ഫെമിനിസവും മിസ്രാന്‍റിസവും

36

Fasil Shajahan

ഫെമിനിസവും മിസ്രാന്‍റിസവും:

വിജയ് പി നായർക്കു കിട്ടേണ്ടതു കിട്ടി. നിയമം കയ്യിലെടുത്തതിനോട് വെർബലി യോജിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ആ സ്ഥാനത്തു ആരായിരുന്നാലും അങ്ങിനെ ചെയ്തു പോയേനെ!
കാരണം ആ വ്യക്തി ഉപയോഗിച്ച പദങ്ങൾ അത്രയ്ക്ക് ഹീനവും വൃത്തികെട്ടതുമാണ്. സൈബറിടങ്ങളിൽ ഇത്തരക്കാർക്ക് ലൈക്കും കമന്റും സബ്സ്ക്രിപ്ഷനും നൽകി വളർത്തുന്നവർ ഞാനും നിങ്ങളുമടങ്ങുന്ന മലയാളികൾ തന്നെയാണ്. മറ്റാരുമല്ല.ഇതിനിടയിൽ സ്ത്രീകളെ പുരുഷൻമാരിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് തങ്ങളിതു ചെയ്തത് എന്ന് വിജയ് പി നായരെ മർദ്ദിച്ചവർ ഉയർത്തിക്കാട്ടുന്നുണ്ട്. അങ്ങിനെ മലയാളി കുടുംബിനികളുടെ ശബ്ദമായി ഇത്തരം ഫെമിനിസ്റ്റുകളെ കേരളത്തിലെ സ്ത്രീകൾ അംഗീകരിച്ചുണ്ടോ എന്നറിയില്ല.

കാരണം ഇവരൊക്കെയും നിരന്തരം പ്രകടിപ്പിക്കുന്ന തരത്തിലുളള ഒന്നല്ല ലോക ഫെമിനിസം. ഫെമിനിസം ഒരിക്കലും പുരുഷനെ വെറുക്കല്‍ അല്ല. മാത്രവുമല്ല, ഒരു പുരുഷനു വേണമെങ്കിലും ഒരു ഫെമിനിസ്റ്റ് ആകാം. Bono, Barack Obama, Chris Martin, Daniel Craig പോലെയും അനവധി നിരവധി അതിപ്രശസ്തരായ പുരുഷ ഫെമിനിസ്റ്റുകള്‍ അതിനുദാഹരണമാണ്. എന്നാല്‍ പുരുഷനെ പ്രതിസ്ഥാനത്തു നിറുത്തുകയും നിരന്തരമായ പുരുഷ വെറുപ്പു പ്രകടിപ്പിക്കുകയും ചെയ്യുന്ന പോരാട്ടങ്ങളെ ഫെമിനിസം എന്നല്ല മിസ്രാന്‍റിസം എന്നാണു പറയുക.വിജയ് പി നായരോ അതേ പോലെയുള്ളവരോ നടത്തുന്ന സ്ത്രീ വിരുദ്ധ ചെയ്തികൾ ക്രിമിനലിസമാണ്. അവരുടെ വ്യക്തിപരമായ മാനസിക വൈകൃതങ്ങളുടെ പ്രതിഫലനമാണ്. അല്ലാതെ അതു പുരുഷപരമല്ല.
അവർ പുരുഷൻമാരായതു കൊണ്ടല്ല അവരങ്ങിനെ ചെയ്യുന്നത്. അങ്ങിനെയെങ്കിൽ നമ്മുടെ അഛനും മകനും ഭർത്താവും സഹോദരനും ആൺ സുഹൃത്തുക്കളും എല്ലാം അങ്ങിനെ ആവണമായിരുന്നു.എട്ടു വയസ്സുള്ള മകളെ കൂട്ടിക്കൊടുപ്പിനു കൊടുത്ത അമ്മയും ആറു പുരുഷൻമാരെ വിഷം കൊടുത്തു കൊന്ന കൂടത്തായി ജോളിയും അങ്ങിനെ ചെയ്തത് അവർ സ്ത്രീകൾ ആയതു കൊണ്ടല്ല, ക്രിമിനലുകൾ ആയതു കൊണ്ടാണ്.

വിജയ് പി നായരെയോ അതുപോലെയുള്ള ക്രിമിനലുകളേയോ നേരിടുമ്പോൾ അതിനു സ്ത്രീ സംരക്ഷണത്തിന്റെ കവചം നൽകുകയും പുരുഷ വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ പേരുമല്ല ഫെമിനിസം.
പുരുഷവിരുദ്ധതതയിൽ എന്തു ചെയ്താലും അതിന്റെ പേര് മിസ്രാന്‍റിസം എന്നാണ്.
ഒരേ മതഗ്രന്ധം വായിക്കുന്ന വിശ്വാസിയും തീവ്രവാദിയും തമ്മിലുള്ള അതേ വ്യത്യാസം ഒരു ഫെമിനിസ്റ്റും മിസ്രാന്‍റിയും തമ്മിലുണ്ട്. ഒന്നു നിര്‍മ്മാണാത്മകവും മറ്റൊന്നു നശീകരണവും ആണ്.
ഒരു ഫെമിനിസ്റ്റ് ജനിക്കുന്നത് മാനവിക നീതി ബോധങ്ങളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നുമാണ്.
എന്നാല്‍ ഒരു മിസ്രാന്‍റി ജനിക്കുന്നത് അച്ഛന്‍, അമ്മാവന്‍,ഭര്‍ത്താവ്, മകന്‍,
സഹോദരന്‍, കാമുകള്‍, പുരുഷ സുഹൃത്ത് എന്നിങ്ങനെ എന്തെങ്കിലുമായ നല്ല പുരുഷ അനുഭവങ്ങള്‍ ലഭിക്കായ്കയില്‍ നിന്നുമാണ്.
ഇതു രണ്ടും കൂടിക്കലര്‍ന്നു ഫെമിനിസം എന്ന ഒരൊറ്റ പേരില്‍ വരുമ്പോള്‍ ആര്‍ക്കും കയറി അലങ്കരിക്കാവുന്ന പദവിയായി ഫെമിനിസം തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യുന്നത്.
അതുകൊണ്ടാണ് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ എന്നു പൊതുവില്‍ അറിയപ്പെടുന്നവരുടെ ജീവിത ശൈലികളുമായി ഒരു സാധാരണ കുടുംബത്തിലെ കുടുംബിനിക്ക് പലപ്പോഴും യോജിച്ചു പോകാന്‍ കഴിയാത്തതും.
അതൊരിക്കലും കുടുംബ ഭദ്രതകളെ വലിച്ചു പൊട്ടിച്ചെറിയല്‍ അല്ല. പ്രകൃതി കനിഞ്ഞരുളിയ അമ്മത്വം മറന്നു പോകലുമല്ല.
നഗ്നത പ്രദര്‍ശിപ്പിച്ചും പുരുഷന്‍ ചെയ്യുന്നതെന്തും ഞങ്ങള്‍ക്കും ചെയ്യാം എന്നുള്ള വെല്ലുവിളിയുമല്ല. ആണായി മാറലല്ല ഫെമിനിസം. വ്യക്തിത്വമുള്ള പെണ്ണായി മാറലാണ്.
ലോക സമൂഹങ്ങളില്‍ പൊതുവേ സ്വാതന്ത്ര്യം കൂടുതല്‍ അനുഭവിക്കുന്ന യൂറോപ്യന്‍ വനിതകള്‍ പോലും ഒരിക്കലും മറ്റൊരു പുരുഷനാകാനുള്ള ടൂള്‍ ആയി അല്ല ഫെമിനിസത്തെ കാണുന്നത്.
മറിച്ചു അതൊരു വലിയ ആശയമാണ്. ലിംഗ അനീതികളില്‍ നിന്നും സ്ത്രീകളെ കരകയറ്റാന്‍ ലോകമെമ്പാടും ഉണ്ടായ പോരാട്ടങ്ങളുടെയും പ്രതിഷേധങ്ങളുടെയും ആകെത്തുകയുടെ പേരാണ് ഫെമിനിസം.
അതില്‍ തുല്യ ജോലിക്കു തുല്യ വേതനം,തൊഴിലിടങ്ങളിലെയും സമൂഹത്തിലേയും ലിംഗ വിവേചനം,സ്ത്രീ ഭാര്യയും അമ്മയുമായിക്കഴിഞ്ഞാൽ കുടുംബം നോക്കിയിരിക്കേണ്ടവൾ എന്ന പൊതുബോധം, സ്ത്രീകൾ വഹിക്കുന്ന പങ്കിനെ വിലകുറച്ചു കാണുന്ന സമൂഹത്തിലുള്ള മാനസികാവസ്ഥ, മതങ്ങളും സമൂഹവും ഉണ്ടാക്കിയെടുത്ത നിബന്ധനകള്‍ ശരിയാണെന്ന ധാരണ പോലെയുള്ള നിരവധിയായ ലിംഗ അസമത്വങ്ങള്‍ക്കെതിരിലുള്ള പോരാട്ടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
ഇത്തരം പോരാട്ടങ്ങളിൽ അതിപ്രശസ്തരായ പുരുഷ ഫെമിനിസ്റ്റുകള്‍ ഉൾപ്പെടുന്നു എന്നതു മാത്രമല്ല രസകരമായ വസ്തുത, ഫെമിനിസത്തെ എതിർക്കുന്നവരിൽ സ്ത്രീകളും ധാരളാമായി ഉണ്ട് എന്നതും കൂടിയാണ്.
Women against feminism എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ ” who need feminism” പോലെയുള്ള ലോക സ്ത്രീ കാമ്പയിനുകൾ വരെ കാണാം.
പുരുഷാധിപത്യത്തില്‍ കാലാകാലങ്ങളായി രൂപപ്പെട്ട, കാലത്തിനനുസരിച്ച് മാറാന്‍ തയ്യാറാകാത്ത ഒരു സിസ്റ്റത്തോടാണ് ഫെമിനിസം അതിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. അല്ലാതെ പുരുഷനോടല്ല.
അതില്‍ ചരിത്രാതീത കാല പുരുഷ ശരീര പ്രകൃതത്തിനു പങ്കുണ്ട്. അവന്റെ പേശീബലത്തിനു പങ്കുണ്ട്. പ്രകൃതിക്കു പങ്കുണ്ട്. ഗോത്രാധിപത്യത്തിനു പങ്കുണ്ട്. രാജാധിപത്യത്തിനു പങ്കുണ്ട്. മതങ്ങള്‍ക്കു പങ്കുണ്ട്.
ലോകവും കാലഘട്ടവും മാറിയപ്പോള്‍, ശക്തിയേക്കാള്‍ വലുത് ബുദ്ധി ആയപ്പോള്‍ സ്ത്രീകളും സ്വാശ്രയരായി. അവർ അറിവുകൾ നേടി. പക്ഷേ സിസ്റ്റം മാറിയില്ല. അതിനോടാണ് ഫെമിനിസം പോരാടുന്നത്. അല്ലാതെ പുരുഷനോടല്ല.
ആണോ പെണ്ണോ ആയ ഒരു ഫെമിനിസ്റ്റിന് തന്‍റെ സ്ത്രീ ശാക്തീകരണ പോരാട്ടത്തില്‍ കുടുംബ ജീവിതം ഒരു തടസ്സമല്ല. അവൾ എന്തിനും ഒരുമ്പെട്ടിറങ്ങിയവൾ അല്ല.
തന്‍റെ ജീവിതത്തിൽ ദുരന്തം വിതച്ച ഏതെങ്കിലും ഒരു ക്രിമിനലായ പുരുഷനല്ല അവരിലെ ഫെമിനിസത്തെ ഉണര്‍ത്തുന്നത്. അതൊരു കാരണമാവാം എന്നു മാത്രം. എങ്കിൽ തന്നെയും മറ്റെല്ലാ പുരുഷൻമാരെയും വെറുക്കാൻ അതൊരു കാരണമാക്കിക്കൂട.
നാമിന്നു കാണുന്ന മിക്ക ഫെമിനിസ്റ്റുകളും ജനിക്കുന്നത് ഒന്നുകിൽ വിവാഹത്തോടു കൂടിയാണ്. അല്ലെങ്കില്‍ അവര്‍ മനസ്സു കൊണ്ടു തൃപ്തിപ്പെട്ട പുരുഷ സൗഹൃദ ഇടങ്ങളില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളിൽ നിന്നുമാണ്. വെറുപ്പാണ് അവരുടെ ഉർജ്ജം. ചിന്തയല്ല.
ഇതിൽ തന്നെ വൈവാഹിക ജീവിതത്തെ പുരുഷാധിപത്യമാക്കി നില നിറുത്തുന്നത് പല രൂപത്തിലും കോലത്തിലുമായി സമൂഹം പിന്തുടര്‍ന്നു വരുന്ന കീഴ് വഴക്കങ്ങള്‍ തന്നെയാണ്. സമൂഹം ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും ഇനിയും മാറാനുണ്ട്.
അത്തരം കീഴ് വഴക്കങ്ങള്‍ തുടരുന്നതിലും നിലനിറുത്തുന്നതിലും ഓരോ പുരുഷനെയും വളര്‍ത്തി വലുതാക്കി വ്യക്തിത്വം രൂപപ്പെടുത്തുന്ന അമ്മമാര്‍ക്ക് വളരെ വലിയ പങ്കുണ്ട് എന്നു മറക്കരുത്. അഥവാ അവകാശ ബോധം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണ് ഫെമിനിസം എന്നു ചുരുക്കം.
ഫെമിനിസ ലേബൽ അവകാശപ്പെടുന്നവർ ചെയ്യേണ്ടത് ഇത്തരം സാമൂഹിക കുടുംബ മാനസികാവസ്ഥകളെ കുറിച്ചു പഠനം നടത്തലും ബോധവൽക്കരണം ചെയ്യലുമാണ്. അല്ലാതെ ക്രിമിനലുകളെ ലിംഗപരമായി കൂട്ടിക്കെട്ടി പുരുഷവർഗ്ഗത്തെ കൂട്ടമായി വെറുക്കാൻ പ്രേരിപ്പിക്കലല്ല.
കാരണം ഈ ലോകത്ത് അഛനെ സ്നേഹിക്കുന്ന മകളുണ്ട്. ഭർത്താവിനെ കാത്തു നിൽക്കുന്ന സ്ത്രീകളുണ്ട്. സഹോദരനെ കാണാൻ കൊതിച്ചു നിൽക്കുന്ന സഹോദരികൾ ഉണ്ട്. മകനെ ചേർത്തു പിടിച്ചുറങ്ങാൻ കൊതിക്കുന്ന അമ്മമാരുണ്ട്. സ്നേഹ നിധികളായ അമ്മാവൻമാരും ആൺ സുഹൃത്തുക്കളുമുണ്ട്.
അവരെയും കൂടി ഫെമിനിസത്തിനു ചേർത്തു പിടിക്കാനാവുന്നില്ലെങ്കിൽ അതു വെറും പുരുഷ വെറുപ്പിൽ അധിഷ്ടിതമായ മിസ്രാന്റിസം മാത്രമായിപ്പോകും. വ്യക്തിപരമായ ഫ്രസ്റ്റ്വേഷനുകൾ വർഗ്ഗപരമായ വിദ്വേഷത്തിനുള്ള ഉപകരണമാക്കുമ്പോൾ ഫെമിനിസമെന്ന വാക്ക് തീരെ ചുരുങ്ങിപ്പോകും.
അവസാനമായി ഒന്നും കൂടി പറഞ്ഞു നിറുത്തട്ടെ:
ആണെന്നും പെണ്ണെന്നും ഇല്ല
കറുത്തവരെന്നും വെളുത്തവരെന്നും ഇല്ല
പാവപ്പെട്ടവനെന്നും പണക്കാരനെന്നും ഇല്ല
ദേശ ഭിന്നതളില്ല
ഭാഷാ ഭേദങ്ങളില്ല
വലിപ്പച്ചെറുപ്പമില്ല
ലിംഗ വൈജാത്യങ്ങളില്ല
മതമില്ല
ജാതിയില്ല
രാഷട്രീയമില്ല
ദേശീയതയില്ല
വ്യത്യാസങ്ങളൊന്നുമില്ല
അന്തരങ്ങളൊന്നുമേയില്ല
.
.
.
ഹൃദയങ്ങളിലേയ്ക്കാണ് നോക്കുന്നതെങ്കിൽ…