മസ്തിഷ്കത്തില്‍ എഴുതപ്പെട്ട പൂര്‍വ്വ രേഖകള്‍ മായ്ച്ചു കളഞ്ഞില്ലെങ്കിൽ ‘മായിക കരചരണങ്ങള്‍’ എന്ന പ്രതിഭാസം നിങ്ങളെ വേട്ടയാടും

55

fasil shajahan

നാഡീശാസ്ത്രജ്ഞന്‍ വി എസ് രാമചന്ദ്രന്‍ രചിച്ച മഷ്തിഷ്കം കഥ പറയുന്നു എന്ന പുസ്തകത്തിൽ മായിക കരചരണങ്ങള്‍ എന്ന ഒരു പ്രതിഭാസത്തെ കുറിച്ചു പറയുന്നുണ്ട്.ഒരു വ്യക്തിയുടെ കൈ മുറിഞ്ഞു പോയെന്നു കരുതുക. ശരീരത്തിലെ കൈ ഇല്ലാതായി. എന്നാലും “മസ്തിഷ്കത്തിലെ കൈ” ഇല്ലാതാവുന്നില്ല. അതു കാരണം വര്‍ഷങ്ങള്‍ കഴിഞ്ഞാലും കൈ കൊണ്ടുള്ള എന്തെങ്കിലുമൊരു ആവശ്യം വരുമ്പോള്‍ കൈ നഷ്ടപ്പെട്ട ആളിന് ആ കൈ അവിടെ തന്നെയുണ്ടെന്ന തോന്നല്‍ ഉണ്ടാകും.അവയെ ചലിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. തദ്ഫലമായി ആ ഭാഗത്ത് അസഹ്യമായ വേദന രോഗി അനുഭവിക്കേണ്ടതായി വരുന്നു. ഇതാണ് മായിക കരചരണം. ഈ വേദന ഇല്ലാതാകണമെങ്കില്‍ അവിടെ ഒരു കൈ ഇല്ല എന്നു മസ്തിഷ്കത്തെ പഠിപ്പിച്ചെടുക്കണം. അതിനു വേണ്ടി അദ്ദേഹം തന്നെ കണ്ടെത്തിയ പരിഹാരമാണ് ദര്‍പ്പണപ്പെട്ടി( morror box).ഇതില്‍ നിന്നും മനസ്സിലാവുന്നത് മസ്തിഷ്കമാണ് എല്ലാം എന്നതാണ്.

അതാണ്‌ നമ്മുടെ ശാരീരിക അനുഭവങ്ങളെ പോലും ഉണ്ടാക്കുന്നത്‌. മസ്തിഷ്കത്തിനു വേദനയില്ലെങ്കില്‍ നമുക്കും വേദനയില്ല. ഇവിടെയാണ്‌ നമ്മുടെ ജീവിതത്തിലെ തകര്‍ന്നു പോയ സ്വപ്നങ്ങളെ കുറിച്ചുള്ള ഒരു വായന നടത്താന്‍ നമുക്കാവുക. മുറിഞ്ഞു പോയ ഒരു കൈയ്യിനു തുല്യമാണ് തകര്‍ന്നു പോയ നമ്മുടെ കിനാക്കളും. ഒരു കാലത്ത് ആ സ്വപ്നങ്ങളെ താലോലിച്ചും പരിപാലിച്ചും അതൊരു യാഥാര്‍ത്ഥ്യം പോലെ നമ്മുടെ തലച്ചോറില്‍ രേഖപ്പെട്ടു പോയിട്ടുണ്ടാകും.

പില്‍ക്കാലത്ത് അതു വെറുമൊരു പാഴ്ക്കിനാവ് മാത്രമായി ഖബറടക്കപ്പെട്ടു കഴിഞ്ഞാലും ആ ശൂന്യത നമ്മുടെ മസ്തിഷ്കത്തില്‍ രേഖപ്പെട്ടിട്ടുണ്ടാവില്ല. തദ്ഫലമായി ഏതെങ്കിലും സാഹചര്യങ്ങളില്‍ ആ കിനാവുകളെ ഉണര്‍ത്താന്‍ പോന്ന എന്തെങ്കിലും സംഭവിക്കുമ്പോള്‍ വീണ്ടും നമ്മുടെ തലച്ചോറ് ആ സ്വപ്നം കണ്ട കാലഘട്ടത്തിലേയ്ക്കു നമ്മെ കൈപിടിച്ചു കൊണ്ടു പോകും.
ആ പഴയ മോഹവലയത്തില്‍ വീണ്ടും നാം കിടന്നുരുളും.അതിനാവശ്യമായ സിഗ്നലുകള്‍ അയക്കും. ആ സിഗ്നലുകള്‍ക്ക് പക്ഷേ മറുപടി കിട്ടില്ല. കയ്യിലേയ്ക്കു സിഗ്നലുകള്‍ അയച്ചിട്ടു മറുപടി കിട്ടാത്തത് പോലെ, ഇവിടെയും മസ്തിഷ്കം ആശയക്കുഴപ്പത്തില്‍ പെടുന്നു. ആ സ്വപ്‌നങ്ങള്‍ ഇനിയൊരിക്കലും പൂവണിയാനുള്ളതല്ല എന്നു തിരിച്ചറിയുന്നു. അപ്പോള്‍ നമുക്ക് അഗാധമായ ദുഃഖം അനുഭവപ്പെടുന്നു.

എന്താണു പരിഹാരം? പരിഹാരം നേരത്തെ പറഞ്ഞ ദര്‍പ്പണപ്പെട്ടി തന്നെ. നമ്മുടെ മസ്തിഷ്കത്തില്‍ എഴുതപ്പെട്ട പൂര്‍വ്വ രേഖകള്‍ മായ്ച്ചു കളയണം. ഇനിയങ്ങിനെയൊന്നില്ല എന്നു തലച്ചോറിനെ പഠിപ്പിച്ചെടുക്കണം. ഇല്ലെങ്കില്‍ അതൊക്കെ ഓര്‍ത്ത്‌ ഇടയ്ക്കിടെ ദു:ഖിച്ചു കഴിയേണ്ടി വരും.