മനുഷ്യരെ അറിയാനും അനുഭവിക്കാനും ചില വഴികൾ

0
100

ഫാസിൽ ഷാജഹാൻ

മനുഷ്യരെ അറിയുക, നമ്മെ മനുഷ്യരെ അറിയിക്കുക എന്നതിൽ പരം സുന്ദരമായ മറ്റൊന്നും ഈ ഭൂമിയില്ല. അത്രയും സുന്ദരമായ കടലും അത്രയും വിശാലമായ ആകാശവും ഈ ദുനിയാവിലില്ല. പൂക്കളേക്കാൾ മൃദുലമാണ് മനുഷ്യർ. ചേർത്തുപിടിച്ചാൽ ഏതു പ്രായത്തിലും ഒരു കുഞ്ഞായി മാറുന്ന ജീവി ലോകത്തുണ്ടെങ്കിൽ അതു മനുഷ്യരാണ്. ഒരു ഗാലക്സിലെ അത്രയും നിറങ്ങൾ ഓരോ ആളുകളിലുമുണ്ട്.പക്ഷേ ഇതിനൊക്കെയും വേണ്ടത് ഒരാൾക്ക് മറ്റൊരാളെ “അറിയാനാവുക” എന്നതാണ്. ഞാനെപ്പോഴും എന്റെ പ്രാർത്ഥനകളിൽ ദൈവത്തോട് നന്ദി പറയാറുള്ള പ്രധാന വിഷയത്തിൽ ഒന്ന് ഇന്റർനെറ്റ് ഭൂമിയിൽ ഇറക്കിത്തന്നതിനാണ്.
ഇല്ലെങ്കിൽ ഈ ഭൂമിയിലെ ഇത്രയും സുഗന്ധങ്ങളെ, ഇത്രയും വർണ്ണങ്ങളെ, ഇവിടെയുള്ള എവിടെയോ കിടക്കുന്ന വൈവിധ്യങ്ങളെ ഒരിക്കലും അറിയാതെ മരിച്ചു പോകുമായിരുന്നു.നമുക്ക് ആരെയെങ്കിലും അറിയണം എന്നുണ്ടെങ്കിൽ നാം ആദ്യം “നമ്മെ” അറിയിക്കണം. എന്റെ ഈ എഴുത്തു പോലും എന്നെ പരിചയപ്പെടുത്തലാണ്.

അതിനു വേണ്ടത് കഴിവുകളല്ല. നമ്മുടെ ഏറ്റവും വലിയ ശത്രുവായ നമ്മെക്കുറിച്ചു തന്നെയുള്ള കോംപ്ലക്സുകളെ നമ്മെക്കാൾ മുകളിൽ വളരാൻ അനുവദിക്കാതിരിക്കുക എന്നതാണ്. ഓരോ മനുഷ്യരും യുണീക് ആണ്. ഒരാൾക്കു പകരം മറ്റൊരാൾ ഈ ഭൂമിയിലില്ല. ഈ ഭൂമിയിൽ എല്ലാവരും സെലബ്രിറ്റികൾ ആണ്. സുന്ദരൻമാരും സുന്ദരികളുമാണ്. ഒന്ന് ഉറക്കെ കൂക്കി വിളിച്ചിട്ടെങ്കിലും ഞാനെന്നൊരാൾ ഇവിടെയുണ്ടെന്ന് നാം മറ്റുള്ളവരെ അറിയിക്കണം. അപ്പോൾ മാത്രമേ അവർ നമ്മിലേയ്ക്ക് എത്തുന്നുള്ളൂ.

ഞാൻ പറഞ്ഞില്ലേ, മനുഷ്യരേക്കാൾ സുന്ദരമായ ഒരു കാഴ്ചയും ഈ പ്രപഞ്ചത്തിലില്ല. എന്തെല്ലാം അറിവുകൾ, എന്തെല്ലാം നിഗൂഢതകൾ, ഏതേതു തരം വന്യതകൾ, എന്തുമാത്രം പുതിയ കാഴ്ചകൾ !മനുഷ്യരെ അനുഭവിക്കാൻ രണ്ടാമതായി നമുക്ക് വേണ്ടത് നമ്മെ അവർക്കു വിശ്വസിക്കാനാവുക എന്നതാണ്. പരസ്പര വിശ്വാസത്തിൽ മാത്രം വിരിയുന്ന പൂവാണ് മനുഷ്യർ.
ആ വിശ്വാസത്തിലാണ് ഒരു പ്രണയം പൂവിടുന്നത്. ആ വിശ്വാസത്തിലാണ് ഒരു സൗഹൃദം മൊട്ടിടുന്നത്. ആ വിശ്വാസത്തിലാണ് ഓരോ സാമീപ്യവും സംഭവിക്കുന്നത്.

അടുത്തതായി വേണ്ടത് സ്വകാര്യതകളുടെ സംരക്ഷണമാണ്. തെറ്റിപ്പിരിഞ്ഞാൽ പോലും പൊട്ടിപ്പോവാത്ത അണക്കെട്ടാണ് നമ്മളെന്ന ബോധ്യം ഇതരന് അനുഭവപ്പെടുക എന്നതാണ്.അപ്പോൾ എന്താണ് രഹസ്യം എന്ന ചോദ്യം വരും. അത് സെക്സാണോ? അല്ല. ഒരു പ്രത്യേക വ്യക്തിയോടു മാത്രമായി നാം കൈമാറുന്നതെല്ലാം രഹസ്യമാണ്. എന്റെ ഒരു വലിയ രഹസ്യം രണ്ടു പേരോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതു തന്നെ പറയേണ്ട ആവശ്യം വന്നതു കൊണ്ട് . അവരാരും ഇന്നേവരെ അതാരോടും വെളിപ്പെടുത്തിയിട്ടില്ല. വെളിപ്പെടുത്തിയാൽ ഇവിടെ ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീഴുകയൊന്നുമില്ല.എങ്കിലും അവരത് ആരോടും പറഞ്ഞില്ല. കാരണം ആ രഹസ്യത്തിന്റെ ഉടമ ഞാനാണ്. ഞാൻ ആവശ്യപ്പെട്ടാലല്ലാതെ അതിന്റെ വിതരണാവകാശം മറ്റൊരാൾ, ഒരു നല്ല ഉദാഹരണത്തിനു പോലും ഉപയോഗിക്കാൻ പാടുളളതല്ല. അതിന്റെ കോപ്പി റൈറ്റ് എനിക്കുള്ളതാണ്.

ഞാനെന്റെ സംസാരമിവിടെ ചുരുക്കുകയാണ്. അവസാനമായി പറയട്ടെ, മനുഷ്യരെ അറിയാൻ, അവരെ നുകരാൻ ഒന്നുകൂടി വേണം.ഏതൊരാളുമായും ഏതു നിമിഷവും നാം അകലാം. പിരിയാം. കടിച്ചു കീറി പൊട്ടിച്ചിതറാം. അതുമല്ലെങ്കിൽ സ്വയം നമുക്ക് ഓരോന്ന് ആലോചിച്ച് നമ്മെത്തന്നെ സ്വയം കഷണങ്ങളാക്കി നുറുക്കാം.എന്തോ ആയിക്കോട്ടെ, പക്ഷേ ആ ചിതറിയ ചോര നമ്മിൽ തന്നെ കിടന്ന് വറ്റണം. അതു മറ്റൊരിടത്തേയ്ക്കു പകരരുത് . അതാണ് ഹീറോയിസം. അതാണ് തറവാടിത്തം.ഇങ്ങിനെ ചെയ്യുന്നത് അപരനു വേണ്ടിയല്ല. നമുക്കു വേണ്ടി തന്നെയാണ്. അപരനെ, അപരയെ വലിച്ചു കീറി ഒട്ടിക്കാൻ വളരെ എളുപ്പമാണ്. ചിലപ്പോൾ അത് ഒരു ധർമ്മ യുദ്ധമാണ് എന്നു വരെ നമുക്ക് തോന്നിയേക്കാം.

പക്ഷേ അങ്ങിനെ ചെയ്യാതിരുന്നു നോക്കൂ, ഒരു വെളിച്ചം നമ്മിലേയ്ക്ക് കടന്നുവരുന്നത് നാമറിയും. ഒരു തേജോൻമയ ഭാവം നമ്മെ കെട്ടിപ്പുണരും. ഒരു കാരണവുമില്ലാതെ നമ്മുടെ ആത്മാവിൽ ഉൽസവങ്ങൾ നടക്കും. ഒരു ഇല പോലുമനങ്ങാത്ത രാത്രിയിലും ഒരു കുളിർ കാറ്റ് നമ്മെ തഴുകി തലോടി പോകും. നമുക്കു നമ്മോടു തന്നെ പ്രണയം അനുഭവപ്പെടും.അഥവാ ദുരനുഭവങ്ങൾ നമുക്ക് വീണു കിട്ടുന്ന വസന്തങ്ങളാകുന്നു. അതു മറ്റൊരാൾക്കും വിട്ടു കൊടുക്കാതിരിക്കുക. വിരിയാനുള്ള പൂക്കളെയൊക്കെയും നമ്മിൽ തന്നെ വിരിയാൻ അനുവദിക്കുക.ഇതിലൂടെ വീണ്ടും പുതിയ മനുഷ്യർ നമ്മിലേയ്ക്ക് എത്തും. നാം പോലും സ്വയം തിരിച്ചറിയാത്ത ചൈതന്യത്തിൽ അവർ നമുക്കു ചുറ്റും വലയം വെക്കും. പിന്നെയും കൂടുതൽ മനുഷ്യരെ, നിറങ്ങളെ, വൈവിധ്യങ്ങളെ, നീഗൂഡതകളുടെ കൊടുംവനങ്ങളെ അറിയാൻ നമുക്ക് ഭാഗ്യമുണ്ടാകും.നേരത്തെ പറഞ്ഞത് മറന്നു പോയിട്ടില്ലല്ലോ, ലോകത്ത് ഏറ്റവും സുന്ദരമായ അനുഭവം മനുഷ്യരെ അറിയുക എന്നതാകുന്നു. അവരെ അനുഭവിക്കുക എന്നതാകുന്നു. അവരോടൊപ്പമായിരിക്കുക എന്നതാകുന്നു. അതിലേയ്ക്കുള്ള ചില വഴികൾ നിങ്ങളോട് പങ്കു വെച്ചു എന്നു മാത്രം.