അടുത്ത പ്രളയത്തിനു കളമൊരുക്കാൻ സാധ്യതയുള്ള എല്ലാ പ്രകൃതി വിരുദ്ധ കാര്യങ്ങളിലും നമുക്കു ജാഗ്രത വേണം

0
460

Fasil Shajahan എഴുതുന്നു 

മനുഷ്യരും മൃഗങ്ങളും തമ്മിൽ ചിന്തകളിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ലക്ഷണം വെച്ചു അങ്ങിനെയൊന്നുണ്ടെന്നു തെളിവുകൾ നിരത്തി മനുഷ്യർ അവകാശപ്പെടുന്നു.

അതു ശരിയാണോ തെറ്റാണോ എന്നൊന്നുമറിയില്ല. മൃഗചിന്തയുടെ വിവർത്തന ഭാഷ നമുക്കറിയില്ലല്ലോ. എതിർപ്പുമായി മൃഗങ്ങൾ ഇന്നുവരെ രംഗത്തു വന്നിട്ടുമില്ല.

Fasil Shajahan
Fasil Shajahan

അതുകൊണ്ടു ചിന്തിക്കാനുള്ള കഴിവു മനുഷ്യനു മാത്രമേ ഉള്ളൂ എന്നു തന്നെ ഉറപ്പിച്ചു കൊണ്ടു ചില ചിന്തകളിലേയ്ക്കു നമുക്കു കടക്കാം.

അറുക്കാനായി കൊണ്ടുവരുന്ന ഉരുക്കളെ കണ്ടിട്ടുണ്ടോ? അവയ്ക്ക് അറുക്കപ്പെടുന്നതു വരെ മരണത്തെക്കുറിച്ചു വേവലാതിയൊന്നുമുണ്ടാവില്ല. കഴുത്തിൽ കത്തി വീഴുമ്പോഴേ അവ പിടയുകയുള്ളൂ..

എങ്ങിനെ വേവലാതി ഉണ്ടാവാനാണ്! മൃഗങ്ങൾക്കു ചിന്തിക്കാൻ കഴിവില്ലല്ലോ!
അവയ്ക്കു ഇന്നലെയും ഇന്നും ഇല്ല. നാളെയെക്കുറിച്ചു ചിന്തിക്കേണ്ടതില്ല.

ദീർഘവീക്ഷണങ്ങളുടെ, ഭാവികാല പദ്ധതികളുടെ, കൂലംകുശ ചിന്താചിന്ത ചിന്തനകൾകൾ അവരെ അലട്ടേണ്ടുന്ന കാര്യവുമില്ല. ചുരുക്കത്തിൽ എല്ലാ മൃഗങ്ങളും വെറും കഴുതകളാണ്.. മണ്ടൻമാർ… വിഡ്ഢികൾ..

പക്ഷേ മനുഷ്യർ അങ്ങിനെയല്ല. മനുഷ്യർക്കു നാളെയെ കുറിച്ചു വിഭാവനം ചെയ്യാനുണ്ട്. ഇന്നിന്റെ മുറിവുകളിൽ മരുന്നു പുരട്ടി നാളെ ആരോഗ്യത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്.

പറഞ്ഞു വരുന്നതു പ്രളയത്തെ കുറിച്ചാണ്. പ്രളയമേ അവസാനിച്ചുള്ളൂ. പ്രളയ സാധ്യത അവസാനിച്ചിട്ടില്ല. കഴിഞ്ഞ പ്രളയത്തിലെ ഇരകൾ ജീവിതത്തിലേയ്ക്കു തിരിച്ചു കരകയറിയിട്ടില്ല. അവരുടെ വർത്തമാനവും ഭാവിയും ഇപ്പോഴും പ്രളയത്തിൽ തന്നെയാണ്.

പക്ഷേ മൃഗങ്ങളെ പോലെ കഴുത്തിൽ കത്തി വെക്കപ്പെടുമ്പോൾ മാത്രം പിടയാൻ ഓങ്ങുന്നവരാകാൻ നമുക്കു കഴിയില്ലല്ലോ.

അതിനാൽ അടുത്ത പ്രളയത്തിനു കളമൊരുക്കാൻ സാധ്യതയുള്ള എല്ലാ പ്രകൃതി വിരുദ്ധ കാര്യങ്ങളിലും നമുക്കു ജാഗ്രത വേണം. കഴിഞ്ഞ പ്രളയങ്ങളിൽ ജീവിതം കൈവിട്ടു പോയ നമ്മുടെ സഹോദരങ്ങൾക്കു കൈത്താങ്ങൊരുക്കണം.

അവർക്കു കത്തിയും കോലും വാഹനവും ഉപജീവന ഉപകരണങ്ങളും നൽകാൻ അഭ്യർത്ഥിക്കുന്ന കാരുണ്യ പ്രവർത്തകരുടെ ശബ്ദങ്ങളോടു നാം ചായ് വു പുലർത്തണം.

എത്രയോ കുഞ്ഞുങ്ങൾ ഉടുക്കാൻ ഉടുപ്പില്ലാതെയും എടുക്കാൻ ബാഗില്ലാതെയുമാണത്രേ സ്കൂളുകളിൽ പോകാനൊരുങ്ങുന്നത്.

തുഷാർ വെള്ളാപ്പള്ളിയിൽ നമ്മുടെ വാർത്താ ചർച്ച വിവാദ ലഹരികൾക്ക് ഉദ്ഘാടനം കുറിച്ചു കഴിഞ്ഞിരിക്കുന്നു. നല്ലതാണ്. വർത്തമാനകാല സംഭവ വികാസങ്ങളോടു സംവദിക്കാതെ മുന്നോട്ടു പോവുക സാധ്യമല്ല.

എങ്കിലും മറന്നു പോകരുതൊന്നും. ഇതെല്ലാം വീണ്ടും നമ്മെ ഓർമ്മിപ്പിക്കാൻ അടുത്ത പ്രളയത്തെ ഏൽപ്പിക്കുകയുമരുത്..