ആളുകളുടെ കയ്യിലെ പണം തീർന്നു തുടങ്ങി, അവർ കടം വാങ്ങാൻ തുടങ്ങി

172

Fasil Shajahan

ലോക്ഡൗണുകൾ ഇനി പ്രായോഗികമല്ല. ലോകം ഇതുവരെയും പുലർത്തിയ കോവിഡ് ജാഗ്രതകൾ അംഗീകരിക്കുന്നതോടൊപ്പം തന്നെ, അതിനെ കുറിച്ചുള്ള പുനർവിചിന്തനങ്ങളും അനിവാര്യമാവുകയാണ്.കൊറോണ കോവിഡ് രോഗ ഭയത്തേക്കാൾ മനുഷ്യരാശിയുടെ നിലനില്‍പ്പാണ് ഇപ്പോള്‍ പ്രധാനമായി വന്നു കൊണ്ടിരിക്കുന്നത്. ജനങ്ങളും ഭരണകൂടവും ലോകക്രമവും എല്ലാം ഇപ്പോള്‍ നിശ്ചലമാണ്. എല്ലാവരും അനിശ്ചിതത്വത്തിലാണ്. കൂടിയാല്‍ ഒരു മൂന്നാഴ്ച കൂടി മാത്രമേ ലോക്ഡൗണുമായി ഈ ലോകത്തിനു മുന്നോട്ടു പോകാനാകൂ. അതിനുമപ്പുറം ലോക് ഡൌണ്‍ നീണ്ടാല്‍ ജാഗ്രതയ്കും മുകളിൽ വിശപ്പ് സാമൂഹികമാകും. വിശപ്പിനെ ഭയപ്പെടുത്തി അടക്കി നിറുത്താനാവില്ല. അവിടെ പിന്നെ വാഴുക ക്രൈമുകളും നിയമങ്ങളെ കയ്യിലെടുക്കലുകളും ആണ്.
ജീവനില്‍ ഭയം പൂണ്ടതു കൊണ്ടാണ് മനുഷ്യര്‍ ഇതുവരെയും ഭരണകൂടങ്ങളെ അനുസരിച്ചത്. ഇപ്പോള്‍ ജീവനേക്കാള്‍ “നിലനില്‍പ്പ്‌” മുഖ്യമാകാന്‍ തുടങ്ങിയിരിക്കുന്നു.

ആളുകളുടെ കയ്യിലെ പണം തീർന്നു തുടങ്ങി. അവർ കടം വാങ്ങാൻ തുടങ്ങി. അടിസ്ഥാന ആവശ്യങ്ങളിലെയ്ക്കാന് മനുഷ്യര്‍ കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നത്. എത്രയോ കുട്ടികള്‍ പട്ടിണിയിലാണ്. നിരവധി പേര്‍ ഭവന രഹിതരും ആയിട്ടുണ്ട്‌. ഇതുവരെയും ഉണ്ടായിരുന്ന കൊറോണ ഭയത്തിനും മുകളില്‍ ഇപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു.
കോവിഡ് ബാധിച്ചു മരിച്ചവര്‍ എത്ര? അതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ വേറെ രോഗം കൊണ്ടും ലോക് ഡൌണ്‍ കൊണ്ടും നടക്കുന്നില്ലേ?

ഇനിയും ദീര്‍ഘകാലം പൂട്ടിയിട്ടാല്‍ ഒരു തിരിച്ചു വരവിനു സാധ്യമായ വ്യവസായങ്ങളും ഉത്പാദന കേന്ദ്രങ്ങളും എത്രയുണ്ട്? കോടിക്കണക്കിനു പേരാണ് തൊഴില്‍ രഹിതരായിരിക്കുന്നത്. ഇത്രയും പേരെ തീറ്റിപ്പോറ്റാന്‍ എത്ര രാജ്യങ്ങള്‍ക്കു സാധിക്കും? ഒരാഴ്ച കൊണ്ടു പൂട്ടിയിട്ട ലോകത്തിനു എല്ലാം തിരികെ പിടിക്കുവാന്‍ ഒരു വ്യാഴവെട്ടക്കാലം വേണ്ടിവരുമോ? അതിനാൽ ലോക്ഡൗണുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ചാണ് ഇനി ലോകം ചിന്തിക്കേണ്ടത്. കൊറോണയുമായി ബന്ധപ്പെട്ട ജാഗ്രതകള്‍ തുടരുന്നതോടൊപ്പം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പരിചരിക്കാനായുള്ള സംവിധാനങ്ങള്‍ വിപുലപ്പെടുത്തി ലോക്ഡൗണുകള്‍ ഒഴിവാക്കുന്നതിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇനി വേണ്ടത്. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഇനിയും തുടരാന്‍ സാധിക്കില്ല. ചില ലോക ഇടങ്ങള്‍ ഇപ്പോഴുംഴും സമ്പൂർണ്ണ ലോക് ഡൗണിലേയ്ക്ക് പോയിട്ടില്ല. അത്തരം ഇടങ്ങളെ കുറിച്ചു പഠനങ്ങള്‍ നടത്തണം.

ഈജിപ്തില്‍ രാത്രി ഒന്‍പതു മണിമുതല്‍ രാവിലെ ആറു മണിവരെ മാത്രമേ ലോക് ഡൌണ്‍ ഉള്ളൂ. ഉണ്ടായിരുന്നുള്ളൂ. പള്ളികള്‍ ഇപ്പോഴും അടഞ്ഞു കിടക്കുന്നുണ്ട്. എങ്കിലും കെയ്റോയും അലക്സാണ്ട്രിയയയും ജനനിബിഡമായി തുടരുന്നു.ഖത്തറില്‍ ആരാധനാലയങ്ങളും ഷോപ്പുകളും അടഞ്ഞു കിടക്കുന്നു എന്നല്ലാതെ സഞ്ചാര സ്വാതന്ത്ര്യം എവിടേയും വിലക്കപ്പെട്ടിട്ടില്ല.
സ്വീഡനില്‍ ഒട്ടും തന്നെ ലോക്ഡൗണ്‍ നടപ്പിലാക്കിയിട്ടില്ല. 21,000 ൽ പരം കേസുകളും 2,400 ൽ അധികം മരണങ്ങളും നടന്ന നാടാണ് അത്.അത്യാവശ്യമുണ്ടെങ്കിലേ പുറത്തിറങ്ങാവൂ എന്ന് നിരന്തരം അവബോധം സൃഷ്ടിച്ചു കൊണ്ട് തന്നെ അവിടെ സ്കൂളുകളും ഓഫീസുകളും ബിസിനസ് സ്ഥാപനങ്ങളും തുറന്നു തന്നെയിരിക്കുകയാണ്. പ്രായമുള്ളവർക്കാണ് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിരിക്കുന്നത്. അവർക്ക് പൊതുവാഹന യാത്രകളൊന്നും പാടില്ല.

സൗത്ത് കൊറിയ എന്നരാജ്യം കൊറോണ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ വിധേയമായ രാജ്യമാണ്. അവിടെയും ലോക്ഡൗണ്‍ നീക്കം ചെയ്തു. തുര്‍ക്കുമെനിസ്താന്‍ പോലെയുള്ള വേറെയും നാടുകള്‍ ഉണ്ട്. ഓരോ നാട്ടിലെയും അവസ്ഥകള്‍ വ്യത്യസ്തമാണ്. സമ്മതിക്കുന്നു. അതിനാൽ തന്നെ ഓരോരുത്തരുടെയും വ്യസ്തസ്തമായ സ്ട്രാറ്റജികളും വ്യത്യസ്തം തന്നെ. എന്തുതന്നെ ആയാലും അതിനെ കുറിച്ചു പഠനം നടത്തി നാം നമ്മുടെതായ സ്ട്രാറ്റജികൾ കണ്ടെത്തണം. ഒരു തരത്തിലും നിലവിലെ ലോക്ഡൗണ്‍ രീതികൾ നീട്ടിക്കൊണ്ടു പോകാനുളള ശേഷി ലോകത്തിനില്ല. ഒന്നുകില്‍ ഗവ: കള്‍ അതില്‍ മാറ്റം വരുത്തേണ്ടി വരും. ഇല്ലെങ്കില്‍ ജനങ്ങള്‍ അതു ലംഘിക്കും. രണ്ടിലേതെങ്കിലുമൊന്ന് സംഭവിക്കും.കൊറോണ പ്രതിരോധത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനുള്ള പ്രാധാന്യം ഒട്ടും കുറച്ചു കാണുന്നില്ല. പക്ഷേ ജാഗ്രതകളുടെ ഒരു ഘട്ടം കഴിഞ്ഞിരിക്കുന്നു. അതിനിയും തുടരുന്നതിന് പരിമിതികളുണ്ട്. എലിയെ പേടിച്ചു ഇല്ലം ചുടാനാവില്ലല്ലോ. കോവിഡിനെ മറ്റൊരു രോഗമായി പ്രഖ്യാപിച്ചു ജനജീവിതം പുനസ്ഥാപിക്കണം. വേറെ വഴിയൊന്നുമില്ല.