വെറുതെ ഇരുന്നാല്‍ എന്താണു പ്രശ്നം?

0
97

Fasil Shajahan

വെറുതെ ഇരുന്നാല്‍ എന്താണു പ്രശ്നം ?

എന്തിനാണ് മനുഷ്യര്‍ ആടുകയും പാടുകയും ചാടുകയും ഓടുകയുമൊക്കെ ചെയ്യുന്നത്?
കവിതകളും കഥകളും ആത്മഗതങ്ങളും രചിക്കാതെ ഇരുന്നാല്‍ അവർക്ക് എന്താണു സംഭവിക്കുക?
എന്തിനാണു മനുഷ്യര്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നത്? പ്രതികരിക്കുന്നത്?
ചിലര്‍ സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ അഹോരാത്രം മെനക്കെടുന്നു, പ്രണയങ്ങള്‍ കണ്ടെത്തുന്നു, പലരുമായും ചാറ്റ് ചെയ്യുന്നു, ഫോണ്‍ വിളിക്കുന്നു.. കമന്റുകള്‍ ഇടുന്നു…..
എന്തിനാണ് എണ്ണയിട്ട യന്ത്രം പോലെ മനുഷ്യര്‍ സദാ ചലിച്ചും ചിലച്ചും ജ്വലിച്ചും നില്‍ക്കുന്നത്?
വേറെയും ചിലര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, പക്ഷികളെയോ മൃഗങ്ങളെയോ വളര്‍ത്തുന്നു, ചിലർപരദൂഷണത്തില്‍ ഏര്‍പ്പെടുന്നു.,…
എന്തെങ്കിലുമൊക്കെയായി മനുഷ്യര്‍ ഇങ്ങിനെ എന്തിലെങ്കിലുമൊക്കെ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ കാരണമെന്താണ്?
ഉത്തരം ഒന്നേയുള്ളൂ..
ഓരോ വ്യക്തിയിലും ആയിരക്കണക്കിനു വ്യക്തികള്‍ക്ക് ആവശ്യമുള്ള അത്രയും ഗതികോര്‍ജ്ജങ്ങള്‍ കുടികൊള്ളുന്നു.
അതവരെ ഓരോ നിമിഷവും നിശ്ചലാവസ്ഥയിൽ നിന്ന് തനിക്കു ചുറ്റുമുള്ള പ്രവേഗത്തിലേക്ക് ത്വരിതപ്പെടുത്താൻ പ്രേരിപ്പിക്കുന്നു.
ആ ഗതികോർജ്ജം പുറത്തേയ്ക്ക് ഒഴുക്കിക്കളഞ്ഞില്ലെങ്കില്‍ അവര്‍ക്കു ഭ്രാന്തു പിടിക്കും.
പാടാനുള്ള പാട്ടുകളെക്കാള്‍ കൂടുതല്‍ ഈണങ്ങള്‍ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഒരാള്‍ എങ്ങിനെ അത്‌ ഉള്ളില്‍ ഒതുക്കി വെക്കും?
തീര്‍ച്ചയായും അയാളോട് ഉച്ചത്തില്‍ ചില പാട്ടുകള്‍ പാടിപ്പോകും.
കടലോളം സ്നേഹം ഉള്ളിലൊതുക്കുന്നവർ എന്തു ചെയ്യും?
തങ്ങളിലെ സ്നേഹം പ്രകടിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തും.
ഇതൊന്നും മനപ്പൂർവ്വം ചെയ്യുന്നതല്ല, തികച്ചും യാന്ത്രികമായി സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നു മാത്രം.
ഒരു പ്രണയ പ്രപഞ്ചത്തെ മുഴുവന്‍ മൂടിപ്പുതപ്പിക്കാനുള്ള അത്രയും റോസാപ്പൂക്കള്‍ ഹൃദയത്തില്‍ വഹിക്കുന്ന ആണും പെണ്ണും നമ്മിലും നമുക്കിടയിലും ‍ ഉണ്ട്.
ഭൂമിയോളം കാരുണ്യവും ആകാശത്തോളം കരുതലും കരളിൽ നിറഞ്ഞു കുമിഞ്ഞു പുതഞ്ഞു പതഞ്ഞു നില്‍ക്കുന്ന എത്രയോ മനുഷ്യര്‍ നമ്മിലും നമുക്കു ചുറ്റിലും ഉണ്ട്.
ഇതൊക്കെ എവിടെയെങ്കിലുമൊക്കെ കൊണ്ടുപോയി നിക്ഷേപിക്കാനുള്ള അദമ്യമായ ഒരു ത്വര ഇത്തരക്കാർ അനുസ്യൂതം പ്രകടിപ്പിച്ചു കൊണ്ടിരിക്കും.
പരദൂഷണവും
പാരവെപ്പും
കുറ്റപ്പെടുത്തലും
ഒളിഞ്ഞു നോട്ടവും ആവശ്യപ്പെടാതെയുള്ള കയറി ഇടപെടലുകളും
നെഗറ്റീവിസവും
എല്ലാം മനുഷ്യര്‍ നടത്തുന്നത് അവരിലെ വൈകൃതങ്ങളും അപകര്‍ഷതാബോധങ്ങളും അസൂയകളും പുറപ്പെടുവിക്കുന്ന ജഡോര്‍ജ്ജങ്ങളെ എങ്ങോട്ടെങ്കിലും ഒഴുക്കി വിടാന്‍ വേണ്ടിയാണ്.
അതും എനര്‍ജി തന്നെയാണ്.
അങ്ങിനെയാണ് ഭൂമിയില്‍ നമുക്കു ജീവനും ജീവിതവും ചലനവും അനുഭവപ്പെടുന്നത്.
ഇവിടെ നിന്നുമാണ് മനുഷ്യര്‍ മനുഷ്യരിലേയ്ക്കുള്ള യാത്ര തുടങ്ങുന്നത്.
ചുറ്റുവട്ടങ്ങളിലേയ്ക്കും പരിസരങ്ങളിലേയ്ക്കും പ്രകൃതിയിലേയ്ക്കും സഞ്ചരിച്ചു തുടങ്ങുന്നത്.
അതിനു വേണ്ടുന്നന്ന പ്രതലങ്ങളെ, അവരിലെ വര്‍ണ്ണങ്ങള്‍ വരച്ചിടാനുള്ള ക്യാന്‍വാസുകളെ തേടി അവർ അവര്‍ പോലുമറിയാതെ യാത്ര പുറപ്പെടും.
സുഹൃത്തുക്കളെ തേടും… പ്രണയാന്വേഷികളാകും…
വിവാഹം കഴിക്കുന്നതും…
കുട്ടികളെ ആഗ്രഹിക്കുന്നതും… പ്രസവിക്കുന്നതും…
എല്ലാം ഇതിനു വേണ്ടിത്തന്നെയാണ്.
താലോലിക്കാൻ, തങ്ങളിലെ വാൽസല്യോർജ്ജങ്ങളെ, കരുണാർദ്രങ്ങളെ, ചേർത്തു വെക്കലുകളെ വരച്ചിടാൻ ഒരു പ്രതലം വേണം.
അമ്മയാകുന്നതും
അഛനാകുന്നതും
അമ്മമ്മയും
അഛമ്മയും
ആകാൻ ആഗ്രഹിക്കുന്നതും എല്ലാം ഇതിനു വേണ്ടിയാണ്.
വെറുതെയിരിക്കാൻ മനുഷ്യന് ജൻമനാ കഴിവില്ല. അവര്‍ പോലുമറിയാതെ തിരക്കുകളുടെ ഭാഗമാകുന്നത് അവരിലെ വിവിധ തരം എനർജികളെ ഡിസ്ചാർജ് ചെയ്യാൻ വേണ്ടിയാണ്.
അത്തരം എനർജികൾക്ക് പ്രതലങ്ങളാവൂ..
മറ്റുള്ളവര്‍ അണകെട്ടി നിറുത്തിയ സ്നേഹത്തിനു ഒഴുകാനൊരു ചാലു കീറിക്കൊടുക്കൂ…
താങ്കളെ ഇഷ്ടപ്പെടാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കൂ …
അനര്‍ഘ നിര്‍ഗളമത് നിങ്ങളിലേയ്ക്കൊഴുകിയെത്തും.
There are people to trust you…
There are hands to hug you…
There are hearts to love you…
മാറേണ്ടത്, ഒരുങ്ങേണ്ടത്, നമ്മൾ തന്നെയാണ്..