വി.പി ഗംഗാധരന് സാറിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമായി ഒരു സാമൂഹികദ്രോഹി നിര്‍മ്മിച്ചതാണ്!!
ഇന്ന് ക്യാന്‍സര്‍ ചികിത്സ രംഗത്തില്‍ ഏറ്റവും പ്രസിദ്ധനായ മലയാളി ഡോ. വി.പി ഗംഗാധരന് ആണെന്ന കാര്യത്തില്‍ സംശയം വേണ്ട. ദീര്‍ഘകാലങ്ങള്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുകയും അതിനു ശേഷം തന്റെ സേവനങ്ങള്‍ സ്വകാര്യ ആശുപത്രികളിലൂടെ ജനങ്ങളില്‍ എത്തിക്കുവാനും സാര്‍ ശ്രമിച്ചു വരുന്നു. കേവലം ഒരു ചികിത്സകന് എന്നതിനു അപ്പുറം ക്യാന്‍സര്‍ രോഗത്തെ പറ്റിയുള്ള ശാസ്ത്രീയ അറിവുകള്‍ എഴുത്തുകള്‍ ആയും പ്രഭാഷണങ്ങളായും ജനങ്ങളില്‍ എത്തിക്കുവാന്‍ സാര്‍ പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ “ജീവിതമെന്ന അദ്ഭുതം” വായിക്കുമ്പോഴും അശാസ്ത്രീയമായ ചികിത്സ രീതികളെ എതിര്‍ക്കുകയും കൃത്യമായ ശാസ്ത്ര ചികിത്സ നേരത്തെ രോഗികളില്‍ മുടക്കം ഇല്ലാതെ എത്തിക്കുവാനും സാധിച്ചാല്‍ ക്യാന്‍സര്‍ രോഗത്തെ മിക്കപ്പോഴും ഭേതപ്പെടുത്താം എന്ന സന്ദേശമാണ് അദ്ദേഹത്തിന് പൊതുജനത്തോട് നല്കാന് ഉള്ളത് എന്ന് മനസ്സില്‍ ആകും.
നാല് വര്‍ഷങ്ങളോളം മുന്‍പ് സ്കൂളില്‍ ഓര്‍ഗനൈസ് ചെയ്ത ഒരു സെമിനാര്‍ പ്രോഗ്രാമിലൂടെയാണ് ഞാന്‍ ഗംഗാധരൻ സാറിനെ കാണുന്നത് അതിനു ശേഷം അമ്മയുടെ അര്‍ബുദ ചികിത്സ ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ കീഴില്‍ കാരിത്താസ് ക്യാന്‍സര്‍ ഇന്സ്റ്റിറ്റുറ്റിലായിരുന്നു. രണ്ടര കൊല്ലത്തോളം മുന്‍പാണ് അമ്മയ്ക്കു സ്തനാര്‍ബുദം കണ്ടെത്തുന്നത്. സ്റ്റേജ് ട്യൂവിലായിരുന്നു. ഗംഗാധരൻ സാറിന്റെ കീഴില്‍ ഉള്ള ചികിത്സ. സര്‍ജ്ജറിയും, കീമോതെറാപ്പിയും ആവശ്യം വന്നു ഒപ്പം അമ്മയുടെ ക്യാന്‍സറിനു ഈസ്ട്രജന്, പ്രോജീസ്റ്റോജന് ഹോര്മാണുകളുടെ മാര്‍ക്കറുകള്‍ ഉള്ളതിനെയായി ആന്റി- ഹോര്‍മോണല്‍ ചികിത്സയും മറ്റൊരു ടാര്ഗറ്റ്ട് മരുന്നും ആവശ്യമായിരുന്നു. ചികിത്സ സമയത്ത് പ്രത്യേകമായി കീമോതെറാപ്പിയുടെ സമയത്ത് അമ്മയുടെ ബ്ലഡ് കൌണ്ടും, രോഗപ്രതിരോധ ശേഷിയും കുറയുകയും കഞ്ഞിവെള്ളം കുടിച്ചാല്‍ കൂടി ചര്‍ദ്ദിക്കുന്ന അവസ്ഥ കൂടി ഉണ്ടായിട്ടുണ്ട്. പലപ്പോഴും മെഡിക്കല്‍ സപ്പോര്‍ട്ട് നല്‍കേണ്ടി വന്നു. അങ്ങനെ ഒകെ ആണെങ്കിലും അമ്മ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ക്യാന്‍സര്‍ രോഗത്തെ മാറി കടന്നിരിക്കുന്നു. സ്കൂള്‍ അധ്യാപികയായതിനാല്‍ കുട്ടികളെ പഠിപ്പിക്കുന്നതിനും അവരെ കലാകായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനും കൊണ്ട് പോകുന്നതിനും വിവിധ സാഹിത്യ സെമിനാറുകള്‍ക്കും എഴുത്തുകള്‍ക്കും നേതൃത്വം നല്‍കുന്നതിനും അമ്മ ഒരു ക്ഷീണവും കാണിക്കാതെ ഉത്സാഹത്തോടെ ചെയ്യുന്നു . ഇത് പോലെയുള്ള അനവധി ഉദാഹരണങ്ങള്‍ നമ്മള്‍ക്കു അറിയാവുന്നതാണ്.
അമ്മയുടെ ചികിത്സ സമയത്തില്‍ ഒരിക്കല്‍ പോലും സര്വ്വക്യാന്സറും ഭേതപ്പെട്ടുതുന്ന അത്ഭുത മരുന്നുകളെ പറ്റിയോ ശാസ്ത്രീയ വൈദ്യത്തിനു വിരുദ്ധമായി നില്കുന്ന ചികിത്സ രീതികളിലോട് പോകാനോ പറഞ്ഞില്ല എന്ന് മാത്രമല്ല അത്തരം ശ്രമങ്ങളിലോട് വഴിതെറ്റി പോകരുത് എന്ന് പല തവണ വാണിംഗും നല്കിരുന്നു.
ഇത്രയും ഞാന്‍ പറഞ്ഞത് വി.പി.ഗംഗാധരൻ പഞ്ചസാര കഴിക്കാതെ ഇരിക്കും വഴിയോ നാരങ്ങവെള്ളവും വെളിച്ചെണ്ണയും കുടിക്കും വഴിയോ ക്യാന്‍സര്‍ രോഗത്തെ പൂര്‍ണ്ണമായും ഭേതപ്പെടുതാം എന്ന ഹിമാലയന്‍ മണ്ടത്തരങ്ങള്‍ പറയാന്‍ ഒരു ഇടയുമില്ല എന്ന് കാണിക്കാന്‍ ആണ്. ലോകപ്രസിദ്ധ ഭൌതശാസ്ത്രജ്ജന് സ്റ്റീഫന്‍ ഹോകിംസ് നാളെ ഭൂമി പരന്നിരിക്കുന്നു എന്ന് പറഞ്ഞു എന്ന് കേള്‍ക്കുന്നത് പോലെയാണ് ഗംഗാധരന് സാര്‍ ഈ സന്ദേശത്തിലെ വാദങ്ങള്‍ പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി പ്രചരിക്കുന്ന അസത്യ സന്ദേശമായ ഇതില്‍ മറ്റൊരു സാമൂഹികദ്രോഹി ഡോ. വി.പി ഗംഗാധരന് ഡോക്ടറിന്റെ പടം വച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുനിഞ്ഞതോടെയാണ് ഇപ്പോള്‍ ഉള്ള സന്ദേശം രൂപപ്പെട്ടുന്നത്.
” ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ കൂടി ഒരു പ്രമുഖന്റെ ഫോട്ടോയോ ഉണ്ട് എന്നത് കൊണ്ട് മാത്രം അവ സത്യം ആകണം എന്നില്ല ” എബ്രഹാം ലിങ്കന്റെ ഫോട്ടോ വച്ചുള്ള ഒരു മീം ആണിത്. ലിങ്കന് കൊല്ലപ്പെട്ടതും ഇന്റര്‍നെറ്റ് രൂപപ്പെട്ടതുമായ വര്‍ഷങ്ങള്‍ നോക്കിയാല്‍ ഇതിലെ ആക്ഷേപഹാസ്യം മനസ്സില്‍ ആകും.
ഇനി ആ മെസേജില്‍ പറയുന്ന അവകാശവാദങ്ങളെ നമ്മള്‍ക്കു ഒന്ന് പരിശോധിക്കാം.
കോശങ്ങളിലെ ജനിതകപദാര്‍ത്ഥത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ വഴി ശരീര കോശങ്ങള്‍ അമിതവും അനിയന്ത്രിതവുമായ വിഭജിക്കുന്നത് വഴി ഉണ്ടാക്കുന്ന മൃഗങ്ങളില്‍ ആകമാനം വരുന്ന ഇരുന്നൂറില്‍ ഏറെ രോഗങ്ങളെ ഒന്നിച്ചു വിളിക്കുന്ന പേരാണ് ക്യാന്‍സര്‍ എന്നത്.
ശരീരത്തില്‍ അതികമായി പഞ്ചസാര കഴിക്കുന്നത് കൊണ്ടാണ് ക്യാന്‍സര്‍ വരുന്നത് എന്നും പഞ്ചസാര ഉപേക്ഷിച്ചാല്‍ എല്ല ക്യാന്‍സറും പൂര്‍ണ്ണമായും ഭേതപ്പെട്ടും എന്നതും അസംബന്ധങ്ങളാണ്.. നമ്മുടെ ശരീരത്തിലെ ഊര്‍ജ്ജത്തിന് പ്രഥമമായി ഉപയോഗിക്കുന്നത് ഗ്ലോക്കോസ് പഞ്ചസാരയെയാണ്. നമ്മള് ദിവസവും കഴിക്കുന്ന വിവിധ അന്നജങ്ങള്‍, മറ്റ് കാർബോഹൈഡ്രേറ്റുകള്‍ എന്നിവയെ ഗ്ലോക്കൊസോ സമാനമായ ലളിത പഞ്ചസാരകളിലോട് മാറ്റിയാണ് ശരീരം ഉപയോഗിക്കുന്നത്. ഇങ്ങനെ ശരീരത്തില്‍ ഇന്‍ഡയറക്റ്റായി ഒരുപാട് പഞ്ചസാര ദിവസവും കടന്നു വരുന്നത് കൊണ്ട് വീണ്ടും അമിതമായി രുചിയ്ക്കുവേണ്ടി പഞ്ചസാര കഴിച്ചാല്‍ ചില മെറ്റബോളിക് രോഗങ്ങളിലോട് അത് ക്രമേണെ നയിക്കാം. കാർബോഹൈഡ്രേറ്റുകള്‍ വളരെയധികം കുറച്ചു മാത്രം കഴിക്കുന്ന ശീലം ഉള്ളവര്‍ക്കും ഹൈപ്പോഗ്ലൈസീമിയ ( രക്തത്തിലെ പഞ്ചസാര അളവ് വേഗം കുറയുന്ന അവസ്ഥ ) പോലെയുള്ള രോഗാവസ്ഥ ഉള്ളവരും അല്ലാതെ ആരും തന്നെ പഞ്ചസാര അതികമായി കഴിക്കേണ്ട ആവശ്യമില്ല. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആരോഗ്യമുള്ള ഒരു മനുഷ്യൻ ഒരു ദിവസം 6 ടീസ്പൂണിൽ കൂടുതൽ പഞ്ചസാര ഭക്ഷണത്തിലും പാനീയങ്ങളിലും ആഡ് ചെയ്തു കഴിക്കാതെയിരിക്കുന്നതാണ് നല്ലത്.
ഈ വിഷയത്തില്‍ മുന്‍പൊരു പോസ്റ്റ് ഇട്ടിരുന്നു എന്നതിനാല്‍ ഇവിടെ അധിക വിശദീകരണം നല്‍കുന്നില്ല, അത് ചുവടെ വായിക്കാം
പഞ്ചസാര ക്യാന്‍സര്‍ രോഗങ്ങള്‍ക്കു നേരിട്ട് കാരണം ആകുന്നു എന്നോ പഞ്ചസാര കഴിക്കും വഴി ക്യാന്‍സര്‍ രോഗങ്ങള്‍ എപ്പോഴും തന്നിയെ ഇല്ലാതെ ആകും എന്നതോ യാതൊരുവിധ ശാസ്ത്രീയ പിന്തുണയും ഇല്ലാത്ത കാര്യമാണ്. ശരീര കോശങ്ങളിലെ ജനിതികപദാര്ത്ഥത്തില് മാറ്റങ്ങള്‍ വരുത്തി ക്യാന്സറിലോട് നയിക്കാവുന്ന വസ്തുകളാണ് ക്യാന്സിറോജെന്സ്. International Agency for Research on Cancer കാന്‍സര്‍ രോഗങ്ങള്‍ക്ക് കാരണമായ വസ്തുകളെ പറ്റി ശാസ്ത്ര പഠനങ്ങളെ അടിസ്ഥാനമാക്കി ലിസ്റ്റ് തയ്യാര്‍ ആക്കിയിട്ടുണ്ട്. അത് ഇവിടെ വായിക്കാവുന്നതാണ് monographs.iarc.fr/ENG/Classification/
പുകയില ഉപയോഗവും, മദ്യത്തിന്റെ അമിത ഉപയോഗവും, ആസ്ബസ്റ്റോസ്, പ്ലാസ്റ്റിക് കത്തിക്കുന്നത് വഴിയും വാഹനങ്ങളില്‍ നിന്നുള്ള പുകയില്‍ നിന്നും വരുന്ന അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ തുടങ്ങി നമ്മള്‍ക്കു പ്രതിരോധിക്കാന്‍ പറ്റുന്ന ക്യാന്‍സറിനു കാരണമായ വസ്തുകള്‍ ഉണ്ട്. അവ ഉപയോഗിക്കാതെ ഇരിക്കയോ സമ്പര്‍ക്കം പരിമിതം ആക്കുകയോ ചെയ്യാതെ പഞ്ചസാര ഉപയോഗിക്കാതെ ഇരുന്നത് വഴി ആര്‍ക്കും ക്യാന്‍സര്‍ വരാതെ ഇരിക്കുകയില്ല. ഇനി ഇങ്ങനെ ഒകെ ചെയ്താലും ക്യാന്‍സര്‍ വരാനുള്ള സാധ്യത പരിമിതപ്പെട്ടുതാം എന്ന് മാത്രേ പറ്റുക ഉള്ളൂ. 7 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ദിനോസറുകളുടെ ഫോസിലുകളില്‍ വരെ ക്യാന്‍സര്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗം വന്നാല്‍ എത്രയും വേഗം ഡഗ്നോസിസ് ചെയ്തു ശാസ്ത്രീയ ചികിത്സ മുടക്കം ഇല്ലാതെ ചെയ്യാന്‍ പറ്റുമോ എന്നത് രോഗത്തെ ഫലപ്രദമായി അതിജീവിക്കാന്‍ ഉള്ള സാധ്യതാക്കുന്നു.
ഇനി അടുത്തവാദം നാരങ്ങ നീര് ചൂട് വെള്ളത്തില്‍ ചാലിച്ചു വെറും വയറ്റില്‍ എല്ല ദിവസവും കുടിക്കുന്നത് കീമോതെറാപ്പിയെക്കാളും 1000 മടങ്ങ് ഫലപ്രദമാണ് എന്ന വാദമാണ്. കീമോതെറാപ്പി എന്നത് നമ്മുടെ ശരീരത്തില്‍ വളരുന്ന നമ്മളുടെ ജീവന് അപടകാരിയായി മാറുന്ന കോശങ്ങളെ നശിപ്പിക്കാന്‍ ഉഗ്രവിഷങ്ങള്‍ കൊടുക്കുന്ന ചികിത്സയാണ്. ക്യാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പി നല്‍കും വഴി അര്‍ബുദ കോശങ്ങള്‍ മാത്രമല്ല ശരീരത്തിലെ സമാനമായ ഘടനയുള്ള വേഗം വിഭജിക്കുന്ന മറ്റ് കോശങ്ങളും നശിക്കും. നമ്മുടെ രക്താണുക്കള്‍, രോമകൂപങ്ങള്‍, ദഹന വ്യവസ്ഥയില്‍ സഹായിക്കുന്ന കോശങ്ങള്‍, ത്വക്ക് കോശങ്ങള്‍ തുടങ്ങി പലതും അവിടെ നശിക്കുന്നുണ്ട്. ഇത്രയും സൈഡ് എഫെക്റ്റുകള്‍ ഉണ്ടായിട്ടും കീമോതെറാപ്പി ചെയ്യുന്നത് അത് വഴി അര്‍ബുദ കോശങ്ങളെ നശിപ്പിക്കാം എന്നതില്‍ ആണ്. താജ് ഹോട്ടലില്‍ തീവ്രവാദികള്‍ വന്നപ്പോള്‍ നമ്മുടെ സൈന്യം അവരെ നശിപ്പിക്കാനും തോക്കുകളും ബോംബുകളും ഉപയോഗിച്ചില്ലേ ? അത് വഴി താജ് ഹോട്ടലില്‍ ധാരാളം കെട്ടുപാടുകള്‍ വന്നിരിക്കാം എങ്കിലും അപ്പോഴത്തെ പ്രയോരിറ്റി തീവ്രവാദികളെ നശിപ്പിക്കുക എന്നതിലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. അത് പോലെ തന്നെയാണ് കീമോതെറാപ്പി ചികിത്സയും. ഇതില്‍ ഉപയോഗിക്കുന്ന ഉഗ്രവിഷങ്ങളുടെ അളവു, തരവും എല്ലാം വളരെ കൃത്യമായി രോഗിയുടെ ഭാരം, പൊക്കം, മെഡിക്കല്‍ ഹിസ്റ്ററി എന്നിവ നോക്കി കണ്ടെതെണ്ടാതാണ്. അത് അല്ലാതെ കീമോതെറാപ്പി ഡ്രഗിന്റെ അളവ് അല്പംകൂടിയാല് അത് മരണത്തില്‍ വരെ എത്തിക്കും. താജ്ഹോട്ടലില്‍ തീവ്രവാദികളെ നശിപ്പിക്കാനും തോക്കും ബോംബും സൈന്യം ഉപയോഹിച്ചു എന്ന് കരുതി അവിടെ ഒരു ഭീമന് ബോംബോ, നുക്ലിയര് ബോംബോ ഉപയോഗിച്ചിരുന്നു എങ്കില്‍ ഹോട്ടലും അതില്‍ ബന്ദിയാക്കി വച്ചിരുന്ന സാധാരണക്കാരും ഉന്മൂലനം ചെയ്യപ്പെട്ടും.
അത് പോലെ കീമോതെറാപ്പിയ്ക്കു 1000 ഇരട്ടി ശക്തിയുള്ള വസ്തുവായിരുന്നു നാരങ്ങ വെള്ളം എങ്കിലും അത് കുടിക്കുന്ന മനുഷ്യര്‍ ആരും ജീവനോട് ഇരിക്കില്ല. പക്ഷെ നാരങ്ങവെള്ളം കീമോതെറാപ്പിറ്റ്കല്ല. നാരങ്ങവെള്ളം തുടങ്ങി പല പഴച്ചാറുകള്‍ക്കും ആന്റി-ഓക്സിഡന്റെ ശേഷി ഉണ്ടെന്നും അത് ക്യാന്‍സര്‍ രോഗം വരാനുള്ള സാധ്യതയെ കുറയ്ക്കാം എന്നും ചില സൂചനകള്‍ ലഭ്യമാണ്. ഇതിനു അര്‍ഥം വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ല എങ്കില്‍ ഇടയ്ക്കു പഴച്ചാറുകളും കുടിക്കാം എന്നാണ്. അത് അല്ലാതെ രാവിലെ എഴുന്നേറ്റു വെറും വയറ്റില്‍ നാരങ്ങവേള്ളം കുടിച്ചാല്‍ ക്യാന്‍സര്‍ അകറ്റും എന്നല്ല അല്ല. ഇത്തരം അഭ്യാസങ്ങള്‍ സ്ഥിരം ചെയ്യും വഴി അസിഡിറ്റി വരാനുള്ള സാധ്യതയുണ്ട് കാരണം നാരങ്ങ നീര് സിട്രിക് ആസിഡാണ്.
അടുത്തവാദം രാവിലെയും രാത്രിയും ഓര്‍ഗാനിക് വെളിച്ചെണ്ണ മൂന്ന് സ്പൂണ്‍ കഴിക്കുന്നത് ക്യാന്‍സറിനെ അകറ്റും എന്നാണ്. ഈ ഓര്‍ഗാനിക് വെളിച്ചെണ്ണ എന്നത് എന്താണ് സംഭവം എന്ന് എനിക്ക് അത്ര മനസ്സിലായില്ല. രസതന്ത്രം ശാസ്ത്രത്തില്‍ ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങളോ അവയുടെ ഡെറിവെറ്റിവുകളോയാണ്. ലോകത്തില്‍ ഓര്‍ഗാനിക് അല്ലാത്ത വെളിച്ചെണ്ണ എന്ന് ഒരു സാധനമില്ല എല്ലാം ഓര്‍ഗാനിക് ആണ്. അത് കൊണ്ട് ഓര്‍ഗാനിക് വെളിച്ചെണ്ണ എന്ന് എടുത്ത് പറയുന്നത് എന്തിനാണെന്ന് മനസ്സില്‍ ആയില്ല. ഓര്‍ഗാനിക് ആയത് എല്ലാം നല്ലത് ആണെന്ന വിശ്വാസം ആണെങ്കില്‍ ലോകത്തില്‍ ഉള്ള പല മാരക വിഷങ്ങളും ഓര്‍ഗാനിക് സംയുക്തങ്ങളാണ്. ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും മാരകമായ വിഷമായ botulinum toxin. അത് പോലെ വെളിച്ചെണ്ണയില്‍ ഉള്ള ലോറിക് ആസിഡ് തുടങ്ങിയ പൂരിത കൊഴുപ്പ്-സംയുക്തങ്ങളുടെ അമിത ഉപയോഗം രക്തിലെ കൊളസ്ട്രോള്‍ അളവ് കൂടാനും ഇട ഉള്ളതിനാല്‍. സ്ഥിരവും അമിതവുമായ വെളിച്ചെണ്ണ ഉപയോഗം ഉപേക്ഷിക്കുന്നതാണ് നല്ലത്.
കാന്‍സര്‍ എന്നത് മൃഗങ്ങളില്‍ ആകമാനം ഉണ്ടാക്കുന്ന ഇരുന്നൂറില്‍ ഏറെ രോഗങ്ങളെ ഒന്നിച്ചു വിളിക്കുന്ന പേരാണ്. ശരീരത്തിലെ ചില ഭാഗങ്ങളിലെ അനിയന്ത്രിതമായ കോശവിഭജനവും വളര്‍ച്ചയും ആണ് കാന്‍സര്‍ രോഗങ്ങളുടെ പൊതു പ്രകൃതി എന്ന് പറഞ്ഞുവെല്ലോ. കോശവിഭജനത്തിനു കാരണം ആകുന്ന പ്രോട്ടോഓങ്കോ ജീനുകള്‍ എന്ന ജനിതിക പദാര്‍ത്ഥത്തിന്റെ ഭാഗങ്ങള്‍ മാറി ഓങ്കോ ജീനുകള്‍ ആകുന്നതും, അതിനെ നിയന്ത്രിക്കേണ്ട ഇന്‍ഹിബിറ്റര്‍ ജീനുകള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാത്തതുമാണ് ക്യാന്‍സര്‍ എന്ന് സാങ്കേതികമായി പറയാം. ഇത് ലോകത്തില്‍ ആകമാനം ഉള്ള ബഹുകോശ മൃഗങ്ങളിലും ( eumetazoa) വരുന്ന രോഗമാണ്. ഒരു ബഹുകോശ ജീവിയ മനുഷ്യരിലും ഇത് വരും. കാന്‍സര്‍ രോഗത്തിന് കാരണങ്ങള്‍ പലതാണ്. കോശങ്ങളിലെ ജനിതികപപദാര്ത്ഥത്തില് കാലക്രമേണ വന്നു ചേരുന്ന സ്വാഭാവിക മ്യൂട്ടെഷന്സ്, എക്സ്റേ, ഗാമ തുടങ്ങിയ ശക്തിയായ റെഡിയെഷന്സ്, പുകവലി മുഖാന്തരവും ഫോസില്‍ എണ്ണക്കളുടെ ഉപയോഗം മുഖാന്തരവും വന്നു ചേരുന്ന ക്യാന്സറോജെനിക് ആയ ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങള്‍, HIV, hepatitis B തുടങ്ങിയ ക്യാന്‍സര്‍ സൃഷ്ടിക്കാവുന്ന ഓങ്കോ വൈറസുകള്‍, പാരബര്യപ്പരമായ ജനിതിക സവിശേഷത, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങി കാന്‍സര്‍ ഉണ്ടാക്കാന്‍ അസംഖ്യമായ കാരണങ്ങള്‍ ഉണ്ട്. ഓരോ ക്യാന്‍സറിനും പ്രത്യേകമായ ചികിത്സ ആവിശ്യമാണ്. ശരീരത്തില്‍ നിന്നും ക്യാന്‍സര്‍ കോശങ്ങളെ പുറംതള്ളുകയും ഇനിയും അവ ശരീരത്തില്‍ ഉണ്ടാക്കാന്‍ ഉള്ള അവസ്ഥയെ പരിമിതിപ്പെട്ടുതുകയും ആണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത്.
ഇതിനായി പ്രത്യേക അവസ്ഥകള്‍ നോക്കി ക്യാന്‍സര്‍ ബാധിച്ച ഭാഗത്തെ മുറിച്ചു മാറ്റുന്ന ശാസ്ത്രക്രീയ രീതികള്‍, വളരെ പെട്ടന്നു വിഭജിക്കുന്ന കോശങ്ങളാണ് ക്യാന്‍സര്‍ സെല്ല്സ് അങ്ങനെ ഉള്ള കോശങ്ങളെ നശിപ്പിക്കുന്നത് വഴി ക്യാന്‍സര്‍ സെല്ലുകളെ ഇല്ലാതെ ആകാം അതിനായി ഉള്ള കീമോതെറാപ്പി, ശക്തിയേറിയ വൈദ്യൂകാന്തിക മണ്ഡലം ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ച ടിഷ്യൂവിനെ നശിപ്പിക്കുന്ന റെഡിയെക്ഷന് തെറാപ്പി, ഹോര്‍മോണ്‍ സംബന്ധിയായ കാരണങ്ങള്‍ കൊണ്ട് വരുന്ന ക്യാന്‍സറിനു എതിരെയുള്ള ആന്റി-ഹോര്‍മോണല്‍ മരുന്നുകള്‍, ഹെര്ന്യൂ പോലെയുള്ള ജീന്‍ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ഹെര്സെപ്റ്റീന് തുടങ്ങിയ അനേകം ഫലപ്രദമായ ചികിത് രീതികള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഉണ്ട്. ക്യാന്‍സര്‍ ചികിത്സയുടെ ഫലം അത് എത്രയും നേരത്തെ തുടര്‍ച്ചായി ലഭിക്കുന്നത് അനുസരിച്ച് ഇരിക്കും. ശരിയായ ചികിത്സ ലഭിച്ചാല്‍ ഏറെക്കുറെ പൂര്‍ണ്ണമായും ഭേതം ആകാവുന്നവയാണ് സ്തനാര്‍ബുദം പോലെയുള്ള ക്യാന്‍സറുകള്‍. അതികം കാലതാമസം ഇല്ലാതെ തുടര്‍ച്ചയായി ക്യാന്‍സര്‍ ചികിത്സ തുടങ്ങിയാല്‍ ശരീരത്തില്‍ ഒരുപാട് വ്യാപികാത്ത മറ്റ് ക്യാന്‍സറുകള്‍ക്കും മികച്ച ഫലം ലഭിക്കുന്നതാണ്. പൂര്‍ണ്ണമായും ഭേതപ്പെട്ടുതാന് സാധിക്കാത്ത രോഗാവസ്ഥയിലും അതിന്റെ കഠിനം കുറയ്ക്കാനും ജീവിതദൈര്‍ഘ്യം കൂടാനും ആധുനിക വൈദ്യശാസ്ത്രത്തിനു മാത്രം ആകുന്നു. ധാരാളം പുതിയ ശാസ്ത്രീയ പഠനങ്ങളും ക്യാന്‍സര്‍ ചികിത്സയില്‍ നടക്കുന്നുണ്ട്.
ക്യാന്‍സര്‍ രോഗത്തിന് അത്ഭുത മരുന്നുകളോ ഒറ്റമൂലികളോ ഇല്ല. കൃത്യമായ ശാസ്ത്ര ചികിത്സ മാത്രമാണ് പരിഹാരം.