കൊറോണ: കേരളത്തിനു മാത്രം ബാധകമാവുന്ന ചില കാര്യങ്ങള്‍

  ഫാസിൽ ഷാജഹാൻ

  കൊറോണ: കേരളത്തിനു മാത്രം ബാധകമാവുന്ന ചില കാര്യങ്ങള്‍

  കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നത് 860 പേരാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കുറഞ്ഞ സ്ഥലത്തു ഇടകലര്‍ന്നു ജീവിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി നമ്മൾ കണക്കാക്കപ്പെടുന്നത് അതുകൊണ്ടാണ്. തമിഴ്നാടും കര്‍ണാടകയും ആദ്യ പത്തു സ്ഥാനത്തു പോലും വരുന്നില്ല. അഥവാ, കൊറോണ വ്യാപനം സംഭവിച്ചു കഴിഞ്ഞാൽ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ കേരളത്തില്‍ അതു വ്യാപിക്കും. ഇതില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നൂറു സിറ്റികളില്‍ ഏഴെണ്ണവും കേരളത്തിലാണ്.

  കോഴിക്കോട് ( 19 ആം സ്ഥാനം)
  തൃശ്ശൂര്‍ ( 21 ആം സ്ഥാനം)
  മലപ്പുറം ( 25 ആം സ്ഥാനം)
  തിരുവനന്തപുരം ( 26 ആം സ്ഥാനം)
  കണ്ണൂര്‍ ( 27 ആം സ്ഥാനം)
  കൊല്ലം ( 48 ആം സ്ഥാനം).

  ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍ വരുന്നത് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ സ്ഥലങ്ങളാണ്. എന്നു വെച്ചാല്‍ ഇന്ത്യയില്‍ കൊറോണ വ്യാപനം ഒരിക്കലും നടക്കാന്‍ പാടില്ലാത്ത നൂറു സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന ഭൂമികയാണ് നമ്മുടേത്‌ എന്നര്‍ത്ഥം. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ നാം ജാഗ്രത പുലര്‍ത്തണം എന്നു പറയുന്നതിന്‍റെ അടിസ്ഥാനം ഇപ്പോൾ മനസ്സിലായില്ലേ.

  ഇതില്‍ തന്നെ മുംബയിലും ചെന്നൈയിലും ഇപ്പോള്‍ എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന്‍ നമുക്കെല്ലാവര്‍ക്കും അറിയാം. ലോക കൊറോണ വ്യാപന ഭൂപടത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം നേടിത്തന്നത് മഹാരാഷ്ടയും തമിഴ്നാടുമാണ്. തമിഴ്നാട്ടില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരുകാര്യം കൂടി പറയട്ടെ, ഏറ്റവും അടുത്ത ബന്ധുക്കളോടും ഭാര്യാഭര്‍ത്താക്കന്മാരോടും നഴ്സുമാരുടെ പണി ചെയ്യാന്‍ പറയുകയാണ്‌. കാരണം രോഗികളുടെ വര്‍ദ്ധനയ്ക്ക് അനുസരിച്ചു ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ല. നഴ്സുമാരും ഡോക്ടര്‍മാരും ഇല്ല. ഇതേ അവസ്ഥ മുമ്പു നമ്മള്‍ ഇറ്റലിയിലും സ്പെയിനിലും എല്ലാം കണ്ടതാണ്. നിലവില്‍ നാം മലയാളികള്‍ ഇത്തരം ഭയങ്ങള്‍ക്കു വിധേയപ്പെട്ടിട്ടില്ല. പക്ഷേ രോഗവ്യാപനം ഇനിയും കൂടിയാല്‍ അതുതന്നെ ഇവിടെയും സംഭവിക്കും.

  പിന്നെയുള്ള വഴി പ്രൈവറ്റ് ക്ലിനിക്കുകളെ ആശ്രയിക്കുക എന്നതാണ് . ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളില്‍ ഇത് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള രോഗിയായവരുടെ നിര്‍ണ്ണായക കേസുകളില്‍ ഏഴുമുതല്‍ എട്ടു ലക്ഷം രൂപ വരെ ചികിത്സാ ചെലവു വരുന്നുണ്ട് എന്നാണ് അറിഞ്ഞത്. അതിനാൽ തന്നെ കൊറോണ നിയന്ത്രിക്കുന്ന കാര്യത്തിൽ ഒട്ടും അലംഭാവം ഉണ്ടായിക്കൂടാ.മറ്റു സംസ്ഥാനങ്ങൾക്കൊന്നും അത്രയും സീരിയസ്സായി കൈകാര്യം ചെയ്യേണ്ടതില്ലാത്ത മറ്റൊരു വിഷയം നമുക്കുള്ളത് ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യമാണ്. 35 ലക്ഷം മുതല്‍ 40 ലക്ഷം വരെ ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതൊരു വലിയ സംഖ്യയാണ്. എറണാകുളത്ത് മാത്രം 6 ലക്ഷം പേർ ഉണ്ട് എന്നാണു കഴിഞ്ഞ മാര്‍ച്ചു വരെയുള്ള കണക്ക്. തൊട്ടു പിറകെ കോഴിക്കോടും പാലക്കാടും പിന്നെ തിരുവനന്തപുരവും ആണ് ഉള്ളത്.മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത ഒരു വലിയ തലവേദനയാണ് ഇത്. പ്രത്യേകിച്ച് കേരളത്തിലെ ജനസാന്ദ്രത കൂടി കണക്കിലെടുക്കുമ്പോള്‍. മറ്റൊന്ന് കേരളത്തിലെ പ്രവാസികളുടെ എണ്ണമാണ്. ഇന്ത്യയില്‍ ഇത്രയുമധികം പ്രവാസികളുടെ സാന്നിധ്യമുള്ള മറ്റൊരു സംസ്ഥാനമില്ല.

  കൊറോണ വ്യാപന വിഷയത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും പ്രവാസികള്‍ പഴിചാരപ്പെട്ടതിന്റെ കാരണവും അതുതന്നെ. അതിനെ ഏറ്റവും മികച്ച രീതിയില്‍ നമ്മുടെ ആരോഗ്യ മേഖല നിയന്ത്രിച്ചു നിരീക്ഷിച്ചു വരുന്നതിനിടയിലാണ് നിലവിലെ തദ്ദേശീയ സമ്പര്‍ക്ക വ്യാപനങ്ങള്‍ കണക്കുകള്‍ തെറ്റിച്ചു കളഞ്ഞത്. പ്രവാസികളെ ഇപ്പോള്‍ മലയാളി തദ്ദേശീയർ തന്നെ കടത്തി വെട്ടിയിരിക്കുകയാണ്. പക്ഷേ ഇനിയും അതു വര്‍ദ്ധിക്കാതെ നോക്കേണ്ടതിന്റെ സീരിയസ്നെസ് ആണ് മുകളില്‍ അത്രയും വിശദീകരിച്ചത് .ചിലര്‍ യു എ ഇയിലേയും ഖത്തര്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെയും കൊറോണ പ്രതിരോധ പ്രവര്‍ത്തന വിജയങ്ങളെ കേരളവുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നത് കാണാറുണ്ട്‌. ഇപ്പറയുന്നതൊക്കെയും രാജഭരണം ഉള്ള പ്രദേശങ്ങള്‍ ആണ്. കേരളം ജനാധിപത്യ പ്രദേശമാണ്. തീരുമാനങ്ങളുടെയും നടത്തിപ്പുകളുടെയും വേഗതയ്ക്ക് മുയലും ആമയും തമ്മിലുള്ള വ്യത്യാസമുണ്ട്.

  പിന്നെ ഇപ്പയുന്ന ജിസിസികള്‍ ഒക്കെയും ഓരോ രാജ്യങ്ങളാണ്. കേരളം ഒരു സംസ്ഥാനം മാത്രമാണ്. രാജ്യതീരുമാനം പോലെ ഒറ്റയ്ക്ക് തീരുമാനിക്കാന്‍ കഴിയുന്നതല്ല സംസ്ഥാന അധികാര പരിധികള്‍. ഉദാഹരണത്തിനു വിമാന സര്‍വീസ് നടത്തുന്ന കാര്യത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തന്നെ നോക്കിയാല്‍ മതി. ലോകത്തിലെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യങ്ങളാണ് ഗൾഫുരാജ്യങ്ങള്‍. അവയെ വെച്ചു കേരളത്തെ താരതമ്യം ചെയ്യുന്നത് അൽപത്തരമാണ് എന്നേ പറയാനാവൂ. കേരളം എന്നത് ഇന്ത്യ എന്ന വികസ്വര രാജ്യത്തിന്‍റെ ഒരു മൂല മാത്രമാണ്. പണ്ട് പണ്ടേയ്ക്കും ലോക ബാങ്കിൻറെ കടക്കാരാണ്. യു എ ഇ ജനസാന്ദ്രത കിലോമീറ്ററിൽ 99 ആളുകൾ മാത്രമാണ്. ഏറ്റവും തിരക്കുള്ള സിറ്റികൾ എടുത്താൽ പോലും കേരളത്തിലെ ജനസാന്ദ്രത വരില്ല.

  എന്നിട്ടും നമ്മള്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോക ശ്രദ്ധയില്‍ മുൻപന്തിയിൽ നില്‍ക്കുന്നത് നമ്മുടെ ഐക്യത്തിന്റെയും എകോപനങ്ങളുടെയും ശക്തികൊണ്ടാണ്. നമ്മുടെ ഗവ:ഉം ഡോക്ടര്‍മാരും നഴ്സുമാരും ആശാപ്രവര്‍ത്തകരും നാട്ടിലും പ്രവാസ ലോകത്തുള്ള സന്നദ്ധ സംഘടനകളും ജനങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ചതിനാല്‍ ആണ്. അതു നഷ്ടപ്പെടാതെ നോക്കിയാല്‍ നമ്മള്‍ ബാക്കിയാവും. ഇപ്പോൾ നാം ഒരുമിച്ചു നിൽക്കേണ്ട സമയമാണ്. ഇല്ലെങ്കില്‍ മാലപ്പടക്കത്തിനു തീ കൊളുത്തിയ പോലെയുണ്ടാകും കൊറോണ വ്യാപനം.