സെല്ഫി മാനസിക രോഗമല്ല

0
279

Fasil Shajahan

സെല്ഫി മാനസിക രോഗമല്ല

നമ്മുടെ ഓരോരുത്തരുടെയും ഫോണില്‍ നമ്മുടെ എന്തുമാത്രം സ്വന്തം ഫോട്ടോ ഉണ്ടാകും? ചിലപ്പോള്‍ എണ്ണിയാല്‍ പോലും തീരാത്ത അത്ര കാണും. മില്ല്യണും ബില്ല്യണും അല്ല ട്രില്ല്യന്‍ കണക്കിനാണ് സെള്‍ഫി ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്യപ്പെടുന്നത് എന്ന് കണക്കുകള്‍ പറയുന്നു.1839 ല്‍ ആണ് ആദ്യ സെല്‍ഫി ഉണ്ടായതെന്ന് കരുതപ്പെടുന്നു. 2013ൽ ആ വർഷത്തെ വാക്കായി (Word of the year) തെരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണ്‌ സെൽഫി.

സെല്‍ഫി ഒരിക്കലും നമ്മുടെ യഥാര്‍ത്ഥ അവസ്ഥയെ സൂചിപ്പിക്കുന്നില്ല. മറിച്ചു, മറ്റുള്ളവര്‍ നമ്മെ എങ്ങിനെ നോക്കിക്കാണണം എന്നതു മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. സെല്‍ഫി കൂടുതല്‍ എടുക്കുന്നവര്‍ ഉടുപ്പിട്ടോ ഇടാതെയോ സ്വയം കണ്ണാടിയില്‍ കൂടുതല്‍ തവണ നോക്കുന്നവര്‍ ആയിരിക്കും. (ഇപ്പറഞ്ഞത്‌ എന്റെ കണ്ടുപിടുത്തം ആണ് 🙂 )

എന്തായാലും ശ്രദ്ധിക്കപ്പെടുക, അന്ഗീകരിക്കപ്പെടുക, അഭിനന്ദിക്കപ്പെടുക എന്നീ മൂന്നു ഉദ്ദേശങ്ങളാണ് സെല്ഫിയുടെ പിറകില്‍ ഉള്ള മനശ്ശാസ്ത്രം. പക്ഷേ ഈയൊരു മനശ്ശാസ്ത്രം സെല്‍ഫിയില്‍ മാത്രമല്ല, ജോലി സ്ഥലത്തും, നാട്ടിലും, വീട്ടിലും, കൂട്ടുകാരുടെ ഇടയിലും എല്ലാം നമ്മള്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ, ഇതൊരു മാനസിക രോഗമല്ല, ആരോഗ്യമുള്ള ഒരു മനസ്സിന്‍റെ പ്രത്യേകതയാണ്.

ഉദ്ധരിക്കാന്‍ ഒരുപാട് പഠനങ്ങള്‍ ഉണ്ട്. അതില്‍ കണ്ടെത്തിയ ഒരു കാര്യം നല്ല പെഴ്സണാലിറ്റി ഉള്ള 80% പേരും അവരുടെ തൊഴിലിടങ്ങളില്‍ നിന്നും രാജി വെക്കുന്നത് ആവശ്യത്തിനു ശ്രദ്ധിക്കപ്പെടുകയോ , അന്ഗീകരിക്കപ്പെടുകയോ , അഭിനന്ദിക്കപ്പെടുകയോ ചെയ്യപ്പെടാത്തതിനാല്‍ എന്നതാണ്.
അതുപോലെ കിട്ടിയ ആദ്യ ജോലിയില്‍ തുടരുന്ന 90% പേരും അവിടെ തുടരുന്നത് അവര്‍ക്കൊരു അംഗീകരിക്കാന്‍ മനസ്സുള്ള നല്ലൊരു മേലുദ്യോഗസ്ഥന്‍ ഉള്ളതു കൊണ്ടാണ്.

അഥവാ, ഈ മൂന്നു കാര്യങ്ങളും കിട്ടുന്നിടത്തെയ്ക്ക് മനുഷ്യ മനസ്സുകള്‍ പായും. അതിനര്‍ത്ഥം ഇപ്പോള്‍ കിട്ടുന്നില്ല എന്നല്ല. കൂടുതല്‍ കിട്ടുന്നിടത്തെയ്ക്ക് പായും എന്നതാണ്. ഈയൊരു വികാരം ഇല്ലാത്തവര്‍ക്ക് ആയിരിക്കാം മനസ്സിനു വല്ല കുഴപ്പവും ഉള്ളത്. അല്ലാതെ സെല്‍ഫി എന്നതൊരു മാനസിക രോഗമല്ല. ആത്മവിശ്വസക്കുറവിന്റെ പ്രതിഫലനവും അല്ല.

ഏറ്റവും കൂടുതല്‍ സെല്‍ഫി പ്രകടനങ്ങൾ പോസ്റ്റ്‌ ചെയ്യുകയും അന്ഗീകരിക്കപ്പെടാതെ പോവുകയും ചെയ്യുന്നത് വൈവാഹിക ജീവിതത്തില്‍ ആണ്. ദാമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങളുടെ മുഖ്യ കാരണം ശ്രദ്ധിക്കപ്പെടുക, അന്ഗീകരിക്കപ്പെടുക, അഭിനന്ദിക്കപ്പെടുക എന്നിവയുടെ അഭാവമാണ്.
പറഞ്ഞു വന്നത് സെല്‍ഫി എന്നത് മൊബൈല്‍ ക്യാമെറയില്‍ എടുത്തു എഫ്ബിയില്‍ അപ്‌ലോഡ്‌ ചെയ്യുന്ന ഒന്നല്ല, അതൊരു വലിയ മനുഷ്യ മാനസിക തലമാണ് എന്നാണു.

ഇങ്ങിനെയൊക്കെ ആണെങ്കിലും ഏതൊരു പുതിയ പ്രതിഭാസത്തിന്റെയും നെഗറ്റിവുകള്‍ തേടുകയും വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഒരു വൈകല്യമാണ്. എല്ലാം നമ്മള്‍ ആസ്വദിക്കും, പക്ഷെ ഒരുതരം കാപട്യത്തിന്റെ ഫിലോസഫി കൊണ്ട് ആയോരിഷ്ടത്തെ മറച്ചു പിടിക്കുകയും ചെയ്യും. ഇവിടെയും അങ്ങിനെ ഒരു കുറെ കാര്യങ്ങള്‍ കാണാം. സെല്‍ഫി ആത്മഹത്യയിലേയ്ക്ക് നയിക്കും, ആളുകളെ കാണിക്കാന്‍ അബദ്ധങ്ങള്‍ ചെയ്തു കൂട്ടും എന്നൊക്കെ. ഇതിനൊക്കെ തെളിവായി ഏതെങ്കിലും മാധ്യമം പുറത്തു വിട്ട ലിങ്കുകളും കൊടുക്കും.
ഇത്തരം വാര്‍ത്തകളോട് രതി ഉള്ള ഒരു സമൂഹം ഇവിടെയുള്ളത് കൊണ്ടും കൂടിയാണ് മാധ്യമങ്ങള്‍ എണ്ണിപ്പറഞ്ഞു കിട്ടുന്ന നെഗറ്റീവ് വാര്‍ത്തകള്‍ ബൂസ്റ്റ്‌ ചെയ്യുന്നതും.

ഒരു ഫോട്ടോ ഇട്ടാല്‍ ഒരായിരം പേര്‍ ലൈക്‌ അടിച്ചാലേ അത് പോസ്റ്റ്‌ ചെയ്യുന്ന ആള്‍ക്ക് സംതൃപ്തി കിട്ടൂ എന്നൊന്നും അര്‍ത്ഥമില്ല. അതൊരുപക്ഷേ പ്രിയപ്പെട്ട ഒരാള്‍ കണ്ടാലും അവര്‍ക്കു തൃപ്തിയാകും.
ഒരാളുടെ മുഖമാണ് മറ്റേതൊരു വ്യക്തിയും ആദ്യം ശ്രദ്ധിക്കുക എന്നതിനാല്‍ മറ്റു ചിത്രങ്ങളേക്കാള്‍ സെല്‍ഫികള്‍ കൂടുതല്‍ ലൈക്കും കമന്റും വാരിക്കൂട്ടാറുണ്ട്. സെല്‍ഫികളെ ഹിറ്റ്‌ ആക്കുന്നത് അതിന്റെ കൂടെയുള്ള ക്യാപ്ഷന്‍സും, തമാശ കലര്‍ത്തിയുള്ള പോസുകളും ആയിരിക്കും.
ഞാന്‍ എന്നെ സ്നേഹിക്കുന്നു..
എന്നതിന്റെ തെളിവുകളാണ്..”
“സെല്‍ഫികള്‍”

നല്ല മനസ്സുകളില്‍ മാത്രമേ പ്രണയവും തമാശയും ആഘോഷങ്ങളും സ്നേഹവും കനിവും കരുണയും ഉത്സാഹവും ഊര്‍ജ്ജവും കുടിയിരിക്കൂ. അങ്ങിനെയുള്ള, മസിലു പിടിക്കാത്ത, ജാഡകള്‍ ഇല്ലാത്ത, സാമൂഹിക ജീവിതത്തിന്റെ താളമാകാന്‍ ആഗ്രഹിക്കുന്ന എഫ്ബിയിലെ എല്ലാ സെല്ഫികള്‍ക്കും കമന്റു ബോക്സിലെയ്ക്ക് സ്വാഗതം…..

വാല്ക്കഷണം: സെൽഫി എന്നത് സ്വയം എടുക്കുന്ന ഫോട്ടോ ആവണമെന്ന് നിർബന്ധമില്ല. SELF നെ REPRESENT ചെയ്യുന്നത് എന്നാണു അതിനു അർഥം