വരൂ, നമുക്കു വീണ്ടും ചതിക്കപ്പെടാം
വിശ്വസിക്കാൻ പാകപ്പെട്ട ഒരു മനസ്സ് നിങ്ങൾക്കുണ്ടെങ്കിൽ ഒരിക്കലെങ്കിലും നിങ്ങൾ ചതിക്കപ്പെട്ടിട്ടുമുണ്ടാവണം. എന്നു വെച്ച് ജീവിതത്തിൽ ഇനിയൊരാളെയും കണ്ണടച്ചു വിശ്വസിക്കില്ല
216 total views, 1 views today

fasil shajahan
വരൂ, നമുക്കു വീണ്ടും ചതിക്കപ്പെടാം
വിശ്വസിക്കാൻ പാകപ്പെട്ട ഒരു മനസ്സ് നിങ്ങൾക്കുണ്ടെങ്കിൽ ഒരിക്കലെങ്കിലും നിങ്ങൾ ചതിക്കപ്പെട്ടിട്ടുമുണ്ടാവണം. എന്നു വെച്ച് ജീവിതത്തിൽ ഇനിയൊരാളെയും കണ്ണടച്ചു വിശ്വസിക്കില്ല എന്നാണു നിങ്ങളുടെ തീരുമാനമെങ്കിൽ, തുറന്നു പറയട്ടെ, നിങ്ങൾക്കതു സാധിക്കില്ല.
ഓരോ നിമിഷവും നാം ആരെയൊക്കെയോ എന്തിനോ ഒക്കെയോ വിശ്വസിച്ചു കൊണ്ടാണ് നാം ജീവിക്കുന്നത്. ശ്വസിക്കുന്ന വായുവിനെ വരെ. വായുവിനും നമ്മെ ചതിക്കാമല്ലോ. ഭോപ്പാലിൽ അതാണു സംഭവിച്ചത്. എന്നത്തേയും പോലെ ആ ദുരന്തദിവസവും ശ്വാസത്തെ ഉളളിലെടുത്ത മുപ്പതിനായിരം പേരാണ് അന്നു മരിച്ചത്.എന്നും ഭക്ഷണം വിളമ്പിത്തരുന്ന വീട്ടുകാരിക്ക് നിങ്ങളെ ചതിക്കാം. കൂടത്തായി ജോളി ആറു പേരെ കൊന്നു കൊണ്ട് അത് നമുക്ക് തെളിയിച്ചു തന്നതാണ്.
ശ്വാസത്തെ അവിശ്വസിച്ചു കൊണ്ടു നമുക്ക് ജീവിക്കാനാവില്ല. ലോകത്തുള്ളവരെല്ലാം ജോളിയാണെന്നു ചിന്തിക്കാൻ നമുക്കാവില്ല. ആയിക്കണക്കിന് വാഹനങ്ങൾ പായുന്ന റോഡിലൂടെ നമ്മൾ ഭയരഹിതമായി നടക്കുന്നത് ആ വാഹനങ്ങൾ നമ്മെ ഇടിക്കില്ല എന്ന വിശ്വാസത്താലാണ്.ഇങ്ങനെ കച്ചവടത്തിലെ ചതികൾ, ബന്ധങ്ങളിലെ ചതികൾ, വാക്കുകളിലെ ചതികൾ, പ്രണയത്തിലെ ചതികൾ, ഇടപാടുകളിലെ ചതികൾ..
ഒന്നുവെച്ചുകൊണ്ടും നമുക്ക് മറ്റൊന്നിനെ, മറ്റൊരാളെ അളക്കാനാവില്ല. ഇനിയൊരാളോടും ഇനിയിങ്ങനെയില്ല എന്നെങ്ങാനും നമ്മൾ തീരുമാനിച്ചാൽ തന്നെ, വീണ്ടും നമ്മൾ ചതിക്കപ്പെടില്ലായിരിക്കാം, പക്ഷേ നനവു കിട്ടാത്ത ചെടി പോലെ നാം വാടും. ഒരു ചെടി പോലും മുളക്കാത്ത മരുഭൂമിയായി മാറും.
നമ്മുടെ ഹൃദയം ഭാരമുള്ളതാകും. മനസ്സിന്റെ സ്വാഭാവികമായ ആർദ്രത നഷ്ടപ്പെട്ട് നമുക്കു പേറാനാവാത്തൊരു കട്ടി നമുക്കു കൈവരും. പുഞ്ചിരിക്കാൻ പോലും നമ്മളോട് മറന്നു പോകും.
വിശ്വസിക്കാൻ സാധിക്കുന്ന ഒരിടത്തു മാത്രമേ നിഷ്കളങ്കത സംഭവിക്കൂ. അതുകൊണ്ടാണ് കുഞ്ഞുങ്ങൾക്ക് ഇത്ര ഭംഗി. അങ്ങിനെയുള്ള ഒരു മനസ്സിനേ മറ്റൊരാളുമായി സൗഹൃദപ്പെടാനാകൂ. പ്രണയവും ചേർത്തു പിടിക്കുകലുകളും നിർഭയത്വവും ആത്മവിശ്വാസവും പ്രതീക്ഷയും സഹായമനസ്കതയും എല്ലാം പുലരുന്നത്, പിറവിയെടുക്കുന്നത്, നിലനിൽക്കുന്നത് “വിശ്വാസം” എന്ന അന്ധതയിലാണ്. വല്ലാതെ സൂക്ഷിച്ചു ജീവിക്കുന്നവർ, സൂക്ഷിച്ചു മാത്രം സംസാരിക്കുന്നവർ, ഒരകലം ഇട്ടുകൊണ്ടു മാത്രം ഇടപെടുന്നവർ, ഒരുപക്ഷേ വീണ്ടും ചതിക്കപ്പെടില്ലായിരിക്കാം, അല്ലെങ്കിൽ ഒരിക്കലും ചതിക്കപ്പെടില്ലായിരിക്കാം. പക്ഷേ അവരൊരിക്കലും ആത്മാർത്ഥ സൗഹൃദത്തിന്റെ അപാരതകൾ അനുഭവിക്കുന്നില്ല.
മനുഷ്യമനസ്സുകളുടെ താരതമ്യങ്ങളില്ലാത്ത സമർപ്പണങ്ങളെ അറിയാനവർക്കു കഴിയില്ല. പകരങ്ങളാഗ്രഹിക്കാത്ത മനുഷ്യ ഭാവങ്ങൾ അവരിൽ നിന്നും അകന്നു തന്നെ നിൽക്കും.
അവർക്ക് എല്ലാത്തിനോടും വിമുഖത അനുഭവപ്പെടും. അവരുടെ സംസാരങ്ങളിൽ പോലും അതു പ്രകടമായിരിക്കും. നിരാശയും ഭയവും അതിജാഗ്രതയും ഒറ്റപ്പെടലുകളും തന്നിലേയ്ക്കു തന്നെയുള്ള ചുരുങ്ങലുകളും നൂറുശതമാനം ഉറപ്പോടെ അവരിൽ സംഭവിച്ചിരിക്കും. അതിനാൽ, ഒരിക്കൽ ചതിക്കപ്പെട്ടാൽ, ചുറ്റുപാടിനെ, ചുറ്റിലുമുള്ളവരെ അന്ധമായി വിശ്വസിക്കാനുള്ള നമ്മുടെ അതിമഹത്തായ കഴിവിനെ ഉപേക്ഷിക്കാതിരിക്കുക. ഭൂമിയിലെ വസന്തങ്ങൾ മുഴുവൻ അതിലാണിരിക്കുന്നത്. പ്രപഞ്ചത്തിലെ ഓരോ അണുവും ചലിക്കുന്നത് പരസ്പരമറിയാത്ത ഏതോ പരസ്പര വിശ്വാസത്തിലാണ്.
മുറിവുകൾ പറ്റിയവർക്ക് ഇതൊരു മൈതാന പ്രസംഗമായി തോന്നാം. അതി തത്വചിന്തയെന്നു പരിഹസിക്കാം. കാരണം അത്രയേറെ ആഴത്തിലാണ് ഒരു ചതി മുറിവേൽപ്പിക്കുക. എന്നാലും കുഴപ്പമില്ല. ഞാനും ചതിക്കപ്പെട്ടവനാണ്. പക്ഷേ ചതിയോടുള്ള എന്റെ നിലപാട് ഇതാണ്.അതെന്തെങ്കിലുമാവട്ടെ, ചതിക്കപ്പെട്ടു കഴിഞ്ഞാൽ അവിടെ രണ്ടു കഥാപാത്രങ്ങൾ ഭൂമിയിൽ ജനിക്കുന്നു
1- ചതിച്ചവൻ/വൾ
2- ചതിക്കപ്പെട്ടവൻ/വൾ
ഇവരുടെ ഭാവിജീവിതം എങ്ങനെയായിരിക്കും?
രണ്ടാമതൊരു ചോദ്യം കൂടിയുണ്ട് :
എപ്പോഴാണ്, എങ്ങനെയാണ് ഒരു ചതി ഒരുങ്ങുന്നത്? ഒരു ചതിക്കായുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്? യാതൊരു സ്വഭാവദൂഷ്യവും ഇല്ലാതിരുന്ന ഒരാളെങ്ങനെയാണ് പെട്ടെന്നു ഒരു ചീറ്ററുടെ കുപ്പായമണിയുന്നത്?
അടുത്ത എഴുത്തിൽ നമുക്കത് പരിശോധിക്കാം. കൂടുതൽ അറിവുകളിലേയ്ക്ക് നമുക്കു കടന്നു ചെല്ലാൻ അതു സഹായിക്കും എന്ന നിലയിൽ ഒരു ചർച്ച പോലെയാണിത് ഞാൻ നിങ്ങളോടു പറയുന്നത്. അല്ലാതെ എല്ലാം തികഞ്ഞൊരു ഉപദേശകനായല്ല. ബാക്കി അടുത്ത എഴുത്തിൽ..
217 total views, 2 views today
