പ്രവാചകൻ മുഹമ്മദ് നബിയുടെ മൂത്രം ഹറാമോ ഹലാലോ? നിങ്ങൾ തമ്മിൽ തല്ലാൻ തരുന്ന ചോദ്യമാണ്, അതുകൊണ്ടു തല്ലണ്ട

224
fasil shajahan
പ്രിന്റിംഗ് ഡിപ്ലോമയ്ക്കു പഠിക്കുന്ന സമയത്ത് കോളേജിൽ ഒരു കന്നടക്കാരൻ ഭണ്ഡാരി ഞങ്ങൾക്കു ട്രെയിനറായി ഉണ്ടായിരുന്നു.. പതിനഞ്ചു കൊല്ലം സൗദിയിൽ ഒരു പത്രത്തിന്റെ ലെറ്റർ പ്രസ്സിൽ അക്ഷരങ്ങൾ പെറുക്കി വെച്ചു അച്ചടി മെഷീനിൽ നിരത്തലായിരുന്നു അയാളുടെ പണി.
അങ്ങിനെയിരിക്കേ കാര്യമായി പണിയൊന്നുമില്ലാതിരുന്ന അവിടുത്തെ കുറച്ചു പണ്ഠിതൻമാർക്കിടയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ മൂത്രം ഹറാമോ (നിഷിദ്ധമോ) ഹലാലോ (അനുവദനീയമോ) എന്നൊരു തർക്കം വന്നത്രേ..
ആയിരത്തി നാനൂറു കൊല്ലങ്ങൾക്ക് മുമ്പ് മഹാനായ പ്രവാചകൻ മരിച്ചു പോയി എന്നതും പ്രവാചന്റെ മൂത്രം ഈ ഭൂമിയിൽ ഒരു തുള്ളി പോലും നിലവിലില്ല എന്നതുമാണ് ഈ തർക്കത്തിലെ രസകരമായ വസ്തുത.
മനുഷ്യരുടെ ഊർജ്ജം കളയുന്ന ഇത്തരം തർക്ക വിഷയങ്ങൾ ജാതിമതഭേദമന്യേ ചരിത്രത്തിൽ എമ്പാടും കാണാം.
എന്തായാലും തർക്കം മൂത്തു. അല്ല, കൊടുമ്പിരി കൊണ്ടു. അത്യുച്ചസ്ഥായിൽ ഖണ്ഡനമുണ്ടനങ്ങൾ ദിഗന്ദങ്ങൾ ദേദിച്ചു. ജനങ്ങൾ തമ്മിൽ ഭിന്നിച്ചു.
അവസാനം ഭരണകൂടം ഇടപെട്ട് പണ്ഠിതൻമാരോടു “ചുപ് രഹോ” പറഞ്ഞപ്പോഴാണ് മൈക്കുകൾ നിശ്ശബ്ദമായത്. ഇതച്ചടിച്ചു കോപ്പികൾ വർദ്ധിപ്പിച്ചിരുന്ന മഞ്ഞപ്പത്രങ്ങളുടെയും..
ഇതു പറയുമ്പോൾ ഭണ്ഡാരി പറഞ്ഞ ഒരു തമാശയുണ്ട്. അന്ന് അയാൾ ടൈപ്പ് സെറ്ററിൽ ഏറ്റവും കൂടുതൽ പെറുക്കിയതും അടുക്കി വെച്ചിരുന്നതും അച്ചടിച്ചിരുന്നതുമായ വാക്ക് “മൂത്രം” എന്നതായിരുന്നുവത്രേ..
പൗരത്വബിൽ വിഷയം വന്നപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ടൈപ്പ് ചെയ്യേണ്ടി വരുന്ന വാക്കുകൾ “ഹിന്ദു” എന്നും “മുസ്ലിം” എന്നുമാണ്.
ഇവിടെ ഈ ചർച്ച ഭരണകൂടം തന്നെ സമ്മാനിച്ചതായതു കൊണ്ട് ഈ രണ്ടു വാക്കുകളെ നിയന്ത്രിക്കാനും ആളില്ല.
അങ്ങിനെ നാം, നാമറിയാതെ തന്നെ മാനസിക വിഭജനങ്ങളുടെ രണ്ട് അറ്റത്തേയ്ക്ക് പതിയെ വലിച്ചെറിയപ്പെടുകയാണ്. ഒരു സ്ലോ പോയിസൺ പോലെ..
തർക്ക വിതർക്കങ്ങളും പോർവിളികളും അൺ ഫ്രണ്ടിംഗും ഒക്കെയായി ഉയർന്നു പൊങ്ങി, പാറിപ്പറക്കുന്ന അക്ഷര പൊടി പടലങ്ങളിൽ, ഹിന്ദുവെന്നും മുസ്ലിമെന്നുമുള്ള രണ്ടു വാക്കുകൾ മാത്രം നാം കാണേണ്ടി വരുന്നു.. കേൾക്കാൻ നിർബന്ധിതരാകുന്നു..
പൗരൻമാരെന്ന ഒരു രാഷ്ട്രത്തിന്റെ മൂലധനം മറ്റെല്ലാം മറന്ന് ഈ രണ്ടു വാക്കിന്റെ രണ്ടറ്റമുള്ള എല്ലിൻ കഷണത്തിൽ മറ്റെല്ലാം മറക്കുന്നു.
ഒരു രാജ്യം അതിന്റെ സർവ്വ ഊർജ്ജവും ഫോക്കസും ഇതിനായി ചെലവഴിക്കേണ്ടി വരുന്നു.
എത്ര സുഗമവും ആയാസരഹിതവുമായാണ് ഭിന്നതയുടെ ഒരു അജണ്ട യാതൊരു ചെലവുമില്ലാതെ ഇവിടെ നടപ്പിലാക്കിയത്..
ആഡ് ഏജൻസിയുടെ ആവശ്യമില്ല. പ്രൊമോട്ടർമാരുടെ നിരയില്ല. ബ്രാൻഡ് അംബാസഡർമാരുടെ സേവനം വേണ്ട.. ഫണ്ടിംഗ് ആവശ്യമില്ല.
ഒരോ ജനതതികളും അവർക്കു വഴികാട്ടികളായ നേതൃത്വവും അക്കാലത്ത് എന്തു ചിന്തിച്ചു എന്നതിന് അനുസരിച്ചാണ് ഓരോ കാലഘട്ടവും ഈ ലോകത്ത് അടയാളപ്പെട്ടത്. ഓരോ സംസ്കാരവും ഇവിടെ ഭൂമിയിൽ രൂപപ്പെട്ടത്.
എല്ലാ ദർശനങ്ങളും മതങ്ങളും ചിന്താസരണികളുമിവിടെ പിറവിയെടുത്തത് അങ്ങിനെയാണ്. അങ്ങിനെയല്ലാത്ത ഒരു കാലഘട്ടവും തലമുറ തലമുറകളെ വിസ്മയപ്പെടുത്തിയിട്ടില്ല.
ഒരിക്കൽ നമ്മളും ഭാവിതലമുറയുടെ ചരിത്ര പഠനങ്ങളുടെ ഭാഗമാകും. അന്ന് അവർ നമ്മെക്കുറിച്ചു രണ്ടേ രണ്ടു വാക്കുകൾ മാത്രമേ കേൾക്കൂ… ഹിന്ദുവെന്നും മുസ്ലിമെന്നും..
എത്ര ലജ്ജാകരമാണത് !
നമ്മുടെ ശാസ്ത്രീയ നേട്ടങ്ങൾ..
അസൂയപ്പെടുത്തിയ പുരോഗതികൾ..
കലാകായിക അത്യുന്നതികൾ..
പാരമ്പര്യങ്ങൾ..
പൂർവ്വികതകൾ..
മതേതരത്വം..
നാനാത്തത്വം..
അഹിംസ..
സോഷ്യലിസം..
മാനുഷികത..
ചേർത്തു പിടിക്കലുകൾ..
എല്ലാം ഈ രണ്ടു വാക്കുകൾക്കിടയിൽ അന്ത്യശ്വാസം വലിക്കും.
യുദ്ധമടങ്ങിയ,
പൊടിപടലങ്ങൾ തളർന്നു വീണുറങ്ങുന്ന, സുരക്ഷിതത്വമില്ലായ്മയുടെയും അന്യതപ്പെടലിന്റേയും ഖബറുകൾ മയങ്ങുന്ന, ഒരു രാജ്യത്തിന്റെ ശ്മശാനം ചരിത്രത്തിന്റെ ഏടുകളിൽ ബാക്കിയാക്കണോ വേണ്ടേ എന്നു തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്..