പലരും ഇപ്പോൾ ഫേസ്ബുക്കിൽ കുത്ത് [.] ആവശ്യപ്പെട്ടുകൊണ്ട് പോസ്റ്റുകൾ ഇടുകയാണ്.
ഫാസിൽ ഷാജഹാൻ
ഒരു കുത്ത് ഇടാൻ എളുപ്പമായതിനാൽ വളരെ വേഗം ആ പോസ്റ്റിൽ വായനക്കാരിൽ നിന്നും ഉള്ള പ്രതികരണങ്ങൾ ഉണ്ടാകും. പ്രതികരണങ്ങളുടെ എണ്ണവും കൂടുതലായിരിക്കും. അത് നമ്മുടെ റീച്ചബിലിറ്റി വർദ്ധിപ്പിക്കും. റീച്ചബിലിറ്റി വർദ്ധിക്കുമ്പോൾ കൂടുതൽ ഫ്രണ്ട്സിന്റെ ന്യൂസ് ഫീഡിലേക്ക് ഫേസ്ബുക്ക് ആ സന്ദേശം എത്തിക്കും. എന്നാൽ ഇത് ഒരു സ്ഥിരം സംവിധാനമല്ല. ആ ഒരു പോസ്റ്റിനു ശേഷവും മറ്റുള്ള പോസ്റ്റുകൾക്ക് റീച്ച് ലഭിക്കണമെന്നില്ല.
കുത്ത് പോസ്റ്റുകൾ കൊണ്ട് ആകെയുള്ള ഒരു ഗുണം 5000 ത്തോളം വരുന്ന നമ്മുടെ ഫ്രണ്ട് ലിസ്റ്റിൽ, എത്രപേർ നിലവിൽ ലൈവ് ആയി നമ്മുടെ പോസ്റ്റുകൾ കാണുന്നുണ്ട് എന്ന് ഏകദേശം അറിയാൻ പറ്റും എന്നേയുള്ളൂ.ഏകദേശം അറിയാനേ സാധിക്കൂ. മാത്രവുമല്ല, കുത്ത് ആവശ്യപ്പെട്ടുകൊണ്ട് നിങ്ങൾ ഇടുന്ന ഒരു പോസ്റ്റ്, നിങ്ങളുടെ ഏറ്റവും നല്ല വായനക്കാരൻ ആ സമയത്ത് കണ്ടുകൊള്ളണം എന്നും ഇല്ല.
ഫേസ്ബുക്കിൽ റീച്ച് കൂടാനും കുറയാനും കാരണമാകുന്ന കുറേ ഘടകങ്ങൾ ഉണ്ട് . നിങ്ങൾ ഏതെങ്കിലും ഒരു യൂട്യൂബ് ലിങ്കോ ഫേസ്ബുക്കിന്റേതു തന്നെയായ ലിങ്കോ ഷെയർ ചെയ്തു നോക്കൂ, നിങ്ങളുടെ റീച്ചബിലിറ്റി കുത്തനെ ഇടിയും.
ഫേസ്ബുക്ക് “പ്രൊഫൈലിനാണ്” ഈ പ്രശ്നം ഉള്ളത്, എന്നാൽ ഫേസ്ബുക്ക് “പേജിന്” ഈ പ്രശ്നം ഇല്ല. ഫേസ്ബുക്ക് പേജിനെ പ്രമോട്ട് ചെയ്യാനായി ഫേസ്ബുക്ക് തന്നെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആണിവ.കോപ്പിറൈറ്റ് ഉള്ള ചിത്രങ്ങളോ വീഡിയോകളോ നിങ്ങൾ നിങ്ങളുടെ പ്രൊഫൈലിൽ ഷെയർ ചെയ്തു നോക്കൂ, നിങ്ങളുടെ ബിസിനസിനെ പ്രൊമോട്ട് ചെയ്യാനായുള്ള വാട്സ്ആപ്പ് നമ്പറുകളോ നിങ്ങളുടെകമ്പനി പേജിന്റെ പേരോ മെൻഷൻ ചെയ്യുകയോ ചെയ്തു നോക്കൂ, നിങ്ങളുടെ റീച്ചബിലിറ്റി കുത്തനെ ഇടിയും. വീണ്ടും പറയട്ടെ ഫേസ്ബുക്ക് പേജിന് ഇത് ബാധകമല്ല.
കുട്ടികളെ അടിക്കുന്ന വീഡിയോ, വായനക്കാരിൽ വർഗീയതയോ സംഘർഷമോ ഉണ്ടാക്കാവുന്ന തരത്തിലുള്ള എഴുത്തുകൾ, മറ്റുള്ളവരെ ഹറാസ് ചെയ്തുകൊണ്ടും അപമാനിച്ചു കൊണ്ടും ഉള്ള പോസ്റ്റുകൾ, മറ്റുള്ളവരാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന എഴുത്തുകൾ, ഇവയെല്ലാം ഒരാളുടെ റീച്ചബിലിറ്റി കുറയ്ക്കും. മൂന്ന് തരത്തിലാണ് ഫേസ്ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സിസ്റ്റം ഒരു പോസ്റ്റിന്റെ റീച്ചബിലിറ്റി തീരുമാനിക്കുന്നത്.
1-ഓർഗാനിക്ക് റീച്ച് :
ഒരു ഫേസ്ബുക്ക് “പ്രൊഫൈലിൽ” സാധാരണ നാം കണ്ടുവരുന്നത് ഓർഗാനിക് റീച്ചാണ്. നിങ്ങൾ ഇപ്പോൾ ഈ എഴുത്ത് വായിക്കുന്നത് എൻറെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ആണ്. ഇത് എൻറെ ഫേസ്ബുക്ക് പേജ് അല്ല.
ഓർഗാനിക് റീച് ഫേസ്ബുക്ക് സൗജന്യമായി നൽകുന്ന ഫെസിലിറ്റി ആണ് . നിങ്ങൾ ഒരു പോസ്റ്റ് ഇടുമ്പോൾ, അത് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ ന്യൂസ് ഫീൽഡിൽ താനേ പ്രത്യക്ഷപ്പെടുന്നു. ഇത് ചിലപ്പോൾ പ്രത്യക്ഷപ്പെടാതിരിക്കാം. ഇനി പ്രത്യക്ഷപ്പെട്ടാലും വളരെ കുറഞ്ഞ സമയം കൊണ്ട് മറ്റുള്ളവരുടെ ന്യൂസ് ഫീൽഡിൽ നിന്ന് അത് അപ്രത്യക്ഷമായെന്നും ഇരിക്കാം.
വളരെ ആക്ടീവായ ആളുകൾ നമ്മുടെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ, വളരെ ക്രിയേറ്റീവ് ആയി എഴുതുന്ന എഴുത്തുകാർ നമ്മുടെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ, ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനിൽ ഇരിക്കുന്ന സമയത്താണ് നാം നമ്മുടെ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നത് എങ്കിൽ, ഓർഗാനിക് റീച്ച് നമ്മെ നന്നായി സഹായിക്കും.
2- വൈറൽ റീച്ച്
നമ്മുടെ പോസ്റ്റുകളിൽ പോസ്റ്റ് എൻഗേജ്മെൻറ് (മുഴുവനായ വായന) നടക്കുന്നുണ്ടെങ്കിൽ, ധാരാളം ലൈക്കുകളും കമന്റുകളും ഷെയറുകളും ഒരു പോസ്റ്റിൽ വരുന്നുണ്ടെങ്കിൽ, മറ്റാരെങ്കിലും നമ്മുടെ പോസ്റ്റ് മറ്റൊരു വാളിൽ ടാഗ് ചെയ്യുന്നുണ്ടെങ്കിൽ, അപ്പോൾ ലഭിക്കുന്ന എക്സ്ട്രാ റീച്ച് ആണ് വൈറൽ റീച്ച്.
ഇത് ലഭിക്കാൻ വേണ്ടിയാണ്, ഇത് കണ്ടാൽ നിങ്ങൾ ചിരിച്ചു മരിക്കും, ഇത് കണ്ടാൽ നിങ്ങൾ ഞെട്ടിത്തരിക്കും, പോലെയുള്ള ആകർഷകമായ ക്യാപ്ഷനുകൾ ചിലർ ഉപയോഗിക്കുന്നത്. കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് അതിൻറെയൊക്കെ ലക്ഷ്യം. ഫേസ്ബുക്കിൽ വൈറൽ റീച്ചു കിട്ടാൻ സഹായിക്കുന്ന മറ്റു രണ്ടു ഘടകങ്ങളാണ് ഫോട്ടോയും വീഡിയോകളും.
മതം, രാഷ്ട്രീയം, സ്ത്രീ വിഷയങ്ങൾ, സിനിമ വിശേഷങ്ങൾ, ആത്മകഥാംശമുള്ള വിവരണങ്ങൾ (സ്വാനുഭവങ്ങൾ), സെലിബ്രിറ്റികളെ ആക്രമിച്ചു കൊണ്ടുള്ള, അവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെട്ടു കൊണ്ടുള്ള പോസ്റ്റുകൾ, ചിരി പൊട്ടാൻ ഇടയാകുന്ന എഴുത്തുകൾ പോലെയുള്ളവയും വൈറൽ റീച്ചിന് കാരണമാകും.
സ്ത്രീ, ഫേസ്ബുക്ക്, അവൾ, എന്തുകൊണ്ട്?, രാത്രിയിൽ, മരണപ്പെട്ടു, കൊല്ലപ്പെട്ടു, ഒളിച്ചോടി, തട്ടിക്കൊണ്ടു പോയി, ആക്രമിക്കപ്പെട്ടു, മഹാമാരി, റോഡ് അപകടം, പോലെയുള്ള വാക്കുകൾ കൊണ്ട് ആരംഭിക്കുന്നതോ അത്തരം കണ്ടൻറ് ഉൾക്കൊള്ളുന്നതോ ആയ പോസ്റ്റുകൾക്കും വൈറൽ റീച്ച് ലഭിക്കും.
ഇതൊരു വലിയ വിഷയമാണ്. വിശദമായി മറ്റൊരിക്കൽ എഴുതാം.
ഓരോ മലയാളികളുടെയും ചെവികളിലുണ്ട് ആ കോഴിക്കോടൻ ശൈലിയിലെ സംഭാഷണങ്ങൾ
3- പെയ്ഡ് റീച്ച്
ഈയൊരു സംവിധാനം മുമ്പ് ഫേസ്ബുക്ക് പേജിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇപ്പോൾ ഫേസ്ബുക്ക് പ്രൊഫൈലിലും പണം അടച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ പോസ്റ്റിന്റെ റീച്ച് വർദ്ധിപ്പിക്കാം.
എന്തായാലും കുത്ത് ഇടൽ ഒരിക്കലും ഒരു പെർമനന്റ് റീച്ചബിലിറ്റി ആർക്കും നൽകില്ല. ടെക്സ്റ്റുകൾ മാത്രം ഉൾക്കൊള്ളുന്ന, വളരെ ക്രിയേറ്റീവായി എഴുതുന്ന ആളുകൾക്ക്, റീച്ചബിലിറ്റി വർദ്ധിപ്പിക്കാനുള്ള ഏതാനും ടിപ്സുകൾ കൂടി പറഞ്ഞുകൊണ്ട് ഞാൻ ഈ എഴുത്ത് ഇവിടെ അവസാനിപ്പിക്കാം.
1- നിങ്ങളുടെ ടെക്സ്റ്റുകൾക്ക് അനുയോജ്യമായ ഫോട്ടോകൾ എഴുത്തിനോടൊപ്പം ചേർക്കുക.
2- വായനക്കാരിൽ ജിജ്ഞാസയും അറിവും ആനന്ദവും ഉണർത്തുന്ന കണ്ടൻറുകൾ നിങ്ങളുടെ എഴുത്തുകളിൽ ഉൾപ്പെടുത്തുക.
3- ചിലർക്ക് പാട്ടുകളാണ് ഇഷ്ടം, ചിലർക്ക് കഥകളാണ് ഇഷ്ടം, ചിലർക്ക് വായിക്കാനാണ് ഇഷ്ടം, ചിലർക്ക് കാണാനാണ് ഇഷ്ടം, ചിലർക്ക് കേൾക്കാനാണ് ഇഷ്ടം, ചിലർക്ക് പൊളിറ്റിക്സ് ആണ് ഇഷ്ടം, ചിലർ മത വിവാദങ്ങളിൽ താൽപര്യം കാണിക്കുന്നവരാണ്.
ഇത്തരക്കാരിൽ ആരാണ് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ വേണ്ടത് എന്ന ഒരു തീരുമാനം നിങ്ങൾക്ക് ഉണ്ടായിരിക്കണം. എന്നും കഥകൾ എഴുതുന്ന ഒരാളുടെ ഫ്രണ്ട് ലിസ്റ്റിൽ, രാഷ്ട്രീയം മാത്രം വായിക്കാൻ ഇഷ്ടപ്പെടുന്ന കുറേ ആളുകൾ ഉണ്ടായിട്ട് എന്താണ് കാര്യം? അതുകൊണ്ട് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റ് നിങ്ങൾക്ക് വേണ്ടി നിങ്ങൾ അറേഞ്ച് ചെയ്യണം.
4- ലിങ്കുകൾ, ഫോൺ നമ്പറുകൾ, സെയിൽസുമായി ബന്ധപ്പെട്ട പദങ്ങൾ, റിപ്പോർട്ട് ചെയ്യപ്പെടാൻ ഇടയാകുന്ന വിഷയങ്ങൾ എന്നിവ പോസ്റ്റുകളിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക.
5 – ലൈവ് ആയി നടക്കുന്ന വർത്തമാനകാല വിഷയങ്ങളെക്കുറിച്ച് എഴുതിയാലും റീച്ച് കൂടും. ഫേസ്ബുക്കിലെ കുത്തുകളെ കുറിച്ചുള്ള എന്റെ ഈ എഴുത്തും അതിൽ പെടുന്നു.
വളരെ സങ്കീർണമായ ആർട്ടിഫിഷ്യൽ ഇൻറലിജന്റ് സിസ്റ്റമാണ് അൽഗോരിതങ്ങൾ. അത് ഒരു വ്യക്തിയെ പഠിക്കുന്നത് ഒരു ദിവസം കൊണ്ടല്ല. നിരന്തരമായ പഠനങ്ങളിലൂടെ ഓരോ വ്യക്തിയുടെയും പൊതുസ്വഭാവത്തെ അത് കണ്ടെത്തുന്നു. ശേഷമാണ് അയാളുടെ റീച്ച് കുറയുന്നതും കൂടുന്നതും. അതിനെക്കുറിച്ച് വളരെ ചുരുങ്ങിയ കാര്യങ്ങൾ മാത്രമാണ് ഞാനിവിടെ പറഞ്ഞത് എന്നറിയാം. എങ്കിലും തൽക്കാലം ഈ എഴുത്ത് ഇവിടെ ചുരുക്കുന്നു.