സൗഹൃദത്തിലും പ്രണയത്തിലും ദാമ്പത്യത്തിലുമൊക്കെയാണ് മറ്റാര്‍ക്കുമറിയാത്ത നിഗൂഡ രഹസ്യങ്ങള് നാം‍ പങ്കു വെക്കുന്നത്

0
333

Fasil Shajahan

സൗഹൃദത്തിലും പ്രണയത്തിലും ദാമ്പത്യത്തിലുമൊക്കെയാണ് മറ്റാര്‍ക്കുമറിയാത്ത നിഗൂഡ രഹസ്യങ്ങള് നാം‍ പങ്കു വെക്കുന്നത്. മറ്റാരും അറിയാത്ത രഹസ്യങ്ങള് പങ്കുവെക്കുമ്പോള്‍ അതു കേള്‍ക്കുന്ന ആളില്‍ അതു പറയുന്ന ആളിന്റെ ഇന്റിമസിയുടെ ആഴം കാണാന്‍ സഹായിക്കുന്നു. പരസ്പരം ബന്ധങ്ങള്‍ കൂടുതല്‍ വിശ്വാസത്തിലേയ്ക്ക് അമരുവാനും കോണ്‍ക്രീറ്റ് പോലെ ഉറക്കാനും അത് വളരെ വേഗം സഹായിക്കുന്നു.

പ്രശ്നം കിടക്കുന്നത് അവിടെയല്ല. ഇത്തരം ബന്ധങ്ങള്‍ അകലുമ്പോഴാണ്. കെട്ടുവാന്‍ ഉപയോഗിച്ചതു തന്നെ നമ്മെ കെട്ടിയിടാന്‍ ഉപയോഗിക്കുന്ന അവസ്ഥ! ഇങ്ങിനെയുള്ള കഥകളുടെ ഒരു നോവല്ല തന്നെയുണ്ടാവും ചിലരുടെ ജീവിതത്തില്‍. ബന്ധങ്ങളുടെ ആഴത്തിന് ആഴം കൂട്ടാന്‍ നാം നമ്മുടെ രഹസ്യങ്ങളുടെ കല്ലറകള്‍ മറ്റൊരാളുടെ മുന്നില്‍ തുറന്നു വെക്കേണ്ടതുണ്ടോ എന്നത് ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ കഴിയുന്ന വിഷയമൊന്നുമല്ല.

ഇനി പങ്കു വെക്കപ്പെട്ട രഹസ്യങ്ങള്‍ക്കു തന്നെ നമുക്കും നമ്മുടെ ആത്മസുഹൃത്തിനും ഇടയില്‍ ഒരു അപകടവും ഉണ്ടാക്കാനുമുണ്ടാവില്ല. പക്ഷേ മറ്റൊരു ചെവിയില്‍ അതെത്തുമ്പോള്‍ അതിന്‍റെ അര്‍ഥം മാറുന്നു. ഒരു പുല്‍ക്കൊടി എന്നു കരുതിയിരുന്ന ഒരു വെറും വാക്കാവും അതി വിസ്ഫോടനം നടത്തി നമ്മുടെ ചുറ്റുപാടുകളെ കത്തി ചാമ്പലാക്കി കളയുന്നത്.

എന്തായാലും രഹസ്യം എന്നത് ഒരു ബോംബ്‌ ശേഖരം പോലെയാണ്. ഒരനക്കവും ഇല്ലാതെ വര്‍ഷങ്ങളോളം അതവിടെ കിടക്കും. അതിനു തീ പിടിച്ചാല്‍ പിന്നെ കണ്ണും മൂക്കും നോക്കാതെ അത് സര്‍വ്വവും സംഹരിച്ചു കളയും. കല്യാണം കഴിക്കാന്‍ പോകുന്ന ആണ്‍ കുട്ടികളോടും പെണ്‍ കുട്ടികളോടും രക്ഷിതാക്കള്‍ കൃത്യമായും പറഞ്ഞു കൊടുക്കണം, പഴയകാല രഹസ്യങ്ങളുടെ മൂടി തുറന്നു വിടരുത് എന്ന്. എല്ലാം പങ്കു വെക്കുക എന്നത് കഥയിലും കവിതയിലും ഓക്കേ ആണ്. ജീവിതത്തില്‍ അതു വര്‍ക്കൌട്ട് ചെയ്യാന്‍ സാധ്യത വളരെ കുറവാണ്.

കുടുംബക്കാരുടെ വീട്ടില്‍ പോകുമ്പോള്‍, പുതിയൊരു താമസ സ്ഥലത്തേയ്ക്കോ, തൊഴിലിടത്തിലേയ്ക്കോ പോകുമ്പോഴും ഇതു തന്നെ മക്കള്‍ക്കു പറഞ്ഞു കൊടുക്കണം. ഇതൊന്നും “ആരെയും വിശ്വസിക്കരുത്” എന്ന ബോധം അവരില്‍ ഉണ്ടാക്കാനും പാടില്ല. മനുഷ്യരെ മനുഷ്യര്‍ക്കു വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ അവിടെ ബന്ധങ്ങളില്ല, പ്രണയമില്ല, സൌഹൃദമില്ല.

രഹസ്യങ്ങളുടെ ബന്ധനം ഇല്ലാത്ത ഒന്നിനും ആഴമുണ്ടാകില്ല. അവിടെ ഇന്റിമസി ഉണ്ടാവില്ല. ഒരു റിലേഷന്‍ ഷിപ്പ് ശക്തമാകുന്നില്ല. മാത്രവുമല്ല, മറ്റൊരാളുടെ രഹസ്യം നമ്മുടെ കയ്യില്‍ സൂക്ഷിക്കാന്‍ അവസരം കിട്ടാത്തവര്‍ അവരെ സ്വയം തന്നെയും അവിശ്വസിക്കും. സ്വന്തത്തെ പോലും അവര്‍ക്കു സ്നേഹിക്കാനാകില്ല. അവര്‍ക്കൊരിക്കലും ആത്മ പ്രണയം ഉണ്ടാവില്ല.

ചുരുക്കത്തില്‍ രഹസ്യങ്ങളുടെ കൈമാറ്റങ്ങള്‍ പാടില്ല എന്ന അര്‍ത്ഥത്തില്‍ ഈ ലേഖനം വായിച്ചു കളയരുത് എന്നഭ്യര്‍ത്ഥിക്കുന്നു. രഹസ്യങ്ങള്‍ വേണം. ആത്മബന്ധങ്ങളില്‍ നിറയെ രഹസ്യങ്ങള്‍ നിറയണം. ഒരു ബന്ധത്തില്‍ എന്തെങ്കിലുമൊക്കെയായ രഹസ്യങ്ങള്‍ ഇല്ലെങ്കില്‍ അതു പൂക്കാത്ത മരത്തിനു തുല്യമായിരിക്കും. അതുപോലെ ചില രഹസ്യങ്ങള്‍ പങ്കു വെക്കുക തന്നെ വേണം. കാരണം ചില രഹസ്യങ്ങളുടെ ഭാരം നമുക്ക് ഒറ്റയ്ക്കു താങ്ങാന്‍ കഴിയില്ല. പക്ഷേ അതോടൊപ്പം വകതിരിവുകള്‍ ഉണ്ടായിരിക്കുകയും വേണം. എന്തൊക്കെ എവിടെയൊക്കെ പറയാം എന്നും പറഞ്ഞുകൂടാ എന്നും കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണം.

കുട്ടിപ്പട്ടാളം എന്ന പ്രോഗ്രാം കണ്ടു നമ്മളൊക്കെ കുറേ ചിരിച്ചു. അമ്മയും അമ്മമ്മയും കള്ളു കുടിക്കാറുണ്ടോ.. അമ്മമ്മ എത്ര ഗ്ലാസ് കുടിക്കും, കുട്ടിയും കുടിക്കാറുണ്ടോ , അച്ഛനോ അമ്മയോ മുകളില്‍, തുടങ്ങി കിടപ്പറയിലെ കാര്യങ്ങള്‍ വരെ കൊച്ചു കുട്ടികളെ കൊണ്ട് പറയിക്കുന്നത് കണ്ടു.‍ അപ്പോഴെക്കെയും തോന്നിയ ഏക വിചാരം ആ കുഞ്ഞുങ്ങള്‍ക്ക്‌ എന്ത് എവിടെ ആരോട് പറയണം എന്നറിയാതെ വളരുന്നുവല്ലോ എന്നതാണ്. ആ പ്രോഗ്രാം പിന്നീട് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു നിറുത്തലാക്കാനും കാരണമായത്‌ അതാണ്‌..

ഇത്തരം അറിവില്ലായ്മകള്‍ കൊണ്ട് ഒരുപാട് നഷ്ടം വന്നവരായിരിക്കും നമ്മളില്‍ പലരും. നമ്മുടെ മക്കള്‍ക്കെങ്കിലും അതിനെ കുറിച്ചൊക്കെ പറഞ്ഞു കൊടുക്കാമല്ലോ.