സാധാരണ കേരളീയ മനസുകൾ മതേതരമാണ്, അതിൽ വിഷം കലക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കുക

171

Fasil Shajahan എഴുതുന്നു

 

പൗരത്വ ബില്ലിന്‍റെ ബഹളങ്ങള്‍ക്കിടയില്‍ Sandeep Govind അപ്‌ലോഡ്‌ ചെയ്ത ഈ ചിത്രമാണ് നമ്മുടെ നാടിന്‍റെ ശരിയായ രൂപം.

ശബരിമല യാത്രക്കിടെ പരശുറാം എക്സ്പ്രസിൽ ഉറങ്ങുന്ന സന്ദീപിന്‍റെ വേദ മോളും അവളെ ചേർത്തു പിടിച്ചുറങ്ങുന്ന പേരറിയാത്ത ഒരുമ്മയും (അതു പിന്നീട് Khaleelulla Chemnad MohammadHasanlന്റെ പെങ്ങള്‍ തബ്‌ശീറിന്റെ ചിത്രമാണെന്നു മനസ്സിലായി. )

Fasil Shajahan
Fasil Shajahan

”ജാതിയും മതവും കലരാത്ത മാതൃസ്നേഹവും സഹോദര്യവും സൗഹൃദവുമാണ് നാം ശീലിച്ചത്, ഇവർ രണ്ടുപേരുമണിഞ്ഞ കറുപ്പിന് പോലും ഈ നാടിന്റെ കഥ പറയാനുണ്ട്” എന്നും പറഞ്ഞാണ് സന്ദീപ്‌ തന്‍റെ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.

പേരു നോക്കി വെറുക്കാന്‍ ആരൊക്കെയോ നമ്മെ പഠിപ്പിക്കുന്നു. സംഘപരിവാര ആഭിമുഖ്യമുള്ള ചിലര്‍ പേര് മുസ്ലിമാണ് എന്നു കണ്ടു എനിക്കു മെസേജുകള്‍ അയച്ചു പ്രകോപിക്കുന്നു. അതുകൊണ്ടു തന്നെയാണ് മിണ്ടാതിരിക്കുന്നതും. മതം നോക്കി പ്രതികരിക്കാൻ ഞാൻ ശീലിച്ചിട്ടില്ല.

എന്തായാലും സംഘപരിവാരങ്ങള്‍ “മുസ്ലിംകള്‍” എന്ന വെറുപ്പിന്‍റെ ഒരു അന്യതാബോധം രാജ്യമാകെ ഉണ്ടാക്കിയെടുക്കുമ്പോള്‍ മുസ്ലിം എന്ന പദവും നിർവചിക്കപ്പെടേണ്ടതുണ്ട്. കൂട്ടത്തില്‍ ആരാണ് ഹിന്ദു
എന്നതും നിര്‍വചിക്കപ്പെടെണ്ടാതുണ്ട്.

Image may contain: 1 person, sittingഅൽപ വസ്ത്ര ധാരിണിയായ കരീനാ കപൂറിന്റെ പൊക്കിളിൽ ചുംബിക്കുന്ന ഷാറൂഹ് ഖാനും പാതിമെയ്യാല്‍ നവയൌവ്വന പ്രൌഡിയില്‍ കുഴഞ്ഞാടുന്ന സിൽക് സ്മിതയുടെ കൂടെ ഹറാമായ കള്ളും കുടിച്ച് വെള്ളിത്തിരയിലഭിനയിക്കുന്ന മമ്മൂട്ടിയും ഒരിക്കലും മുസ്ലിം മത ചിഹ്നങ്ങൾ പേറാതെ മരിച്ചു പോയ എ പി ജെ അബ്ദുൽ കലാമും മുസ്ലിം മത മൗലിക വാദികളാല്‍ തന്നെ വേട്ടയാടപ്പെട്ട എ ആര്‍ റഹ്മാനും സാനിയ മിര്‍സയും താഴത്തങ്ങാടിയിൽ കഞ്ചാവു വിൽക്കുന്ന നാസറും താടി വെച്ചവരും താടിവെക്കാത്തവരും തട്ടമിടാത്തവരും എല്ലാം ഹിന്ദുത്വയുടെ പട്ടികയിലെ മുസ്ലിംകളാണ്.

എന്നു വെച്ചാല്‍ ഒരുമ്മയുടെയും ഒരു ഉപ്പയുടെയും ബീജങ്ങളാല്‍ ജന്മം കൊണ്ടവര്‍. അതൊരു തെറ്റല്ല. ഏതു മണ്ണിൽ, ഏതു മാതൃഭാഷയിൽ, ഏത് അഛനിൽ, എങ്ങിനെയുള്ള അമ്മയിൽ, ഏത് നിറത്തിൽ, ഏത് മതത്തിൽ, ഏതു മതമില്ലായ്മയിൽ ജനിക്കണം എന്നത് നമ്മുടെ തീരുമാനത്തിൽ പെട്ട കാര്യമേയല്ല.

അതിന്‍റെ പേരില്‍ ഒരു സമുദായം നിരന്തരം അരക്ഷിതത്വ ബോധം പേറണം എന്നത് സംഘപരിവാരങ്ങളുടെ ആഗ്രഹമായിരിക്കാം. പക്ഷേ നമ്മുടെ നാട്ടില്‍ അതു നടക്കില്ല. ഫേസ്ബുക്ക് ഓരിയിടലുകളും ദൈനം ദിന ജീവിത ഇടപെടലുകളും തമ്മിൽ പുലബന്ധം പോലുമില്ല എന്നതിന് ഒരു ഉദാഹരണമായിട്ടാണ് ഈ ചിത്രം ഇവിടെ ഇട്ടത്.

വിശ്വാസവും ദൈവ സങ്കൽപ്പങ്ങളും എന്തിനേറെ എടുത്തണിയുന്ന ഉടുതുണിയമടക്കം “നമ്മളെങ്ങിനെയോ ഇങ്ങിനെയായി” എന്നതിൽ പരം അതിനൊരു ഉത്തരമില്ല. അതിന്റെ പേരിൽ ആർക്കും ആരെയും അസ്പൃഷ്യരായി കാണാൻ അനുവദിക്കുന്നില്ല എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ഔന്നത്യവും. അതിന്റെ പേരിൽ ഒരു ജനത പരസ്പരം ഒരു ശതമാനം പോലും ഭിന്നിച്ചു പോകരുത് എന്ന ആഗ്രഹത്താലാണ് ഇതെഴുതുന്നതും.

മുസ്ലിമെന്ന പദമോ ഹിന്ദുവെന്ന പദമോ ക്രിസ്ത്യനോ ഒന്നും അകലെ എവിടെയോ ഉള്ള ഒരു വസ്തുവല്ല. ചുറ്റിലും സദാ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ്.

നമ്മുടെ തന്നെ സൗഹൃദ ലിസ്റ്റിലൂടെ കണ്ണോടിച്ചാൽ
ഫാസിൽ , സലിം, സുബേർ, അലി എന്നിങ്ങനെ നൂറു കണക്കിനു പേരുകൾ കാണാം. പല തരത്തിലുള്ളവർ, പല പാർട്ടിക്കാർ, മത ചിഹ്നനങ്ങളും അനുഷ്ഠാനങ്ങളും ഫോളോ ചെയ്യുന്നവരും അല്ലാത്തവരുമായ ആളുകൾ.

ഇവരെല്ലാവരെയുമാണ് “മുസ്ലിം” എന്ന വാക്ക് പ്രതിനിധീകരിക്കുന്നത്. അതൊരു വർഗ്ഗീയ കൂട്ടമോ രാജ്യസ്നേഹം ഇല്ലാത്തവരോ ഒന്നുമല്ല. സഹോദരങ്ങളും സുഹൃത്തുക്കളും തന്നെയാണ്.

ഹിന്ദു സംരക്ഷണം എന്ന ലേബലില്‍ സംഘപരിവാരങ്ങള്‍ മനുഷ്യ മനസ്സുകളില്‍ അസ്പൃശ്യരാക്കുന്നത് ഒരേ ബെഞ്ചിലിരുന്ന സഹപാഠികളെ തന്നെയാണ്.

നിങ്ങളുടെ കടകളിൽ വന്നു സാധനം വാങ്ങുന്നവരെ, കൊടുക്കുന്നവരെ, നിങ്ങളുടെ മക്കളുടെ പ്രിയ സുഹൃത്തുക്കളെ, കൂടെ പഠിക്കുന്നവരെ,അയൽവാസികളെ, നിങ്ങളുടെ ചാറ്റ്, ഫോൺ ബന്ധങ്ങളെ ഒക്കെയാണ്.

ഹിന്ദു വേറെയാണ്, ഹിന്ദുത്വ വേറെയാണ്. ആ ഹൈന്ദവതയുടെ തണലില്‍ തന്നെയാണ് മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ലോകത്തെവിടെയും ഇല്ലാത്ത സ്വാതന്ത്ര്യവും നാനാത്വത്വവും ഇന്ത്യയില്‍ അനുഭവിച്ചു പോരുന്നതും.

അതുകൊണ്ടു തന്നെയാണ് പൗരത്വബിൽ വിവാദം ഒരു മുസ്ലിം പ്രശ്നമായി ഒതുങ്ങിപ്പോകാതെ ഒരു ബഹുസ്വര ശബ്ദമായി ഉയര്‍ന്നു വന്നതും. ഒരു രാജ്യം മതത്തിന്റെ പേരിൽ കൂപ്പു കുത്താൻ തുടങ്ങുന്നതിന്റെ ബഹുസ്വര തിരിച്ചറിവാണത്.

അല്ലാതെ അതൊരു മുസ്ലിം പ്രശ്നമല്ല. തട്ടക്കാരികളും താടിക്കാരുമല്ല സമരമുഖത്ത്‌ സജീവമായത്. മറിച്ചു ഒരു രാജ്യം ഒന്നാകെയാണ്. കൂടുതലും ഉള്ളത് മതമുള്ളവരും ഇല്ലാത്തവരുമായ ഹിന്ദുക്കളാണ്. പ്രതിഷേധിക്കുന്നവരിൽ എല്ലാ ഭാഷക്കാരും സംസ്ഥാനക്കാരും ഉണ്ട്.

ഇന്ത്യയെന്ന സാംസ്കാരിക വൈവിധ്യമാണ് ഹൈന്ദവത, അല്ലാതെ ഹിന്ദുത്വയെന്ന മുസ്ലിം വെറുപ്പല്ല എന്ന് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതും അതുകൊണ്ടാണ്.

നോട്ടു നിരോധനം പോലെ, ന്യൂനപക്ഷ സംവരണം എടുത്തു കളയാൻ ശ്രമം നടന്നതു പോലെ, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതു പോലെ രാജ്യത്തിന്റെ അടിസ്ഥാന ശിലകൾ ഇളക്കി മാറ്റുന്നതിന്റെ മറ്റൊരു രൂപം മാത്രമാണ് പൗരത്വബിൽ എന്നു സിക്കുകാരും ഹിന്ദുക്കളും യാദവ വിഭാഗങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു.

എൻആർസി അന്തിമ പട്ടികയിൽ ഇടംനേടാനാവാത്ത 19,06,067 പേരെയാണ് പൗരത്വം നഷ്ടപ്പെട്ട് ആസാമിൽ നിന്ന് പുറത്താക്കുന്നത്. ഇതിനർത്ഥം അവർ വിദേശികളായി കണക്കാക്കപ്പെടും എന്നല്ല. പക്ഷേ രാജ്യത്ത് ഒരു പൗരന് ലഭിക്കാവുന്ന എല്ലാ അവകാശങ്ങളും അവരിൽ നിന്ന് തട്ടിയെടുക്കപ്പെടും.

ഇവരുടെയെല്ലാം കുടുംബത്തിന്റെയും സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതവും ഭാവിയും അനിശ്ചിതത്വത്തിലാണ്. ലോകം കണ്ടതിൽവച്ച് ഏറ്റവും മനുഷ്യത്വരഹിതമായ നടപടിക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്…

“മുസ്ലിം” എന്ന മയക്കുമരുന്നിൽ ഇനിയും മയങ്ങിക്കിടന്നാൽ നാളെ ഒരു രാജ്യമേ ഇല്ലാതാകും എന്ന തിരിച്ചറിവാണ് ഇന്ത്യൻ ജനത ഇപ്പോൾ പ്രകടിപ്പിക്കുന്നത്.

ഇതൊക്കെയും ചെയ്തു കൂട്ടാൻ ഹൈന്ദവതയും ഹിന്ദുത്വയും ഒന്നാണെന്നു സ്ഥാപിച്ചെടുക്കാന്‍ സംഘപരിവാരം തുടങ്ങിയിട്ടു നാളുകള്‍ ഏറെയെയായി.

ഇതു രണ്ടും ഒന്നാണെന്ന് വാദിച്ചു കൊണ്ട്
2016 ല്‍ മനോഹര്‍ ജോഷി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ വാദം സുപ്രീം കോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല 1995 ലെ വിധി പുന:പരിശോധിക്കില്ല എന്നും വിധിച്ചു.

അപ്പോൾ 1995ലെ വിധി എന്തെന്ന് അറിയണം. ഹിന്ദുത്വ വാദക്കാരുമായുള്ള നിരവധി ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷം മുഖ്യ ന്യായാധിപൻ പി. ബി. ഗജേന്ദ്ര ഗാഡ്കർ ഭാരതത്തിന്‍റെ പരമോന്നത നീതി പീഠം മുൻപാകെ ഇപ്രകാരം വിധിച്ചു :

“ഹിന്ദു മതം ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല; ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല; ഒരു പ്രത്യേക സിദ്ധാന്തമോ തത്ത്വമോ പിന്തുടരുന്നില്ല; ഒരു പ്രത്യേക ദാർശനിക ആശയത്തിൽ മാത്രം വിശ്വസിക്കുന്നില്ല; ഒരു പ്രത്യേകരീതിയിൽ മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല; യഥാർഥത്തിൽ‌, അത് ഒരു മതത്തിന്റെ പരമ്പരാഗത സങ്കുചിത ലക്ഷണങ്ങൾ ഒന്നുംതന്നെ പൂർ‌‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായി ഒരു ജീവിത രീതി എന്ന് വിശദീകരിക്കാം, അതിലപ്പുറം അതിനെ നിർവചിക്കാനാവില്ല.”

എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു ബിജെപി നേതാവ് അശിനി ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അതു തള്ളിപ്പോയതിന്റെ കാരണവും ഹിന്ദുത്വ ഉദ്ദേശിക്കുന്ന “ഹിന്ദു”വിനെ കാണിച്ചു കൊടുക്കാൻ അവർക്കു തന്നെ സാധിക്കാത്തതിനാൽ ആണ്.

ഇതേ കാരണം കൊണ്ടാണ് സാക്ഷാൽ സവർക്കർക്കു പോലും “ഹിന്ദു” വിനെ നിർവചിക്കാൻ കഴിയാതെ പോയതും.

അഥവാ ഹിന്ദുത്വ ഹിന്ദുക്കളുടെ വക്താക്കളല്ല. അവർക്ക് ദലിതുകളെ, അവർണ്ണരെ, ഇതര മതസ്ഥരെ ഉൾക്കൊള്ളാനുള്ള നിർവ്വചനങ്ങളൊന്നും പ്രത്യയശാസ്ത്രത്രപരമായി ഇല്ല. അതിന്റെ സ്ട്രക്ചർ അങ്ങിനെയാണ്. അതുകൊണ്ടാണ് അവർ മുസ്ലിം വിദ്വേഷം ആയുധമാക്കുന്നതും.

ഹിന്ദുത്വക്ക് ഒരു ഹൈന്ദവ സംരക്ഷണ പാരമ്പര്യമോ സ്വാതന്ത്ര്യ സമര ചരിത്രമോ ഒന്നും ഇല്ല. “ഹിന്ദുത്വ” ഹൈന്ദവ തത്വ ചിന്തകരുടെ ഉൽപന്നവുമല്ല. അവിടെ നമുക്ക് വിവേകാനന്ദനേയോ ശ്രീ നാരായണ ഗുരുവിനേയോ ശ്രീ രാമകൃഷ്ണ പരമഹംസനേയോ കാണാനാവില്ല.

വാജ്പേയി, അദ്വാനി, താക്കറെ തുടങ്ങി ഇങ്ങോട്ട് എണ്ണിത്തുടങ്ങിയാൽ അവരാരും തന്നെ കടുത്ത മതവിശ്വാസികൾ ആയിരുന്നില്ല. മറിച്ചു വീട്ടിൽ സ്വന്തമായി ഒരു പൂജാമുറി പോലും ഇല്ലാത്തവരായിരുന്നു.

“മുസ്ലിം” എന്ന ഐഡന്റിറ്റിയോടുള്ള വെറുപ്പ്‌ മാത്രം ചൂണ്ടയിലിട്ടു ഒരു രാജ്യത്തിന്‍റെ സര്‍വ്വ അഭിമാനവും സാമ്പത്തിക സുസ്ഥിരതയും ലോക ഭൂപടത്തില്‍ നിന്നും ഇല്ലാതാവുന്നത് ഭാരത ജനത തിരിച്ചറിയുന്നു എന്നതാണ് പൗരത്വ ബിൽ വിവാദത്തിന്റെ ഏറ്റവും കാതലായ വശം.

നമുക്ക് മതം മനസ്സിൽ മതി. തെരുവിലതു വേണ്ടാ. ഫേസ്ബുക്കിൽ ആവേശം കാണിക്കുന്ന മാപ്പിള കാക്കമാരോടും സ്നേഹപൂർവ്വം ഇതു തന്നെയാണ് പറയാനുള്ളത്, അതിസുന്ദരമായ ഇന്ത്യൻ ബഹുസ്വരതയെ ഒന്നും കൂടെ മുറുകെ പിടിക്കാനല്ലാതെ ഒരു ഇതര മനസ്സിനും നിങ്ങളിൽ നിന്നും അകലാൻ നിങ്ങളുടെ പോസ്റ്റുകൾ കാരണമാകരുത്.