നമ്മുടെ കുഞ്ഞുങ്ങള്‍ ഭാവിയിൽ എന്തിനെയൊക്കെ ഭയക്കണം എന്നു തീരുമാനിക്കുന്നതു നമ്മളല്ലേ?

418

ഞാന്‍ ജനിച്ചതും വളര്‍ന്നതും ജീവിക്കുന്നതും മുസ്ലിം പശ്ചാത്തലത്തില്‍ ആണ്. മറ്റെല്ലാ മനുഷ്യരെയും പോലെ എന്നിലും കുറെ വിശ്വാസപരമായ ഭയങ്ങള്‍ ഉണ്ട്.. അതിലൊരു ഭയമാണ് ഇബ് ലീസും നരകവും .

ഇതേ പശ്ചാത്തലത്തില്‍ ഉള്ള മറ്റു മുസ്ലിം സുഹൃത്തുക്കളില്‍ ജിന്നിനെ കുറിച്ചുള്ള ഭയം ഞാന്‍ കണ്ടിട്ടുണ്ട്. എന്നാൽ ജിന്നിനെ കുറിച്ചുള്ള ഭയം വ്യക്തിപരമായി എന്നെ വല്ലാതെ അലട്ടാറില്ല. കാരണം അതിനെ കുറിച്ചു വലുതായൊന്നും കേട്ടു പഠിക്കാന്‍ ജീവിതത്തില്‍ സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല.

പൊതുവെ സുന്നി മദ്രസകളില്‍ പഠിച്ചവരില്‍ ആണ് ഇത്തരം ചിന്തകള്‍ കൂടുതല്‍ കണ്ടിട്ടുള്ളത്. ജമാഅത്ത് മുജാഹിദ് മദ്രസകളില്‍ പഠിച്ചവരില്‍ ഇത്തരം പേടികള്‍ കൂടുതല്‍ കണ്ടിട്ടില്ല. അവരതിനെ നിഷേധിക്കാറില്ല എന്നേയുള്ളൂ..

Image result for മന്ത്രവാദംക്രിസ്ത്യാനികളും പല തരത്തിലുള്ള ഭയങ്ങള്‍ കൊണ്ടുനടക്കുന്നതു കണ്ടിട്ടുണ്ട്. വെഞ്ചിരിപ്പു പോലെ മുസ്ലിംകളെക്കാള്‍ കൂടുതലായി പ്രാദേശിക മത ഭയങ്ങൾ ക്രിസ്ത്യാനികൾ കൊണ്ടു നടക്കുന്നതു കാണാറുമുണ്ട്.

മുസ്ലിംകളില്‍ പ്രാദേശിക വിശ്വാസ ഭയങ്ങളുടെ അളവ് മറ്റു മതസ്ഥരെക്കാള്‍ കുറവാണ്. തീരെ ഇല്ല എന്നു പറയാനാവില്ല. അവരിലും പ്രാദേശിക കൂടോത്ര ചിന്തകളും മന്ത്ര ഏലസ്സു ജാറ ചരടു കെട്ടു പിഞ്ഞാണമെഴുത്തുകളും ഒക്കെയുള്ള ഇതരമത സ്വാധീനങ്ങൾ കണ്ടിട്ടുണ്ട്.

കോഴിത്തല, കൊട്ടത്തേങ്ങ, കാഞ്ഞിരക്കുറ്റി ആലുമര ഗൂഡമന്ത്ര തന്ത്ര നിക്ഷേപണങ്ങള്‍ പലപ്പോഴും വിവിധ മത വിശ്വാസികള്‍ അങ്ങോട്ടും ഇങ്ങോട്ടും കടമെടുക്കുന്നതും കാണാറുണ്ട്‌.

എന്നാല്‍ ഹിന്ദുക്കളുടെ കാര്യം ഇതു മാത്രമല്ല, പല ഇടങ്ങളിലും അവര്‍ കൊണ്ടു നടക്കുന്ന ഭയങ്ങള്‍ മുകളില്‍ പറഞ്ഞതടക്കം നിരവധിയാണ്.

ഉദാഹരണത്തിന് ഭൂത പ്രേത പിശാചുക്കള്‍… ദുര്‍ ദേവതകള്‍.. പ്രേതാത്മാക്കള്‍..

Related imageകാവുകളും മുടിപ്പുരകളും തിറകൊട്ടും മുടിയാട്ടവും ചാത്തന്‍ തുള്ളലും ആഭിചാര കര്‍മ്മങ്ങളും…

ഹോമം, ഒടിവിദ്യ, കൈവിഷം, ഭാസ്മമിടല്‍, മഷിനോട്ടം, മന്ത്രങ്ങള്‍, യാഗങ്ങള്‍, പ്രയോഗവിധികള്‍ തുടങ്ങി എല്ലാം ഇത്തരം ഭയങ്ങളുടെ തുടക്കങ്ങളും പരിഹാരങ്ങളും ഒക്കെയാണ്.

എന്നാല്‍ ഇതൊന്നും കേട്ടു വളരാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവരുടെ ചിന്തകളില്‍ പോലും വരുന്നതു കാണാറില്ല.

ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഘണ്ടാ കര്‍ണ്ണന്‍, ഗുളികന്‍, പേയ്, മാടന്‍, മറുത, അറുകൊല, ഒറ്റമുലച്ചി, ബ്രഹ്മരക്ഷസ്, പച്ചിലത്തോട്ടി, വെണ്ണിറ്റുകുട്ടത്തി, നിണമാടി, ചെറ്റമാടന്‍, ഒട്ടന്‍, ശീതങ്കന്‍…..

അങ്ങിനെയങ്ങിനെ നൂറായിരം ഭയ ചിന്തകള്‍ ഹിന്ദു വിശ്വാസികള്‍ കൊണ്ടുനടക്കുമ്പോള്‍ ഇങ്ങിനെയൊന്നും പഠിപ്പിക്കപ്പെടാത്ത സമുദായങ്ങളും സമൂഹങ്ങളും ഇത്തരം ഭയങ്ങളെ കുറിച്ചു ആലോചിക്കുകയോ ചിന്തിക്കുക പോലുമോ ചെയ്യുന്നില്ലല്ലോ എന്നു വിസ്മയപ്പെടാറുണ്ട്.

ചുരുക്കത്തില്‍ എന്താണോ നാം പഠിപ്പിക്കപ്പെടുന്നത്‌, അതാണോ നമ്മിലെ ഭയങ്ങളുടെ വ്യാപ്തി തീരുമാനിക്കുന്നത് എന്നു തോന്നിപ്പോകുന്ന അവസ്ഥ.

Related imageസ്നേഹതിന്റെ മൂര്‍ത്തീമദ് ഭാവമാണെങ്കിലും ദൈവത്തെപ്പോലും ഭയത്തിന്‍റെ തളികയിലാണ് മനുഷ്യ മനസ്സുകളില്‍ നിക്ഷേപിക്കപ്പെടുന്നത്.

ദൈവം സ്നേഹിക്കും എന്നല്ല, ദൈവം ശിക്ഷിക്കും എന്നാണു പൊതുവേ പഠിപ്പിക്കപ്പെടാറുള്ളത്.

ഒരിക്കലൊരു സിനിമയില്‍ ലേബര്‍ റൂമില്‍ വെച്ചു മാറിപ്പോയ രണ്ടു കുഞ്ഞുങ്ങളെ കണ്ടു. മുസ്ലിമിന്റെ വീട്ടില്‍ വളരേണ്ട കുഞ്ഞ് ഹിന്ദു വീട്ടിലും ഹിന്ദുവിന്റെ വീട്ടില്‍ വളരേണ്ട കുഞ്ഞ് മുസ്ലിം വീട്ടിലും വളരേണ്ടി വന്ന സാഹചര്യങ്ങളാണ് അതിലെ കഥ.

Related imageഅതിൽ രണ്ടുപേരും കൊണ്ടു നടക്കുന്ന വിശ്വാസങ്ങളും ഭയവും അവരവരുടെ ജീവിത സാഹചര്യങ്ങളുടെ സൃഷ്ടികള്‍ ആയിരുന്നു.

എന്താണ് ഇതിന്‍റെ അര്‍ഥം? ആരാണ് നമ്മുടെ ചിന്തകളെ ഇവ്വിധം തരം തിരിച്ചു കളഞ്ഞത്? അതു തീര്‍ച്ചയായും നാം ജനിച്ചു വളര്‍ന്നു വന്ന സാഹചര്യങ്ങളുടെ സൃഷ്ടിയല്ലേ?

മറ്റെവിടെയോ ആയിരുന്നു നാം ജനിച്ചിരുന്നത് എങ്കില്‍, വളര്‍ന്നിരുന്നത് എങ്കില്‍, നമ്മുടെ ഭയങ്ങള്‍ മറ്റൊന്നാകുമായിരുന്നില്ലേ?

ഒരുപക്ഷേ ഇത്തരം ഭയങ്ങളൊന്നും തന്നെ ഇല്ലെന്നു വരുമായിരുന്നില്ലേ?

നമ്മുടെ കുഞ്ഞുങ്ങള്‍ ഭാവിയിൽ എന്തിനെയൊക്കെ ഭയക്കണം എന്നു തീരുമാനിക്കുന്നതു നമ്മളല്ലേ?

 

Advertisements
Previous articleകന്നിമൂലയും കക്കൂസും
Next articleപുരസര്‍ല വെങ്കട്ട സിന്ധു (പി.വി.സിന്ധു)
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.