ദുബായില്‍ നിന്നും ഒരു പതിനഞ്ചു ലക്ഷം പേര്‍ നാട്ടിലെത്തിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ

0
251

Fasil Shajahan

പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ചർച്ച ഒരു മീഡിയ ക്രിയേഷന്‍ മാത്രമാണ്. തികച്ചും അശാസ്ത്രീയമായ ഒരു നിര്‍ദ്ദേശം.  ആളുകളുടെ പാനിക്നെസ്സിനെ മുതലെടുത്തു കൊണ്ടു അവരുടെ സെന്റിമെന്‍സിനെ ഇക്കിളിപ്പെടുത്തുക എന്ന മാധ്യമ മാര്‍ക്കറ്റിങ് തന്ത്രം. കപ്പല്‍ വിമാന യാത്രകളാണ് ഈ രോഗത്തെ ലോകം മുഴുവന്‍ വ്യാപിപ്പിച്ചത് എന്നു എല്ലാവര്‍ക്കും ഇപ്പോള്‍ അറിയാം. നിലവില്‍ രോഗമില്ലാത്തവര്‍ക്കു കൂടി ഈ യാത്രകൾ വഴി രോഗം വരുത്താനേ ഇതു പ്രവാസികളെ സഹായിക്കൂ. പ്രത്യേകിച്ചും ഫാമിലികള്‍ ആയിരിയ്ക്കും ആദ്യം നാട്ടിലേക്കു പോവുക. അതില്‍ കുട്ടികളും പ്രായമുള്ളവരും ആയിരിയ്ക്കും കൂടുതലും ഉണ്ടാവുക. ദുബായില്‍ നിന്നും ഒരു പതിനഞ്ചു ലക്ഷം പേര്‍ നാട്ടിലെത്തിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ, ഖത്തര്‍ഇല്‍ നിന്നുള്ള ഒരു ഏഴു ലക്ഷവും. അങ്ങിനെ ഓരോ ജിസിസിയും ഒന്നു ആലോചിച്ചു നോക്കൂ.

ഇനി ആരാണ് ഈ ബഹളം വെക്കുന്നവര്‍? അവര്‍ ഇവിടെ ചികില്‍സ കിട്ടാതെ ബുദ്ധിമുട്ടുന്നവരല്ല, നിലവില്‍ സേഫ് സോണിൽ നില്‍ക്കുന്നവരാണ്. അവരിലെ ഭയമാണ് അവരെ ഇളക്കാൻ മാധ്യമങ്ങൾക്കു സൗകര്യമൊരുക്കുന്നത്.ഗൾഫില്‍ രോഗ ലക്ഷണം കാണിക്കുന്നവരുടെ പരിശോധന വൈകുന്നുണ്ട് എന്നത് നേരാണ്. കാരണം വരുന്ന കേസുകളില്‍ പകുതിയിലധികവും ഭയം കാരണം ഉണ്ടായവ ആണ്. അത്രയും ആളുകളെ ഒരൊറ്റ അടിക്ക് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഗൾഫിൽ എന്നല്ല, ലോകത്ത് ഒരു രാജ്യത്തുമില്ല.

അത്തരം ആളുകളെ ക്വാരന്‍റയിൻ ക്യാമ്പുകളില്‍ ഇടും. അവര്‍ ഭക്ഷണം കിട്ടാന്‍ വൈകുന്നു, ഞങ്ങൾക്ക് കൊറോണ ടെസ്റ്റുകളൊന്നും നടത്താതെ വെറുതെ ഇവിടെ പാർപ്പിച്ചിരിക്കുന്നു എന്നൊക്കെ ഇവർ മറ്റുള്ളവര്‍ക്ക് ഫോണ്‍ ചെയ്തു പറയും. ഈ വിഷയത്തില്‍ എന്നെ പോലെ ഈ വിഷയത്തിൽ നേരിട്ടു ഇടപെടുന്നവരോടു ചോദിച്ചു നോക്കൂ,, ഉള്ളതില്‍ ബെറ്റര്‍ ജിസിസി രാജ്യങ്ങൾ തന്നെയാണ്. രോഗമുണ്ടോ എന്നു പരിശോധിക്കുന്ന സാമ്പിളുകൾ കലക്റ്റ് ചെയ്യുന്നതിൽ മാത്രമാണ് അല്പം വൈകാലുകള്‍ നടക്കുന്നത്.
പക്ഷേ രോഗമുണ്ട് എന്നറിഞ്ഞാല്‍, അല്ലെങ്കിൽ പനിയോ മറ്റു രോഗലക്ഷണങ്ങളോ അമിതമായി ഉണ്ട് എന്ന് ഫോണിൽ വിളിച്ചറിയിച്ചാൽ ഇത്രയും നല്ല ചികില്‍സാ സൌകര്യങ്ങള്‍ ജിസിയിലല്ലാതെ മറ്റൊരിടത്തും ലഭിക്കുന്നില്ല. ബഹറൈനും കുവൈറ്റും എല്ലാം മികച്ച നിയന്ത്രണ റേറ്റിങ്ങില്‍ എത്തി കഴിഞ്ഞിരിക്കുന്നു. സൗദിയുടെ വലിപ്പം കാരണം ചില പ്രവിശ്യകൾ മാത്രം നിയന്ത്രണത്തിൽ വരാൻ സമയമെടുക്കുന്നുണ്ട്. ഇത് ഇന്ത്യയ്ക്കും ബാധകമാണ്.

ഖത്തറിൽ അതിവേഗ ആശുപത്രികൾ മൂന്നു ദിവസം കൊണ്ടാണ് പണിതത്. ഹോട്ടലുകളെല്ലാം ഇതിനായി ഗവ. ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. 35000 വളണ്ടിയർമാരെ പതിനഞ്ചു ദിവസം മുമ്പു തന്നെ തയ്യാറാക്കി കഴിഞ്ഞിരുന്നു.കേരളം കൊറോണ വിഷയത്തില്‍ എടുക്കുന്ന പബ്ലിക് അവയര്‍നസ്സുകളും ഇടപെടലുകളും കണ്ടു അവിടേയ്ക്ക് ഓടിപ്പോയാല്‍ അവിടെ നിലവിലുള്ള സംവിധാനങ്ങള്‍ ആകെ താറുമാറിലാകും. ഇവിടെ കിട്ടുന്ന സൗകര്യങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. അക്കരെപ്പച്ച കണ്ടു ഓടാൻ നിൽക്കണ്ട.
കേരളത്തില്‍ ഇനി മഴ രോഗങ്ങള്‍ കൂടി വരാനിരിക്കുകയാണ്. ആശുപത്രികള്‍ അങ്ങിനെയും നിറയും. വരുമാന സ്രോതസുകളുടെ വഴി കണ്ടെത്താൽ ഇപ്പോൾ ഇവിടെ നിന്നും ഓടിപ്പോയാൽ പ്രവാസികൾക്കു കഴിയുകയുമില്ല.

ഗൾഫിൽ പലർക്കും ശമ്പളം മുടങ്ങിയതും ബിസിനസുകളില്‍ നിന്നു വരുമാനം നിലച്ചു പോയതും ഒരു വലിയ പ്രതിസന്ധി തന്നെയാണ്. പക്ഷേ ഒരു മാസമെങ്കിലും നിലവിലുള്ള സ്ഥലത്തു തുടര്‍ന്നില്ലെങ്കില്‍ ഇതുവരെ നാമെടുത്ത ജാഗ്രതകള്‍ മുഴുവന്‍ പാഴിലാകും. പൗരന്‍ , പൗരന്‍മാരുടെ അവകാശം, നോർക്ക എന്നൊക്കെ വിളിച്ചു പറയാന്‍ സുഖമുള്ള വാക്കുകളാണ്. പക്ഷേ ഇത്രയും വലിയ ഒരു പ്രവാസ ജനസംഖ്യയെ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ എംബസിക്കു കഴിയില്ല. ഗവ:നും. റോഡിൽ കുത്തിയിരുന്നു ധർണ്ണ നടത്തിയാലൊന്നും കൊറോണ പോകില്ലല്ലോ. കോടതി കൊണ്ടും പോകില്ല. കോൺഗ്രസ് അനുകൂല വേദികൾ ഇക്കാര്യത്തിൽ ലക്ഷ്യം വെക്കുന്നത് കൊറോണയെ അല്ല, മറിച്ചു രാഷ്ട്രീയ ലക്ഷ്യങ്ങളാണ്.

അതതു രാജ്യങ്ങളിലെ ഭരണകൂടവുമായി ബന്ധപ്പെട്ടു എംബസിയുടെ പൗര സേവനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതല്ലാതെ മറ്റേതൊരു ശ്രമവും രോഗവ്യാപനത്തിന് ആക്കം കൂട്ടുകയല്ലാതെ കുറക്കുകയില്ല. ഏതെങ്കിലുമൊരു അറബ് രാജ്യം വിദേശ പൗരന്‍മാര്‍ ഇവിടെ നിന്നും പോകണം എന്നു സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടല്ല ഇങ്ങിനെയൊരു ചർച്ച ഉയര്‍ന്നു വന്നത് എന്നത് കൂടി നാം ഓര്‍ക്കണം. വെറുതെ അങ്ങോട്ടു പോയി തലവെച്ചു കൊടുക്കലാണ് ഇതിന്റെ ആത്യന്തിക ഫലം.ഇനി കൂട്ടം കൂട്ടമായി നാട്ടിലെത്തിയാലും അവിടെയുള്ള വൃദ്ധരായ മാതാപിതാക്കള്‍ക്ക് അതൊരു പ്രശ്നമാകും. ഗൾഫ് നാടുകളില്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ സാധ്യതകളും ഇന്‍റര്‍നെറ്റ് സ്പീഡും നാട്ടില്‍ ലഭിക്കാത്ത ഫ്രാസ്റ്റ്വേഷന്‍ വേറെയും ഉണ്ടാകും.

കേരളത്തില്‍ കാര്യമായ വിവാദ സാധ്യതകള്‍ ഒന്നും ലഭിക്കാത്ത മാധ്യമങ്ങള്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ ഒരു വിപണന സാധ്യത തേടി ഇറങ്ങിയിരിക്കുകയാണ്. വെറുതെ പ്രവാസികള്‍ വടി കൊടുത്തു അടിവാങ്ങിക്കണ്ട എന്നേ പറയാനുള്ളൂ.
ഗൾഫ് നാടുകളിലെ ബാചിലർ റൂമുകളിലെ കൂട്ടമായ താമസത്തിലെ പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.