കൊറോണ ഇപ്പോൾ അന്യനല്ല, കുറച്ചും കൂടി കഴിഞ്ഞാൽ കൂടപ്പിറപ്പിനെ പോലെ ആവേണ്ടവനാണ്

0
105

Senior govt doctor, another man die of COVID-19 in Bengal - INDIA ...Fasil Shajahan

ഇന്ന് രണ്ടു എഫ് ബി സുഹൃത്തുക്കളാണ് അവർക്ക് കോവിഡ് പോസിറ്റീവായിരിക്കുന്നു എന്നറിയിച്ചത്. ഇതുവരെയും അത് ഒന്നിടവിട്ട ദിവസങ്ങളിൽ അറിഞ്ഞിരുന്ന വിശേഷമായിരുന്നു.അതിനും മുമ്പ് നാലു അകന്ന ബന്ധുക്കൾക്ക് വരികയും അതിൽ രണ്ടു പേർ ചികിൽസ കഴിഞ്ഞു വീട്ടിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.എന്നാലും ഒരിക്കൽ , അതും മാസങ്ങൾക്കു മുമ്പ് , കൃത്യമായി പറഞ്ഞാൽ 2019 ഡിസമ്പറിൽ, അപ്രതീക്ഷിതമായി യൂട്യൂബ് അപ്ഡേറ്റിൽ കണ്ട കൊറോണ എത്ര വേഗത്തിലാണ് ഒന്നിച്ചു പഠിച്ച സഹപാഠിയെപ്പോലെ ചിരപരിചിതനായത് !

എത്രയോ ദൂരെ അങ്ങു ചൈനയിലെ വുഹാനിൽ അതു മരണം വിതക്കുന്ന വാർത്തകൾ ജനുവരിയിലെ ആദ്യവാര ചാനൽ വാർത്തകളിൽ നിറയുമ്പോഴും ആമസോൺ കാടുകളിൽ തീ പടരുന്നു എന്ന വാർത്ത പോലെയേ തോന്നിയിരുന്നുള്ളൂ.ഇപ്പോൾ കളരിമുറയിൽ പറയുന്ന പോലെ ഇടത്ത് കൊറോണ, വലത്ത് കൊറോണ, നിലത്ത് കൊറോണയിൽ ചവിട്ടിക്കുത്തി , മുകളിൽ നേര്‍കാല്‍ .ഇരുത്തിക്കാല്‍… സൂചിക്കാല് .വെറുതെ കാലിന്റെ എണ്ണം കൂടുകയേ ഉള്ളൂ , അതിലുമധികം കൊറോണയായി. കോവിഡായി.

ഇപ്പോൾ അറിയാവുന്ന എല്ലാ മേഖലയിലുമുള്ള സുഹൃത്തുക്കൾ തന്നെ ഇരുപതിലധികമായി. ഇനിയിപ്പോ പഴയതു പോലെ കോവിഡു വന്ന മകൻ വരുന്നതോർത്തു വീടുപൂട്ടി സ്ഥലം വിട്ട അമ്മമാരൊന്നും ഉണ്ടാവില്ല. എല്ലാവർക്കും കൊറോണ ചിരപരിചിതമായി. പ്രവാസികളെ തെറി പറഞ്ഞവരൊക്കെ ഇപ്പോൾ ആശാ പ്രവർത്തകരെ ആശ്രയിക്കുകയാണ്. ബംഗാളികളെ കണ്ടതുപോലെ അന്യ സംസ്ഥാന മലയാളികളോട് അത്ര കലിപ്പ് ഇല്ല. അഥവാ കൊറോണ ഇപ്പോൾ അന്യനല്ല. കുറച്ചും കൂടി കഴിഞ്ഞാൽ കൂടപ്പിറപ്പിനെ പോലെ ആവേണ്ടവനാണ്. അപ്പോൾ പിന്നെ രക്ഷപ്പെടാൻ എന്താ വഴി ? ജാഗ്രത തുടരുക. പരസ്പരം ശരിയായ വിവരങ്ങൾ നൽകുന്നവരായി മാറുക. മഹാമാരിയെ മറന്ന് വിവാദങ്ങളിൽ മുങ്ങിക്കുളിച്ചു സ്വയം നഷ്ടപ്പെടുത്താതിരിക്കുക. ഭയവും ജാഗ്രതയും ഒന്നല്ല എന്നു തിരിച്ചറിയുക.