മലയാളസിനിമയിലെ ഹിറ്റ് മേക്കറിന് വിട

0
55

ഡെന്നിസ് ജോസഫിന് വിട.

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്തും, സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് തുടങ്ങി അനേകം ഹിറ്റുകൾക്ക് തിരക്കഥയൊരുക്കി. മനു അങ്കിൾ, അഥർവ്വം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ ‘ഗീതാഞ്ജലി’യാണ് അദ്ദേഹത്തിന്റെ തിരക്കഥയിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. ഒമർ ലുലുവിന്റെ സംവിധാനത്തിൽ, ബാബു ആന്റണി നായകനാകുന്ന ‘പവർ സ്റ്റാർ’ ന്റെ എഴുത്ത് ചർച്ചകൾ പുരോഗമിക്കവെയായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മമ്മൂട്ടി-മോഹൻലാൽ എന്നീ നടന്മാരെ മറ്റാർക്കും ചിന്തിക്കാൻ പോലും കഴിയാത്ത താരപദവിയിലേക്ക് ഉയർത്തിയ ആൾ. എന്നൊക്കെ ആണെങ്കിലും ഒരു അവകാശവാദങ്ങളും ഉന്നയിക്കാതെ, വിനയാന്വിതനായി ഈ ലോകത്തോട് നാല്പതിലധികം സിനിമകൾക്ക് തിരക്കഥ എഴുതിയ പ്രതിഭ

നിറക്കൂട്ട്‌, രാജാവിന്റെ മകൻ, ന്യൂഡൽഹി, സംഘം, നായർസാബ്‌, കോട്ടയം കുഞ്ഞച്ചൻ, ഇന്ദ്രജാലം..ഒരു തലമുറയെയാകെ ആവേശം കൊള്ളിച്ച എഴുത്തുകാരൻ.. സ്വന്തം ഏറ്റുമാനൂർകാരൻ. ഡെന്നീസ് ജോസഫ് സിനിമയിൽ നിന്നും ഏതാണ്ട് പിൻവാങ്ങിയപ്പോഴും, അടുത്ത കാലത്ത്‌ സഫാരി ടിവിയിലെ “ചരിത്രം എന്നിലൂടെ’ പരിപാടിയിൽ കഥാകഥനത്തിൻ്റെ മാന്ത്രികത വീണ്ടും പ്രേക്ഷകരെ അനുഭവേദ്യമാക്കിയിരുന്നു..

മുപ്പതിൽ അധികം എപ്പിസോഡുകളിലൂടെ അദ്ദേഹം തന്റെ ജീവിതം പറഞ്ഞു നിർത്തിയപ്പോൾ അതിലൂടെ കേട്ടത് മലയാള വാണിജ്യ സിനിമയുടെ ചരിത്രം തന്നെ ആയിരുന്നു. സൂപ്പർ സ്റ്റാറുകളുടെയും താര പദവിയിലേക്കുള്ള കുതിപ്പിൽ, മലയാള സിനിമയുടെ വിജയ രസക്കൂട്ടുകളുടെ നിർമ്മിതിയിൽ, മലയാള സിനിമയുടെ സംസ്ഥാനത്തിന് പുറത്തുള്ള മാർക്കറ്റിലേക്കുള്ള ചുവടുവെപ്പിൽ, അങ്ങനെയങ്ങനെ മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മാറ്റി നിർത്താനാവാത്ത രീതിയിൽ തന്റെ പേരും തൂലികയും അടയാളപ്പെടുത്തി അയാൾ യാത്രയായിരിക്കുന്നു. ആദരാജ്ഞലികൾ ഡെന്നിസ് ജോസഫ് സർ.

മോഹൻലാൽ ഇങ്ങനെ കുറിക്കുന്നു

“എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ…പ്രണാമം ഡെന്നീസ്.”

May be a black-and-white image of 2 people, people sitting, people standing and outdoors

മമ്മൂട്ടിയുടെ കുറിപ്പ്

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു

May be an image of 2 people and beard

**