Share The Article

Faqrudheen Panthavoor Faqrudheen എഴുതുന്നു

ഒരു തരം മരവിപ്പോടെയാണ് ഞാൻ ഇത് എഴുതുവാൻ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മൾ അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്.

എന്റെ നാടിനടുത്ത് ദിവസങ്ങൾക്ക് മുമ്പ് പതിനൊന്ന് വയസ്സുള്ള അർച്ചന എന്നൊരു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു.അധികം വൈകാതെതന്നെ അതൊരു കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞു.
കൊലപാതകിയും അതിലേക്ക് നയിച്ച കാരണവും അറിഞ്ഞപ്പോഴാണ് വീട്ടുകാരും നാട്ടുകാരും ഒരു പോലെ ഞെട്ടിയത്.

എടപ്പാൾ പൊറൂക്കരയിലെ വീട്ടിൽ നിന്ന് ആനക്കരയിലെ അമ്മ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു അർച്ചന.സന്തോഷത്തിന്റെ നാളുകൾ. എല്ലാവരും പുറത്തുപോയപ്പോൾ വീട്ടിൽ അവശേഷിച്ചത് മരണപ്പെട്ട പതിനൊന്ന് കാരിയും അമ്മയുടെ സഹോദരി മകളായ 14 കാരിയും അമ്മൂമയും.തെരഞ്ഞെടുപ്പിന്റെ തലേദിവസം.
തൊടിയിൽ തേങ്ങയിടാൻ ആളെത്തിയതിനാൽ അമ്മൂമ തൊടിയിലേക്ക് പോയി.ഇന്നേരമാണ് കുട്ടി കൊല്ലപ്പെട്ടുന്നത്.കൊലപാതകി സഹോദരിയായ 14 കാരി തന്നെ!

എന്തിനായിരുന്നു ഈ അരും കൊല?
പകയും അസൂയയും ആ പതിനാല് കരിയുടെ കുഞ്ഞിളം മനസ്സിൽ പിശാചിനെ വളർത്തിയത് എന്തിനായിരുന്നു ?
ഒരു നിമിഷം അവൾ അവളെത്തന്നെ മറന്നു. ആ കുഞ്ഞിളം കൈകൾ കൊണ്ട് സഹോദരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കളഞ്ഞു..
അത്രമേൽ ഒറ്റപ്പെടലും കളിയാക്കലും അവളെ പിശാചാക്കിയിരുന്നു.
ഒന്നുമറിയാത്ത ആ കുഞ്ഞ് ജീവൻ നഷ്ടപ്പെട്ട് സ്വപ്നങ്ങൾ തകർന്ന് സോഫയിൽ ഉറക്കത്തിലെന്ന പോലെ നിത്യതയിലേക്ക് മയങ്ങി.

പോലീസിന് കാര്യങ്ങൾ ഏറെക്കുറെ ആദ്യമെ ബോധ്യപ്പെട്ടിരുന്നു.കുറ്റബോധം ആ പതിനാല് കാരിയെ തളർത്തി. അവൾ എല്ലാം പോലീസുകാരോട് തുറന്ന് പറഞ്ഞു.
“അർച്ചന പഠിക്കാൻ മിടുക്കിയായിരുന്നു.ഇത്തവണ യു എസ് എസ് സ്കോളർഷിപ്പും കിട്ടിയിരുന്നു. വീട്ടുകാർ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോൾ സഹോദരിയായ താൻ ഏറെ ഒറ്റപ്പെട്ടു. എല്ലാവർക്കും അവളെ മതി… കണ്ടു പഠിക്ക് അവളെ… അർച്ചന. അർച്ചന..!!
എങ്ങും അവൾ മാത്രം. അവളെ മാത്രം മതി എപ്പോഴും. ദേഷ്യം പകയായി.. പകയുടെ ഒടുവിൽ അവളെ കൊല്ലണമെന്നായി. ഒന്നും ചിന്തിച്ചില്ല… ഷാൾ മുറുക്കി കൊന്ന് കളഞ്ഞു…”
ആ പതിനാലുകാരി കണ്ണീരോടെ എല്ലാം തുറന്നു പറഞ്ഞു.

ആ 14 കാരിയുടെ വാക്കുകൾ വീട്ടുകാരെയും പോലീസുകാരെയും ഒരുപോലെ ഞെട്ടിച്ചു.കൊല്ലപ്പെട്ടതും കൊലയാളിയും ഒരെ ചെടിയുടെ പൂക്കൾ. ആ കുടുംബത്തിന്റെ സങ്കടത്തിന് ആർക്ക് ആശ്വാസം നൽകാനാവും.

നമ്മുടെ കുട്ടികൾക്ക്… കുടുംബത്ത് എന്തൊക്കെയാണ് സംഭവിക്കുന്നത്.ആരാണിവിടെ കുറ്റക്കാർ ?
ഒരിക്കലും കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കരുതെന്ന യാഥാർത്ഥ്യം എത്ര രക്ഷിതാക്കൾ പാലിക്കാറുണ്ട്. പലപ്പോഴും ഈ താരതമ്യപ്പെടുത്തൽ കുറ്റപ്പെടുത്തലിലൂടെയാണ്. സിനിമയും കാഴ്ചകളും കുഞ്ഞുമനസ്സുകളെ പല കള്ളത്തരങ്ങൾക്കും ക്രൂരതകൾക്കും സ്വാധീനം ചെലുത്തുന്നുണ്ട്.സൗഹാർദ്ധവും സ്നേഹവുമുള്ള കുടുംബാന്തരീക്ഷം സൃഷ്ടിക്കുക മാത്രമാണ് പരിഹാരം.

Faqrudheen Panthavoor

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.