ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട് ഇതാണ്. ‘ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി’ ഡിഇഒക്ക് അധ്യാപികയുടെ പരാതി ‘. മലപ്പുറം ജില്ലയിലാണ് സംഭവം. ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക രംഗത്ത്.മലപ്പുറം എടപ്പറ്റ സികെഎച്ച്എംസ്കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥ് ഡിഇഒയെ സമീപിച്ചു.വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ പ്രതികരണം.എടപ്പറ്റ സികെഎച്ച്എം ഗവണ്മെന്റ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയാണ് സരിത രവീന്ദ്രനാഥ്. ഈ വിഷയത്തെ കുറിച്ചു ഫാസിൽ ഷാജഹാൻ സോഷ്യൽ മീഡിയായിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
ഫാസിൽ ഷാജഹാൻ എഴുതുന്നു
ടീച്ചറുടെ ലെഗ്ഗിൻസ് :
പദ്മരാജന്റെ ഒരു കഥയുണ്ട്. സാരാംശം മാത്രം ഇവിടെ പറയാം. ഒരു പാവം മനുഷ്യൻ. ഒരു ഫാമിലെ സെക്യൂരിറ്റിയാണ്. എന്നും രാവിലെ ബസ്സിൽ പോകും, അതേ ബസ്സിൽ വൈകീട്ട് തിരിച്ചുവരും, പഴങ്കഞ്ഞി കുടിക്കും, കിടന്നുറങ്ങും. വലിയ വലിയ ചിന്തകളൊന്നുമില്ലാത്ത വെറും വെറുമൊരു സാധാരണക്കാരൻ.
ഒരുദിവസം പതിവു പോലെ അതിരാവിലെ വീട്ടിൽ നിന്നിറങ്ങി അദ്ദേഹം ബസ്സ് കാത്തു നിൽക്കുകയാണ്. എന്നും വരുന്ന ബസ്സു വന്നു, പക്ഷേ അവിടെ നിറുത്താതെ കടന്നുപോയി.
ബസ്സിലുള്ള എല്ലാവരും തന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ അദ്ദേഹം തന്നെത്തന്നെ സ്വയമൊന്നു നോക്കി. അപ്പോഴാണ് തന്റെ ഉടുതുണി എവിടെയോ അഴിഞ്ഞുവീണു പോയതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.ആകെ നാണം കെട്ട് അദ്ദേഹം അവിടെ നിന്നും ഓടി. കടകളുടെ പിറകിൽ മറഞ്ഞു നിൽക്കാൻ ശ്രമിച്ചപ്പോൾ കടക്കാർ സമ്മതിച്ചില്ല. അതിനിടയിൽ കുറെ പിള്ളേര് വന്നു കല്ലെറിയാൻ തുടങ്ങി. തെരുവിലൂടെ ഓടിയോടി അവസാനം അദ്ദേഹം ഒരു തോട്ടിൽ ചാടി നീന്തി രക്ഷപ്പെട്ടു.
അപ്പോഴേയ്ക്കും ഇക്കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ ഭാര്യയുടെ കാതിലും എത്തിയിരുന്നു. അവർ അയാളെ ആശ്വസിപ്പിച്ചു. രാവിലെ വീട്ടിൽ നിന്നും മുണ്ട് ഉടുത്തു പോയതാണ്. അതിനിടയിൽ എന്തെങ്കിലും സംഭവിച്ചതാവാം എന്നു ഭാര്യ കരുതി. പിറ്റേ ദിവസം ഇതേ പോലെ ജോലിക്കു പോകാൻ അതിരാവിലെ ഒരുങ്ങുന്നതിനിടയിൽ ഭാര്യ പതിവു പോലെ അയാൾക്ക് മുണ്ട് കൊണ്ടക്കൊടുത്തപ്പോൾ അയാൾ ഇനി മുണ്ട് വേണ്ടെന്നു പറഞ്ഞു. അയാൾ ഉടുതുണിയില്ലാതെ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു. ബസ് സാധാരണ പോലെ സ്റ്റോപ്പിൽ നിറുത്തി. അയാളെ കയറ്റി. ആരും അയാളെ തുറിച്ചു നോക്കിയില്ല, ആരും കൂകി വിളിച്ചില്ല.
……
ഇതാണ് കഥ. സമൂഹത്തിന്റെ മനസ്സാക്ഷിയെ എഴുത്തിലൂടെ പദ്മരാജൻ കാണിച്ചു കൊടുക്കുകയായിരുന്നു. ഏതു കാര്യവും ശീലമായാൽ സമൂഹത്തിന് അതൊരു സാധാരണ സംഭവമായി തോന്നും. ഇതിപ്പോൾ ഓർക്കാൻ കാരണം ഇന്ന് പൊങ്ങി വന്ന പുതിയ ലെഗ്ഗിൻസ് വിവാദമാണ്. സ്കൂളിലെ ടീച്ചർ ലെഗ്ഗിൻസ് ധരിക്കരുതെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും ഉള്ള വിവാദമാണ് ഇപ്പോൾ നടക്കുന്നത്. വളരെ പണ്ട് സ്കൂളുകളിൽ ചുരിദാർ ഇട്ടതിന്റെ പേരിൽ ഇടക്കിടെ വിവാദങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു. അന്നത് പുതിയ വസ്ത്രമായിരുന്നു. രണ്ടായിരത്തി പതിനാലിൽ പെൺകുട്ടികൾ കുർത്തയും ജീൻസ് പാന്റും ഇട്ടതിന്റെ പേരിൽ വലിയ വിവാദമുണ്ടായിരുന്നു. ഇപ്പോൾ കേരളത്തിൽ ഏറ്റവുമധികമുള്ള ഡ്രസ് പാറ്റേൺ അതാണ്.
ഏതാണ് മാന്യമായ വസ്ത്രം? സാരിയും ബ്ലൗസും? മൂടുപടവും പർദ്ദയും? ചുരിദാർ വിത്തൗട്ട് സ്ലീവ് വിത്തൗട്ട് ഷാൾ ഉത്തരേന്ത്യയിൽ നോർമൽ ഡ്രസ്സാണ്. ഇവിടെ അങ്ങനെ ഒരു ടീച്ചർക്ക് പോകാനൊക്കുമോ ? കുറേ കാലം കഴിഞ്ഞാൽ അതും ഇവിടെ നോർമലാകും.ചുരുക്കത്തിൽ വിവാദങ്ങൾ ഇങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും. അത് സമൂഹത്തിനെ പുതിയ എന്തോ ഒന്ന് പഠിപ്പിക്കുകയാണ്. ശീലിപ്പിക്കുകയാണ്. അക്കാലത്ത് ചാനലുകൾ അതുവരെയും ആളുകൾക്ക് ശീലമാകാത്ത മറ്റെന്തോ ഒന്നിനെ കുറിച്ചുള്ള വൻ ചർച്ചയിലായിരിക്കും.
By Fasil Shajahan
9072994333