fasil shajahan

ചതിക്കപ്പെട്ടു കഴിഞ്ഞാൽ അവിടെ രണ്ടു കഥാപാത്രങ്ങൾ ഭൂമിയിൽ ജനിക്കുന്നു
1- ചതിച്ചവൻ/വൾ
2- ചതിക്കപ്പെട്ടവൻ/പ്പെട്ടവൾ

ചതിക്കപ്പെട്ടവരുടെ ചതിക്കപ്പെട്ടതിനു ശേഷമുള്ള ജീവിതം എന്തായിരിക്കും എന്ന് ആദ്യം പറയാം. എന്തായിരിക്കും അവരുടെ അവസ്ഥ? എന്തായിരിക്കും അവരുടെ ഭാവി?ഒരു ചതിയിൽ പെട്ടു എന്ന് ഉറപ്പായാൽ തന്നെ ചതിക്കപ്പെട്ടവർക്ക് പെട്ടെന്നത് ഉൾക്കൊള്ളാനാവില്ല. അവരതിനെ സ്വയം നിഷേധിക്കാനാണ് ആദ്യം ശ്രമിക്കുക. അവരേറ്റവും വിശ്വസിച്ച, സ്നേഹിച്ച, വളർത്തിയ, ചേർത്തുപിടിച്ച, പ്രാർത്ഥിച്ച ഒരാളെ അവിശ്വസിക്കുക എന്നാൽ മരണത്തിനു തുല്യമാണത്. നീ ചതിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന സൂചന ആരെങ്കിലും നൽകാൻ ശ്രമിച്ചാൽ സൂചന നൽകിയവരെ അവിശ്വസിക്കാനാണ് ഇര തെര്യപ്പെടുക.

ചിലപ്പോൾ ജീവിതവഴികളിൽ മറ്റെവിടെയൊക്കെയോ നമ്മുടെ രക്ഷകരായവർ തന്നെയാവും ചതിയുടെ വിഷ്ണു മോഹിനീ രൂപം പൂണ്ട് നമ്മെ ഭസ്മമാക്കിക്കളയുന്നത്! ഇനി ചതിക്കപ്പെട്ടു എന്ന് ഉറപ്പായാൽ തന്നെ, അവൻ അല്ലെങ്കിൽ അവൾ അങ്ങനെ ചെയ്യാൻ എന്തെങ്കിലും കാരണമുണ്ടാവും, അല്ലാതെ വെറുതെ ഒരിക്കലുമങ്ങനെ ചെയ്യില്ല എന്നിങ്ങനെ പ്രതിയെ ന്യായീകരിക്കാൻ നമ്മുടെ മനസ്സാക്ഷി വെമ്പൽ കൊള്ളും.
ഇതിന്റെയെല്ലാം കാരണം ഒന്നു തന്നെയാണ്. വിശ്വസിച്ചു സമർപ്പിച്ചു തന്റെ ഹൃദയാന്തർ ഭാഗങ്ങളോട് ഉരുക്കി വിളക്കിച്ചേർത്ത ഒരു വൈകാരിക സാന്നിധ്യം നമ്മെ ചതിച്ചുവെന്ന് ഉൾക്കൊള്ളാൻ പറ്റാത്ത അവസ്ഥ. മനുഷ്യസഹജമാണത്. തികച്ചും സ്വാഭാവികവും. അങ്ങനെയൊന്നുമാവാത്തവരെ മനുഷ്യരെന്നു വിളിക്കാനാവില്ല.

എങ്കിലും വിവരണാതീതമാണത്. തികഞ്ഞ ശൂന്യത.കൂരാക്കൂരിരുട്ട്.. മരവിപ്പ്… മരണം മണക്കുന്ന മൗനം…. കഴുത്തറുക്കപ്പെട്ട മൃഗം അവസാനത്തെ പിടച്ചിലിനു തൊട്ടുമുമ്പ് പ്രകടിപ്പിക്കുന്ന ഒരു അടക്കമുണ്ട്. അതേ അവസ്ഥ! ചതിക്കപ്പെട്ടു എന്നുറപ്പായാൽ തളരും. ഇനിയങ്ങോട്ടു അഭിമുഖിക്കേണ്ടി വരുന്ന ഓരോ മുഖങ്ങളെയും സെവന്റി എം.എം സ്ക്രീനിലെന്ന പോലെ കണ്ണിനു മുന്നിൽ തെളിയും.
അവരിൽ നിന്നും ഉയർന്നു വരാവുന്ന ഉപദേശങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും കാതുകളിൽ പെരുമ്പറ കൊട്ടും. നഷ്ടം സാമ്പത്തികമെങ്കിൽ ദാരിദ്ര്യത്തിന്റെ ഒരു ഗന്ധം മേലാകെ ഉടലാകെ വന്നു പൊതിയും.

എല്ലാ കൂരമ്പുകളും തന്നിലേയ്ക്കു തന്നെ തറപ്പിക്കും. തന്നെത്തന്നെ കുറ്റപ്പെടുത്തും. സ്വയം ചാവേറാകും. സ്വന്തത്തെ, സ്വയത്തെ, വിശ്വസിച്ചു പോയ നിമിഷങ്ങളെ, നിമിഷങ്ങളെ ഒരുക്കിയ വഴികളെ എല്ലാം ശപിക്കും. ദൈവത്തെ പോലും ശപിക്കും. അതേ ദൈവത്തോടു തന്നെ ആ പാതകിയെ നശിപ്പിച്ചു നരകിപ്പിക്കണേ എന്നു പ്രാർത്ഥിക്കുകയും ചെയ്യും.വല്ലാത്തൊരു നീറ്റലാണത്. ചെങ്കനലായതു നിറയും. ഒരു കേടുപാടുമില്ലാത്ത സുസുന്ദര ശരീരം അകമേ ആരും കാണാതെ വെറുതേ നിന്നു കത്തും. ഹൃത്താകെ തീ നാളങ്ങൾ പടരും. ചിന്തകൾ ചെകുത്താന്റെ പണിശാലയായി മാറും.

പകയും പുകയും നിരാശയും ആത്മാഭിമാനച്ചോർച്ചയും കൊണ്ട് തലച്ചോറ് തിളച്ചു മറിയും. ഇതുതന്നെ ദിവസങ്ങളോളം ആവർത്തിക്കും. ഒരേ കഥ … ഒരേ തീ… പിന്നെയും പിന്നെയും അതിലിങ്ങനെ ഉരുകും.
കരയാൻ ഭാഗ്യം ലഭിച്ചവർ പൊട്ടിക്കരയും. അല്ലാത്തവർ അകക്കണ്ണീരിനാൽ മഹാസമുദ്രം പണിയും. ഈ ലോകത്തെ ഏറ്റവും വലിയ വിഡ്ഢി താനെന്ന് സ്വയം അപഹസിക്കും. താളം തെറ്റും.
ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനാവത്ത വിധം കയത്തിലേയ്ക്കു പതിച്ചു പോയവർ ആത്മഹത്യയെ വിരുന്നിനു വിളിച്ചാലോ എന്ന് പലകുറി ആഗ്രഹിക്കും.

അഗ്നിപർവ്വത സ്ഫോടനങ്ങൾ, പൊട്ടിത്തെറികൾ, കബന്ധങ്ങൾ, കടലലകൾ, ചുഴികൾ.. എല്ലാം ഉള്ളിൽ നിറയും. ഡിപ്രഷനും അഗ്രഷനും സോറോയും മെലങ്കൊലിയും റിസഷനും ഒരൊറ്റ വേദിയിൽ നാട്യ നർത്തന സർപ്പകാഹളമൂതും.ആയൊരവസ്ഥയിൽ നിന്നും കരകയറുക എളുപ്പമല്ല. ആയൊരു മുറിവിൽ എത്ര മരുന്നു തേച്ചാലുമുണങ്ങില്ല. സാന്ത്വനവാക്കുകൾക്ക് അശേഷം ജീവനനുഭവപ്പെടില്ല.
എത്ര തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ചാലും ആ ചൂട് അമരില്ല. എത്ര വലിയ കുഴിമാടത്തിലതിനെ കുഴിച്ചിട്ടാലും ശരി, സ്മരണകളിൽ അതിന് എപ്പോഴും സ്ഫുലിംഗങ്ങളാൽ ആളിക്കത്തുന്ന തീജ്വാലകളുടെ പൊള്ളലാണ്.

ആയഗ്നികുണ്ഠത്തിൽ നിന്നും ആളിപ്പടർന്ന് വിശ്വമാകെ പരക്കുന്ന ശബ്ദമില്ലാത്ത ശാപത്തിൽ നിന്നും ചതിച്ചവന് / ചതിച്ചവൾക്ക് മോചനം സാധ്യമാവുന്നതെങ്ങനെ? ഒരിക്കലുമില്ല. അത് അടുത്ത എഴുത്തിൽ പറയാം.എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ഒരു ചതിയാൽ എത്ര ആഴത്തിൽ നിങ്ങൾ മുറിയുന്നുവോ, എത്ര കഷണങ്ങളായി നിങ്ങൾ ചിതറുന്നുവോ അത്രയും അവസരങ്ങളും ഈ ഭൂമി നമുക്കായി ഒരുക്കുന്നുണ്ട്.
അവ കണ്ടെത്തിയവരാണ് ഇന്നു നാം കാണുന്ന എല്ലാ വൻകിട ബിസിനസുകാരും എല്ലാ പണക്കാരും.
പണം മാത്രമല്ലല്ലോ ജീവിത വിജയം. നിങ്ങളുടെ കണ്ണിനു മുന്നിൽ ഏതെല്ലാം മാനദണ്ഡങ്ങളിൽ എന്തെന്തെല്ലാം ജീവിത വിജയം കൈവരിച്ചവരുണ്ടോ അവരെല്ലാം ഒരിക്കൽ ഏതോ ചതിയുടെ, വഞ്ചനയുടെ, നന്ദികേടിന്റെ കൊടും ചുഴിയിൽ വീണു വീണ് കയ്യും കാലും കണ്ണും നഷ്പ്പെട്ടവരാണ്.
നാമത് അറിയുന്നില്ല, അവരത് വെളിപ്പെടുത്തുന്നതുവരെ! മിക്കവരുമത് പറയാറില്ല. അവർ അവരുടെ ജീവിതം തിരിച്ചു പിടിക്കുന്ന തിരക്കുകളിലാണവർ. ഓരോ ചതിയും പിറവികൊടുത്ത മുത്തുകൾ വാരിയെടുക്കുന്ന തിരക്കിലാണവർ. അവർ പോലുമറിയാതെ!

നിങ്ങളും ചതി കൊണ്ടു മുറിഞ്ഞവരാണോ? നിരാശരാവാതെ ഊർജ്ജസ്വലരാകൂ. നിങ്ങളുടെ അവസരം നിങ്ങളുടെ വരവു കാത്ത് എവിടെയോ വിരഹമനുഭവിച്ചു കൊണ്ടിരിക്കുകയാണ്.. ഇതു വെറുമൊരു ഫിലോസഫി പറച്ചിലല്ല. കണ്ണുകളും കാതുകളും തുറന്നു വെക്കൂ, ഇതു സത്യമെന്ന് ഉറപ്പായും ബോധ്യപ്പെടും..ഓരോ ചതിയും നമ്മുടെ മുന്നിൽ തുറന്നിടുന്നത് ഒരായിരം തിരിച്ചറിവുകളാണ്. തിരിച്ചറിവുകളാണ് മാറ്റങ്ങളുടെ മാതാവ്.അങ്ങനെ തിരിച്ചറിവുകൾ നേടിയവരുടെ ജീവിതകഥയുടെ പേരാണ് ഭൂമി.. അതു വെറുമൊരു ഗോളമല്ല..പറയാത്ത, അറിയപ്പെടാത്ത കോടാനുകോടി ചതികളിൽ നിന്നും പുതുജീവൻ കൊണ്ടവരുടെ, നിഷ്കളങ്ക മനസ്സുകളുടെ ഗർഭപാത്രമാണത്.

 

You May Also Like

കാറിൽ ചാരിയതിന് തൊഴിക്കുന്ന ഷിഹാദും ഷൂസിൽ ചവിട്ടിയതിന് തൊഴിക്കുന്ന വസീമും(തല്ലുമാല) തമ്മിൽ വലിയ വ്യത്യാസമില്ല

ആ ചവിട്ട് ശരിക്കും എന്തിൻ്റെ ലക്ഷണമാണ് എന്ന് ആലോചിക്കുകയായിരുന്നു. ഒരൊറ്റച്ച വിട്ടിന്…… എന്ന തുടക്കങ്ങളെ അനുസരിച്ചും…

‘സത്യത്തിന്റെ മുഖാമുഖം ആണ് ഡെന്നിസ് ജോസഫിന്റെ ‘ചരിത്രം എന്നിലൂടെ’, മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

മുരളി തുമ്മാരുകുടി സത്യത്തിന്റെ മുഖാമുഖം മുൻപ് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്, എന്നാലും ഒന്നുകൂടി പറയാൻ സന്തോഷമേ…

കൂടത്തായി ജോളി, അനുശാന്തി, കാരണവർ ഷെറിൻ തുടങ്ങി, ഭഗവത്-ലൈല-ഷാഫി വരെ ഉള്ളപ്പോൾ മലയാളസിനിമയ്ക്ക് രാജാക്കന്മാരുടെ കഥയെന്തിന് ?

Rijo George പൊന്നിയിൻ സെൽവൻ പോലുള്ള താല്പര്യമുണർത്തുന്ന “രാജ” സിനിമകൾ മലയാളത്തിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നുള്ള…

കൊറിയയിലെ അറുപത്തി ഒൻപത്

കൊറിയയിലെ അറുപത്തി ഒൻപത് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ…