കോവിഡ് കാലത്ത് പുറത്തുപോയവർ വീട്ടിലേയ്ക്ക് തിരിച്ചു വരുമ്പോൾ

0
254

Fasil shajahan എഴുതിയത്

കോവിഡ് കാലത്ത് പുറത്തുപോയവർ വീട്ടിലേയ്ക്ക് തിരിച്ചു വരുമ്പോൾ :

ഇതുവരെ കോവിഡ് ബാധിച്ചവരെയും മരണപ്പെട്ടു പോയവരെയും നിരീക്ഷിച്ചാൽ, മിക്കവരുടെയും വീട്ടിൽ കോവിഡ് എത്തിച്ചത് ആ വീട്ടിലെ അംഗങ്ങൾ തന്നെയാണെന്നു കാണാം.
നമ്മുടെ വീട്ടിൽ കുട്ടികളുണ്ട്. പ്രായമായവരുണ്ട്. മറ്റു അംഗങ്ങൾ ഉണ്ട്. അതിനാൽ കോവിഡ് കാലത്ത് വീട്ടിൽ നിന്നും പുറത്ത് പോകേണ്ടി വരുന്നവർ ശീലിക്കേണ്ട ചില മിനിമം സംഗതികളുണ്ട്.

താഴെ പറയുന്ന കാര്യങ്ങൾ നമ്മുടെ ജാഗ്രതയിലെ “ശ്രദ്ധ” ഉദ്ദേശിച്ചു കൊണ്ട് എഴുതിയതാണ്. ഭയപ്പെടുത്താനല്ല. അമിത ജാഗ്രത കൊണ്ട് സ്വജീവതം വഴിമുട്ടിക്കുകയുമരുത്.

1- തീരെ ഒഴിവാക്കാൻ പറ്റാത്ത കാര്യത്തിനാണോ പുറത്ത് പോകുന്നത് എന്ന് രണ്ടു വട്ടം ആലോചിക്കുക. ഫോൺ വഴി പരിഹരിക്കാവുന്ന വിഷയമാണെങ്കിൽ പുറത്തു പോകാതിരിക്കുക. കാരണം കോവിഡ് കാലത്തെ യാത്ര നിരവധി തയ്യാറെടുപ്പുകൾ നമ്മോട് ആവശ്യപ്പെടും.
2- പുറത്തു പോയി തിരികെ വരുന്നതു വരെ കണ്ണ്, മൂക്ക്, വായ മുതലായ ഇടങ്ങളിൽ കൈ കൊണ്ട് തൊടാതിരിക്കാൻ മനസ്സുകൊണ്ട് ഒരു തയ്യാറെടുപ്പു നടത്തുക. മണിക്കൂറിൽ പരമാവധി 16 പ്രാവശ്യമെങ്കിലും കൈവിരലുകൾ മുഖത്ത് എത്തിക്കുന്നവരാണ് മനുഷ്യർ.
3- വീട്ടുവരാന്തയിൽ ഒരു സാനിറ്റൈസർ ബോട്ടിൽ സൂക്ഷിക്കുക. യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചു വരുമ്പോൾ, വീടിന്റെ ഡോർ ഹാൻഡിലുകൾ തുറക്കുന്നതിനു മുമ്പ് കൈകൾ സാനിറ്റൈസ് ചെയ്യാൻ വേണ്ടിയാണത്.
4- വൃത്തിയുള്ള മാസ്ക് ധരിക്കുക. വീണ്ടും വീണ്ടും ഉപയോഗിക്കുന്ന തരം മാസ്കുകൾ ആണെങ്കിൽ അത് ദിവസവും കഴുകി ഉണക്കി ഉപയോഗിക്കുക. ബസ് യാത്രകൾ, ലിഫ്റ്റുകൾ പോലെ മറ്റുള്ളവരുമായി വളരെ അടുത്തു നിന്നുകൊണ്ട് ഇടപെടേണ്ടവർ N-95 മാസ്കുകൾ പരമാവധി ഉപയോഗിക്കുക.
5- ആശുപത്രികൾ പോലെ കൂടുതൽ നിലകളുളള ബിൽഡിംഗുകളിൽ കോണികൾ ഉപയോഗിക്കേണ്ടി വരുമ്പോർ കോണിയുടെ പിടി (Handrail) തൊടാതിരിക്കുന്നതാണ് നല്ലത്. പ്രായമുള്ളവരും രോഗികളും അത്തരം സ്ഥലങ്ങളിൽ സൗകര്യമെങ്കിൽ ഹാൻഡ് ഗ്ലൗസുകൾ ഉപയോഗിക്കുക. പബ്ലിക് ഇടങ്ങളിലെ സ്വിച്ചുകൾ, ഡോർ ഹാൻഡിലുകൾ മുതലായവ കൈമുട്ടുകൊണ്ട് ഓപ്പറേറ്റ് ചെയ്യുക. ബാങ്കുകളിലെയും മറ്റും ഡസ്കുകളിൽ ചാഞ്ഞു വീണു നിൽക്കാതിരിക്കാൻ ശ്രമിക്കുക.
6- പരിചിതരുമായുള്ള ഹസ്തദാനം പൂർണ്ണമായും ഒഴിവാക്കുക. കാർഡ് ഉപയോഗിക്കുന്നില്ലെങ്കിൽ പണം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് കൈ കൊണ്ടു തന്നെയേ പറ്റൂ. ആ കൈകളെ തൊട്ടടുത്ത ഏതെങ്കിലും സ്ഥലത്തെ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കുക. ഒരു ചെറിയ സാനിറ്റൈസർ ബോട്ടിൽ കൈയ്യിൽ കരുതിയാലും മതി. പൊതു പേനകളും മറ്റുള്ളവരും കൂടി ഉപയോഗിക്കുന്ന വണ്ടികളുടെ ഹാൻഡിലും സ്റ്റെയറിംഗും തൊടുന്നവർ സമയാസമയം കൈകൾ സാനിറ്റൈസ് ചെയ്യണം.
7- ഇത്രയൊക്കെ നാം ചെയ്താലും നാമറിയാതെ എവിടെയെങ്കിലുമൊക്കെ നമ്മോടു സ്പർശിച്ചു പോയിട്ടുണ്ടാകാം. അതിനാൽ വീട്ടിൽ തിരികെ വന്നാലുടൻ കുട്ടികളെ വാരിപ്പുണരാതിരിക്കുക. ആരെയും സ്പർശിക്കാതിരിക്കുക. സംസാരിക്കാനുണ്ടെങ്കിൽ രണ്ടു മീറ്റർ അകലം പാലിക്കുക. വരാന്തയിൽ സൂക്ഷിച്ച സാനിറ്റൈസർ കൊണ്ടു കൈ വൃത്തിയാക്കിയ ശേഷം മാത്രം വീടിന്റെ ഡോർ ഹാൻഡിലുകൾ തുറക്കുക. ചെരുപ്പുകളും ഷൂസും പുറത്തു വെക്കുക. വീടിനകത്തു സൂക്ഷിക്കാതിരിക്കുക.
8- ഭക്ഷണം കഴിക്കുന്നതിനു മുമ്പ്, കുട്ടികളെ വാരിപ്പുണരുന്നതിനു മുമ്പ്, മാതാപിതാക്കൾക്ക് ഗുളികകൾ എടുത്തു കൊടുക്കുന്നതിനു മുമ്പ്, ജീവിത പാതിക്ക് ഉമ്മ കൊടുക്കുന്നതിന് മുമ്പ് ആദ്യം ചെയ്യേണ്ടത് കൈകൾ സോപ്പിട്ടു കഴുകലാണ്. ധരിച്ച വസ്ത്രം മാറലാണ്. അതലക്കാൻ ഇടലാണ്. ലിഫ്റ്റുകൾ, ബസ്, കാർ യാത്രകൾ, എ ടി എം തുടങ്ങിയവയെല്ലാം നമ്മുടെ വസ്ത്രങ്ങളെ കോവിഡീകരിക്കും. അലക്കാത്ത തുണികൾക്ക് നാലു ദിവസം വരെ കോവിഡ് വാഹകരാകാൻ സാധിക്കും. അതിനാൽ മാസ്ക് അടക്കം കഴുകാനിടണം.
യാത്രയ്ക്കു ശേഷം കുളിച്ചാൽ മാത്രമാണ് നാം പരമാവധി കോവിഡ് വിമുക്തരെന്നു പറയാനൊക്കൂ.
9- വീട്ടിലുള്ളവർ നമ്മുടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതു സാനിറ്റൈസർ കൊണ്ട് ക്ലീൻ ചെയ്യുക.
10- പുറഞ്ഞു നിന്നും പർച്ചേസ് ചെയ്ത സാധനങ്ങൾ സൂക്ഷിച്ചുപയോഗിക്കാം. പച്ചക്കറികളും ഫ്രൂട്ടുകളും മറ്റും പ്രധാന വൈറസ് വാഹകരല്ല.

എങ്കിലും അവ നന്നായി കഴുകി ഉപയോഗിക്കാം. അവ സാനിറ്റൈസ് ചെയ്യണ്ട. യു എസ് ബി, ടോർച്ച് പോലെയുള്ള വസ്തുകൾ ആണെങ്കിൽ ഉപയോഗിക്കുന്നതിനു മുമ്പ് സാനിറ്റൈസർ കൊണ്ടു തുടക്കാം. പേപ്പർ, പ്ലാസ്റ്റിക്കുകൾ, തുണികൾ, മെറ്റലുകൾ തുടങ്ങി ഏതു വസ്തുവിനും ഒന്നു മുതൽ 5 ദിവസം വരെ രോഗവാഹകരായിരിക്കാൻ കഴിയും. ഗ്രോസറി ബാഗുകളും ഇതിൽ പെടും. വെയിലുപയോഗിച്ച് ഉണക്കുന്നതാണ് നല്ലത്.

പ്രത്യേക പോയിന്റുകൾ:
* മുകളിൽ പറഞ്ഞ പേപ്പർ, പ്ലാസ്റ്റിക്കുകൾ, തുണികൾ, മെറ്റലുകൾ പോലെയുള്ള വഴിയിലൂടെ കോവിഡ് പകരാനുള്ള സാധ്യത കുറവാണ്. മറ്റൊരു കോവിഡ് രോഗി നേരിട്ടു സ്പർശിച്ച ഒന്നിൽ നമ്മുടെ സ്പർശനവും കൂടി സംഭവിച്ചാൽ അതു റിസ്കാണ് എന്നതിനാലാണ് അക്കാര്യം ഉണർത്തിയത്.
* അവരവരുടെ ഇടങ്ങളിൽ രോഗസാധ്യത കൂടുകയാണ് എന്ന് ഉറപ്പുണ്ടെങ്കിൽ വീട്ടിലെ അംഗങ്ങൾക്ക് ഹെൽത്ത് ഇൻഷൂറസ് എടുത്തു വെക്കുന്നത് ഗുണം ചെയ്യും.
* നമ്മുടെ വീട്ടിൽ രോഗികളോ ഗർഭിണികളോ ചെറിയ കുട്ടികളോ ഉണ്ടെങ്കിൽ യാത്രകൾ പരമാവധി ചുരുക്കാം. അർജന്റ് അല്ലാത്ത വീട് മോഡിഫൈയിംഗ്, മെറ്റീരിയൽ പർച്ചേസിംഗ്, ആചാര നേർച്ച യാത്രകൾ എല്ലാം മറ്റൊരു സമയത്തേയ്ക്ക് മാറ്റി വെക്കാം.