കുറവുകളുണ്ടെങ്കിലും ബിജെപി ഭരണമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന ആ ഭാരതത്തെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നേ ഇപ്പോള്‍ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുള്ളൂ

133

ഫാസിൽ ഷാജഹാൻ എഴുതുന്നു

അല്ലറ ചില്ലറ കുഴപ്പങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും കൂടി മെച്ചപ്പെട്ടാൽ ഇന്ത്യയെ പിടിച്ചാൽ കിട്ടില്ല എന്ന ആഗ്രഹത്തിലാണ് ഓരോ ഭാരതീയനും ഭരണം ബി ജെ പി യെ ഏൽപിച്ചത്.
ഇപ്പോൾ ഇതാ ഏഷ്യാനെറ്റും മീഡിയവണ്ണും പോലെയുള്ള മാധ്യമ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ നിർത്തിവെക്കാൻ ഉത്തരവ് ഇറക്കുന്നതിലേയ്ക്കു വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. 2016ൽ എൻഡിടിവിയ്ക്കും സമാന നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Image result for asianet news media oneനോട്ടു നിരോധനവും ബീഫ് നിരോധനവും ജി എസ് ടിയും സര്‍ജിക്കല്‍ സ്ട്രൈക്കും ഇൻ്റർനെറ്റ് ബ്ലോക്കും ചാനൽ സംപ്രേഷണ നിരോധനവും ഒക്കെയായി നേരമിരുട്ടി വെളുക്കുന്ന ഭാരത സുപ്രഭാതം അടുത്ത ഞെട്ടിക്കൽ ബാത്ത് എന്തായിരിക്കുമെന്ന മനസികാവസ്ഥയിലായിരിക്കുന്നു.
ഇതൊന്നും താങ്ങാൻ ശേഷിയില്ലാത്ത, നാനാജാതി മനുഷ്യരും മനസ്സും ഉള്ള ഒരു ജനാധിപത്യ രാജ്യത്ത്, വികസിക രാജ്യങ്ങളെ പോലും തോൽപിക്കുന്ന വേഗതയിൽ രാഷ്ട്രീയ ഭരണ തീരുമാനങ്ങൾ എടുക്കുന്നത് ഏതു മാനദണ്ഡം അനുസരിച്ചാണ് എന്നാർക്കും തിരിച്ചറിയാനാവാത്ത അവസ്ഥ.
രണ്ടു ദിനോസറുകള്‍ മാത്രമുള്ള ജുറാസിക്ക് റിപ്പബ്ലിക്കായി ഇന്ത്യയെ മാറ്റരുത് എന്ന കപില്‍ സിബലിന്റെ ആക്ഷേപ ഹാസ്യത്തിന് ഇത്രയധികം പോപ്പുലാരിറ്റി കിട്ടിയത് ഇന്ത്യയില്‍ ഇപ്പോൾ ഇങ്ങിനെയൊരു അവസ്ഥ നിലനില്‍ക്കുന്നു എന്നതു കൊണ്ടു തന്നെയായിരുന്നു.

Image result for modi ministryഅതുകൊണ്ടാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലോകത്തേറ്റവും കൂടുതല്‍ രാജ്യങ്ങൾ സന്ദർശിച്ച നമ്മുടെ പ്രധാനമന്ത്രിയോട് എന്തിനായിരുന്നു ഈ ഊരു ചുറ്റൽ എന്നു ചോദിക്കാന്‍ പറ്റാത്ത വിധം ഒരു രാജ്യം മുഴുക്കെയും മൗനത്തില്‍ അമര്‍ന്നു പോയതും. 2022 കോടി രൂപ ചെലവഴിച്ച് നാലര വര്‍ഷം കൊണ്ട് 84 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. നേപ്പാളിലും ഫ്രാൻസിലും റഷ്യയിലുമൊക്കെ പോയത് രണ്ടുതവണയാണ്. വിമാനത്തിന്‍റെ പരിപാലത്തിന് ചെലവ് 220.38 കോടി രൂപ. 93,76,83,465 രൂപയാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തിന്‍റെ ചെലവ്. ഹോട്ട് ലൈനിന് 3,05,09,176 രൂപ.
എന്തിനാണ് ഇതെന്നോ ആരാണ് ഇതൊക്കെയും തീരുമാനിക്കുന്നതെന്നോ അറിയാത്ത രഹസ്യമായി ഇതിപ്പോഴും തുടരുകയാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിവിധ കക്ഷികൾ തുടർന്ന ഒരു ഭരണശൈലിയായിരുന്നില്ല ബി ജെ പി അധികാരത്തിൽ വന്നശേഷം രാജ്യം കണ്ടത്. അർജ്ജുനന്റെ അമ്പിന് മുകളിൽ അണുവായുധമുണ്ടായിരുന്നെന്ന ബംഗാൾ ഗവർണ്ണർ ജഗ്ദീപ് ധൻകർ പ്രസംഗിച്ചത് ശാസ്ത്രജ്ഞരോടാണ് എന്നു കൂടി നാമോർക്കണം. ലക്ഷ്മീദേവിയുടെ ചിത്രം അച്ചടിച്ചാൽ രൂപയുടെ മൂല്യശോഷണം തടയാനാകുമെന്നായിരുന്നു ബിജെപി എംപി സുബ്രഹ്മണ്യ സ്വാമിയുടെ പ്രസ്താവന.
പശുവിന്റെ അടുത്തിരുന്നാൽ ജലദോഷം മാറുമെന്ന് പറഞ്ഞത് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനിയാണ്. ഇവ ചില ഉദാഹരണങ്ങള് മാത്രം.‍

കോര്‍പറേറ്റ് വല്‍ക്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയും തുടങ്ങി വെച്ചത് കോൺഗ്രസ്സാണെങ്കിലും, ഏറ്റവും വേഗതയിൽ അതെങ്ങനെ ചെയ്യാമെന്നു രാജ്യമിപ്പോൾ ബി ജെ പി ഭരണത്തിലൂടെ സാക്ഷ്യം വഹിക്കുകയാണ്. സ്വകാര്യവൽക്കരണം എന്ന വാക്കിൻ്റെ കനം മലയാളികൾക്കു വലുതായി മനസ്സിലാവില്ല. പക്ഷേ കറണ്ടും വെള്ളവും പൊതു ഗതാഗതവും തുടങ്ങി സർവ്വതും സ്വകാര്യവൽക്കരിക്കപ്പെട്ടു കിടക്കുന്ന ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ സ്വകാര്യവൽക്കരണം കൊണ്ട് ഒരു വസന്തവും വിരിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെ‍ സ്ഥാനത്തിനു നിരക്കാത്ത വിഷം വമിക്കുന്ന പ്രസ്താവനകളുടെ ‍ സ്വാഭാവിക പരിണിതിയെന്നോണം ശക്തിയാർജ്ജിച്ച ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് ഒരു ഹീറോയിസത്തിൻ്റെ പരിവേഷം ലഭിക്കുന്നതും ഈ ഭരണകാലത്താണ്. ‍ഭരണത്തണലില്‍ പശുവും പട്ടിയും ആദരിക്കപ്പെട്ടപ്പോൾ ഈ നാൽക്കാലികളുടെ എണ്ണത്തേക്കാൾ നാലിരട്ടി പൗരൻമാർ നോട്ടു നിരോധനം മുതലിങ്ങോട്ടു പൗരത്വ ബില്ലു വരെ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതിനെല്ലാം ബി ജെ പിക്കും സംഘപരിവാര ഹിന്ദുത്വക്കും തണലായിരുന്നത് ഈ രാജ്യത്ത് അവർ സൃഷ്ടിച്ചു വെച്ചിരുന്നു “ഭയത്തിൻ്റെ ” മേൽക്കൂരയായിരുന്നു.
കാശ്മീര്‍ വിഷയംവരെയും ഇങ്ങിനെയൊരു ഭയം കൃത്യമായി രാജ്യത്തു നിലനിറുത്തുവാന്‍ സംഘപരിവാരങ്ങള്‍ക്കു കഴിഞ്ഞു.

എന്നാൽ ഇപ്പോള്‍ അതല്ല സ്ഥിതി. “ഭയത്തെ” മറികടന്ന ഒരു ജനതയെയാണ് രാജ്യത്ത് നമുക്ക് കാണാനാവുന്നത്. ഇതു പരസ്യമായി പ്രകടമാകുന്നത് പൗരത്വ ബില്‍ അവതരിപ്പിക്കപ്പെട്ട ശേഷമാണ്.
പെണ്‍കുട്ടികള്‍ക്ക് ടെറസ്സിലിരുന്നു ഭരണകൂടത്തെ കൂക്കി വിളിക്കാന്‍ പാകത്തില്‍ ആ നിര്‍ഭയത്വം വളര്‍ന്നു എന്നു പറയുമ്പോള്‍, കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും അഖ്ലാഖും ഒക്കെ കൊല്ലപ്പെട്ട ഭീതിയുടെ നാളുകള്‍ നാമോര്‍ക്കണം. മുസ്ലിംകള്‍ക്കു നേരെ മുനവെച്ചു എയ്ത അമ്പായിരുന്നു പൗരത്വ ബില്ലെങ്കിലും ഒരു രാജ്യം മുഴുക്കെയും അതിനെതിരെ രംഗത്തു വന്നു. അതു തികച്ചും അപ്രതീക്ഷിതവുമായിരുന്നു. മുസ്ലിംകള്‍ പോലും അങ്ങിനെയൊരു ജനാധിപത്യ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നില്ല. നേതൃനിരയിലെ പേരുകളില്‍ പോലും കണ്ണന്‍ ഗോപിനാഥനെയും ചന്ദ്രശേഖറിനെ പോലുള്ള ഇതരമത-മതരഹിത നാമങ്ങളാണ് താരങ്ങളായത്. കേരളത്തിലെ പ്രതിഷേധകരായ എഴുത്തുകാരിൽ 26ൽ 24 ഉം മുസ്ലിംകളല്ല.

ഇന്ത്യയിലെ എഴുത്തുകാര്‍ അവരുടെ അവാര്‍ഡുകള്‍ തിരിച്ചു കൊടുത്തപ്പോള്‍ പരിഹാസ്യരായിരുന്ന നാളുകള്‍ ഇന്നാട്ടിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഈയൊരു നിര്‍ഭയത്വത്തിൻ്റെ ഊക്കാണ് ഡല്‍ഹി തെരഞ്ഞെടുപ്പു പരാജയത്തെ അത്രമേല്‍ പ്രാധാന്യപ്പെടുത്തിയതും. ജാര്‍ഖണ്ടും ഡല്‍ഹിയും പോലെയുള്ള രാഷ്ട്രീയ പരാജയങ്ങള്‍ വോട്ടു വിഹിതത്തിലും കൃത്യമായ ബിജെപി ഭരണ വിരോധമാണ് പ്രകടിപ്പിക്കുന്നത്. എണ്‍പത്തി ഒന്ന് ശതമാനം ഹിന്ദുക്കളുണ്ടായിരുന്നിട്ടും ഡല്‍ഹിയില്‍ ഇങ്ങിനെ തോറ്റ് അമ്പിപ്പോയതു ഇതൊക്കെക്കൊണ്ടു തന്നെയാണ്. യാദവ പാർട്ടികൾ ഒന്നുപോലും ബിജെപിയോട് ഒപ്പത്തിനൊപ്പമില്ല.

2018 ല്‍ ഇന്ത്യന്‍ ഭൂവിസ്തൃതിയുടെ 70% കയ്യടക്കിയിരുന്ന ബിജെപി 2020 ആയപ്പോഴേയ്ക്കും 34%മായി ചുരുങ്ങിയത് ഇവിടെ കൊടുത്ത ചിത്രം നോക്കിയാല് അതു‍ മനസ്സിലാവും. നിലവില്‍ സര്‍വ്വ മതവിഭാഗങ്ങളും ആസാമിലെ ഹിന്ദുക്കള്‍ തന്നെയും വളരെ പരസ്യമായി പ്രതിഷേധ രംഗത്ത് തുടരുകയാണ്. കേരളവും ബംഗാളും തമിഴ്നാടും ആന്ധ്രയും കൃത്യമായ നിലപാടുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയ നിരയുടെ അനൈക്യം ഒന്നു കൊണ്ടു ‍ മാത്രമാണ് ബിജെപിക്ക് ഇവിടെ ഭരണം നിലനിറുത്താന്‍ സാധിക്കുന്നത്. 95% ഇൻൻ്റർനെറ്റ് സാക്ഷരതയുള്ള വികസിത രാജ്യങ്ങൾ പോലും നടപ്പിലാക്കാത്ത ഡിജിറ്റൽ മണി കിനാവുകൾ വിശ്വസിച്ച് വിശന്നു വലഞ്ഞു നിൽക്കുന്ന ജനതയ്ക്ക് ഇനിയും ഒരടി മുന്നോട്ടു നടക്കാനാവില്ല. അവർ തളർന്നിരിക്കുന്നു.

വിലക്കയറ്റം ജനങ്ങൾക്കു താങ്ങാന്‍ കഴിയുന്നതിനുമപ്പുറമായിരിക്കുന്നു. തുടർച്ചയായ ആറാം വില വർദ്ധനവാണ് പാചകവാതകത്തിനു മേൽ കഴിഞ്ഞ മാസം വന്നു വീണത്. ഇതെല്ലാം ആഗോള പ്രശ്നമെന്നു സദാവിലപിക്കുന്ന നേതൃത്വത്തമല്ല ജനങ്ങൾക്കു വേണ്ടത്. എനിക്ക് അമ്പതു ദിവസം തരൂ, എന്നെ വെറുത്തു കൊള്ളൂ പോലെയുള്ള വൈകാരിക പ്രകടനങ്ങളല്ല ഇനി രാജ്യത്തിനു വേണ്ടത്.
ബാങ്കുകള്‍ക്കും ജിഡിപിക്കും മോട്ടോർ വാഹനമടക്കമുള്ള വ്യവസായ മേഖലകൾക്കും എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് കൊച്ചു കുട്ടികള്‍ക്കു പോലും ഇന്നറിയാം.

പാക്കിസ്ഥാന്‍, രാജ്യസ്നേഹം, ഭീകരവാദികള്‍, അതിര്‍ത്തി, പോലെയുള്ള കൃത്രിമ നിർമ്മിത നിരന്തര സംഘപരിവാര അതി വൈകാരികതകളിൽ ഒരു നാട് തളക്കപ്പെടുമ്പോൾ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് രാജ്യസ്നേഹികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾ അവര്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്നതൊന്നുമല്ല. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ ക്ഷാമകാലമാണിത്. 80% കൃഷിക്കാരുള്ള ഈ രാജ്യത്ത് ഇക്കഴിഞ്ഞ കാലത്താണ് ‍ ഏറ്റവും വലിയ പ്രതിഷേധ കർഷക റാലി നാം കണ്ടത്. ഓരോ വര്‍ഷവും ശിശു മരണ നിരക്കില്‍ കുറവു കാണിച്ചു കൊണ്ടിരുന്ന ഒരു രാജ്യം ഇപ്പോള്‍ ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങളെപ്പോലും പിന്നിലാക്കി.

ഇന്ത്യ ഇക്കുറി 102ആം സ്ഥാനത്തേയ്ക്കു പോയി. പാകിസ്ഥാന്‍ നില മെച്ചപ്പെടുത്തി 94ാം സ്ഥാനത്തായി. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും. ജനസംസംഖ്യാ പെരുപ്പമെന്നു പറഞ്ഞു മൂടിയിട്ടാൽ മറഞ്ഞു
പോകുന്നതല്ല ഈ കണക്ക്. കുറ്റങ്ങളും കുറവുകളുമേറെയുണ്ടായിരുന്നെങ്കിലും ബിജെപി ഭരണമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന ആ ഭാരതത്തെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നേ ഇപ്പോള്‍ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുള്ളൂ.