ഒരു രാഷ്ട്രീയ വിധവ കൂടി കേരളമണ്ണില്‍ പിറന്ന ദിനം

0
59

Fasil Shajahan

2012 മേയ് നാലിന് ‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്നതിനേക്കാള്‍ രമ എന്ന വിധവ ജനിച്ച ദിവസം കൂടിയാണ് അത്. ഒരു രാഷ്ട്രീയ വിധവ കൂടി കേരളമണ്ണില്‍ പിറന്ന ദിനം. ആ സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി കൊന്നു കളഞ്ഞ ആണുങ്ങളുടെ അഞ്ഞൂറിലധികം നിശ്ശബ്ദരായ വിധവകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അവർ രോഗികളോ വൃദ്ധരോ ആയിരുന്നില്ല. അനാഥരോ അഗതികളോ ബുദ്ധിമാന്ദ്യം സംഭവിച്ചവരോ ആയിരുന്നില്ല. അവർക്കാകെ നഷ്ടപ്പെട്ടത് അവരുടെ ഭർത്താക്കന്മാരെ മാത്രമാണ്. എങ്കിലും അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അവര്‍ നിശ്ശബ്ദരായിരുന്നു. പക്ഷേ രമ നിശ്ശബ്ദ ആയില്ല.

2012 ആയപ്പോഴേയ്ക്കും സോഷ്യല്‍ മീഡിയയും ഒരു വലിയ ശക്തിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. വിധവകളുടെ കണ്ണുകളിൽ നിന്നുമുതിർന്ന ഓരോ തുള്ളിയും എഴുത്തുകാര്‍ അക്ഷരങ്ങളാക്കി മാറ്റി. അതോടൊപ്പം നിരവധി ഡോക്യുമെന്ററികളും പുറത്തിറങ്ങി.ഇതെല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള മലയാള മനസ്സിന്‍റെ പ്രതിഷേധം കേരളമാകെ കത്തിപ്പടര്‍ന്നു. ആ രോഷം ട്രേഡ് യൂണിയനിസത്തിനെതിരെയും നോക്കു കൂലിക്കെതിരെയും ബന്ദു-ഹര്‍ത്താലുകള്‍ക്കെതിരെയും എല്ലാം ഫണമുയര്‍ത്തി.കേരള രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളും പരസ്പരം കൊന്നു തള്ളിയിട്ടുണ്ട്. അതില്‍ 102 പേരെ കൊന്ന് സിപിഐ എം ഒന്നാം സ്ഥാനത്തെങ്കില്‍ , കേരള മണ്ണില്‍ ഇനിയും രാഷ്ട്രീയ സ്ഥാനം ഉറപ്പിച്ചിട്ടില്ലാത്ത സംഘപരിവാരമാണ് തൊട്ടു പിറകില്‍ ഉള്ളത്. 97 പേര്‍.

ടിപി കൊല്ലപ്പെട്ടതിനു ശേഷം ഈ എട്ടു വര്‍ഷത്തിനുള്ളില്‍ പിന്നെയും 61 പേര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടു. അതില്‍ തന്നെ 30 കൊലപാതകങ്ങളില്‍ സിപി ഐ എമ്മും 15 കൊലപാതകങ്ങളില്‍ സംഘപരിവാരവും ആയി മുന്നിട്ടു നില്‍ക്കുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ ഇത്തരം വാര്‍ത്തകള്‍ ഒരുകാലത്ത് പത്രങ്ങളുടെ മുഖ്യപേജുകളില്‍ നിന്നും അകം പേജുകളിലേയ്ക്ക്
മാറിയിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ചാകുന്നവര്‍ പോയി ചാകട്ടെ എന്ന അതേ നിസ്സംഗതയില്‍ എത്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇപ്പോള്‍ കൊല്ലപ്പെട്ടവരുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ മാത്രമേ വലിയ ചര്‍ച്ച ആവാറുള്ളൂ. ഇനിയും വിധവകളെ ഉണ്ടാക്കാത്ത, ആങ്ങളമാരെ നഷ്ടപ്പെടുന്ന പെങ്ങള്‍സിനെ സൃഷ്ടിക്കാത്ത, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണുനീര്‍തുള്ളികള്‍ ശാപമാകാത്ത രാഷ്ട്രീയത്തിലേയ്ക്ക് നമുക്കു നടന്നടുക്കണം. അതിനുള്ള ഓര്‍മ്മപ്പെടുത്തലാകട്ടെ ടിപിയുടെ രക്തസാക്ഷി ദിനം.