ബിജെപിയുടെ പതനം ആസന്നമായ തിരഞ്ഞെടുപ്പ്

608

ഫാസിൽ ഷാജഹാൻ (Fasil Shajahan)എഴുതുന്നു

ബിജെപി ഇരുനൂറു സീറ്റിലും താഴേക്കു പോകും.

മതം പറഞ്ഞു കൊണ്ടല്ല, വികസനം പറഞ്ഞു കൊണ്ടാണ് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതോടൊപ്പം അഴിമതി തടയുമെന്നും പറഞ്ഞിരുന്നു.

അഴിമതിയുടെ കാര്യത്തില്‍ പ്രത്യക്ഷത്തില്‍ ശമനമുണ്ടായെങ്കിലും വികസനം എന്നത് ഇപ്പോഴും മീഡിയ പ്രോപഗണ്ടയിലും ഫോട്ടോഷോപ്പിലും തന്നെ ഒതുങ്ങി നില്‍ക്കുകയാണ്.

മോഡി ഭരണം കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ അക്കമിട്ടു നിരത്തുന്ന ഒരുപാടു സുഹൃത്തുക്കളെ ഇവിടെ കണ്ടിട്ടുണ്ട്. അതൊക്കെയും ഉത്തരേന്ത്യയില്‍ എന്തൊക്കെയോ സംഭവിച്ചു എന്ന രീതിയിലാണ് ഫോര്‍വേഡ് ചെയ്യപ്പെടുന്നത്.

Image result for BJP failഅല്ലാതെ ഇത്തരം ഭരണ പരിഷ്കാരങ്ങളൊന്നും അവരുടെ സ്വന്തം വ്യക്തി ജീവിതത്തിലോ അവര്‍ കിടന്നുറങ്ങി ജീവിക്കുന്ന വീടുകളിലോ വന്നെത്തി നോക്കിയിട്ടൊന്നുമല്ല. ഉണ്ടെങ്കില്‍ അതൊന്നു പറഞ്ഞു തരണം.

ഉത്തരേന്ത്യയില്‍ അങ്ങിനെ അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല. സാധാരണ ജനങ്ങളുടെയും മിഡില്‍ ക്ലാസ് പൌരന്മാരുടെയും ജീവിതം മുമ്പത്തേതിനേക്കാള്‍ കഷ്ടപ്പാടിലേയ്ക്ക് നീങ്ങുകയാണ് ചെയ്തത്.

അവിടെയുള്ള ടാക്സിക്കാര്‍, ചുമട്ടു തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നവര്‍, ബ്രോക്കര്‍മാര്‍, ഏജന്‍സികള്‍ എല്ലാം തളര്‍ച്ചയിലാണ്.

കോണ്‍ഗ്രെസ്സിന്റെ ഒത്താശയോടെ രാജ്യം അഴിമതിയുടെ കൂത്തരങ്ങായി മാറിയപ്പോള്‍ ഗതികെട്ട ഇന്ത്യന്‍ ജനത മൂര്‍ഖനെ പോലെ ഫണം ഉയര്‍ത്തിയ തെരഞ്ഞെടുപ്പു വിജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ എക്സിറ്റ് പോള്‍ പ്രവചനങ്ങളെയും ഞെട്ടിച്ചു കൊണ്ടു ബിജെപി സഖ്യം നേടിയത്.

കോണ്‍ഗ്രെസ്സിനെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ ജാതി നോക്കിയില്ല, മതം നോക്കിയില്ല. മോഡിയുടെ പേരിലുള്ള കഴിഞ്ഞകാല ചരിത്രബോധങ്ങള്‍ ചികഞ്ഞു ചിന്തിയില്ല. ലിവിംഗ് ലെവലുകളോ ഫിനാന്‍ഷ്യല്‍ ക്ലാസുകളോ ഒന്നും ആ പ്രതിഷേധത്തില്‍ നിന്നും മാറി നിന്നില്ല.

പക്ഷേ പിന്നെ നമ്മള്‍ കേട്ട കഥകള്‍ മുഴുവന്‍ കോര്‍പ്പറേറ്റുകളുടേത് ആയിരുന്നു. അവർക്കു പനി പിടിച്ചതും തുമ്മലു വന്നതും നമ്മൾ അറിഞ്ഞു. മൂവായിരം കോടിയുടെ പ്രതിമ കണ്ടു നമ്മള്‍ വിജ്രംഭിച്ചു.

ഒരിക്കലും സാധാരണക്കാരനെ കുറിച്ചു നമ്മള്‍ കേട്ടില്ല. ജിഡിപി, ജീസ്ടി, ഡീ മോണിറ്ററൈസേഷന്‍ എന്നിങ്ങനെ സാധാരണക്കാരന്റെ തലച്ചോറിനു മനസ്സിലാവാത്ത കുറേ പദങ്ങള്‍ പഠിച്ചില്ലെങ്കില്‍ മോശമല്ലേ എന്നു കരുതി നമ്മളും ഉരുവിട്ടു.

വലിയ വലിയ ആളുകളെ പോലെ നമ്മളും നടിച്ചു. ഗ്ലോബല്‍ & ഇന്‍റര്‍ നാഷണല്‍ റിസഷനെ കുറിച്ചൊന്നും വലിയ പിടിയില്ലെങ്കിലും പെട്രോള്‍ വില ഉയരുമ്പോള്‍ അതൊക്കെയും വെച്ചു ഡയലോഗുകള്‍ അടിച്ചു വിട്ടു.

നമ്മള്‍ നമ്മളെ തന്നെ മറന്നു. അതിരാവിലെ എഴുന്നേറ്റ് വൈകിട്ടു വരെ യന്ത്രം പോലെ പണിയെടുത്തു ഒന്നു സിനിമ കാണാന്‍ പോലും നേരമില്ലാതെ ജീവിച്ച സുലൈമാനും രജീഷും സുമേഷും എല്ലാം കടിച്ചാല്‍ പൊട്ടാത്ത കുറേ വാക്കുകളുടെ ഉടമകളായി മാറി.

ആരൊക്കെയോ ടൈപ്പ് ചെയ്തു വിടുന്ന തലച്ചോറിനു ദഹിക്കാത്ത കുറേ ഇന്‍റര്‍നാഷണല്‍ & ഉത്തരേന്ത്യന്‍ അവകാശ വാദങ്ങള്‍ നിരന്തരം ഫോര്‍വേഡ് ചെയ്യുന്നതിനു പകരം ലളിതമായി നമ്മുടെ സ്വന്തം കാര്യങ്ങള്‍ തന്നെ ഒന്നു ചിന്തിച്ചു നോക്കൂ, നമ്മുടെ നാട്ടിലെ വിവിധ തരം വ്യാപാരങ്ങളും കച്ചവടങ്ങളും മുമ്പുള്ളതിനേക്കാള്‍ തകരുകയല്ലേ ചെയ്തത്?

സ്ഥലം വാങ്ങാനും വില്‍ക്കാനും നമുക്കിപ്പോള്‍ സാധിക്കുന്നുണ്ടോ? അതിനു വില കിട്ടുന്നുണ്ടോ? വളങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും സബ്സിഡികൾ ഇല്ലാതാക്കിയതിലൂടെ, നാമമാത്രമെങ്കിലുമായ നമ്മുടെ കൃഷിരംഗം തളരുകയല്ലേ ചെയ്തത്?

എത്രയോ അധികം പേര്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ (വാർക്കപ്പണി) മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. നമുക്കായി വീടുകളും വാടകയ്ക്കു നല്‍കാനായി കടകളും അവര്‍ നിര്‍മ്മിച്ച്‌ നല്‍കുന്നു. അവരോടു പോയി ഒന്നു ചോദിക്കൂ എന്താണ് കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ടു സംഭവിച്ചത് എന്ന്.

കേരളത്തിലെ ജ്വല്ലറി ബിസിനസുകളും ടെക്സ്റ്റൈല്‍ മേഖലയും സ്റ്റേഷനറി കച്ചവട രംഗവും എല്ലാം മുമ്പത്തേതിനേക്കാള്‍ തളര്‍ച്ചയിലാണ്.

കണ്ണിനു മുന്നിലെ ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ മറന്നു പോകാന്‍ മാത്രം അഞ്ചു വര്ഷം കൊണ്ടു ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ടു പോയോ നാം എന്നതേ ചിന്തിക്കാനുള്ളൂ.

മോഡിയെ പോലെ ഒരു അതിശക്തനായ ഒരു നേതാവ് ഉണ്ടായിരിക്കുകയും അദ്ദേഹത്തിനു ഒരു എകാധിപധിയെപോലെ പാര്‍ട്ടിയിലും ഭരണത്തിലും നിയന്ത്രണം ഉണ്ടായിരിക്കുകയും 336 എന്ന അതി ഭീകര ഭൂരിപക്ഷം ലഭിക്കുകയും ചെയ്തിട്ട്, ഇപ്പോള്‍ വീണ്ടും അഞ്ചു വര്ഷം തരൂ, ഞങ്ങള്‍ പുതിയ ഒരിന്ത്യ പണിയാം എന്നൊക്കെ പറയുന്നത് തികഞ്ഞ ബലഹീനതയാണ്.

ഇത്രയും ശക്തനായ ഒരു നേതാവില്‍ നിന്ന്, ഭരണ പരിചയമുള്ള ഒരു രാഷ്ട്രീയ ചാണക്യനില്‍നിന്നു ജനം ഒരുപാടു പ്രതീക്ഷിച്ചു. ഇനിയങ്ങിനെ അന്ധമായ ഒരു പ്രതീക്ഷ ഇന്ത്യന്‍ ജനതയില്‍ നിന്നു മോഡി പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

നോട്ടു നിരോധനം പോലെ മറ്റൊന്ന് ഇനി ഇന്ത്യന്‍ ജനത സഹിക്കില്ല. അമ്പതു ദിവസമല്ല, അഞ്ചു ദിവസം പോലും അവരിനി ക്യൂ നില്‍ക്കില്ല. നൂറ്റി അമ്പതോളം രക്തസാക്ഷികളെ ഇനിയൊരു ഇന്ത്യന്‍ മാതാവും രാജ്യത്തിനായി സംഭാവന നല്‍കില്ല.

ഭാവിയെ കുറിച്ച ഭാവനാവല്‍ക്കരണമല്ലാതെ, കടിച്ചാല്‍ പൊട്ടാത്ത, മനസ്സിലാവാത്ത, “പ്രധാനമന്ത്രി” എന്ന വാക്കില്‍ആരംഭിക്കുന്ന കുറേ “യോജനകള്‍” അല്ലാതെ “വര്‍ത്തമാനകാലത്തെ” അനുഭവിക്കാന്‍ നമുക്കു സാധിച്ചിട്ടില്ല.

ഓഫീസില്‍ മര്യാദയ്ക്കു വരാത്ത ഒരു മാനേജിംഗ് ഡയറക്ടറെ കുറിച്ചു നിങ്ങളുടെ അഭിപ്രായം എന്തായിരിക്കും?.അതുപോലെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏറ്റവും കുറച്ചു മാത്രം വന്ന പ്രധാനമന്ത്രിയാണ് മോഡി. ഏറ്റവും കുറച്ചു മാത്രം മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്ത പ്രധാനമന്ത്രിയാണ് മോഡി.

അദ്ദേഹം നടത്തിയ ലോക യാത്രകള്‍ നമ്മെ അത്ഭുതപ്പെടുത്തിയെങ്കിലും നമ്മളൊന്നും മിണ്ടിയില്ല. ”എങ്ങാനും ബിരിയാണി കിട്ടിയാലോ” എന്നു കരുതി മിണ്ടാതിരുന്നു. പക്ഷേ ഒന്നും തന്നെ നമ്മെ സ്പര്‍ശിച്ചില്ല. ഇവിടെ തൊഴില്‍ സാധ്യതകള്‍ നിറഞ്ഞു തുളുമ്പിയില്ല.

പകരം എൺപതുകളിലും തൊണ്ണൂറുകളിലും എവിടെ നോക്കിയാലും കാണാൻ കഴിഞ്ഞിരുന്നതു പോലെ തൊഴിൽ രഹിതരും തൊഴിലന്വേഷകരും നമുക്കു ചുറ്റിലും നമ്മൾ കണ്ടുതുടങ്ങി

സിനിമാ മേഖലയും കലാമേഖലകളും ഇത്തരം വേദികളുടെ നട്ടെല്ലായിരുന്ന ടെലിവിഷന്‍ ചാനലുകളും എഫ് എം റേഡിയോകളും എല്ലാം ഭീമമായ കടങ്ങളിലോ പൂട്ടല്‍ ഭീഷണിയിലോ ആയി. പലതും പാതി വില്‍ക്കുകയോ പൂട്ടുകയോ ചെയ്തു.

ഇവിടെയൊക്കെയും ജോലി ചെയ്യുന്നത് ആകാശത്തു നിന്നും ഇറങ്ങി വന്ന മാലാഖമാരല്ല, മറിച്ചു നമുക്കിടയില്‍ തന്നെ ജീവിക്കുന്ന, ബൈക്കിലും ബസ്സിലും യാത്ര ചെയ്യുന്ന ഒരു കുറേ ആണുങ്ങളും പെണ്ണുങ്ങളും തന്നെയാണ്.

സാമ്പത്തികമായി നടുവൊടിഞ്ഞ ഒരു രാജ്യത്ത് ഇവരിപ്പോള്‍ ഓവര്‍ടൈം ചെയ്തും പരസ്പരം മത്സരബുദ്ധ്യാ പണിയെടുത്തും രോഗികളാവുകയാണ്.

ഓരോ ഗ്രാമത്തിലേയും മുക്കിലും മൂലയിലും മാസ വാടകയ്ക്കു മുറിയെടുത്തു സിം കാര്‍ഡ് സെല്ലിങ്ങും മൊബൈല്‍ ഫോണ്‍ കച്ചവടവും പലചരക്കു കടകളും നടത്തുന്നവർ എല്ലാം എല്ലാം ഈ സാമ്പത്തിക ഉലച്ചിലില്‍ നിന്നു കിടന്നു ഊര്‍ദ്ധശ്വാസം വലിക്കുകയാണ്‌.

വിദേശത്തു നിന്നും വരുന്ന പണമാണ് കേരളത്തിന്‍റെ സാമ്പത്തിക നട്ടെല്ല്. ഈ ഫേസ്ബുക്കില്‍ ഉള്ളവരില്‍ ഒട്ടുമുക്കാലും അതിന്‍റെ ബെനിഫിഷ്യറികള്‍ ആണ്. നിങ്ങള്‍ തന്നെ ഒന്നു നോക്കൂ, എത്രയെത്ര കഫറ്റീരിയകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ആണ് ഇക്കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു ഗള്‍ഫുനാടുകളില്‍ അടച്ചു പൂട്ടിയത്.

അവിടെയൊക്കെ ജോലി ചെയ്ത പതിനായിരങ്ങളില്‍ ഒരു അഞ്ചു പേരെങ്കിലും വെച്ച് നിങ്ങളുടെ അടുത്തു വന്നു പറഞ്ഞിട്ടില്ലേ, ഡാ എന്‍റെ പണി പോയെന്ന്!

അഥവാ, തബല നിര്‍മ്മിക്കുന്നവര്‍, വെല്‍ഡിംഗ് പണിക്കാര്‍, കാര്‍ റീ സെയില്‍ ഏജെന്റുമാര്‍, റബ്ബര്‍ കര്‍ഷകര്‍, സ്വയം തൊഴില്‍ കണ്ടെത്തിയ യുവതീയുവാക്കള്, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍ …നോട്ടു നിരോധനത്തിന്‍റെ അലയൊലികള്‍ നടുവൊടിക്കാത്ത ഒരു മേഖലയും ഇന്ത്യയില്‍ ഇല്ല.

വാഗ്ദാനങ്ങളുടെ പെരുമഴ കൊണ്ട് ഇനി ഒരു രാജ്യത്തെ ജനങ്ങളെ പിടിച്ചു നിറുത്താന്‍ മോഡിക്കാവില്ല. പ്രത്യേകിച്ചും ഉത്തരേന്ത്യ ഇക്കുറി ഒട്ടും കനിയില്ല.

കണക്കുകളും രാഷ്ട്രീയ പദാവലികളും ഉപയോഗിച്ചുള്ള ഘനഗംഭീര ലേഖനങ്ങള്‍ വായിച്ചു വായിച്ചു ഭൂമിയുമായുള്ള കണക്ഷന്‍ വിട്ടുപോയി. അതുകൊണ്ടാണ് ഇങ്ങിനെയൊരു ഭാഷയില്‍ എഴുതിയത്.

അഞ്ചു വര്ഷത്തെ ഭരണം മൂലം രാജ്യം മുമ്പത്തേത്തേതിലും അരമുക്കാല്‍ പട്ടിണിയില്‍ ആവു കയാണ് ചെയ്തത് എന്ന കാര്യം തമസ്കരിക്കാന്‍ ആവില്ല. സ്വാഗ സ്ക്വയര്‍, ഗ്രേ വേള്‍ഡ് വൈഡ്, ആപ്കോ വേള്‍ഡ്, പോലെയുള്ള ലോകോത്തര പരസ്യ കമ്പനികള്‍ക്ക് പഴയ പോലെ മോഡിയെ വെള്ളപൂശാനാവില്ല.

പരിപൂര്‍ണ്ണമായും അമിത്ഷായുടെ കൈപ്പിടിയിലായ ബിജെപിക്കു എക്സിറ്റ് പോളുകാർ പറയുന്ന 275 സീറ്റൊന്നും കിട്ടാന്‍ പോകുന്നില്ല. ഇരുനൂറു സീറ്റിലും താഴേക്കു അവർ പോകും.