പരീക്ഷാ തോല്‍‌വിയില്‍ കുഞ്ഞുങ്ങള്‍ ആത്മഹത്യ ചെയ്യുന്നത്

674

പരീക്ഷാ തോല്‍‌വിയില്‍ കുഞ്ഞുങ്ങള്‍ ആത്മഹത്യ ചെയ്യുന്നത് ..

Fasil Shajahan എഴുതുന്നു

“മറ്റാരുടെയോ” കുഞ്ഞുങ്ങള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അവരുടെ മാതാപിതാക്കളെ ആവുന്നത്ര പഴിചാരിയുള്ള എഴുത്തുകളും കമന്‍റുകളും ആണു കാണാന്‍ കഴിയുന്നത്‌. അതു തികച്ചും തെറ്റായ നിഗമനമാണ്.

നമ്മള്‍ ഓമനിച്ചും ഭയപ്പെടുത്താതെയും വളര്‍ത്തുന്ന നമ്മുടെ അരുമ മക്കള്‍ പോലും നാളെ ആത്മഹത്യ ചെയ്തേക്കാം എന്നു കരുതി നിന്നു കൊള്ളുക.

 Fasil Shajahan
Fasil Shajahan

കാരണം കുഞ്ഞുങ്ങളില്‍ വാശിയും ഭയവും നിറയുന്നതിനു കൂടെയുള്ള ക്ലാസ് മേറ്റുകള്‍ കാരണമായേക്കാം. പഠിപ്പിക്കുന്ന അധ്യാപികയോ അധ്യാപകനോ സ്കൂളിന്‍റെ വിജയ ശതമാനം താഴ്ന്നു പോകുമെന്ന പേരിലുള്ള മാനേജ്മെന്റിന്റെ ഇടപെടലോ ഉണ്ടായേക്കാം.

അതിനാല്‍ മരണപ്പെട്ടു പോയ കുഞ്ഞു മാലാഖമാരുടെ മാതാപിതാക്കള്‍ക്ക് സാന്ത്വനവും ജീവിതം തിരിച്ചു പിടിക്കാനുള്ള ശക്തിയും നല്‍കലാണ് ഹീറോയിസം. അല്ലാത്ത പഴിചാരലുകള്‍ എല്ലാം സാഡിസമാണ്.

ഇനി ഒരു നിമിഷം നമ്മുടെ എല്‍ പി സ്കൂള്‍ മുറികളിലേയ്ക്ക് നമ്മുടെ ഓര്‍മ്മകളെ തിരിച്ചു കൊണ്ടുപോയി നോക്കൂ, അല്ലെങ്കില്‍ യുപി. അതുമല്ലെങ്കില്‍ ഹൈസ്കൂളോ പ്ലസ്‌ ടു വോ എന്തും ആകാം. ആ കലാലയവും കാമ്പസും നമ്മുടെ ക്ലാസു മുറികളും എല്ലാം വെറുതെ ഒന്നോര്‍ത്തു നോക്കുക.

ആരൊക്കെയായിരുന്നു നമ്മുടെ കൂടെ പഠിച്ചിരുന്നവര്‍? നമ്മുടെ മുന്‍ബെഞ്ചിലും പിന്‍ ബെഞ്ചിലും ഉണ്ടായിരുന്നവര്‍? തീര്‍ച്ചയായും കുറച്ചു മുഖങ്ങള്‍ നമുക്ക് ഓര്‍മ്മ വരാതിരിക്കില്ല.

ഒരേ ക്ലാസ് മുറികള്‍. പഠിച്ചതെല്ലാം ഒരേ പാഠങ്ങള്‍. അവരൊക്കെ ഇപ്പോള്‍ എവിടെയാണ്?

ഞാനും ചില മുഖങ്ങള്‍ തെരഞ്ഞു നോക്കി. ഒരാളിപ്പോള്‍ അക്വേറിയം ബിസിനസിലാണ്. രണ്ടുപേര്‍ സിനിമാ പണിക്കു പോയി. പ്ലംബിംഗ് പണിക്കു പോയവരും , ബുക്ക് ബൈൻഡിംഗ്, സ്വർണ്ണപ്പണി, അധ്യാപക ജോലി എന്നിവയ്ക്ക് പോയവരും കൂട്ടത്തില്‍ ഉണ്ട്.

നിങ്ങളുടെ കൂടെ പഠിച്ചവരിലും ഉണ്ടാകും വിവിധ തരങ്ങള്‍. അങ്ങിനെയുള്ള നൂറായിരം ആളുകള്‍ ആണല്ലോ നമ്മുടെ ഫ്രണ്ട് ലിസ്റ്റിലും ഉള്ളത്. അവരുടെയൊക്കെ പണി എന്താണ് എന്നൊന്ന് പരിശോധിച്ചു നോക്കൂ.

ഒരുപാടു പേര്‍ ഗള്‍ഫിലാണ്. അതിലുമധികം പേര്‍ നാട്ടില്‍ തന്നെ തുടരുന്നു. അതില്‍ വരണാധികാരികള്‍ ഉണ്ട്. ഗവ ജോലിക്കാരും ഉദ്യോഗസ്ഥരും ഉണ്ട്. നിർമ്മാണ തൊഴിലുകളില്‍ ഏര്‍പ്പെട്ടു നില്‍ക്കുന്നവര്‍ ഉണ്ട്.

ടൈലര്‍മാരും നഴ്സുമാരും കൃഷിക്കാരും ഉണ്ട്. ചിലര്‍ മതപരമായ തൊഴിലുകളിലെയ്ക്കാണ് പോയത്. വേറെയും ചിലര്‍ ഭക്ഷ്യനിർമ്മാണം, ഹോട്ടല്‍ പോലെയുള്ളവ മേഖലകളില്‍ എത്തിച്ചേര്‍ന്നു. ചിലര്‍ പാട്ടുകാരും ആര്‍ട്ടിസ്റ്റുകളും ആയി. സർവേയര്‍മാരും എല്‍ ഐ സി ഏജെന്റുമാരും എഞ്ചിനീയര്‍മാരും സ്വയം തൊഴിലുകാരും ആയി.

ഏറ്റവുമധികം ആളുകള്‍ ഉള്ളത് ജീവിത മാര്‍ഗ്ഗങ്ങള്‍ സ്വയം വെട്ടിപ്പിടിച്ചവരും ആക്സിഡന്റ്റലി മറ്റെതോക്കെയോ തൊഴിലുകളില്‍ എത്തിപ്പെട്ടവരുമാണ്. അന്നത്തെ മിടുക്കികളും മിടുക്കന്മാരുമല്ല പില്‍ക്കാലത്ത് മിടുക്കികളും മിടുക്കന്മാരുമായത്.

ഇനി നമുക്ക് നമ്മുടെ മക്കളുടെ, പേരക്കുട്ടികളുടെ ക്ലാസു മുറികളില്‍ ഒന്നു പോയി നോക്കാം.

ആരൊക്കെയാണ് ആ ക്ലാസുകളില്‍ ഇരിക്കുന്നത്? അതു മറ്റാരുമല്ല, നമ്മള്‍ തന്നെയാണ്. നാം ഇതുവരെ ജീവിച്ചു തീര്‍ത്ത ജീവിത വഴികളുടെ ആവര്‍ത്തനം മാത്രമാണ് നമുക്കവിടെ കാണാന്‍ കഴിയുക. ക്ലാസുമുറികള്‍, കലാലയം, കാമ്പസുകള്‍, അധ്യാപകര്‍, നോട്ടു ബുക്കുകള്‍, പരീക്ഷകള്‍…..

ആ കുട്ടികളോട് ചോദിച്ചു നോക്കൂ, നിങ്ങള്‍ക്ക് ഭാവിയില്‍ ആരാണ് ആകേണ്ടത് എന്ന്! നമ്മള്‍ പണ്ടു പറഞ്ഞതു പോലെത്തന്നെ അവരും തരും കുറെ മറുപടികള്‍. നിഷ്കളങ്ക സ്വപ്‌നങ്ങള്‍!

പക്ഷേ എവിടെയോ എങ്ങോ നമ്മള്‍ എത്തിപ്പെട്ടതു പോലെ, ഒരേ സിലബസും ഒരേ പാഠപുസ്തകവും പഠിച്ച അവരും പല വഴിക്ക് ചിതറും. ഇതൊരു തുടര്‍ച്ചയാണ്.

ഇന്നു നമ്മള്‍ നമ്മുടെ മക്കളുടെ മേല്‍ കാണുന്ന അതേ സ്വപ്‌നങ്ങള്‍ നമ്മുടെ മാതാപിതാക്കളും കണ്ടിരുന്നു. പക്ഷേ ജീവിതം നമ്മെ അവരുടെ വഴിയിലല്ല കൊണ്ടു നിറുത്തിയത്.

നമ്മുടെ മാതാപിതാക്കളുടെ മാതാപിതാക്കളും ഇതേ പോലെ കുറെ സ്വപ്‌നങ്ങള്‍ നെയ്തിരുന്നു. ആ സ്വപ്നങ്ങളൊന്നുമല്ല അവരുടെ മക്കളിലൂടെ, അതായത് നമ്മുടെ അഛനമ്മമാരിലൂടെ, ഈ ഭൂമിയില്‍ കുരുത്തത്.

പറഞ്ഞു വന്നത്, ഈ ഭൂമിയിലേയ്ക്ക് നിരവധി അനവധി തൊഴിലാളികളെ ആവശ്യമുണ്ട്. നാമെത്ര വാശി പിടിച്ചാലും, പ്രകൃതി അത്തരക്കാരെ നിര്‍മ്മിച്ചു കൊണ്ടേയിരിക്കും. അതേ പ്രകൃതി നിയമം തന്നെ മുതലാളിമാരെയും പ്രവാസികളെയും അധ്യാപകരെയും ബിസിനസുകാരെയും എല്ലാം എല്ലാം കണ്ടെത്തിക്കൊണ്ടേയിരിക്കും.

ഇന്നു നമ്മള്‍ കാണുന്ന നമ്മുടെ മക്കളുടെ ക്ലാസു മുറികളിലെ കുഞ്ഞു കുഞ്ഞുങ്ങളില്‍ നിന്നു തന്നെയാണ് ഇതെല്ലാം ഈ പ്രപഞ്ച നിയമം കണ്ടെത്തുന്നത്.

അതിനാല്‍ മക്കളെ ഇരുമ്പു കമ്പി പോലെ വളക്കാതിരിക്കുക. ഖലീല്‍ ജിബ്രാന്‍റെ വരികള്‍ ഇത്തരുണത്തില്‍ ഓര്‍ക്കുന്നതു നന്നായിരിക്കും.

“”നിങ്ങള്‍ അവര്‍ക്ക് സ്‌നേഹം നല്‍കിക്കോളൂ,ചിന്തകള്‍ നല്‍കരുത്.
അവരെ പോലെയാകാന്‍ നിങ്ങള്‍ക്ക് പരിശ്രമിക്കാം..
പക്ഷേ അവരെ ഒരിക്കലും നിങ്ങളെ പോലെ ആക്കാന്‍ ശ്രമിക്കരുത്,
ജീവിതം പിന്നോട്ട് പായുന്നില്ല,ഇന്നലെയില്‍ തങ്ങി നില്‍ക്കുന്നുമില്ല.””

നാം തുടര്‍ന്നു പോരുന്ന വിദ്യാഭ്യാസ സമ്പ്രദായം ആവശ്യത്തിലുമധികം ഭയം കുഞ്ഞുങ്ങളില്‍ കുത്തിവെക്കുന്നുണ്ട്. ഞെട്ടില്‍ നിന്നും വിരിയാത്ത മക്കള്‍ക്കു പോലും അറുപതു കഴിഞ്ഞവരേക്കാള്‍ ആവലാതിയുണ്ട് ഭാവിയെ കുറിച്ച്.

അവിടെ നമ്മള്‍ കൂടി ചൂരല്‍ പിടിച്ച ഹെഡ് മാഷ്‌ പരുവത്തില്‍ പെരുമാറിയാല്‍, ഒരുപക്ഷേ കുഞ്ഞുങ്ങളെ നമുക്കു നഷ്ടപ്പെട്ടേക്കാം.

അതിനാല്‍ പരീക്ഷകളില്‍ തോല്‍ക്കുന്നത് ജീവിതത്തിലെ ഏറ്റവും ഭയവും ഭീതിയും നിറഞ്ഞ ഒന്നാണെന്ന് നമ്മള്‍ മൂലമോ അധ്യാപകര്‍ മൂലമോ ക്ലാസ് മേറ്റുകള്‍ കാരണമോ അവരുടെ മനസ്സുകളില്‍ അടിയുറഞ്ഞു പോകുന്നതിനെ നാം സൂക്ഷിക്കുക.

Advertisements