കൊറോണ, നമ്മൾ ജാഗ്രത പുലർത്തുക തന്നെ വേണം, സർക്കാരുകൾ പറയുന്നത് അനുസരിക്കുക തന്നെ വേണം

108

ഫാസിൽ ഷാജഹാൻ

ആറു ഗൾഫ് രാജ്യങ്ങളിലായി 147 പേർക്കാണ് ഇതുവരെ കോവിഡ് 19 ( കൊറോണ വൈറസ്) സ്ഥിരീകരിച്ചത്.  മിക്കവാറും എല്ലാ ജിസിസിയിലും 85 ലധികം രാജ്യങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഒമാനിലും 12 കേസുകള്‍ സ്ഥിതീകരിച്ചു. തൊഴില്‍ ശാലകളില്‍ ഹാന്‍ഡ്‌ സാനിറ്റൈസറും മാസ്കും വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ആളുകള്‍ പരസ്പരം ഷെയ്ക്ക് ഹാന്‍ഡ് ചെയ്യുന്നതില്‍ നിന്നും ജാഗ്രത പുലര്‍ത്തി തുടങ്ങി. ചിലയിടത്ത് സുരക്ഷയുടെ ഭാഗമായി ഫിംഗര്‍പ്രിന്‍റ് സ്വൈപ്പിംഗ് ( attendance register ) ഒഴിവാക്കി തുടങ്ങി. രോഗത്തിന്‍റെ ഇന്റെന്സിറ്റി കുറക്കാന്‍ ഇത്തരം ജാഗ്രതകളെ അനുസരിച്ചേ പറ്റൂ.

എങ്കിലും പരസ്പര സ്പര്‍ശം ഒഴിവാക്കി എത്ര മാത്രം നമുക്കു മുന്നോട്ടു പോകാന്‍ കഴിയും?ഒരു ഓഫീസില്‍ ലൈറ്റിന്റെ സ്വിച്ച് എത്ര പേര്‍ ഉപയോഗിക്കുന്നുണ്ട്! വാതിലുകളുടെ ഹാന്‍ഡിലുകള്‍ എത്ര പേരുടെ കര സ്പര്‍ശം ഏല്‍ക്കുന്നു! അവിടെയുള്ള മെഷീനറികള്‍.. എക്വിപ്മെന്റുകള്‍.ഇങ്ങനെ ഓരോ കുഞ്ഞുകുഞ്ഞു കാര്യങ്ങളും നാം ശ്രദ്ധിക്കുന്നത് ഒരു ദുരന്തം വരുമ്പോഴാണ്. അപ്പോള്‍ മാത്രമാണ് നമ്മുടെ നിസ്സഹായതകളെ നമുക്കു ബോധ്യമാകുന്നത്‌. വിമാന യാത്രകള്‍! പബ്ലിക് യൂട്ടിലിറ്റീസ്! പൊതുവാഹനങ്ങള്‍! ആളുകള്‍ ഒത്തുകൂടുന്ന ആരാധനാലയങ്ങള്‍! ഹൈപ്പർ മാർക്കറ്റുകൾ! 41 രാജ്യങ്ങൾ പങ്കെടുക്കുന്ന സംയുക്ത നാവിക അഭ്യാസം ഇന്ത്യ ഉപേക്ഷിച്ചു. 43 പേർ കോവിഡ് 19 ബാധിച്ചു മരിച്ചതോടെ, ഇറാൻ പാർലമെന്റ് അടച്ചു. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ ‘ഐടിബി ബെർലിൻ’ ചരിത്രത്തിൽ ആദ്യമായി ജർമനി റദ്ദാക്കി. ഉംറ തീർഥാടനം നിർത്തി വച്ചിരിക്കുകയാണെന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും മക്ക, മദീന നഗരങ്ങളിലേക്കു പ്രവേശനമില്ലെന്നും സൗദി അറേബ്യ അറിയിച്ചു.

നിപ വൈറസ് നമ്മെ ആക്രമിച്ചപ്പോഴും നമ്മളിതു തന്നെ കണ്ടു. അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും അങ്ങാടിയും ബസ്സുകളും വിജനമായി. മാസ്കുകള്‍ ധരിച്ചു ഒന്നും മിണ്ടാതെ ആളുകള്‍ ടൌണിലൂടെ നടക്കുന്നതു നമ്മള്‍ കണ്ടു. വിവിധ രാജ്യങ്ങളിലായി കുറഞ്ഞത് 79,000 പേരെ ബാധിക്കുകയും 2,600 ലേറെ പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരിക്കുന്നു.ഇത്തരം നിസ്സഹായതകളുടെ മുന്നില്‍ നമുക്കൊരൊറ്റ പേരു മാത്രം…മനുഷ്യന്‍…

പ്രളയത്തിനു മുന്നില്‍ ആ പേരു മാത്രം നമുക്ക് മുന്നില്‍ തെളിഞ്ഞു. അതും രണ്ടു വട്ടം. അക്കാലമത്രയും സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളും വീടും സര്‍ട്ടിഫിക്കറ്റുകളും പ്രിയപ്പെട്ടവരും ഒരൊറ്റ മഴയില്‍ ഒലിച്ചു പോയപ്പോള്‍ പണക്കാരും പാവങ്ങളും മതക്കാരും മതരഹിതരും എല്ലാം നിലനില്‍പ്പിനായി ഓടിപ്പാഞ്ഞതും ഈ ഒരൊറ്റ പേരിലായിരുന്നു. നമുക്കു കലഹിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, പരസ്പരം അസ്ഥിരപ്പെടുത്താന്‍ നേരം കിട്ടുന്നുണ്ടെങ്കില്‍, അതു നാം അനുഭവിക്കുന്ന സൗകര്യങ്ങളുടെ ഊക്കു കൊണ്ടു മാത്രമാണ്.അതിനുമപ്പുറത്ത്, നാം വെറും വെറുവാണ്..തന്റെ വലിപ്പമില്ലായ്മയെ ഒരു മനുഷ്യൻ തിരിച്ചറിയുന്ന ജ്ഞാനത്തിന്റെ ഉത്തുംഗതയാണത്.അതിനാല്‍ നമുക്കു പരസ്പരം ചേര്‍ത്തു പിടിക്കാം. മനുഷ്യനെന്ന ഒരൊറ്റ മതത്തില്‍ ജീവിക്കാം. അതിനു നമുക്കു ഭാഗ്യമുണ്ടാവട്ടെ..