കോവിഡ് എപ്പോൾ തീരും ?

167

ഫാസിൽ ഷാജഹാൻ

കോവിഡ് എപ്പോൾ തീരുമെന്നു ആളുകൾ ചോദിക്കുന്നു. അടുത്ത ഡിസംബർ വരെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഡിസംബർ കഴിഞ്ഞാലോ? അവിടെയും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അങ്ങിനെയൊരു പ്രതീക്ഷയിലേയ്ക്ക് നമ്മെ നയിക്കുന്ന ഒന്നും നിലവിൽ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അൽഭുതങ്ങളിൽ വിശ്വസിച്ചു കൊണ്ട് എന്തെങ്കിലും പരിഹാര മാർഗ്ഗങ്ങൾ മനുഷ്യർ കണ്ടുപിടിച്ചേക്കാം എന്ന് ആശ്വസിക്കുന്നു എന്നു മാത്രം. മനുഷ്യ ചരിത്രം അത്തരം അൽഭുതങ്ങളെ സാധൂകരിക്കുന്നുണ്ട്.

അപ്പോൾ ലോക്ഡൗൺ ? തീർച്ചയായും പരിപൂർണ്ണമായും പിൻവലിക്കണം. ലോകമാസകലം പിൻവലിക്കണം. കഴിഞ്ഞ മൂന്നാഴ്ച മുമ്പ് വരെ പറഞ്ഞത് മുഴുവനും ഇപ്പോൾ ഒരു യാഥാർത്ഥ്യമാണ്. അതായത്, ഗൾഫിലും ലോകത്തും നാട്ടിലും കമ്പനികൾ ചീട്ടു കൊട്ടാരം പോലെ മൂക്കുകുത്തി നിലം പതിക്കുകയാണ്. രണ്ടു മാസം വരെ വെറുതെ ശമ്പളം കൊടുത്ത മിഡിൽ ക്ലാസ് കമ്പനികളെല്ലാം ഇപ്പോൾ സാലറി ഏകദേശം നിറുത്തി. ചെലവിന് കൊടുക്കുന്നുണ്ട്. ജൂലായ് അവസാനത്തോടെ അതും 80% ത്തോളം നിലയ്ക്കും.വൻകിട പ്രൈവറ്റ് കമ്പനികൾ ഏപ്രിൽ മെയ് മാസത്തിൽ തുടങ്ങിയ പിരിച്ചു വിടൽ ഏകദേശം പൂർത്തിയാക്കിയ മട്ടുണ്ട്. ബാക്കിയുള്ളവർക്ക് ലോംഗ് ലീവ് നൽകിത്തുടങ്ങി.

വിവിധ രാജ്യങ്ങളിലെ ഗവ: കമ്പനികൾ 30% പിരിച്ചു വിടൽ ജൂലായ് അവസാനത്തോടെ തുടങ്ങും. പ്രൈവറ്റ് കമ്പനികൾ തുടങ്ങിയ 10 % മുതൽ 40% സാലറി കട്ട് ഗവ: കമ്പനികളിലും ആഗസ്റ്റ് മാസത്തോടെ വന്നു തുടങ്ങും.ലോകമാസകലമുള്ള സർവ്വ രാജ്യ പ്രവാസികളും ജൂലായ് മാസത്തോടെ വ്യാപകമായ ലോംഗ് ലീവ് വിത്തൗട്ട് പേയുടെ ഇരകളാകും.പരിഹാരം? 100 % ലോക് ഡൗൺ പിൻവലിക്കൽ തന്നെ.അപ്പോൾ കോവിഡ് ?

നിലവിലെ ഗവ: സെൻട്രലൈസ്ഡ് കോവിഡ് നിവാരണ പദ്ധതികൾ പരിപൂർണ്ണമായും ഒഴിവാക്കി അത്തരം വേദികളെ സെൻട്രലൈസ്ഡ് കോവിഡ് മോണിറ്ററിംഗ് സംവിധാനമാക്കി മാറ്റണം. നിലവിൽ നടത്തുന്ന രോഗം കണ്ടെത്തലും രോഗീ നിരീക്ഷണവും ചികിൽസയും പരിപൂർണ്ണമായും ലോക്കലൈസ് ചെയ്യണം. പ്രാദേശികവൽക്കരിക്കണം. വികേന്ദ്രീകരിക്കണം. സ്വകാര്യവൽക്കരിക്കണം. പ്രൈവറ്റ് ആതുര മേഖലയെ കൂടി പരിപൂർണ്ണമായും ഉൾപ്പെടുത്തി രോഗം വരുന്നവരെ അതതു ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും ലോക്കലായി കണ്ടെത്തണം. ചികിൽസിക്കണം. അതിന്റെ ഡാറ്റാ ശേഖരണവും അനലൈസിംഗും എല്ലാം വികേന്ദ്രീകരിക്കപ്പെടണം.

ശേഷം ഗവ:കൾ അവരുടെ ശ്രദ്ധ പരിപൂർണ്ണമായും രാജ്യവും സംസ്ഥാനങ്ങളും നേരിട്ട ലോക്ഡൗൺ വ്യാവസായിക-തൊഴിൽ- നിർമ്മാണ ആഘാതങ്ങളെ നേരിടുന്നതിൽ കേന്ദ്രീകരിക്കണം. പിണറായി വിജയനെ ഉദാഹരണമാക്കുകയാണെങ്കിൽ ഇനിയങ്ങോട്ടു അദ്ദേഹം പത്രസമ്മേളനം നടത്തേണ്ടത് ഓരോ ദിവസവും കൈ കൊണ്ട പുനരുജ്ജീവന അതി ജീവന പദ്ധതികളെ കുറിച്ചും ബ്രയിൻ സ്റ്റോമിംഗിനെ കുറിച്ചും ആയിരിക്കണം. നിലവിലെ കോവിഡ് വിവര അപ്ഡേറ്റുകൾ നൽകൽ അവസാനിപ്പിക്കണം. അവയെ പൂർണ്ണമായും ലോക്കൽ ബോഡികൾക്കു വിട്ടു കൊടുക്കണം. ഇതുവരെ മുഖ്യമന്ത്രിയും മന്ത്രി ശൈലജയും അവർ ഏകോപിപ്പിച്ച ടീമും നടത്തിയ സമാനതകളില്ലാത്ത ലോകോത്തര കോവിഡ് പ്രതിരോധ പദ്ധതികളെ ബഹുമാനിച്ചു കൊണ്ടു തന്നെയാണ് ഇതു ഉദാഹരണമാക്കുന്നത്.

അപ്പോൾ മാസ്കും സോഷ്യൽ ഡിസ്റ്റംൻസിംഗും?സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള അകലം ഇവ രണ്ടിലും ഉണ്ട് . പരിപൂർണ്ണ ലോക് ഡൗൺ ഉണ്ടായിരുന്ന സമയത്തു പോലും സോഷ്യൽ ഡിസ്റ്റൻസിങ്ങ് സ്വപ്നമായി ചുരുങ്ങി. ഉദാ: ഹൈപ്പർമാർക്കറ്റുകളും എടിഎം കൗണ്ടറുകളും ബസ് വിമാന തീവണ്ടി കാർ യാത്രകളും.ഗൾഫു നാടുകളിൽ പോലും നിലത്ത് കുറച്ചു സ്റ്റിക്കറുകൾ ഒട്ടിച്ചു എന്നതല്ലാതെ ജനങ്ങൾ നിറയുന്ന ഇടങ്ങളിൽ അവ പ്രയോഗവൽക്കരിക്കപ്പെട്ടിട്ടില്ല.
ഗൾഫിലെ നാൽപതു മുതൽ അമ്പത് ഡിഗ്രി വരെ ചൂടുള്ള ജൂലായ് ആഗസ്റ്റ് സെപ്തമ്പർ മാസങ്ങളിൽ ഒരാൾക്കും സോഷ്യൽ ഡിസ്റ്റൻസിംഗ് ക്യൂ പാലിച്ചു വെയിലത്തു നിൽക്കാനാവില്ല.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മഴയും തണുപ്പും എല്ലാം സോഷ്യൽ ഡിസ്റ്റൻസിംഗിനെ വെറും സ്വപ്നമാക്കി ചുരുക്കുകയാണ്.മാസ്ക്? ഉപയോഗിച്ച മാസ്ക് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിലേയ്ക്ക് ആളുകൾ പരിവർത്തിക്കപ്പെട്ടിരിക്കുന്നു. നിയമം കൊണ്ടു നടപ്പിലാക്കപ്പെടുന്ന പ്രഹസനമായി മാസ്കുപയോഗം മാറിയിരിക്കുന്നു.മാത്രവുമല്ല, മാസ്കുകൾ ഉണ്ടാക്കുന്ന ശ്വാസതടസ്സവും ചെവിവേദനയും മൂക്കൊലിപ്പും അതു ശീലമാക്കുന്നതിന് കൃത്യമായ തടസ്സമാണ് ഉണ്ടാക്കുന്നത്. ഇതു കുട്ടികളിലും സ്കൂളുകളിലും സംസാരം അത്യാവശ്യമായ തൊഴിൽ മേഖലകളിലും നടപ്പിലാക്കുക ഏകദേശം അസാധ്യം തന്നെയാണ്.

ഗ്ലൗസുകൾ? ഗ്ലൗസുകൾ ഫിബ്രവരി മാർച്ച് മാസങ്ങളിൽ പ്രചാരത്തിൽ വന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലുലു പോലെയുള്ള വൻ ഹൈപ്പർ മാർക്കറ്റുകളിൽ ജനങ്ങൾക്ക് ഗ്ലൗസ് ഇല്ല .അപ്പോൾ മറ്റെന്താണ് പരിഹാരം?മൊബൈൽ ഫോണുകളിൽ കോവിഡ് ഡിറ്റക്ഷൻ ആപ്പുകൾ കൂടുതൽ കുറ്റമറ്റതും കാര്യക്ഷമവും വ്യാപകവുമാക്കുക. പനിയുണ്ടോ എന്ന മിനിമം പരിശോധന നടത്താനുള്ള ഇൻഫ്രാ റെഡ് തെർമോ മീറ്റർ വ്യാപകമാക്കുക.കോവിഡിനെ തുരത്തുന്നതിനു പകരം രോഗലക്ഷണങ്ങൾ കാണിക്കുന്നവരിലേയ്ക്ക് കോവിഡ് ജാഗ്രതകൾ ചുരുക്കുക.നിലവിലെ ആഘാതം മാറാൻ തന്നെ ലോകം മിനിമം 10 വർഷം എടുക്കും എന്നാണ് പറയുന്നത്. ദശലക്ഷം കുട്ടികൾ അടുത്ത വർഷം കൊണ്ടു തന്നെ പട്ടിണിയിലേയ്ക്ക് നീങ്ങുമെന്ന് പറയുന്നത് യൂണിസഫ് തന്നെയാണ്. 2022 മാർച്ചിൽ മാത്രമേ ലോകത്തെ വികസിത രാജ്യങ്ങൾ പോലും കോവിഡ് വിമുക്തി പ്രതീക്ഷിക്കുന്നുള്ളൂ.അതിനാൽ ജനങ്ങളെ തുറന്നു വിടുക. ലോക് ഡൗണുകൾ അവസാനിപ്പിക്കുക. ഇല്ലെങ്കിൽ എലിയെ പേടിച്ച് ഇല്ലം ചുട്ട പോലെയാകും ലോകം .

Previous articleബീഡിയുണ്ടോ ദിനേശാ
Next articleക്ഷേത്രങ്ങളിൽ കാമം തേടുന്ന സ്ത്രീകൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.