നിങ്ങളുടെ കുടുംബ ജീവിതം സംതൃപ്തമാണോ?

1
1245

കുടുംബമെന്ന സ്വപ്നം

കുടുംബം എന്ന വാക്കിന് എന്താണ് അര്‍ത്ഥം.  ദീര്‍ഘകാലമായി കുടുംബജീവിതം നയിക്കുന്നവര്‍ക്കുപോലും വ്യക്തമായി ഉത്തരം പറയാന്‍ സാധിക്കാത്ത ഒന്നാണത്. പലരും പറയുന്ന ഉത്തരം പലതാകാം. അതിനര്‍ത്ഥം ഓരോരുത്തര്‍ക്കും ജീവിതം ഓരോന്നാണ് എന്നതാണ്.  കുടുംബജീവിതം സുഖമാണോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ പലരും പറയുന്ന ഉത്തരം: ‘അങ്ങനെ ഒരുവിധം കഴിഞ്ഞുപോകുന്നു’ എന്നാണ്. ‘സഹിച്ചുപോകുന്നു’ എന്നു മറ്റുചിലര്‍ പറയും. വേറെ ചിലരാകട്ടെ ‘അനുഭവിക്കുന്നു’ എന്നുപറയും. ‘ജീവിതം പോലെ രണ്ടറ്റവും കാണാത്തൊരാവഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നുപോയ്’ എന്ന് ഒരു കവി പറഞ്ഞതുപോലെ,  എവിടെ തുടങ്ങുന്നു; എപ്പോള്‍ തുടങ്ങുന്നു, എപ്പോള്‍
അവസാനിക്കുന്നു എന്നെല്ലാം ആര്‍ക്കും പ്രവചിക്കാനാകാത്ത ഒന്നായ ജീവിതം, യഥാര്‍ത്ഥത്തില്‍ സ്വപ്നം പോലെയാണ്. അത് ഒരിക്കലും പൂര്‍ണ്ണതയില്‍ എത്തുന്നില്ല.

ഓരോ സമൂഹത്തിലും ഓരോ കാലത്തിലും ഓരോന്നാണ് ജീവിതം. കാലം ജീവിതത്തെ പുതുക്കിപ്പണിതുകൊണ്ടിരിക്കും. ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിങ്ങനെ ജീവിതത്തെ പാരസ്പര്യപ്പെടുത്തുന്ന കണ്ണികള്‍ എല്ലാക്കാലത്തെ ജീവിതത്തിലുമുണ്ട്.  ഇവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കും ബന്ധമില്ലായ്മകള്‍ക്കും മാറ്റമുണ്ടാകാം. ഇങ്ങനെ മാറ്റങ്ങള്‍ ഉണ്ടാകുന്നതുകൊണ്ടാണ് മുന്‍തലമുറ പിന്‍തലമുറകളെ അംഗീകരിക്കാത്തത്; അഥവാ തലമുറകളുടെ അന്തരം എന്നെല്ലാം പറയുന്നത്.

നമ്മുടെ സമൂഹം പുരുഷകേന്ദ്രീകൃതമാണെന്ന് പൊതുവേ അഭിപ്രായമുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. സ്ത്രീ നിഴലായും തണലായും ഐശ്വര്യമായും
ലക്ഷ്മിയായും മറ്റും പുരുഷനെ ആശ്വസിപ്പിച്ചും ഐശ്വര്യപ്പെടുത്തിയും കഴിഞ്ഞുകൊള്ളണമെന്നു വിവക്ഷ. എന്നാല്‍ ഇന്ന് ആ നില പൂര്‍ണ്ണമായും
മാറപ്പെട്ടുവേന്നത് സ്ത്രീകള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. സ്വന്തമായി പണിയെടുത്ത് വരുമാനമുണ്ടാക്കി, കുട്ടികളെ വളര്‍ത്തി കുടുംബം
സംരക്ഷിച്ചുകൊണ്ടുപോകുന്ന എത്രയെത്ര സ്ത്രീകളാണ് നമ്മുടെ നാട്ടിലുള്ളത്. എങ്കിലും നമ്മുടെ കുടുംബബാന്തരീക്ഷത്തെക്കുറിച്ച് പൊതുവേ അത്രയ്ക്ക് ശുഭകരമായ വാര്‍ത്തകളല്ല പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സുധാകരന്‍ ചന്തവിള

ജീവിതംതന്നെ സ്വപ്നമാണെന്ന് അറിയുമ്പോള്‍, പിന്നെ എന്തിന് വേറെ അധികം സ്വപ്നം കാണുന്നു? ആഡംബരത്തിന്റെയും പണാധിപത്യത്തിന്റെയും ആസന്നാവസ്ഥയിലാണ് കുടുംബങ്ങള്‍ കഴിഞ്ഞുപോകുന്നത്. സ്വദേശവിദേശ കമ്പനികളുടെ ഉല്‍പന്നവ്യാമോഹങ്ങളും ഉപഭോഗാധിഷ്ഠിത വ്യക്തികുടുംബബോധവും നമ്മുടെ കുടുംബങ്ങളില്‍ കൂടുതല്‍ കടന്നുകയറിയിരിക്കുന്നു. ഇത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്വാധീനിക്കുന്നത് സ്ത്രീകളിലാണ്.

ഇങ്ങനെ ആധുനികജീവിത സുഖങ്ങള്‍ ഓരോന്നായി അനുഭവിക്കുമ്പോഴും മറ്റ് ഓരോരോ സുഖങ്ങളെപ്പറ്റി സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ സുഖം തേടലാണ് ജീവിതമെന്ന് പറയേണ്ടിവരുന്നു. ആരും ദുഃഖിക്കുവാന്‍ വേണ്ടി മാത്രം ജീവിക്കുന്നില്ലല്ലോ? സുഖംതേടിയുള്ള യാത്രയില്‍ ദുഃഖങ്ങളും കൂട്ടിനെത്തുന്നു എന്നുമാത്രം. ഇത്തരം സുഖംതേടിയുള്ള ജീവിതത്തില്‍ വ്യക്തിബന്ധങ്ങളെയും ധാര്‍മ്മികതയെയും ഉപേക്ഷിക്കുവാന്‍ മനുഷ്യര്‍ തയ്യാറാവുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. കാണുന്നതെല്ലാം സത്യമാണെന്നും കണ്ടതിനെക്കാള്‍ കമനീയവും ശ്രേഷ്ഠവുമാണ് കാണാനുള്ളതെന്നുമെല്ലാം ചിന്തിച്ചുറപ്പിച്ചു പ്രവര്‍ത്തിക്കുന്നവരാണ് മനുഷ്യര്‍. അതുകൊണ്ടാണ്  ഏറ്റവും പ്രിയപ്പെട്ട കുടുംബത്തെ ഉപേക്ഷിച്ച് ഒരുനിമിഷം മറ്റൊരാളോടൊപ്പം ഒളിച്ചോടാന്‍ പോലും പലരും തയ്യാറാവുന്നത്. സമൂഹം എന്തു വിചാരിക്കുന്നു, കുടുംബം എന്തുകരുതുന്നു എന്ന് അല്‍പവും ചിന്തിക്കാതെ തീരുമാനമെടുക്കുന്ന ഇത്തരം അവസ്ഥകള്‍ ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതായി തോന്നിത്തുടങ്ങി. മനസ്സിനെക്കാള്‍ വലുത് ശരീരവും ശരീരം നല്‍കുന്ന സുഖങ്ങളുമാണെന്ന് വരുന്നു, ശരീരമെന്നത് സൗന്ദര്യമെന്നതിനെക്കാള്‍ ലൈംഗികസംതൃപ്തിയാണെന്നു വരുന്നു. മുന്‍കാലങ്ങളില്‍ എല്ലാം സഹിക്കാനും ക്ഷമിക്കാനും തയ്യാറായിരുന്ന സ്ത്രീപുരുഷന്മാര്‍ കൂടുതലായിരുന്നുവേങ്കില്‍ ഇപ്പോള്‍ ആലോചനാശേഷിയില്ലാതെ പ്രവര്‍ത്തിക്കുന്ന ദമ്പതിമാര്‍ വര്‍ദ്ധിക്കുന്നു.

സുഖാനുഭവബോധത്തെക്കുറിച്ചുള്ള ചിന്തകൊണ്ടുണ്ടാകുന്ന ഭവിഷത്തുകളെ തരണംചെയ്യാന്‍  കഴിയാതെ കുടുംബംതന്നെ ശിഥിലമായിത്തീരുന്ന സാമൂഹികാന്തരീക്ഷം സംജാതമാകുന്നു. പഴയ നിയമങ്ങളും ചിട്ടകളും തകര്‍ക്കപ്പെട്ട് ഏക ഭാര്യാത്വത്തില്‍ നിന്നും ഏകഭര്‍തൃത്വത്തില്‍ നിന്നുമെല്ലാം വഴിമാറി ചിന്തിക്കാന്‍ ആര്‍ക്കും എളുപ്പത്തില്‍ കഴിയുന്നു. നാളെ സുഖമുണ്ടാകുമെന്നു കരുതി ഇന്ന് ദുഃഖിക്കുവാന്‍ ആരും തയ്യാറാവുന്നില്ല. ഇന്നുതന്നെ എല്ലാം നല്ലവണ്ണം അനുഭവിക്കണം എന്ന ചിന്തയാണ് ഇപ്പോള്‍ കൂടിവരുന്നത്.

എന്താണ് ജീവിതത്തിന്റെ അടിത്തറ. അത് സെക്‌സാണോ? അതോ ആത്മാവാണോ? ആത്മാവ് എന്നത് തഥ്യയോ, മിഥ്യയോ?  ഏതു സന്യാസിക്കും ശരീര സുഖബോധമുണ്ടാകാം. അത് മനസ്സിന്റെ സുഖത്തിനപ്പുറം ചെന്നെത്തുന്നു. ആത്മാവിനെക്കുറിച്ചുമാത്രം ചിന്തിച്ച് ആര്‍ക്കും ദീര്‍ഘനാള്‍ ജീവിക്കുക സാധ്യമല്ല. ഇടയ്‌ക്കൊക്കെ ശരീരവും അതുണര്‍ത്തുന്ന വികാരങ്ങളും വല്ലാതെ ശല്യപ്പെടുത്തിയേക്കാം. എന്നാല്‍ ചിലര്‍ക്കൊക്കെ ഇത്തരം വികാരങ്ങള്‍ പുറത്തുകാട്ടാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ചിലപ്പോള്‍ ചിലര്‍ ചില ആദ്ധ്യാത്മിക മറയ്ക്കുള്ളിലിരുന്നുപോലും  ശരീരസുഖസാധ്യതകളെയും സായൂജ്യത്തെയും കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്.

എല്ലാം മായയാണെന്ന ആത്മവിചാരബോധത്തില്‍ ഉറച്ചുവിശ്വസിക്കുന്നവര്‍ പോലും ഒന്നും മായയല്ലെന്നും എല്ലാം യാഥാര്‍ത്ഥ്യമാണെന്നും യാഥാര്‍ത്ഥ്യം എന്നത് സങ്കല്‍പത്തിലല്ല അനുഭവത്തിലാണെന്നും ആഗ്രഹിക്കുന്നു. ഒന്ന് മറ്റൊന്നിനെക്കാള്‍ വലുത് അഥവാ മെച്ചപ്പെട്ടത് എന്ന ബോധം ഉണ്ടാവുകവഴി എന്താണുകുടുംബം എന്ന ചോദ്യത്തിന് എന്തല്ല കുടുംബം എന്ന ചിന്തയുണ്ടാകുന്നു. ആഗ്രഹിക്കുന്നതും അഭിലഷിക്കുന്നതുമെല്ലാം ലഭിക്കുകയാണ് നല്ല കുടുംബം എന്നതിലേക്ക് എത്തപ്പെട്ട ഇത്തരം സാഹചര്യത്തില്‍ നല്ലത് ചീത്ത എന്നെല്ലാമുള്ള നിര്‍വ്വചനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നു. സ്വപ്നം കാണുക എന്ന സുഖത്തിനപ്പുറം നിത്യസുഖത്തില്‍ ലയിക്കുന്ന ജീവിതാവസ്ഥയാണ് യഥാര്‍ത്ഥജീവിതമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.

Written  By: സുധാകരന്‍ ചന്തവിള

Comments are closed.