Fasil Shajahan എഴുതുന്നു 

ഐഡന്റിറ്റി റെക്കഗ്നിഷന്‍ X ബുര്‍ഖ 

യേശുക്രിസ്തു അഥവാ ഈസാ പ്രവാചകന്‍ ജനിക്കുന്നതിനും 1100 കൊല്ലങ്ങള്‍ക്കു മുമ്പ് തന്നെ തലയോ മുഖമോ ശരീരം മൊത്തമായോ മറക്കുന്ന രീതി ലോകത്തു നിലവില്‍ വന്നിരുന്നു.

യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമെെല്ലാം പ്രാചീന കാലം മുതല്‍ക്കു തന്നെ ഇതിന്‍റെ വിവിധ രൂപങ്ങള്‍ നിലവിലുണ്ടായിരുന്നു്. അതിനു പ്രധാനമായും കാരണമായിരുന്നത്, അതതു പ്രദേശങ്ങളുടെ ദേശം, കാലഘട്ടം, തൊഴിൽ, സമയം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും പ്രാദേശിക സമൂഹങ്ങളുടെ ആചാര ജീവിത രീതികളുമായിരുന്നു.

Image result for burkhaലോക സമൂഹങ്ങളില്‍ പലവിധങ്ങളിലായി നിലനിന്നിരുന്ന ഈ സമ്പ്രദായത്തെ ജൂതമതവും പിന്നീട് ക്രിസ്തു മതവും ശേഷം മുസ്ലിം മതവുമാണ് പ്രധാനമായും പില്‍ക്കാലത്ത് പ്രൊമോട്ട് ചെയ്തതും നിലനിറുത്തിയതും.

കാലക്രമേണ ഇതിനു പ്രത്യേക നാമകരണങ്ങൾ സംഭവിച്ചു. വെറുമൊരു തുണി തലയില്‍ ഇടുന്നതിനു ത്രികോണത്തില്‍ ഉള്ള സ്കാര്‍ഫോ നീളത്തിലുള്ള ദുപ്പട്ടയോ ഉപയോഗിച്ചു. ഹിജാബ്, അമീറ, ചാദോര്‍ എന്നിവ മുഖം കാണാന്‍ പറ്റുന്ന വിധം ഉള്ളവ ആയിരുന്നു.

നിഖാബ് കണ്ണുകള്‍ മാത്രം വെളിപ്പെടുന്നവയും ബുര്‍ഖ നേരിയ വലകള്‍ കൊണ്ടു കണ്ണുകള്‍ അടക്കം മൂടുന്നവയും ആയിരുന്നു.

കേരളത്തില്‍ പൊതുവേ കാണുന്ന, മുഖം മറക്കാതെയുള്ള ആവരണത്തോടു കൂടിയ ഒരു തുണി കാല്‍മുട്ടിനു താഴേയ്ക്ക് നീണ്ടാല്‍ അതിനെ പര്‍ദ്ദ എന്ന് വിളിക്കാം. മുഖത്തുള്ള ആവരണം ഇല്ലാതെ കാല്‍മുട്ടിനു താഴേയ്ക്ക് ആ തുണി നീണ്ടാല്‍ അതിനെ മേക്സി എന്നും വിളിക്കാം.

കണ്ണുകള്‍ മാത്രം വെളിപ്പെടുന്ന നിഖാബും കണ്ണുകളടക്കം വല കൊണ്ടു മൂടുന്ന ബുര്‍ഖയും നമ്മുടെ നാട്ടില്‍ വ്യാപകമാവാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷങ്ങള്‍ പോലും ആയിട്ടില്ല.

ലോകമാസകലം മുസ്ലിംകളുടെ ഇടയില്‍ ഇതു വ്യാപകമായത് പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മരണം കഴിഞ്ഞു എഴുനൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. വഹാബിസമാണ് ഇതിന്‍റെ ലോക വ്യാപകമായ പ്രചാരണത്തിന് മുന്‍കൈ എടുത്തതും. അതുവരെ ഇതൊരു വിവിധ രൂപത്തില്‍ ഉള്ള ഭൂമിശാസ്ത്രപരമായ പ്രാദേശിക വസ്ത്രധാരണാ രീതി മാത്രമായിരുന്നു.

സൌദി അറേബ്യയിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ നില നിന്നിരുന്ന ആചാരമായിരുന്നു പ്രായപൂര്‍ത്തിയെത്തിയ പെണ്‍‌കുട്ടികള്‍ ബുര്‍ക്ക ധരിക്കുക എന്നത്. പിന്നീട് ഇതിന് മതപരമായ ഒരു പരിവേഷം വരികയും ബുര്‍ക്ക ധരിക്കുന്നത് മതപരമായ ഒരു അവകാശമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുകയാണുണ്ടായത്.

മുഖം മൂടുക എന്നത് ഇങ്ങിനെയല്ലാതെയും പണ്ടുകാലം മുതലേ നിലനിന്നിരുന്നു. തൂക്കു കയറില്‍ ഏറ്റാന്‍ പോകുന്ന കുറ്റവാളിയെ മുഖം മൂടിയിട്ടാണ് കൊണ്ട് പോയിരുന്നത്. രാജ സദസ്സില്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് വേശ്യകളെ മുഴുവനായും മൂടി, പിന്നീട് അല്‍പാല്‍പമായി വസ്ത്രം നീക്കം ചെയ്യുന്ന രീതി നിലനിന്നിരുന്നു.

Image result for burkhaചാരവൃത്തിക്കായും പ്രേതഭൂത കഥാപാത്രങ്ങളുടെ നാടക ആവിഷ്കാരങ്ങള്‍ക്കായും മറ്റും ഇത് ഉപയോഗിച്ചു പോന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി മുഖമൂടികള്‍ ആധുനിക ലോകത്ത് ഉപയോഗിച്ചു. മോഷ്ടാക്കളുടെ ഇഷ്ടവസ്ത്രവും ഇതു തന്നെ.

പുതുലോകത്ത് ഇതൊരു വിഷയമായി വന്നത് ടെററിസം വന്നപ്പോഴാണ്. ലോകമൊട്ടുക്കും വിവിധങ്ങളായ വംശീയ, മത, വര്‍ഗീയ, തീവ്രവാദ സംഘങ്ങള്‍ ബോംബ്‌ സ്ഫോടങ്ങളും പൊട്ടിത്തെറികളും നടത്തി ലക്ഷക്കണക്കിന്‌ സാധാരണക്കാരുടെ ജീവന്‍ കവര്‍ന്നപ്പോള്‍ അവരുടെയെല്ലാം ഐഡന്റിറ്റി മറച്ചു വെക്കുവാന്‍ അവരെ സഹായിച്ചത് മുഖം മൂടികള്‍ ആയിരുന്നു.

എല്‍ ടി ടി ഇ പോലെയുള്ള പെണ്‍ ചാവേര്‍ സംഘങ്ങള്‍ കൂടി ഇത്തരം ഭീകര വാദത്തിന്‍റെ അണിയാളുകള്‍ ആയപ്പോള്‍ മുഖം മറക്കുക എന്നത് ലിംഗഭേദമന്യേ ഭീകരതയുടെ അടയാളമായി മാറി.

അങ്ങിനെ ചില രാജ്യങ്ങള്‍ കണ്ണുകള്‍ മാത്രം കാണാവുന്ന നിഖാബും കണ്ണുകള്‍ അടക്കം മൂടുന്ന ബുര്‍ഖയും പൂര്‍ണ്ണമായും നിരോധിച്ചു. വസ്ത്രത്തോടു കൂടിയ ഷോള്‍ഡര്‍ ഭാഗങ്ങൾ ഐഡന്റിറ്റി രേഖകളില്‍ ലോകമാസകലം നിര്‍ബന്ധമായി. ചില രാജ്യങ്ങള്‍ ചെവി കൂടി വ്യക്തമാകണം എന്ന നിലപാട് എടുത്തു.

മുസ്ലിം രാജ്യങ്ങള്‍ പാസ്പോര്‍ട്ട് പോലെയുള്ള ഐഡന്റിറ്റി വെളിപ്പെടുത്തേണ്ട എല്ലാ രേഖകളിലും പരിശോധന മേഖലകളിലും താടിയെല്ല് മുതല്‍ നെറ്റി വരെയുള്ള മുഖം വ്യക്തമാക്കണം എന്ന നിലപാടെടുത്തു.

ചുരുക്കത്തില്‍ ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒന്നായി ഭീകരത മാറുകയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ ഇതിനെതിരെയുള്ള പോരാട്ടങ്ങളില്‍ മതദേശഭേദമന്യേ ലോകരാജ്യങ്ങള്‍ ഐക്യപ്പെടുകയും ചെയ്തപ്പോള്‍ മുഖം മൂടികള്‍ ഒരു വ്യക്തിയെ തിരിച്ചറിയാന്‍ ഏറെ പ്രയാസമുണ്ടാക്കുന്ന ഒന്നാണെന്ന വാദം ശക്തമായി.

Image result for burkhaകണ്ണുകള്‍ മാത്രം കാണാവുന്ന നിഖാബും കണ്ണുകള്‍ മൂടുന്ന ബുര്‍ഖയും പ്രതിക്കൂട്ടിലാവുന്നത് ഇങ്ങിനെയാണ്‌.

ഇസ്ലാമിക ഐഡന്റിറ്റിയോടു വൈരനിര്യാതന വിരോധം വെച്ചു പുലര്‍ത്തുന്ന സംഘങ്ങള്‍ ഈ ലോകമാറ്റത്തെ മുസ്ലിം സമൂഹത്തിനു എതിരെയുള്ള ആയുധമായി ഉപയോഗിക്കാനും കൂടി തുടങ്ങിയതോടെ അവരുടെ രോധവും മൌലിക അവകാശത്തിന്‍റെ പേര് പറഞ്ഞ് പ്രതിരോധവും നിറഞ്ഞ വിഷയമായി ഇതു മാറി.

ഇനി മുസ്ലിംകള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നാല്‍ തന്നെ മുഖമാകെ ബുര്‍ഖ ഇസ്‌ലാമിന്റെ ഭാഗമല്ലെന്ന് വാദിക്കുന്ന നിരവധി പണ്ഡിതന്മാരും സംഘടനകളും ഉണ്ട്. അവര്‍ക്കാണ് എക്കാലവും മുന്‍തൂക്കവും ഉള്ളത്. ലോകമുസ്ലിംകളുടെ ബഹുഭൂരിഭാഗവും നിഖാബും ബുര്‍ഖയും ഉപയോഗിക്കാത്തവരും ആണ്.

സ്ത്രീയുടെ മുഖവും ശരീരവും കറുത്ത വസ്ത്രത്താല്‍ മൂടണമെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടുമില്ല. പ്രവാചക വചനങ്ങളുടെ ചരിത്രരേഖകള്‍ വെച്ച് കീറി മുറിച്ചുള്ള വ്യാഖ്യാനങ്ങളില്‍ ആണ് ഇതു ചുരുക്കം ചിലര്‍ക്ക് തികഞ്ഞ മത അടയാളമായി മാറിയത്.

സൂപ്പ്, കാച്ചിമുണ്ട്, ജമ്പർ, മക്കന, മഫ്ത, തൊപ്പിമഫ്ത, മുഖമക്കന എന്നിവയൊക്കെ ഉപയോഗിച്ചു നടന്നിരുന്ന കേരളത്തിലെ സുന്നികള്‍ വരെ വെറുമൊരു വസ്ത്രമെന്ന ധാരണയില്‍ നിന്നും മാറി വഹാബിസത്തിന്റെയും സലഫിസത്തിന്റെയും ചുവടു പിടിച്ച് ബുര്‍ഖയുടെയും
നിഖാബിന്റെയും മത അടയാള സ്വാധീന വലയത്തില്‍ വന്നു പെട്ടു തുടങ്ങിയിട്ടുണ്ട് എന്നു കാണാം.

വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുത്തി ഈയൊരു വസ്ത്ര ധാരണാ രീതിയെ വെറുതെ വിടണമെന്ന വാദം ഉള്ളവരും ഉണ്ട്. അതേ കൂട്ടര്‍ തന്നെ ഇതേ വ്യക്തി സ്വാതന്ത്ര്യം ഉപയോഗിച്ചു കുറഞ്ഞ നീളമുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ അണിയുന്നതിനെ സഹിഷ്ണുതാ പൂര്‍വ്വം കാണുന്നുമില്ല എന്നിടത്താണ് വ്യക്തിസ്വാതന്ത്ര്യ വാദത്തിന്‍റെ കള്ളി പൊളിയുന്നത്.

ദുപ്പട്ട ധരിക്കുന്ന മതത്തിലെ സ്ത്രീകളെ നിരന്തരം പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഇക്കൂട്ടര്‍ നരകാവകാശികളായി ചിത്രീകരിക്കുകയും ഒരാളുടെ മതബോധത്തിന്റെ അടയാളമായി ഇതിനെ മനുഷ്യ മനസ്സുകളില്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു എന്നിടത്താണ് മുസ്ലിം സ്ത്രീകളില്‍ തന്നെ വലിയൊരു വിഭാഗം ഇതിനോടു മൗനമായി പ്രതിഷേധിക്കുകയും ചെയ്യുന്നത്.

ഒരു സംസ്കാരത്തിന്റെ നീണ്ട നൂറ്റാണ്ടുകളുടെ തുടര്‍ച്ചയുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ ഈ വസ്ത്രധാരണാരീതി ഇന്നും ശക്തമായി തുടര്‍ന്നു പോരുന്നുണ്ട്. അവിടെയൊന്നും പക്ഷേ അവരുടെ ചിന്താഗതിയെ മാറ്റി മറിക്കുന്ന രീതിയില്‍ ഭീകരാക്രമണങ്ങള്‍ നടന്നിട്ടില്ല. ഈ സംസ്കാരത്തെ കടം കൊണ്ട രാജ്യങ്ങളിലാണ് ഇതിന്‍റെ ദുരുപയോഗം കൂടുതലായും നടക്കുന്നത്.

രക്തം ചിന്തിയ ഭീകരാക്രമണത്തിന്റെ അവസാന കഥയില്‍ ശ്രീലങ്ക മുഖം മൂടുന്ന വസ്ത്രത്തെ നിരോധിച്ചപ്പോള്‍ ലോകമാസകലവും , എം ഇ എസ് അവരുടെ കാമ്പസുകളിൽ ഇത്തരം വസ്ത്ര ധാരണങ്ങളെ നിരോധിച്ചപ്പോള്‍ നമ്മുടെ നാട്ടിലും ഇതൊരു വിവാദ വിഷയമായി മാറി.

മത വ്യാഖ്യാതാക്കളെയും മത വിരോധികളെയും മാറ്റി നിറുത്തിയാല്‍, ഈ വിഷയം ഐഡന്റിറ്റി റെക്കഗ്നിഷനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നതെയുള്ളൂ.

By: ഫാസില്‍ ഷാജഹാൻ

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.