Fasil Shajahan
വാരിയൻ കുന്നൻ സിനിമയിൽ നിന്നും പൃഥിരാജും ആശിഖ് അബുവും പിൻമാറിയെന്നു കേൾക്കുന്നു. പിൻമാറിയെങ്കിൽ അതൊരു നല്ല വാർത്തയാണ്. കാരണം ഈയടുത്ത് ഇറങ്ങിയ മിക്ക സിനിമകളും നോക്കുക. എല്ലാം സംഘർഷഭരിതമാണ്. മതസ്പർദ്ധകളും വർഗ്ഗീയതയുമാണ് മിക്കതിന്റെയും പ്രമേയം.
ഇതിനിടയിൽ വന്ന ഇന്ദ്രൻസിന്റെ ഹോം എന്ന സിനിമ ഒരു കുളിർമഴ പോലെ അനുഭവപ്പെടാൻ തന്നെ കാരണം സംഘർഷഭരിതമായ സിനിമകളുടെ ഒഴുക്കു കൊണ്ടാണ്. ക്രിയാത്മക സിനിമ എന്നതിലേയ്ക്ക് സിനിമാലോകം നീങ്ങുകയാണ് ഇനി വേണ്ടത്. സിനിമ ഒരു മികച്ച കലാവേദിയാണ്.
ഏറ്റവും സെൻസിറ്റീവായ സബ്ജക്റ്റാണ് മതം. മത പരിസരങ്ങൾ നിറയുന്ന പഴയകാല ചരിത്രങ്ങളെ പോസ്റ്റ്മോർട്ടം ചെയ്തും വ്യാഖ്യാനിച്ചും വിവാദങ്ങളാക്കി മാറ്റിയും എങ്ങനെയെങ്കിലും സിനിമയെ വിജയിപ്പിച്ചെടുക്കാൻ വളരെ എളുപ്പമാണ്. പക്ഷേ അവിടെ വെച്ച് നമുക്ക് നഷ്ടമാകുന്നത് മനുഷ്യമനസ്സുകളുടെ അടുപ്പമാണ്. ആത്യന്തികമായി വെറുപ്പാണ് ഇത്തരം സിനിമകൾ മനുഷ്യ മനസ്സുകളിൽ ബാക്കി വെക്കുന്നത്. തിരിച്ചറിവുകളല്ല. വാർത്തകളിലും രാഷ്ട്രീയത്തിലും സിനിമകളിലും സീരിയലുകളിലും എഴുത്തുകളിലും സാഹിത്യരചനകളിലും പാട്ടുകളിലും നാമറിയാതെ മതം നിറയുന്നതും നമ്മെ മനുഷ്യരല്ലാതാക്കി മാറ്റുന്നതും നാം തന്നെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.അനുഭവിക്കുന്നുണ്ട്.
സിനിമ അടക്കമുള്ള എല്ലാ കലകൾക്കും വലിയ സ്വാധീനവും ഉദ്ദേശവും അനുവാചകരിലേയ്ക്ക് പകരാനുള്ള ബാധ്യതയുണ്ട്. എഴുത്താകട്ടെ, പ്രസംഗങ്ങളാകട്ടെ, മറ്റേതൊരു വേദിയുമാകട്ടെ, അവ സമൂഹത്തിന് പരസ്പരം സ്നേഹിക്കാനും മുന്നോട്ടു പോകാനുമുള്ള പ്രചോദനമായി മാറുകയാണ് വേണ്ടത്.
ആവിഷ്കാരസ്വാതന്ത്ര്യം എന്നത് ഒരു മഹത്തായ കാര്യം തന്നെ. പക്ഷേ മതം ചർച്ചയിൽ നിറയുന്ന ഒന്നും മനുഷ്യരെ ശാന്തിയിലേയ്ക്ക് നയിക്കില്ല. മനുഷ്യമനസ്സിലെ ശാന്തിയുടെ മതങ്ങൾക്ക് തെരുവിൽ വന്നാൽ ശാന്തതയുടെ ഭാവമേ സാധ്യമല്ല. ഈ ലോകത്തെ കോടാനുകോടിക്കണക്കിനായ സുന്ദരമായ അനുഭവങ്ങളെ ആസ്വദിക്കുന്നതിൽ നിന്ന്, അനുഭവിക്കുന്നതിൽ നിന്ന് അതു നമ്മെ അന്ധരാക്കുന്നുണ്ട്. മതമല്ലാത്ത ഒന്നും നമുക്ക് പരസ്പരം പറയാനില്ലാത്ത, ചർച്ച ചെയ്യാനില്ലാത്ത ഒരവസ്ഥ ഇവിടെ രൂപപ്പെടുന്നുണ്ട്.
മതത്തെ തെരുവിലെത്തിക്കുന്ന എന്തിനോടും തൽക്കാലം വിടുതലാവുന്നതാണ് ഇപ്പോൾ നല്ലത്. നമുക്ക് മറ്റെന്തെല്ലാം പറയാനുണ്ട്!..