നിങ്ങളുടെ സ്വപ്നത്തിലേത് പോലെ എല്ലാ പ്രതികൾക്കും വെടികൊള്ളാൻ പോകുന്നില്ല

0
168

Faizal Ks

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ വിചാരണ തടവുകാരിൽ 55 ശതമാനത്തിലധികം മുസ്ലിംകളും ദളിതരും ആദിവാസികളുമാണ്. (കഴിഞ്ഞ കുറച്ച് വർഷമായി റിപ്പോർട്ടിലെ ശതമാനം ഉയരുന്നത് കൊണ്ട്, കഴിഞ്ഞ വർഷം മുതൽ മതവും ജാതിയും തിരിച്ചുളള കണക്കുകൾ പുറത്തേക്ക് വിടേണ്ടതില്ല എന്നാണ് NCRB യുടെ തീരുമാനം)

കണ്ണ് തുറന്ന് ചുറ്റുമൊക്കെ ഒന്ന് നോക്കിയാൽ മതി, എമ്പാടും ഉദാഹരങ്ങളുണ്ട്. പതിനെട്ടാം വയസ്സിൽ ജയിലിലായ പരപ്പനങ്ങാടിക്കാരൻ സകരിയ മുതൽ ബട്ല ഹൗസിലെയും അജ്മീറിലെയും ബോംബെയിലെയും ഒക്കെ എത്ര നിരപരാധികൾ ജയിലിൽ കഴിയുന്നുണ്ട് എന്നാണ്. ബംഗളൂരു സ്‌ഫോടനം, മാലേഗാവ്, ഹൈദരാബാദ്, സൂറത്ത് തുടങ്ങി എത്ര സ്ഫോടന കേസുകളിലാണ് വർഷങ്ങൾ ജയിലിൽ ഇട്ട ശേഷം നിരപരാധിയെന്ന് കണ്ടെത്തിയ യുവാക്കളെ വെറുതേ വിട്ടത്. അഭിഭാഷകനെ വെക്കാൻ കഴിവില്ലാത്തത് കൊണ്ട് മാത്രം ജയിലിൽ കിടക്കേണ്ടി വരുന്ന ദളിതരെ കുറിച്ച് വായിച്ചതോർക്കുന്നു. എന്ത് കൊണ്ട് ദളിതരും മുസ്ലിംകളും മാത്രം അവരുടെ ജനസംഖ്യാ അനുപാതത്തിനും മുകളിൽ ജയിലിലാകുന്നു എന്ന് ചോദിച്ചാൽ, അവർ മാത്രം കുറ്റവാളികൾ ആയതുകൊണ്ടാണോ, അല്ല എന്ന് നമുക്കറിയാം.

എന്നിരുന്നാലും ഒരു വിചാരണ ഈ പറഞ്ഞ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. പതിറ്റാണ്ട് കാലം ജയിലിൽ കഴിയേണ്ടി വന്നാലും തന്റെ നിരപരാധിത്വം തെളിയിച്ച് പുറത്തേക്ക് വരാൻ ഒരുപാട് പേർക്ക് കഴിഞ്ഞത് ഇവിടൊരു ഫെയർ ട്രയൽ സാധ്യമായത് കൊണ്ട് തന്നെയാണ് (അത് നീതിയാണ് എന്നല്ല,അതെങ്കിലും സാധ്യമായത് എന്നാണ്) ഇവരെയെല്ലാം അറസ്റ്റ് ചെയ്ത ഒരു പൊലീസുണ്ട്, അവരുണ്ടാക്കിയ തെളിവുകളുണ്ട്. ഈ ജനക്കൂട്ടം ആർപ്പ് വിളിക്കുന്നത് പോലെ, ഭരണവും അധികാരവും ഈ ബ്യുറോക്രാറ്റുകൾക്ക് ആയിരുന്നുവെങ്കിൽ, വിചാരണ എന്നൊന്നില്ലാതെ ഇവരൊക്കെ കൊല്ലപ്പെട്ടു പോയേനെ.

കേരളത്തിലെ കാര്യം തന്നെ എടുക്കാം, പോലീസ് വെടിവെപ്പിൽ മരിച്ച ആളുകൾ ആരൊക്കെയെന്ന് ഒന്ന് റീകളക്റ്റ് ചെയ്ത് നോക്കിയാൽ മതി. സിറാജുന്നീസ എന്ന പെണ്കുട്ടി മുതൽ ബീമാപ്പള്ളി കോളനിയിലെ ആറു യുവാക്കൾ വരെ.( ഒഞ്ചിയം, കൂത്ത്‌പറമ്പ്, പുതുപ്പള്ളി വെടിവെപ്പുകൾ കൂടെയുണ്ട്)

പറഞ്ഞ് വന്നത് എൻകൗണ്ടർ എന്നും സൂപ്പർസ്റ്റാർ ഭരത്ചന്ദ്രൻ ഐപിഎസ് എന്നുമൊക്കെ കേൾക്കുമ്പോ രോമാഞ്ചം കൊള്ളുന്നതിന് മുൻപ് നമ്മുടെ നാട്ടിലെ പോലീസ് സംവിധാനത്തെ കുറിച്ച് കുറച്ചെങ്കിലും ധാരണ ഉള്ളത് നല്ലതാണ്. നിങ്ങളുടെ സ്വപ്നത്തിലേത് പോലെ എല്ലാ പ്രതികൾക്കും വെടികൊള്ളാൻ പോകുന്നില്ല. അതിൽ കണിശമായ റിസർവേഷനുണ്ട്. ആ സംവരണത്തിൽ EWS ക്വോട്ട വന്നിട്ടില്ല, വരാൻ പോകുന്നുമില്ല.