ഓരോരുത്തരും ഓരോ തരക്കാരാവുന്നത് ഒരു മാന്ത്രികതയോ മായാജാലമോ ആയിട്ടല്ല

23

Fasil Shajahan

ഓരോരുത്തരും ഓരോ തരക്കാരാവുന്നത് ഒരു മാന്ത്രികതയോ മായാജാലമോ ആയിട്ടല്ല.

അങ്ങിനെയാവാൻ അവർക്ക് അവരുടെ കുഞ്ഞു കുട്ടിക്കാലത്ത് അവരുടെ അമ്മയും അച്ഛനും അവർ വളർന്നു വലുതായ പരിസരങ്ങളും “അറിഞ്ഞോ അറിയാതെയോ” അവസരം നൽകിയിട്ടാണ്. അറിഞ്ഞോ അറിയാതെയോ എന്ന വാചകം പ്രത്യേകം ശ്രദ്ധിച്ചിരിക്കുമല്ലോ. കാരണം, കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് നമ്മുടെ കണക്കു കൂട്ടലുകൾക്കും അപ്പുറത്ത് വേറെയും നൂറു നൂറായിരം കാരണങ്ങൾ ഘടകങ്ങളാവുന്നുണ്ട്. സ്കൂളിൽ വിടുന്നതു വരെ കുട്ടികൾ ഏകദേശം രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും തൊട്ടടുത്ത അയൽവാസികളുടെയും കയ്യിലാണ്.

പിന്നെ അവരുടെ മനസ്സിൽ രക്ഷിതാക്കളേക്കാൾ സ്ഥാനം അധ്യാപകർ നേടിത്തുടങ്ങും. പതിയെപ്പതിയെ സഹപാഠികൾ, കലാ കായിക ഇടപെടലുകൾ, നാട്ടുകാർ, കമ്പ്യൂട്ടർ ഒക്കെയായി കുട്ടികളുടെ പരിസരം വികസിക്കാൻ തുടങ്ങും. അവിടന്നങ്ങോട്ട് കരുതലുകളുടെ ഒരു ചുമതല മാത്രമേ രക്ഷിതാക്കൾക്കു കാര്യമായി നിർവ്വഹിക്കാനാവൂ. “കരുതലുകൾ” എന്നത് ഒരു മാന്ത്രികതയാണ്. ചില രക്ഷിതാക്കളിൽ അതു നൈസർഗ്ഗികമാണ്. ചില രക്ഷിതാക്കളിൽ അത് വായനയിലൂടെയും മറ്റു വഴികളിലൂടെയും വന്നു ചേർന്നതും. ചിലർ ആ വഴിക്കേ ചിന്തിച്ചിട്ടുണ്ടാവില്ല. എങ്ങനെയായായും ഭക്ഷണം കഴിക്കുന്ന കുട്ടികൾ വളരും. വലുതാവും. ഒരു ടീൻ എയ്ജിനു മുമ്പു തന്നെ അവരുടെ ഭാവി സ്വഭാവത്തിന്റെ വഴി പരിപൂർണ്ണമായും എഴുതപ്പെടും.

അവിടുന്നങ്ങോട്ട് അവർ കൗമാരവും യൗവ്വനവും യുവത്വവും വൈവാഹികതയും കടന്ന് മധ്യവയസ്കതയിലേയ്ക്കു നടക്കും. ഇവിടെ “വൈവാഹികത” ഒരു ജീവിത കാലഘട്ടമായി ചേർത്തത് മനപ്പൂർവ്വമാണ്. മധ്യവയസ്കതയിലെത്തി നിൽക്കുന്ന ഏതൊരാളുടെയും നയനിലപാടുകളിലും പെരുമാറ്റങ്ങളിലും, അതു പ്ലസ് ആയാലും മൈനസ് ആയാലും, അവരുടെ വൈവാഹിക ജീവിതം ഉണ്ടാക്കിയ മാറ്റത്തേക്കാളും വലിയ ഒരു മാറ്റം മറ്റൊന്നുണ്ടാവില്ല.തൊഴിലിടങ്ങളും പ്രവാസവും സൗഹൃദങ്ങളുടെ കോലവും സാമ്പത്തിക സ്ഥിതിയും വീണ്ടും ഒരാളുടെ പെരുമാറ്റത്തിൽ സ്വാധീനം ചെലുത്തും.

പക്ഷേ എന്തു തന്നെയായാലും ശരി, ഏതൊരു മാറ്റമായാലും ശരി, ഓരോ വ്യക്തിയിലും ടീൻ ഏജിനു മുമ്പ് രേഖപ്പെട്ടു പോയ ഒരു ഭരണഘടനയുണ്ട്. അതു തന്നെയാണ് പിൽക്കാലത്തുള്ള ഓരോ ജീവിത ഘട്ടങ്ങളിലും അടിസ്ഥാനപരമായി ഓരോ വ്യക്തിയേയും അറിഞ്ഞോ അറിയാതെയോ നയിക്കുക. (വളരെ വളരെ ചെറിയ അളവിൽ പാരമ്പര്യവും സ്വാധീനം ചെലുത്തും) ആ ഭരണഘടനാ പുസ്തകം എഴുതാൻ ഏൽപ്പിക്കപ്പെട അംബേദ്കർമാരാണു നമ്മൾ. അതിനാൽ ഈ ലോക് ഡൗൺ കാലത്തെ വീണു കിട്ടിയ ഒഴിവു സമയങ്ങളിൽ നമുക്ക് നമ്മുടെ മക്കളിലേയ്ക്കു തിരിയാം.

പിറന്നു വീഴുമ്പോൾ വെളുത്ത കടലാസായി പിറന്നവരാണവർ. അതിലെ ഓരോ അക്ഷരവും എഴുതിയത് നമ്മളാണ്. ഓരോ വരയും കോറിയിട്ടതും നാം തന്നെയാണ്. അതിൽ നേർരേഖകൾ പതിപ്പിക്കാൻ, വർണ്ണങ്ങൾ നിറക്കാൻ, സുഗന്ധവും സംഗീതവും കൊണ്ടു ആ താളുകളെ പൊതിയാൻ നമുക്കു ശ്രമിക്കാം.