ഏങ്ങിയേങ്ങിക്കരയുന്ന ആ മനുഷ്യനെ കണ്ടു വണ്ടി നിർത്താതെ കടന്നു പോകാൻ എനിക്കായില്ല

105

Farooq JN

അന്ന് തിങ്കളാഴ്ചയായിരുന്നു, സമയം വൈകീട്ട് 5.15. ഹൃദയം നുറുങ്ങുന്ന വേദനയുമായി ഏങ്ങിക്കരഞ്ഞു ഫോണിൽ സംസാരിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ ചിത്രം നിങ്ങളും കണ്ടിരിക്കും. ഡൽഹിയിൽ നിന്ന് തന്റെ നാടായ ബിഹാറിലേക്ക് കാൽനടയായി പുറപ്പെട്ട ആ മനുഷ്യന്റെ ചിത്രം പകർത്തിയ പീ ടീ ഐ ഫോട്ടോഗ്രാഫർ അതുൽ യാദവ് പറയുന്നത് കേൾക്കൂ
“നിസാമുദ്ധീൻ പാലത്തിലിരുന്ന് ഫോണിൽ സംസാരിച്ചു ഏങ്ങിയേങ്ങിക്കരയുന്ന ആ മനുഷ്യനെ കണ്ടു വണ്ടി നിർത്താതെ കടന്നു പോകാൻ എനിക്കായില്ല. കഴിഞ്ഞ കുറെ ആഴ്ചകളായി ഞാൻ പകർത്തുന്ന ചിത്രങ്ങളിലധികവും നാട്ടിലേക്കു പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ നിസ്സഹായത തളം കെട്ടി നിൽക്കുന്ന മുഖങ്ങളാണ്. അത് കൊണ്ട് തന്നെ ഇത്രയും പ്രായമുള്ള ഒരു മനുഷ്യൻ കരയുന്നത് എന്നെ അമ്പരപ്പെടുത്തേണ്ടതില്ല, പക്ഷെ ഞാൻ അമ്പരന്നു പോയി.

അയാളുടെ മുഖത്തെ വേദന എന്നെ ഉലച്ചു കളഞ്ഞു. ആ മുഖം ഒരു ഫോട്ടോയിൽ പകർത്തി കടന്നു പോകാൻ എനിക്കായില്ല. എന്താണ് ആ വേദനക്ക് പിന്നിലെന്ന് എനിക്ക് അറിയണമായിരുന്നു. അയാളുടെ മകന്റെ രോഗം ഗുരുതരമാണ്, ഒരു പക്ഷെ അവൻ മരിച്ചു പോയേക്കാം, അതുകൊണ്ടു അയാൾക്ക് എങ്ങിനെയെങ്കിലും വീടെത്തിയെ കഴിയൂ. എവിടേക്കാണ് യാത്രയെന്ന് ഞാൻ അയാളോട് ചോദിച്ചു. കരച്ചിലിനിടക്ക് യമുനാ നദിക്ക് കുറകെ ഡൽഹി അതിർത്തിയിലേക്ക് അനന്തമായി നീളുന്ന റോഡിലേക്ക് കൈ ചൂണ്ടി അയാൾ പറഞ്ഞു: ഉദർ (അവിടേക്ക്)പിന്നീടാണ് അയാളുടെ വീട് അവിടെ നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബിഹാറിലെ ബരിയാപൂർ എന്ന ഗ്രാമത്തിലാണെന്ന് ഞാൻ മനസിലാക്കുന്നത്.

പൊതുഗതാഗത സംവിധാനങ്ങൾ നിലച്ചപ്പോൾ നജാഫ്‌നഗറിൽ കൂലിവേല ചെയ്തു ജീവിച്ചിരുന്ന അയാളും ഡൽഹിയിൽ ജോലി ചെയ്തിരുന്ന മറ്റനേകം മനുഷ്യരെപ്പോലെ തൻറെ നാട്ടിലേക്ക് കാൽനടയായി മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. നിസാമുദ്ധീൻ പാലത്തിൽ വെച്ച് പോലീസ് അയാളെ തടഞ്ഞു. മൂന്നു ദിവസമായി അയാൾ അവിടെത്തന്നെ തുടരുകയായിരുന്നു.
ഞാൻ കുറച്ചു ബിസ്ക്കറ്റും വെള്ളവും നൽകി അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ തന്റെ മകനെ ഇനി ജീവനോടെ കാണാൻ കഴിയുമോ എന്ന വേദനയിൽ ഉരുകുന്ന ഒരച്ഛന് അത് എന്ത് ആശ്വാസം നൽകാനാണ്? എങ്ങിനെയെങ്കിലും ആ മനുഷ്യനെ ആ ദുരവസ്ഥയിൽ നിന്ന് മോചിപ്പിക്കണം എന്ന് എനിക്ക് തോന്നി. അടുത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് അയാളെ അതിർത്തി കടന്നു പോകാൻ അനുവദിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു .

ആദ്യം അവരതിന് മടിച്ചുവെങ്കിലും, ഒരു മാധ്യമപ്രവർത്തകന്റെ അപേക്ഷ അവർക്ക് തള്ളിക്കളയാനായില്ല. പക്ഷെ അയാൾ വീടെത്തുമെന്നു ഒരുറപ്പും നൽകാനാവില്ലെന്ന് അവർ തീർത്ത് പറഞ്ഞു. അവിടെ നിന്ന് തിരിച്ചു വീട്ടിലെത്തിയതിനു ശേഷമാണ് അയാളുടെ പേരോ ഫോൺ നമ്പറോ ഞാൻ ചോദിച്ചില്ലെന്ന് എനിക്കോർമ്മ വന്നത്. എനിക്കറിയണമായിരുന്നു, അയാൾക്ക് വീടെത്താൻ കഴിഞ്ഞോ? അയാളുടെ മകൻറെ അസുഖം ഭേദമായോ എന്നൊക്കെ. പീ ടീ ഐ ആ ഫോട്ടോ എല്ലാ മാധ്യമങ്ങൾക്കു അയച്ചു കൊടുത്തിരുന്നു, ആ പിതാവിന്റെ ദുഃഖം ചിത്രം കണ്ടവരെല്ലാം വേദനയോടെ ഏറ്റു വാങ്ങി. ഞാൻ പകർത്തിയ ആ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ പല മാധ്യമങ്ങളും ആ ചിത്രത്തിലെ മനുഷ്യനെ അന്വേഷിച്ചു പോയി. അയാളുടെ പേര് രാംപുകാർ പണ്ഡിറ്റ് എന്നാണെന്ന് അവർ കണ്ടെത്തി. അയാളുടെ മകൻ ജീവിതസമരത്തിൽ തോറ്റു പോയെന്നും. അതെന്റെ ഹൃദയം തകർത്തു.”

Photo: Atul Yadav, PTI
അവലംബം: ഔട്ട്ലുക്ക്