായുള്ള സംഭാഷണത്തിൽ സൂചനയുണ്ട്. വിദേശത്തേക്ക് കടക്കാൻ വേണ്ടി ട്രാവൽ ഏജന്റിനെയും ലൈംഗികമായി പ്രലോഭിപ്പിച്ചാണ് ജെന്നിഫർ സ്ഥലം വിടുന്നത്.
ജെയിസൻ ഫെർണാണ്ടസ് (അഹമ്മദ് സിദ്ധീഖ്)
തന്റെ പപ്പ വലിയ കാശുകാരൻ ആണെന്ന അഹങ്കാരമുള്ള, ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്ന അമൂൽ ബേബി. തന്റെ ഓഫീസിൽ വരുന്ന സ്ത്രീകളുടെ ശരീരത്തിലാണ് ജെയ്‌സന്റെ കണ്ണ്. സെക്സിനെ കുറിച്ചുള്ള പുസ്തകങ്ങൾ ആണ് അയാളുടെ അലമാര നിറയെ. സന്ദർഭം കിട്ടുമ്പോൾ അയാളുടെ കയ്യിൽ നിന്ന് വട്ട് ജയൻ വാങ്ങിയ കാശ് തന്ത്രപരമായി അയാൾ തിരിച്ച് പിടിക്കുന്നുണ്ട് ‘അച്ചായൻ’
എസ്.പി മുഹമ്മദ് ബിലാൽ
പോലീസ് ആണെങ്കിലും സീരിയൽ അഭിനയമാണ് മുഖ്യം. ഏത് സമയത്തും എങ്ങനെ കൂടെ അഭിനയിക്കുന്ന നടിയെ ഒപ്പിക്കാം എന്ന ഒറ്റ ചിന്തയിലാണ് അയാൾ ജീവിക്കുന്നത്. ജയനുമായി മറ്റേതോ വിഷയം സംസാരിക്കുമ്പോഴും ബിലാൽ തന്റെ മുന്നിലെ നടിയുടെ അളവ് എടുത്ത് കൊണ്ടിരിക്കയാണ്. ദേവീ വേഷം കെട്ടിയ അഭിനേത്രിയെ ആണ് ബിലാലിന് വേണ്ടത്. അതിന് വേണ്ടി മറ്റുള്ളവരുടെ സഹായവും അയാൾ തേടുന്നുണ്ട്. ഗത്യന്തരമില്ലാതെ ജയൻ സഹായത്തിന് വരുന്ന സമയത്തും അയാൾ ആവശ്യപ്പെടുന്നത് ഇതേ കാര്യമാണ്.
ഏറ്റവും അവസാനം അരുൺകുമാർ അരവിന്ദിന്റേതായി ഇറങ്ങിയത് ‘കാറ്റ്’ ആണ്. അതിലും തുടക്കത്തിലേ ഇതുപോലെയൊക്കെ തന്നെയാണ് അവസ്ഥ. ബുദ്ധിയുറച്ചിട്ടില്ലാത്ത, ഒരു മണ്ടനാണ് ആസിഫ് അലിയുടെ നൂഹുക്കണ്ണ്. അവനെ ചാരായ ഷാപ്പിലെ ‘ജെറോം’ മൊതലാളി നിരന്തരം ഉപദ്രവിച്ച് കൊണ്ടേ ഇരിക്കയാണ്. അവിടെ നിന്നാണ് ചെല്ലപ്പൻ അവനെ രക്ഷിച്ച് കൊണ്ട് പോകുന്നത്.
ഈ സിനിമകളിലൊക്കെ എന്തെങ്കിലും പാറ്റേൺ ആവർത്തിക്കുന്നത് കാണുന്നുണ്ടോ? ഈ കഥാപാത്ര സൃഷ്ടികളിൽ ഒന്നും യാതൊരു കുഴപ്പവുമില്ല,സ്വഭാവികതയും യാദൃശ്ചികതയും മാത്രമേ ഉള്ളൂ എന്ന് കരുതാൻ കുറച്ചധികം നിഷ്കളങ്കത വേണ്ടിയിരിക്കുന്നു.