നിങ്ങൾ നിങ്ങളോടു തന്നെ സംസാരിക്കാറുണ്ടോ ? നിങ്ങൾ നിങ്ങളെ കണ്ണാടിയിൽ ചുംബിക്കാറുണ്ടോ ?

83
Fasil Shajahan
സെൽഫ് ഹോൾഡിംഗ്!
സെൽഫ് ടോക്കിംഗ് !
സെൽഫ് ഹഗ്ഗിംഗ് !
സെൽഫ് കിസ്സിംഗ്!
ഒരിക്കല് ഒരു സ്ത്രീയുമായുള്ള ചാറ്റിനിടയിൽ അവർ പറഞ്ഞു, അവര്ക്കു രണ്ടു വാട്സപ് അക്കൌണ്ടുകള് ഉണ്ടെന്ന്.
അവര്ക്ക് അവരോടു തന്നെ മിണ്ടാന് വേണ്ടി ഉണ്ടാക്കിയതാണത്രേ അത്.
അവര് രണ്ടു പേരായി മാറി പരസ്പരം മിണ്ടുമത്രേ.. ചാറ്റ് ചെയ്യും…. പരാതി പറയും… സങ്കടങ്ങള് പറഞ്ഞു തീര്ക്കും. ചിലപ്പോള് അങ്ങോട്ടും ഇങ്ങോട്ടും ഓരോന്നു പറഞ്ഞു കരയും…. വല്ലപ്പോഴും വളരെ നന്നായി വഴക്കടിക്കും..
ആദ്യമായി ഇങ്ങിനെയൊന്നു കേട്ടപ്പോള് വിസ്മയം തോന്നിയിരുന്നു. പിന്നീട് അതിനോട് ഇഷ്ടവും തോന്നി.
കാരണം, പില്ക്കാലത്ത് സമാന സ്വഭാവമുള്ള ഒരുപാടു പേരെ ഇങ്ങിനെ അറിയാന് കഴിഞ്ഞു.
അവരിൽ ചിലര് “അവര്” പരസ്പരം സംസാരിക്കുന്ന വോയിസ് മെസേജുകള് എനിക്ക് അയച്ചു തന്നു.
തികച്ചും രണ്ടു പേരായി മാറുന്ന “ഒരാള്“! എല്ലാമെല്ലാമായ കൂട്ടുകാരെ പോലെ പരസ്പരം സംസാരിക്കുന്നവര്! പ്രണയിതാക്കള്! കുഞ്ഞു കുഞ്ഞു കാര്യങ്ങള്ക്കു കലഹിക്കുന്നവര്!
കൂടുതൽ കൂടുതൽ അറിഞ്ഞപ്പോൾ ഈയൊരു കലാപരിപാടിയോട് ഇഷ്ടം കൂടി വന്നു.
അതിനു കാരണവുമുണ്ട്. ഓരോ മനുഷ്യരും വിവിധങ്ങളായ രൂപത്തില് അനുഭവിക്കുന്ന മനോവികാരങ്ങളെ അതേപടി മറ്റൊരാൾക്കു പറഞ്ഞു കൊടുക്കാൻ, പകർന്നു പകരാൻ ആർക്കും കഴിയില്ല.
അതില് ദുഖമുണ്ടാവാം, സങ്കടമുണ്ടാവാം, സന്തോഷവും ആഹ്ലാദവും പ്രതിഷേധവും പ്രതിസന്ധിയുമുണ്ടാവാം.
ചുറ്റിലും കാണേണ്ടി വരുന്ന കലാപങ്ങൾ! സ്വന്തക്കാരുടെ തന്നെ കാപാലികതകൾ! പരിശ്രമങ്ങള്ക്കൊടുവില് വന്നു ചേരുന്ന വൻവിജയങ്ങൾ! അപ്രതീക്ഷിതമായ ചേർത്തു പിടിക്കലുകൾ!
വൈകാരികാനുഭൂതികളുടെ ഉച്ചസ്ഥായിയിൽ നമ്മെ ഒറ്റയ്ക്കു കൊണ്ടു നിറുത്തുന്ന ഇത്തരം നിരവധിയായ നിമിഷങ്ങൾ നിറഞ്ഞതാണ് ഓരോരുത്തരുടെയും ജീവിതം.
അതൊക്കെയും അതേ വൈകാരികതയിൽ, അതേ അനുഭൂതിയിൽ എങ്ങിനെയാണു മറ്റൊരാളെ അനുഭവിപ്പിക്കുക?
തൻ്റെ ആവനാഴിയിലെ വാക്കമ്പുകളത്രയും ഉപയോഗിച്ചാലും ഒരു കവിക്കു തന്റെ വിരഹ നോവിനെ അപരനു മുമ്പിൽ സമ്പൂർണ്ണമായി അവതരിപ്പിക്കാനാവില്ല.
എല്ലാമെല്ലാമായ അമ്മയുടെ വേർപാട്, അച്ഛനെന്ന വൻമരത്തണലിൻ്റെ വിയോഗം, ജീവസ്വപ്നമായിരുന്ന വീടിൻ്റെ പാലുകാച്ചൽ സമയത്തെ കോരിച്ചൊരിയുന്ന ആഹ്ലാദമഴ!
സന്തോഷമായാലും സങ്കടമായാലും ഇത്തരം അനുഭൂതികളെ ഒറ്റയ്ക്കു താങ്ങുവാൻ അസാധാരണ മനുഷ്യർക്കു മാത്രമേ കഴിയൂ. അല്ലാത്തവരെന്താണു ചെയ്യുക?
അവർ ഏറ്റവും അടുത്ത ഹൃദയമിത്രങ്ങളെ തേടി അവരോട് അതത്രയും ഷെയർ ചെയ്യും. അതുമല്ലെങ്കിൽ ചെന്നു പറയാനൊരിടം മനപ്പൂർവ്വമായെങ്കിലും കണ്ടെത്തി അതൊക്കെയും പറഞ്ഞു സായൂജ്യമടയും.
ചിലർ പാർട്ടികൾ നടത്തും. അൽപം കാൽപനികത കയ്യിലുള്ളവരാണെങ്കിൽ അവരുടെ പ്ലസും മൈനസുമായ വൈകാരിക നിംന്നോന്നതികൾ കടലിനോടോ കാറ്റിനോടോ പോയിപ്പറയും. ചിലരതു കവിതയാക്കും.
എല്ലാം ഒരേ ഉദ്ദേശത്തിൽ തന്നെ. തൻ്റെയുള്ളിലെ കടലലകളെ പങ്കു വെക്കുക. തിരയിളക്കങ്ങളെ ഏതെങ്കിലും കരയ്ക്കടുപ്പിക്കുക!
കാരണം ഭൂമിയില് ഏറ്റവും ഭാരമുള്ളത്‌ ഓസ്നിയം മെറ്റലിനല്ല, മറിച്ചു നമ്മുടെ ചിന്തകള്ക്കാണ്.
എവിടെയെങ്കിലും കൊണ്ടു പോയി അതിനെ പങ്കുവെക്കുക എന്നത് മനുഷ്യജന്യമായ പ്രകൃതിയാണ്.
പക്ഷേ പ്രശ്നം അതല്ല, ഇതൊക്കെയും ആരോടു പങ്കു വെക്കാനാവും എന്നതാണ്. എത്രകണ്ടു പങ്കു വെക്കാനാകും എന്നതാണ്.
അവിടെയാണ് സെൽഫ് ഹോൾഡിംഗ്, സെൽഫ് ടോക്കിംഗ് , സെൽഫ് ഹഗ്ഗിംഗ് പോലെയുള്ളവ പരിഹാരമാകുന്നത്.
നാം തന്നെ നമ്മുടെ സുഹൃത്താവുന്ന, നമ്മുടെ മാനസ പ്രണയി ആവുന്ന, ജ്യേഷ്ടത്തിയും അനുജത്തിയും കുഞ്ഞനുജനും ഒക്കെയായി മാറുന്ന അവസ്ഥ. നമ്മുടെ ഏറ്റവും വലിയ കൂട്ട് നാം തന്നെയാകുന്ന വൈകാരിക തലം.
കേള്ക്കുമ്പോള് ഇതൊരു വട്ടു കേസാണെന്നു തോന്നുന്നുണ്ടോ?
എങ്കിലൊന്നു പറയട്ടെ, നാം എല്ലാവരും ഓരോ നിമിഷവും ഇതുതന്നെ ചെയ്തു കൊണ്ടിരിക്കുന്നവരാണ്.
നമ്മുടെ ചിന്തകളില് കലാപം നടക്കുന്ന സമയത്ത് നാമറിയാതെ നമ്മോടു തന്നെ നിരവധി ചോദ്യങ്ങള് ചോദിക്കുന്നുണ്ട്.
അങ്ങിനെ ചെയ്‌താല് എന്തായിരിക്കും , ഇങ്ങിനെ ചെയ്‌താല് എന്തു സംഭവിക്കും, എങ്ങിനെ ഇക്കാര്യം അവതരിപ്പിക്കും, അതോ ഇനി പറയാതിരിക്കണമോ, പറഞ്ഞിട്ടു കാര്യമുണ്ടോ എന്നിങ്ങനെയുള്ള കോടാനു കോടി ചിന്തകള്ക്കൊടുവിലാണ് നാം ഒരോ തീരുമാനവും നടപ്പിലാക്കുന്നത്.
വളരെ യാന്ത്രികമായി ഓരോ നിമിഷവും എല്ലാവരിലും സംഭവിക്കുന്ന ഇതേ കാര്യത്തെ മനപ്പൂര്വ്വമായ ഒരു തലത്തിലേയ്ക്ക് കൊണ്ടു വരികയാണ് സെൽഫ് ടോക്കിംഗ് പോലെയുള്ളവയിലൂടെ ചെയ്യുന്നത്..
ഇതിന്റെയെല്ലാം അടിസ്ഥാനം ”നമ്മെ ഈ ലോകത്ത് ഏറ്റവും നന്നായി അറിയുന്നത് നമ്മളാണ്” എന്ന യുക്തി തന്നെ.
ഇമോഷനുകള് കുത്തി നിറച്ചുണ്ടാക്കിയ നാമെന്ന മാംസ പിണ്ഡത്തിന്റെ നോവും നനവും കിനാവും കനവും മറ്റാര്ക്കാണ് ഈ ലോകത്തു നമ്മെക്കാള് നന്നായി മനസ്സിലാവുക!
നാമൊരിക്കലും നമ്മെ അവിശ്വസിക്കുന്നില്ല. നമ്മെ ചതിക്കുന്നില്ല. നമുക്ക് നല്ലതു വരണമെന്നല്ലാതെ നാം ആഗ്രഹിക്കുന്നില്ല.
ഈയൊരു തലത്തില് വെച്ചു നമുക്കു നമ്മോടു തന്നെ ഇഷ്ടം തോന്നിത്തുടങ്ങുന്നു.
കണ്ണാടിയില് നോക്കി നമുക്ക് നമ്മെ തന്നെ ചുംബിക്കാന് സാധിക്കുന്നു.
കഥകള് കെട്ടും കാഥികരായും എത്ര നേരം വേണമെങ്കിലും കണ്ണോടു കണ്ണ് കാതോടു കാതോരം നോക്കിയിരിക്കാൻ തോന്നുന്നു…
ഇതിനെയൊക്കെ കുറിക്കുന്ന പദമാണ് സെൽഫ് ഹോൾഡിംഗ്, സെൽഫ് ടോക്കിംഗ് , സെൽഫ് ഹഗ്ഗിംഗ് മുതലായവ…
The way of loving yourself…
and the best way feel ourself…