ഈ ഗൃഹവനവാസകാലത്ത്‌ കൊറോണയുടെ വ്യാപനവും അതിനെ കുറിച്ചുള്ള ടീവി വാർത്തകളും നിങ്ങളെ ഉത്കണ്ഠയിലും ഭയത്തിലും ആഴ്ത്താതെ ശ്രദ്ധിക്കുക

54
Fasil Shajahan
ഗൃഹവനവാസകാലം
അങ്ങിനെ നമ്മളിൽ ഒട്ടു മിക്കവരും നമ്മുടെ വീടുകളിലേയ്ക്കു മടങ്ങി. നമ്മളിലേയ്ക്കു ചുരുങ്ങി.
ഇനി നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നമ്മുടെ നിലനിൽപ്പുകളായ രക്ഷിതാക്കളിലേയ്ക്കും മക്കളിലേയ്ക്കും ഇണകളിലേയ്ക്കുമാണ്. കൊറോണയുടെ വ്യാപനവും അതിനെ കുറിച്ചുള്ള വാർത്തകളും അവരെ ഉത്കണ്ഠയിലും ഭയത്തിലും ആഴ്ത്തുന്നുണ്ട്. ഈയൊരു ഘട്ടത്തിൽ നമ്മുടെ വീട്ടിലെ കുട്ടികളുടെയും പ്രായമായവരുെടെയും മാനസികാവസ്ഥകളിൽ നാം പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.ഹൃദയസംബന്ധിയായ അസുഖമുള്ള പ്രായമായ ആയ രക്ഷിതാക്കളെ കോവിഡ് 19 വളരെ വേഗം കീഴ്പ്പെടുത്തും. അവർ വീടുകളിൽ നിന്ന് പുറത്തേക്ക് പോകാൻ വാശി പിടിക്കുമ്പോൾ അവരെ വേദനിപ്പിക്കാതെ തന്നെ കാര്യ ഗൗരവം പറഞ്ഞു മനസ്സിലാക്കണം.നാം ശ്രദ്ധിക്കാതെ നമ്മുടെ വീടുകളിൽ നടത്തുന്ന ചർച്ചകളും നമ്മുടെ ബോഡി ലാംഗ്വേജുകളും റെസ്പോൺസുകളും നമ്മുടെ കുഞ്ഞുങ്ങളിൽ നാമറിയാത്ത ആകുലതകളും ആഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്.നമ്മൾ തന്നെയും ഇനിയെന്താകും എന്നു ചിന്തിച്ചു കുഴയുന്നുണ്ട്. ഉദാ: സ്വന്തം സുരക്ഷയെ കുറിച്ചും തങ്ങളുടെ പ്രിയപ്പെട്ട ആളുകളുടെ അവസ്ഥയെക്കുറിച്ചും സദാസമയവും ആകുലരായിരിക്കുക
ഭക്ഷണ സമയത്തിലും ഉറക്ക സമയത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ. ഉറക്കമില്ലായ്മയും ഏകാഗ്രത നഷ്ടപ്പെടലും.ആരോഗ്യമാനസികനില മോശമാകലും അസ്വസ്ഥതപ്പെടലും.മദ്യപാനത്തിലും പുകവലിയിലും മറ്റു ലഹരി ഉപയോഗങ്ങളിലുമുള്ള വർധന.ഇത്തരം നിർണായക ഘട്ടങ്ങളിൽ ചില ഉത്തരവാദിത്തങ്ങൾ നാം സ്വയം തന്നെ ഏറ്റെടുക്കണം. പ്രതീക്ഷകൾ കൈവെടിയാത്തവരായും ആത്മവിശ്വാസം പുലർത്തുന്നവരായും നമ്മുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ നടക്കണം. നേതൃഗുണം കാണിക്കണം. നമ്മുടെ സ്വന്തം വീടിനുള്ളിൽ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരു അന്തരീക്ഷം മന:പ്പൂർവ്വം സൃഷ്ടി ക്കാൻ നമുക്ക് കഴിയണം. അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു ദിനങ്ങളാക്കി നമ്മുടെ ഈ ഗൃഹ വാസത്തെ മാറ്റിയെടുക്കാൻ നാം പരിശ്രമിക്കണം.
കുട്ടികളെ ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ നിർമ്മിക്കാം. നമ്മുടെ മുറ്റത്ത് പുതിയ പൂന്തോട്ടമൊരുക്കാം.എത്രയോ കാലമായി നാം ബന്ധപ്പെട്ടിട്ടില്ലാത്ത നമ്മുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണിലൂടെ ബന്ധപ്പെടാം.നമ്മെ വീണ്ടും വീണ്ടും അസ്വസ്ഥതപ്പെടുത്തുന്ന വാർത്താ ചാനലുകൾ കാണുന്നതിനു പകരം കുടുംബവുമൊത്ത് നല്ല നല്ല സിനിമകൾ കാണാം.
ഒരു അനുഗ്രഹം പോലെ നമുക്ക് ലഭിച്ചിരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ, മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാം.നമുക്ക് ചുറ്റിലും ഉള്ള ഏതെങ്കിലും അയൽവാസിയോ ബന്ധുവോ അയൽ സംസ്ഥാന തൊഴിലാളിയോ ഹൃദയ ബന്ധത്തിലുള്ള നാട്ടുകാരനോ പട്ടിണിയിൽ പെട്ടു പോയിട്ടുണ്ടോ എന്ന് അന്വേഷിക്കാം.അങ്ങിനെ പലതും.അപ്രതീക്ഷിതമായി നമ്മിൽ വന്നുഭവിച്ച ഈ ഗൃഹ വനവാസകാലത്തെ നിങ്ങൾ എങ്ങനെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് ഇവിടെ പറഞ്ഞാൽ അത് മറ്റുള്ളവർക്ക് കൂടി സഹായകമാകും.