ഗള്‍ഫിലോ മറ്റേതെങ്കിലും ദേശത്തോ പ്രവാസം നയിക്കുന്നവരില്‍ വളരെ കോമണ്‍ ആയി സംഭവിക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്

0
213

Fasil Shajahan

ഗള്‍ഫിലോ മറ്റേതെങ്കിലും ദേശത്തോ പ്രവാസം നയിക്കുന്നവരില്‍ വളരെ കോമണ്‍ ആയി സംഭവിക്കുന്ന ചില മാറ്റങ്ങള്‍ ഉണ്ട്.  അവര്‍ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ സ്ട്രൈറ്റ്‌ ഫോര്‍വേഡ് ആയി മാറും. നിഷ്കളങ്കത അവരില്‍ പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ വര്‍ദ്ധിച്ചു വരും. വക്രത നല്ലോണം കുറയും. അതിനു കുറെ കാരണങ്ങളും ഉണ്ട്. അവര്‍ പോയ ഇടത്ത് അവര്‍ എപ്പോഴും അന്യരാണ്. വരുത്തന്മാരാണ്. അതുകൊണ്ട് അവര്‍ അവിടെ തല്ലിനും കൊല്ലിനും ഒന്നും പോവില്ല.ഞാനൊക്കെ നല്ലഒരു അങ്ങാടിത്തല്ലു കണ്ടിട്ടു പതിനഞ്ചു വർഷമായി.

പ്രവാസം നയിക്കുന്നവർ ഏതെങ്കിലും പ്രതിഷേധ സമരത്തിന്റെയോ അവകാശ പോരാട്ടങ്ങളുടെയോ ഭാഗമാകുന്നില്ല. വലിയ ഒച്ചയും ബഹളവും ഉണ്ടാക്കാതെ ജീവിത ജീവന മാര്‍ഗ്ഗങ്ങള്‍ മാത്രമായി ചിന്തകളില്‍ പെറ്റു പോറ്റുന്നവര്‍ ആയിരിക്കും അവര്‍. കൂടിപ്പോയാല്‍ അവരില്‍ ചിലര്‍ ചില അസോസിയേഷനുകള്‍ ഉണ്ടാക്കും. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത എന്തെങ്കിലും പോസിറ്റീവ് ആക്റ്റിവിറ്റീസുകളുമായി അവരിലെ സ്വവാസ കാലത്തെ പൂർവ്വോര്‍ജ്ജങ്ങളെ ജ്വലിപ്പിച്ചു നിലനിറുത്തും.
പതിനഞ്ചും ഇരുപതും മുപ്പതും വര്‍ഷം ഇങ്ങിനെ കഴിഞ്ഞു കൂടുന്ന മനുഷ്യര്‍ തീര്‍ച്ചയായും കുരുട്ടു ബുദ്ധിയും തന്ത്രജ്ഞതയും കള്ളത്തരങ്ങളെ എളുപ്പം തിരിച്ചറിയാനുള്ള കഴിവു കുറഞ്ഞവരും ആയി അവര്‍ പോലുമറിയാതെ മാറിപ്പോകും.സ്വാഭാവികമാണത്.സെന്‍സിറ്റിവിറ്റിയും ഇമോഷന്‍സും ഉള്ളവരായി അവര്‍ മാറും. ചിലര്‍ കുഞ്ഞുങ്ങളെ പോലെ പൊട്ടിക്കരയാന്‍ വരെ ശീലിക്കും.

ഒരു പ്രവാസിക്കു കടം കൊടുത്തു നോക്കൂ, അയാൾ കൃത്യം അതു തന്നു വീട്ടിയിരിക്കും. നാട്ടിലെ ബാങ്കിൽ തവണ തെറ്റാതെ പണമടക്കുന്നവരുടെ ലിസ്റ്റ് എടുത്തു നോക്കൂ, പ്രവാസി മുന്നിൽ നിൽപ്പുണ്ടാവും.ഇതു മലയാളികള്‍ക്കു മാത്രമല്ല, വിദേശത്തോ ഗള്‍ഫിലോ പോകുന്ന പാക്കിസ്താനിക്കും ഫിലിപ്പീനിക്കും എല്ലാം ഈ മാനസിക മാറ്റം ബാധകമാണ്. പ്രവാസത്തിന്റെ പ്രകൃതം അങ്ങിനെയാണ്. ഈ മാറ്റം നമ്മുടെ നാട്ടിൽ വന്നു കൂടുന്ന ബംഗാളിയിലും സംഭവിക്കും.
നാട്ടില്‍ മൂന്നുകൊല്ലം ജീവിച്ച എന്റെ മകനും ഗള്‍ഫില്‍ മൂന്നു കൊല്ലം ജീവിച്ച മകനും രണ്ടും രണ്ടാണ്. ഒന്ന് മഹാ പോക്കിരി. രണ്ടാമത്തേത് മഞ്ഞു തുള്ളി.

ഇങ്ങിനെ അപ്പാടെ മാറിപ്പോകുന്ന പ്രവാസികളെ ചൂഷണം ചെയ്യാന്‍ എളുപ്പമാണ്. പറഞ്ഞു പറ്റിക്കാന്‍ വളരെ ഈസിയാണ്. നിങ്ങള്‍ക്ക് ഇവിടുത്തെ കാര്യം എന്തറിയാം മനുഷ്യാ എന്നും ചോദിച്ചു അടക്കി ഒരു മൂലയ്ക്ക് ഇരുത്താന്‍ അനായാസം സാധിക്കും.ഇതെല്ലാം കാരണം അഭിമാനത്തേക്കാള്‍ സഹതാപത്തിന്റെ കുപ്പായമാണ് പലപ്പോഴും പ്രവാസിക്ക് ഇണങ്ങുക. അല്ലെങ്കില്‍ മറ്റുള്ളവര്‍ ധരിപ്പിച്ചു കൊടുക്കുക.

അതിനൊത്ത് പ്രവാസിയും രണ്ടു വയസ്സുള്ള കുഞ്ഞുങ്ങളെ പോലെ വിതുമ്പും. നമ്മള്‍ കുഞ്ഞുങ്ങളെ ഒരു രസത്തിന് വേണ്ടി വിതുമ്പി കരയിപ്പിക്കില്ലേ, അതു പോലെ തന്നെ.!എന്നാല്‍ ഈ വിതുമ്പലുകള്‍ കൊണ്ടു വല്ല കാര്യവും കിട്ടാറുണ്ടോ? കരയുന്ന കുഞ്ഞുങ്ങളായി മാറിയത് കൊണ്ടു ആരെങ്കിലും വന്നു പാല് കുടിപ്പിക്കാറുണ്ടോ? ഇല്ല. കഴിഞ്ഞ ഒരു അമ്പതു വര്‍ഷത്തെ പ്രവാസ ചരിത്രം എടുത്തു നോക്കിയാല്‍ കുറെ നിലവിളികളും കണ്ണുനീരും ഇരപ്പും കാലിൽ വീഴലും എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ ചെയ്ത പ്രാഞ്ചിയേട്ടൻ മണിയടികളും അല്ലാതെ എന്താണ് ബാക്കിയുള്ളത്?ക്ഷമിക്കണം , ഞാനടക്കമുള്ള എരണം കെട്ടവരോട് സ്വയം നടത്തുന്ന ആത്മവിമര്‍ശനമാണ് ഇത് .ആത്മാഭിമാനം ഒട്ടും ഇല്ലാത്ത കോന്തന്മാര്‍ എന്ന് ആദ്യം എന്നെ വിളിക്കട്ടെ. ശേഷം എല്ലാ പ്രവാസികളെയും. നട്ടെല്ല് ലൂസായിപ്പോയവര്‍! നീണ്ടു നിവര്‍ന്നു രണ്ടു വര്‍ത്തമാനം പറയാന്‍ കെല്‍പ്പില്ലാത്തവര്‍!
എന്നോട് ക്ഷമിക്കണം. എന്നെയും കൂടി ചേര്‍ത്താണ് ഇതു പറഞ്ഞത്.

പക്ഷേ ഒരു ചോദ്യമുണ്ട്. നമ്മള്‍ എന്തിനാണ് ഇങ്ങിനെയൊക്കെ ആവുന്നത്? നിങ്ങള്‍ അന്യനാട്ടില്‍ ചെലവഴിച്ച വര്‍ഷങ്ങളിലെയ്ക്ക് ഒന്നു തിരിഞ്ഞു നോക്കൂ. ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ ജീവിച്ചത്? കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി! കുടുംബത്തിനു വേണ്ടി! ആരെയൊക്കെ നിങ്ങള്‍ സഹായിച്ചിട്ടുണ്ട്! എത്ര സാമൂഹിക സംരംഭങ്ങള്‍ക്ക്‌ വേണ്ടി നിങ്ങള്‍ പണം നല്കിയിട്ടുണ്ടാവും! എണ്ണിയാല്‍ ഒടുങ്ങാത്ത ചാരിറ്റികള്‍! ആരുമറിയാതെ നിങ്ങളൊപ്പിയ കണ്ണുനീരുകള്‍! നടത്തിക്കൊടുത്ത ഓപ്പറേഷനുകൾ!കൈ പിടിച്ചുയര്‍ത്തിയ കരങ്ങള്‍! പൊക്കിയുയര്‍ത്തി കൊടുത്ത കൂരകള്‍! വിധവാ പട്ടികയില്‍ നിന്നും മോതിരവിരലുകളാക്കി പരിവർത്തിപ്പിച്ചു കൊടുത്ത വിവാഹങ്ങള്‍!

വെറുതെ ഒന്ന് ഓരോന്നും ചിന്തിച്ചു നോക്കൂ, നിങ്ങളറിയാതെ നിങ്ങളുടെ നെഞ്ച് സിക്സ് പാക് പിടിച്ചു നില്‍ക്കും. ഞാനൊരു സംഭവം തന്നെയാണല്ലോ എന്ന് ഒരു നിമിഷത്തെയ്ക്കെങ്കിലും നിങ്ങൾക്കു തോന്നും. മെഴുകുതിരി പോലെ പ്രകാശം പരത്തി സ്വയം ഉരുകി തീരുന്നവര്‍!ഇതൊരു ചെറിയ കാര്യമല്ല. മറ്റാർക്കും സാധിക്കാത്ത വലിയ കാര്യങ്ങളാണ്. ആത്മത്യാഗത്തിന്റെ സ്വയം സമർപ്പണത്തിന്റെ എഴുതപ്പെടാതെ പോയ സിനിമയാണ് ഓരോ പ്രവാസ ജീവിതവും.സത്യസന്ധതയും നിഷ്കളങ്കതയും നിങ്ങളിലെയ്ക്ക് നിങ്ങള്‍ പോലുമറിയാതെ വന്നു ഭാവിച്ചെങ്കില്‍ അത് ഏറ്റവും വലിയ ഭാഗ്യമാണ്. ഒരു കുഞ്ഞു കുഞ്ഞിന്‍റെ മുഖശ്രീയോടെ മയ്യത്തായി മരിച്ചു പോകാന്‍ നിങ്ങള്‍ക്കേ സാധിക്കൂ.

അതുകൊണ്ട് ആത്മാഭിമാനികള്‍ ആവുക! ആര്‍ജ്ജസ്വലരും ഊര്‍ജ്ജസ്വലരും ആവുക.യൗവ്വനാരംഭം മുതല്‍ സ്വന്തം അധ്വാനിച്ചു ആരുടേയും മുമ്പില്‍ കൈനീട്ടാതെ തലയെടുപ്പോടെ ജീവിച്ചവര്‍ക്ക് സഹതാപ തരംഗങ്ങളുടെ സങ്കീര്‍ത്തനങ്ങള്‍ അല്ല ആവേശം പകരേണ്ടത്. മറിച്ചു സ്വന്തം ചരിത്രം തന്നെയാണ്. ആ ചരിത്രം നിങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
ഒരിക്കലും വെറുതെയിരിക്കാത്ത, മടി എന്തെന്ന് ചിന്തിക്കുക പോലും ചെയ്യാത്ത ബൃഹദ് ചരിത്രമുള്ള ഒരു പ്രവാസിക്ക് തിരിച്ചു നാട്ടില്‍ പോയാലും തലയെടുപ്പോടെ അദ്വാനിച്ചു ജീവിക്കാന്‍ ഒരു പ്രവാസിക്ക് പറ്റും.നമ്മുടെ മനസ്സാണ് എല്ലാം. നമ്മുടെ ചിന്തയാണ് നാം ആരായിരിക്കണം എന്ന് തീരുമാനിക്കുന്നത്. ആത്മവിശ്വാസവും ആത്മാഭിമാനവും നാം തന്നെയാണ് നമ്മില്‍ അന്കുരിപ്പിക്കേണ്ടത്.
ഏറ്റവും സുന്ദരവും മഹത്തരവും മഹനീയവുമായി, വര്‍ഷങ്ങളുടെ തപസ്യയും സപര്യയും കൈമുതലായിട്ടുള്ളവര്‍ മറ്റുള്ളവരാല്‍ സഹതപിക്കപ്പെടുന്നവര്‍ ആവരുത്. ഓള്‍ ദി ബെസ്റ്റ്…. നിങ്ങള്‍ക്കും പിന്നെ ഇതെഴുതിയ എനിക്കു തന്നെയും !