എന്റെ അചന്റെ കുടുംബത്തില്‍ അച്ചന്‍ ഉള്‍പ്പടെ പതിമൂന്ന് അംഗങ്ങളാണുണ്ടായിരുന്നത്. പിള്ളേരെ തട്ടി നടക്കാന്‍ വയ്യാതായപ്പൊ അപ്പൂപ്പന്‍ കിടപ്പിലായി. ആ ഏരിയയില്‍ ആകെയുണ്ടായിരുന്ന കുളത്തില്‍ പശൂനെ പോലും കുളിക്കാന്‍ സമ്മതിക്കാതെ തലങ്ങും വിലങ്ങും മാര്‍ച്ച് ചെയ്തിരുന്നു അച്ചനും സഹോദരങ്ങളും . ഇവര്‍ കുളത്തിലിറങ്ങി നില്‍ക്കുന്നതുകണ്ടാല്‍ കുളിക്കാന്‍ വരുന്ന പശു വെയിറ്റ് ചെയ്യും . ‘കുളി..വെള്ളം ബാക്കിയുണ്ടേല്‍ ഞാന്‍ അഡ്‌ജസ്റ്റ് ചെയ്തോളാം ‘!
കാലക്രമേണ ഈ ചെറിയ വിത്തുകള്‍ വളര്‍ന്ന് വടവൃക്ഷങ്ങളാകുകയും ആ വൃക്ഷങ്ങളില്‍ എന്റെ അമ്മയുള്‍പ്പെടെയുള്ള കിളികള്‍ ചേക്കേറുകയും ചെയ്തു. തുടര്‍ന്ന് രംഗപ്രവേശം ചെയ്തവര്‍ , ആദ്യം എന്റെ ചേച്ചി, പിന്നെ ചേട്ടന്‍ , പിന്നെ ഈയുള്ളവനും .
പതിമൂന്ന് സഹോദരങ്ങളും അതില്‍ കെട്ടിയവരും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും കെട്ടാത്തവരും എല്ലാപേരും കൂടി ഒരു വീട്ടില്‍ !
ഒരാളുടെ കെട്ടിയോനു കാച്ചി വച്ചിരിക്കുന്ന പാലെടുത്ത് മറ്റൊരാള്‍ അടിച്ചുമാറ്റി സ്വന്തം ഭര്‍ത്താവിനു ‘ചേട്ടാ..അങ്ങു ക്ഷീണിച്ചു പോയി..ഇന്നാ പാല്‍ ‘എന്ന് പറഞ്ഞുകൊടുക്കുക, ആരേലും അന്ന് ലക്സിന്റെ സോപ്പ് വാങ്ങിയാല്‍ അതടിച്ചുമാറ്റി ‘ഈ കക്ഷത്തില്‍ ശകലോം കൂടി പതയാനുണ്ട്’ എന്ന രീതിയില്‍ ശരീരം മുഴുവന്‍ പതപ്പിച്ചു കുളിക്കുക, പ്രകൃതിയുടെ വിളിയും അംഗങ്ങളുടെ എണ്ണവും തമ്മില്‍ അഡ്‌ജസ്റ്റ് ചെയ്യാന്‍ വേണ്ടി വെളുപ്പിനു രണ്ടുമണിക്ക് തന്നെ ഉറക്കം എഴുന്നേല്‍ക്കേണ്ടി വരുക തുടങ്ങിയ പലവിധ ആഭ്യന്തര പ്രശ്‌നങ്ങളിലും എന്റെ അമ്മൂമ്മയ്ക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ടി വന്നിട്ടുണ്ട്.
ഒടുവില്‍ സ്വന്തമായി ഒരു ബജാജ് കബ് സ്കൂട്ടറൊക്കെ ആയപ്പൊ എന്റെ അച്ചന്‍ പുതിയതായി വച്ച ഒരു ചെറിയ വീട്ടിലെ ഒരു മുറിയിലേയ്ക്ക് എന്നെയും ചേട്ടനെയും തട്ടിയിടുകയും ചേച്ചിക്ക് സ്വസ്ഥമായി വിഹരിക്കാന്‍ ഒരു മുറിയും നല്‍കി. അച്ചനു പിറകേ അനിയന്‍മാരും സ്വന്തം വീടുകളിലേയ്ക്ക് താമസം മാറി. അതില്‍ പിന്നെ മാസത്തില്‍ ഒരു രണ്ടു തവണയെങ്കിലും കൊച്ചച്ചന്‍മാരോ അപ്പച്ചിമാരോ എന്റെ വീട്ടിലേയ്ക്ക് കുടുംബസമേതം വന്നിരുന്നു. ഇങ്ങനെ വരുന്നതിനെ ഞാന്‍ രണ്ടുകയ്യും നീട്ടി, ആകെയുണ്ടായിരുന്ന കുഞ്ഞുവായും തുറന്ന് പ്രോല്‍സാഹിപ്പിച്ചിരുന്നു. ചേട്ടനെയും പിള്ളേരെയും കാണാന്‍ വരുമ്പൊ വെറും കയ്യോടെ അവര്‍ക്ക് വരാന്‍ പറ്റോ ?
പക്ഷെ അവിടെയും എന്റെ സ്വന്തം ചേച്ചി പാരയായി. ‘ഇന്നാ മോളെ..അനിയന്‍മാര്‍കൂടി കൊട്’ എന്ന് പറഞ്ഞ്
കൊണ്ടുവരുന്ന ഐറ്റംസ് മുഴുവനും ചേച്ചീടെ കയ്യിലേയ്ക്ക് കൊടുക്കും . ആ പോക്കു പോകുന്നതാ എന്റെ ചേച്ചി, സ്വന്തം റൂമിലേയ്ക്ക്.കതകടച്ചാല്‍ പിന്നെ വന്നവര്‍ പോയാലും തുറക്കില്ല, തുറക്കണമെങ്കില്‍ കൊണ്ടുവന്നു കൊടുത്ത
ഐറ്റംസ് തീരണം ! ഞാനും ചേട്ടനും മാറി മാറി ചേച്ചിയുടെ റൂമിന്റെ ഡോറിനടുത്ത് ചെന്ന് ‘ചേച്ചീ..ഇന്നലത്തെ ബാലരമ തരോ?’ ‘ചേച്ചീ..ചേച്ചീടെ റൂളി പെന്‍സിലൊന്ന് തരോ?’ ‘ചേച്ചീ..ദാ അപ്പുറത്തെ അമൃതേച്ചി വിളിക്കണ്..’ തുടങ്ങി പല നമ്പറുകളിട്ടാലും നോ രക്ഷ ! ഞാനും ചേട്ടനും മൂട്ടില്‍ തീയും പിടിച്ച് തലങ്ങും വിലങ്ങും നടക്കുന്നത് മിച്ചം .
ഇതിലും തീര്‍ന്നില്ല. ചേച്ചിയുടെ റൂമിന്റെ തൊട്ടുപുറത്താണു അച്ചന്‍ രാത്രി ജോലി കഴിഞ്ഞു വരുമ്പോള്‍ സ്കൂട്ടര്‍ വയ്ക്കാറ്. സ്കൂട്ടര്‍ സ്റ്റാന്‍ഡിട്ട് വച്ച് പതുക്കെ അച്ചന്‍ ചേച്ചിയുടെ ജനല്‍ തുറക്കും . എന്നിട്ട് കൊണ്ടുവന്ന പൊതി
ജനല്‍പടിയില്‍ വച്ച് ജനല്‍ അടയ്ക്കും . അച്ചനും ഹാപ്പി, ചേച്ചിയും ഹാപ്പി ! പക്ഷെ ഞങ്ങള്‍ ഞാനും ചേട്ടനും ഹാപ്പി അല്ല. കാരണം ബാക്‌ടീരിയ, ശെരിക്കും പറഞ്ഞാല്‍ കൃമികടി !
ചേട്ടന്റെ അതിസൂക്ഷ്മമായ നിരീക്ഷണത്തില്‍ നിന്നും അച്ചന്റെ ഈ കോര്‍പെറേറ്റേവ് സപ്ലൈ സൊസൈറ്റി ഞങ്ങള്‍ കണ്ടു പിടിച്ചു. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ? കിട്ടി, ഐഡിയ കിട്ടി !അച്ചന്‍ താമസിച്ചാണു വരുന്നതെങ്കില്‍ ചേച്ചി ഉറങ്ങിപ്പോകും .അങ്ങനെ അച്ചന്‍ താമസിച്ചു വന്ന ഒരു ദിവസം ഞാന്‍ ചേച്ചീടെ റൂമില്‍ കയറി പതുങ്ങി നിന്നു.
അച്ചന്‍ ജനല്‍ പതുക്കെ തുറന്നതും കൊണ്ടു വന്ന പൊതി വാങ്ങാന്‍ ഞാന്‍ ജനലിനു പുറത്തോട്ട് കൈ നീട്ടി. എന്നും ജനല്‍പടിയില്‍ പൊതി വച്ച് മടങ്ങിയിരുന്ന അച്ചന്‍ അന്ന് ചേച്ചി അപ്രതീക്ഷിതമായി പുറത്തേയ്ക്ക് കൈ നീട്ടിയതു കണ്ട് ഞെട്ടി.
പൊതി ചേച്ചിയുടെ കയ്യില്‍ ആണെന്നു കരുതി എന്റെ കയ്യില്‍ വച്ചു തന്നതിനോടൊപ്പൊം ഒരു ചോദ്യവും ,
“മോളെ, നിന്റെ വളയെവിടെ ?”
പെട്ടു !! ആണ്‍കുട്ടികളും വളയിട്ടുകൊടുക്കുന്ന ശീലം മാതാപിതാക്കള്‍ വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച്
കൂലംകഷമായി ഞാന്‍ ഒരു നിമിഷം ചിന്തിച്ചു തീര്‍ന്നില്ല….എവിടെന്നോ ഒരലര്‍ച്ചാ !
“കള്ളാ…അച്ചന്‍ !!”
വാട്ട് ദ ഹെല്‍ ! ചേച്ചി അച്ചന്റെ ശബ്ദം കേട്ട് ഉണരുകയും ഇരുട്ടത്ത് എന്നെ കാണുകയും ചെയ്തപ്പോളൂട്ടായ റിയാക്ഷന്‍ !
രംഗം : എന്നെയും ചേട്ടനെയും രണ്ടു കസേരയില്‍ ഇരുത്തിയിരിക്കുന്നു ! കയ്യില്‍ കസേര കെട്ടി വച്ചിരിക്കുന്നു എന്ന് ഞാനും കസേരയില്‍ കൈ രണ്ടും കെട്ടി വച്ചിരിക്കുന്നു എന്ന് ചേച്ചിയും പറയും . എനിക്കും ചേട്ടനും പരസ്‌പരം കാണാന്‍ പറ്റാത്തവിധം പുറം തിരിച്ചിരുത്തിയാണു കെട്ടിയിട്ടിരിക്കുന്നത്. ഡൈനിങ്ങ് ടേബിളിനഭിമുഖമായി ഞാനും അത് കാണാന്‍ പറ്റാതെ പുറം തിരിഞ്ഞ് ചേട്ടനും 🙁
ഡൈനിങ്ങ് ടേബിളില്‍ പൊറോട്ടയും പൊരിച്ച കോയീം അത് നോക്കി ‘കോഴീടെ എവിടാ ആദ്യം കടിക്കേണ്ടേ?’ എന്നാലോചിച്ച് ചേച്ചിയും ! സഹിക്കോ !
മുന്നില്‍ കോഴി പൊരിച്ചത് വാ കുളിര്‍ക്കെ, പക്ഷെ തൊടാന്‍ പറ്റുന്നില്ല. മണപ്പിക്കാന്‍ പറ്റും. ഈശ്വരാ ഗ്വാണ്ടിനാമോ ജയിലുള്ളവര്‍ക്ക് പോലും ഇത്ര ക്രൂരമായ ശിക്ഷ കൊടുക്കരുതേ ! പക്ഷെ എന്നെക്കാളും കഷ്ടമായിരുന്നു ചേട്ടന്റെ അവസ്ത്ഥ. പുള്ളിക്ക് ഒണ്‍ളി മണപ്പിക്കല്‍. പുറകില്‍ എന്താണു നടക്കുന്നതെന്ന് അറിയാന്‍ വയ്യാതെ ഇരുന്ന ഇരുപ്പില്‍ ഞെരിപിരി കൊള്ളുന്നു !
ഇങ്ങനെ എത്രയെത്ര തവണ കയ്യില്‍ കസേര കെട്ടിയിരിക്കുന്നു. പക്ഷെ,ഈ ഒരു സംഭവത്തിനു ശേഷം ചേച്ചിയ്ക്ക് വാങ്ങിക്കൊടുവരുന്നതെല്ലാം അച്ചന്‍ ഞങ്ങള്‍ക്കും വാങ്ങിത്തരും .
ഇതുപോലെ തന്നെ എനിക്ക് ഏറ്റവും മനോവിഷമം അനുഭവിക്കേണ്ടി വന്ന ഒരു സാഹചര്യമായിരുന്നു, എന്നും രാത്രി എട്ടു മണി മുതല്‍ എട്ടര വരെയുള്ള സമയം. അച്ചന്‍ അന്ന് നേരത്തേ വന്നാല്‍ എട്ടു മണിയാകുമ്പോള്‍ ദൂരദര്‍ശനിലെ ഹിന്ദി വാര്‍ത്ത വയ്ക്കും , എന്നിട്ട് എന്നെ വിളിക്കും . കാരണം അവിടേം ബാക്‌ടീരിയ !
ഇത്തവണ കടി എന്റെ സ്കൂളിലെ ഹിന്ദി സാറിനായിരുന്നു. സ്കൂളില്‍ വന്ന അച്ചനോട് എന്റെ കിന്ദുവും പരന്ദുവും ഒട്ടും ശെരിയല്ല എന്ന് പറഞ്ഞുകൊടുത്തു.അന്നു തടങ്ങീതാ ഹിന്ദി വാര്‍ത്ത വായിക്കുന്ന പെണ്ണുമ്പിള്ളേം ഞാനുമായുള്ള ബന്ധം ! അവരു വാര്‍ത്ത വായിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ അതിന്റെ മലയാളം തര്‍ജ്ജിമ അച്ചനു പറഞ്ഞുകൊടുക്കണം . രാവിലെ പത്രത്തില്‍ വായിച്ച വാര്‍ത്തയും ടിവിയില്‍ കാണിക്കുന്ന പടവുമായി എന്തെങ്കിലും സാമ്യം തോന്നിയാല്‍ ഞാന്‍ പത്രത്തിലുണ്ടായിരുന്ന വാര്‍ത്ത മുഴുവന്‍ അങ്ങു പറയും . ഹൊ, അച്ചനെങ്കിലും എന്റെ കിന്ദു ഇഷ്ടായി !
ബട്ട്, അന്നൊരു ദിവസം രാവിലെ പത്രക്കാരന്‍ ചതിച്ചതിനാല്‍ അന്ന് പത്രം വായിക്കാതെ ടിവിയുടെ മുന്നില്‍ അച്ചനോടൊപ്പം എനിക്കിരിക്കേണ്ടി വന്നു.
വാര്‍ത്ത തുടങ്ങി.
“വാജ്‌പേയ് നെ കഹാ കി സീമാ പാര്‍ കര്‍ രഹീ ഹേ പാകിസ്ഥാന്‍ ” ടിവിയിലെ പെണ്ണുമ്പിള്ള !
അച്ചന്‍ എന്നെ നോക്കി. അടുത്ത വാര്‍ത്ത പറയുന്നതിനു മുന്നെ ഇതിന്റെ തര്‍ജ്ജിമ കൊടുക്കണം , അതാണു നിയമം .
എന്റത്തിപ്പാറമ്മച്ചീ, വേറെന്തെല്ലാം കാര്യങ്ങള്‍ ഈ പെണ്ണുമ്പിള്ളയ്ക്ക് കാണും . എന്നും വാര്‍ത്ത വായിക്കാന്‍ വരണോ? ഒരു ബ്രേക്ക് ഒക്കെ ആര്‍ക്കായാലും വേണ്ടേ ?
“എന്താടാ ഇതിന്റെ അര്‍ത്ഥം ?” അച്ചന്‍
ഇനി രക്ഷയില്ല !
“അത്…വാജ്‌പേയ് സീമയുമായി കഹക്കി പാകിസ്ഥാനില്‍ പോയി”
തള്ളി, ദേ അച്ചന്റെ കണ്ണു തള്ളി !
“എന്തോന്ന്?” അച്ചന്‍
“അത്…വാജ്‌പേയ് കഹക്കീട്ട്…” ഞാന്‍
“ഇങ്ങോട്ട് വാടാ…ആ സാറു പറയുന്നത് വെറുതെയാണോ?” അച്ചന്‍ എന്നെ കൂട്ടിയങ്ങു പിടിച്ചു.
“നിങ്ങളെന്തിനാ അവനെ അടിക്കണെ…അവന്‍ പറഞ്ഞില്ലേ കഹക്കീന്ന്..പിന്നെന്താ?” അമ്മയുടെ രംഗ പ്രവേശനം
പെട്ടെന്ന് അമ്മ പോസായി !
“ടാ..എന്തോന്നാടാ ഈ കഹക്കി?” ഇതു ചോദിക്കുമ്പൊ എന്റെ മുഖത്തുള്ള ദയനീയഭാവം കണ്ടിട്ടാവണം അമ്മ ഇടപെട്ട് എന്നെ രക്ഷപ്പെടുത്തി. അതില്‍ പിന്നെ ഒരു ദിവസം പത്രക്കാരന്‍ ചതിച്ചാല്‍ ഞാന്‍ അപ്പുറത്തെ വീട്ടില്‍ നിന്നും പത്രമെടുത്തു വായിക്കും 😉
ഇങ്ങനെ കൊണ്ടും വാങ്ങിയും ഞാനും ചേട്ടനും ദീപാ നിവാസിലെ പുലികളായി വാണിരുന്നു. ഞങ്ങള്‍ പുലികളല്ല, മറിച്ച് സിങ്കങ്ങളാണെന്ന് തെളിയിക്കാനുള്ള അവസരങ്ങളായിരുന്നു ഞാന്‍ മുന്നെ പറഞ്ഞതു പോലെയുള്ള
ബന്ധുജനങ്ങളുടെ സന്ദര്‍ശനങ്ങള്‍ .
അവരാരെങ്കിലും വീട്ടില്‍ വന്നാല്‍ പിന്നെ ഞാനും ചേട്ടനും അടിമുടിയങ്ങു മാറും . ഞാന്‍ ഹീമാനും ചേട്ടന്‍ ഫാന്റവുമാവും ! (ഹൊ, ഫാന്റത്തിന്റെ ഇടിക്കൊക്കെ എന്താ ഒരു വെയിറ്റ്!).
ഒരു മരിച്ചീനി കമ്പ് ചീകിമിനുക്കി വാളാക്കി ഞാന്‍ ചേട്ടനുമായി വാള്‍പയറ്റ് തുടങ്ങും . വന്നവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടക്കിടയ്ക്ക് നോക്കി ‘എങ്ങനുണ്ട് എന്റെ വെട്ട്?’ എന്നര്‍ത്ഥത്തില്‍ ചിരിക്കും . അങ്ങനെ ഒരു ദിവസം ഞാനും ചേട്ടനും അങ്കം വെട്ടുന്നതിനിടയില്‍ എന്റെ അപ്പച്ചീടെ മോള്‍ , എന്റെ സ്വന്തം പൊന്നു, വെളിയിലിറങ്ങി എന്റെ അങ്കം കണ്ടു നിന്നു. എന്താന്നറിയില്ല, ഞാന്‍ ആകെയങ്ങ് വികാരതരളിതനാകുകയും മരിച്ചീനിക്കമ്പ് മാറി ഞാന്‍ ആഞ്ഞു വെട്ടുകയും എന്റെ ചേട്ടന്‍ ഒഴിഞ്ഞു മാറുകയും കമ്പ് ചേട്ടന്റെ പുറകിലുണ്ടായിരുന്ന തെങ്ങിലടിച്ച് ഒടിയുകയും ചെയ്തു.
‘ചില്‍ ‘ !!! വാട്ട് ദ ഹെല്‍ ! കമ്പൊടിഞ്ഞാല്‍ ഗ്ലാസ്സുടയുന്ന ശബ്ദോ?
“ഏവനാടാ ജനലിന്റെ ഗ്ലാസ്സ് പൊട്ടിച്ചെ?” അകത്തൂന്ന് അമ്മയുടെ അലറല്‍ കേട്ടപ്പൊ എനിക്ക് കാര്യം മനസ്സിലായി. ഒടിഞ്ഞ കമ്പ് തെറിച്ച് ജനലിലെ ഗ്ലാസ്സില്‍ ഇടിച്ച് ഗ്ലാസ്സ് പൊട്ടി.
രംഗം : ഞാനും ചേട്ടനും വീണ്ടും കസേര കയ്യില്‍ കെട്ടി ഇരിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത ചേട്ടന്റെ മുഖത്ത് ‘സാമദ്രോഹീ..നിനക്കുള്ളത് ഞാന്‍ തരാടാ’ എന്നെ ഭാവം .ഒരങ്കവും വെട്ടാതെ അങ്കം ജയിച്ച ചേച്ചിയുടെ മുന്നില്‍ അന്ന് അച്ചന്‍ കൊണ്ടുവന്ന കോഴി പൊരിച്ചതും ! മാനനഷ്ടം , ധനനഷ്ടം , ചിക്കന്‍ ഫ്രൈ നഷ്ടം ഇതെല്ലാം സഹിക്കേണ്ടി വന്ന ഞാന്‍ മാത്രം നിര്‍വികാരനായി ഇരുന്നു.
അന്നൊക്കെ ബന്ധുക്കളാരെങ്കിലും ഇതേ പോലെ സന്ദര്‍ശനത്തിനു വന്നാല്‍ അവരുടെ കൂടെ സിനിമയ്ക്ക് പൊകുന്ന ഒരു പരിപാടിയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അന്നൊക്കെ ചേച്ചിയും അപ്പുറത്തെ വീട്ടിലെ അമൃതേച്ചിയും ഒരുമിച്ച് ഡാന്‍സ് പഠിക്കാന്‍ പോയിരുന്ന സമയം . ചുമ്മാ വീട്ടില്‍ നടന്നാലും ഡാന്‍സ് ചെയ്തേ നടക്കു ! അങ്ങഗെ ഒരു നാള്‍ ഞങ്ങളെല്ലാ പേരും ചേര്‍ന്ന് സിനിമയ്ക്ക് പോയ സമയം .
ഞാന്‍ പോക്കറ്റില്‍ കിടന്നിരുന്ന കപ്പലണ്ടി എടുത്ത് കൊറിച്ച് കൊറിച്ച് അമ്മേടെ കയ്യില്‍ പിടിച്ച് നടക്കുന്നു.പിറകില്‍
ചേച്ചിയും മറ്റും .
പെട്ടെന്ന് പിന്നില്‍ നിന്ന് ‘താ’ എന്നൊരു ശബ്‌ദം . ചേച്ചീടെ ശബ്‌ദം !
“ഇല്ല..ഞാന്‍ തരൂല്ല” എന്താന്നറിയില്ല, ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നാല്‍ എന്റെ പേരു ചോദിച്ചാലും എന്റെ ആദ്യത്തെറെസ്‌പോണ്‍സ് ഇതായിരിക്കും , :P. ഞാന്‍ തിരിഞ്ഞു നോക്കി.
‘പൊടാ…ഇതെന്റെ സ്റ്റെപ്പാ..താ…തെയ്…” ഇതും പറഞ്ഞ് നടുറോഡില്‍ നിന്ന് ചേച്ചി കൈ കൊണ്ട് ജനല്‍ തള്ളിത്തുറക്കുന്നപോലെ സ്റ്റെപ് എടുക്കുന്നു ! അതിനു ശേഷം എന്റെ ചേച്ചി ഡാന്‍സ് പഠിക്കാന്‍ പോയിട്ടില്ല !
പിന്നെയൊരിക്കല്‍ എനിക്കും ചേട്ടനും ഒരു സൈക്കിള്‍ അച്ചന്‍ വാങ്ങിത്തന്നു. അത് ചേച്ചിയെ കൂടെ പഠിപ്പിക്കാന്‍ ഓര്‍ഡറും കിട്ടി. വെളിയില്‍ റോഡിലിറക്കി പഠിപ്പിക്കാന്‍ പറ്റാത്തതിനാല്‍ വീടിന്റെ ടെറസില്‍ വച്ച് ക്ലാസ്സ് കൊടുക്കാമെന്ന് ഞാനും ചേട്ടനും തീരുമാനിച്ചു.ടെറസിലെ ഇട്ടാവട്ടം പൊലുള്ള സ്ഥലത്ത് ഞങ്ങള്‍ ചേച്ചിയെ സൈക്കിള്‍ പഠിപ്പിച്ചു. വളരെക്കുറച്ച് മാത്രം സ്ഥലമുണ്ടായിരുന്നതിനാല്‍ സൈക്കിള്‍ കറക്കി കറക്കിയേ ഓടിക്കാന്‍ പറ്റു. അങ്ങനെ ഒരു വിധം ബാലന്‍സ് ആയപ്പൊ വീടിനു മുന്നില്‍ തന്നെയുള്ള റോഡില്‍ ഇറക്കി. ഞങ്ങളും റെഡി, സൈക്കിളിനു മുകളില്‍ ചേച്ചിയും റെഡി. ചവിട്ട് തുടങ്ങി.
വാട്ട് ദ ഹെല്‍ !! നടുറോഡില്‍ സൈക്കിളില്‍ ചേച്ചി വട്ടമിട്ടു കളിക്കുന്നു. ഒരു വിധം പിടിച്ച് നിര്‍ത്തി എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍ കേട്ടത്,
‘നിനക്കൊക്കെ നേരേയോടിക്കാന്‍ പഠിപ്പിച്ചൂട്രാ,വളച്ചോട്ടിക്കാന്‍ പഠിപ്പിച്ചിട്ട് എന്തെന്നോ?’ എന്ന് പറഞ്ഞ് കുറെ ചീത്തയും .
എന്നെയും ചേട്ടനെയും എന്തൊക്കെ വഴക്ക് പറഞ്ഞിരുന്നാലും ഇന്നും ചേച്ചിക്ക് ഞങ്ങള്‍ ജീവനാ. ഞങ്ങള്‍ക്കും അതെ. പരസ്‌പരം അടികൂടിയും പിണങ്ങിയും ഇണങ്ങിയും ഇന്നും ഞങ്ങള്‍ മൂന്ന് സഹോദരങ്ങളും അമ്മയോടൊപ്പമുണ്ട്. ദൈവത്തിനു ഒരായിരം നന്ദി.