മനുഷ്യരിൽ നിന്നു മാത്രമല്ല, ചാനലുകളിൽ നിന്നും, അമിത വായനയിൽ നിന്നും എല്ലാം ഈ കൊറോണ കാലത്ത് നാം ഒരു ചെറിയ അകലം പാലിക്കണം.നമ്മുടെ ആളുകളിൽ അതു വല്ലാത്ത Anxiesty Disorder ഉണ്ടാക്കുന്നുണ്ട്. അവരുടെ ചോദ്യങ്ങളിലും മെസേജുകളിലും കോളുകളിലും ഫോർവാർഡുകളിലും എല്ലാം ഇത് പകൽ വെളിച്ചം പോലെ വ്യക്തമാണ്.
ഓരോ വ്യക്തിയുടെയും വൈകാരിക നിയന്ത്രണ ശേഷിയും ശക്തിയും വ്യത്യസ്തമാണ്.
വളരെ വേണ്ടപ്പെട്ട ഒരാൾ മരണപ്പെട്ടു എന്നു കേൾക്കുമ്പോൾ ചിലർ മാത്രമേ കരയാറുള്ളൂ. ചിലർ വിഷാദത്തിൽ വീഴും. ചിലർ ഓക്കു മരം പോലെ ഉറച്ചു നിൽക്കും.അങ്ങിനെയുള്ള നമ്മൾ എല്ലാവരും ഒരേ പോലെയാണ് കൊറോണ ഇൻഫർമേഷനുകളുടെ മുന്നിൽ അടയിരിക്കുന്നത്. അതു ചിലരിൽ അറിവും ചിന്തയും നൽകും. ചിലരിൽ അതു ഭീതിയും ഭയവും പടർത്തും.നമ്മുടെ കപ്പാസിറ്റിയെ നമുക്കു തന്നെ വിലയിരുത്താനാവണം.എന്നെ പറ്റി പറയാലോ, പത്തു മുപ്പത്തിയഞ്ചു വയസ്സിനു ശേഷം ഒരു കോഴിയെ അറുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല.മകൻ റോവലിന്റെ പല്ല് ഇളകി തൂങ്ങിയാടിയിട്ടും അതു പറിച്ചു കളയാൻ ആവാതെ, ഡെന്റൽ ഡോക്ടറുടെ അടുത്തേക്കാണ് ഞാൻ പോയത്.പറഞ്ഞു വന്നത് ഇൻഫർമേഷനുകളുടെ കളക്ടർമാറായി നാം വല്ലാതെ മാറിപ്പോകരുത് എന്നായിരുന്നുവല്ലോ.അതിൽ വരുന്ന ഒരു വ്യക്തി രഹസ്യം കൂടി ഞാൻ പറയാം. ഏകദേശം 22 വർഷമായിക്കാണും ഞാൻ പത്രത്തിൽ പണിയെടുക്കാൻ തുടങ്ങിയിട്ട്.ഞാനതു വായിക്കാറില്ല. ഇന്നേവരെ കൂടെയുള്ള ഒരു സ്റ്റാഫും ഞാൻ പത്രം നിവർത്തിയിട്ടു വായിച്ചിരിക്കുന്നതു കണ്ടിട്ടുണ്ടാവില്ല.ഏകദേശം അത്ര തന്നെ വർഷമായിട്ടുണ്ടാവും ടി.വി ന്യൂസുകളും കണ്ടിട്ട്. എന്റെ സഹ ഒരിക്കലും എന്നെ ടെലിവിഷനു മുന്നിൽ കുമ്പിട്ടിരിക്കുന്നത് കണ്ടിട്ടുണ്ടാവില്ല. ഇതു കേൾക്കുമ്പോൾ തികഞ്ഞ അതിശയോക്തിയെന്നു നിങ്ങൾക്കു തോന്നാം. സാരമില്ല. പക്ഷേ പറഞ്ഞതു സത്യമാണ്.
എല്ലാവരും ഇങ്ങിനെ ആവണമെന്നോ എല്ലാവർക്കും ഇങ്ങിനെ ആകാൻ കഴിയുമെന്നോ ഞാൻ ചിന്തിക്കുന്നുമില്ല.പക്ഷേ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. NEWS എന്നത് ആശ്വാസത്തേക്കാൾ ആകാംക്ഷയെ അങ്കുരിപ്പിക്കുന്ന തൊഴിൽ മേഖലയാണ്.ഒരു ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുന്ന ഒരു വാർത്ത കൊടുത്താൽ എത്ര പേർ അതു ശ്രദ്ധിക്കും? പക്ഷേ ആറു പേരെ കൊന്ന ജോളിയുടെ വാർത്ത ആയാലോ? മഞ്ഞപ്പത്രങ്ങൾ പോലും ചൂടപ്പം പോലെ വിറ്റഴിയും.മനുഷ്യരുടെ സൈക്കോളജി ബിൽഡ് അപ് ചെയ്തിരിക്കുന്നത് അങ്ങിനെയാണ്. ആ സാധ്യതതയെ ഉപയോഗപ്പെടുത്തി നിലനിൽക്കുന്ന മേഖലയാണ് വാർത്താ മേഖല.അതൊരു തെറ്റല്ല. കുറ്റവുമല്ല. മറിച്ച് അത് ആവശ്യവുമാണ്. പക്ഷേ, സദാ സമയവും അതിൽ അഭിരമിക്കുമ്പോൾ നാമറിയാതെ ഒരു വലിയ ഭയത്തിന് നമ്മൾ അടിമകൾ ആവുന്നുണ്ട്.സകലതുമറിഞ്ഞില്ലെങ്കിൽ പകലതു പുലരില്ലെന്നു ചിന്തിച്ചുവശായിട്ടുണ്ട്.
നമുക്കറിയേണ്ടുന്ന മിനിമം വിവരങ്ങൾ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ടെലിവിഷനുകളിൽ നിന്നും അകന്നു നിൽക്കാൻ നമുക്കു കഴിയണം.ഇറ്റലിയിൽ മിനിഞ്ഞാന്ന് 400 പേർ മരിച്ചു , ഇന്നലെ അത് 600 ആയി. ഇന്ന് അത് ആയിരമാകുമെന്നു പറയുന്നു എന്നിങ്ങനെയുള്ള ലൈവ് അപ്ഡേറ്റുകൾ അത് കേൾക്കേണ്ടുന്നവർ കേട്ടാൽ മതി .ഓരോന്നും ഇങ്ങിനെ കേട്ടു കേട്ടു ഡെയിലി ഞെട്ടാൻ പാകമുള്ളതായിരിക്കണമെന്നില്ല എല്ലാ മനുഷ്യ മനസ്സുകളും. അതു നമ്മെ ഭയപ്പെടുത്തും.
അറിയുക, ഭയം എല്ലാ ഡിസ് ഓർഡറുകളുടെയും മാതാവാകുന്നു.