Fasil Shajahan
ബാങ്ക് ജപ്തി നോട്ടിസ് വീടിന് മുന്നിൽ പതിച്ചതിൽ വേദനിച്ച് അഭിരാമി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്തയാണ് ഇന്നു കണ്ടത്. ഒന്നര പതിറ്റാണ്ട് കാലം ഖത്തറിൽ താമസിച്ച് പിന്നീട് നാട്ടിൽ സ്ഥിരമായപ്പോൾ നല്ലതും ചീത്തയുമായ കുറേ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. നിരന്തരം മതചേരിതിരിവുകൾ ഉണ്ടാക്കാൻ വിവിധ മതനേതാക്കൾ വർഷങ്ങൾ പ്രസംഗിച്ചു നടന്നിട്ടും ആളുകൾ അതൊന്നും ഗൗനിക്കാതെ ഹൃദയങ്ങൾ പകുത്തു മുന്നോട്ടു പോകുന്നു എന്നതാണ് നല്ല കാഴ്ചകളിലൊന്ന്.
കഴിഞ്ഞ ഓണവും പെരുന്നാളും ക്രിസ്തുമസും നാട്ടിൽ നടക്കുന്ന ചെറുതും വലുതുമായ സാംസ്കാരിക പരിപാടികളും ചാരിറ്റികളും എല്ലാം അതിനു നേർസാക്ഷിയാണ്. പ്രത്യേകിച്ച് സ്ത്രീകളിലും ന്യൂ ജനറേഷനിലും മതവർഗ്ഗീയ ചിന്ത തീരെ കുറഞ്ഞു നിൽക്കുകയാണ്. അവർ ജീവിതത്തെ ആഘോഷിക്കാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു.എന്നാൽ നാട്ടിലെ മോശം കാഴ്ചയിൽ ഏറ്റവും വേദനിപ്പിക്കുന്നത് സാമ്പത്തിക ഇടപാടുകളാണ്. പലിശയിലും ബ്ലേഡിലും ലോണിലും പണയത്തിലും പെട്ടു നിൽക്കാത്തവരെ കാണാനേ കിട്ടുന്നില്ല. പലപ്പോഴും ഭർത്താക്കൻമാർ പോലുമറിയാതെ ഗൾഫുകാരുടെ ഭാര്യമാർ വരെ ബ്ലേഡ് ബിസിനസിൽ സജീവമാണ്. മാസത്തിൽ ഒരു ലക്ഷത്തിന് രണ്ടായിരം മുതൽ ഇരുപത്തി അയ്യായിരം വരെയാണ് വാങ്ങുന്നത്.
അതിരാവിലെ തുടങ്ങുന്ന മീൻ പച്ചക്കറി കച്ചവടക്കാർ മുതൽ രാത്രിയിലെ തട്ടുകട കച്ചവടം വരെ ഓരോ ഇടപാടും നടക്കുന്നത് അവിടെ നിന്നും ഇവിടെ നിന്നും പലരോടും വാങ്ങിയ പണം വെച്ചാണ്. മാസാവസാനം കച്ചവടം ലാഭത്തിലായാലും നഷ്ടത്തിലായാലും പണം തന്നവർക്ക് ലാഭം കൊടുക്കണം. എത്രയോ ബിൽഡിംഗുകളിൽ ഇപ്പോൾ മാസ വാടകയില്ല, ദിവസ പലിശയാണ്.കഴിവും ആരോഗ്യവും മുൻ ബിസിനസ് അറിവുമുള്ള ഒരു പയ്യൻ ജ്വല്ലറി തുടങ്ങി. മുപ്പത്തഞ്ചു ലക്ഷം രൂപ കടയുടെ ഇന്റീരിയർ വർക്കിനു ചെലവായി. അതിനിടയിൽ കോവിഡ് വന്നു. ഉദ്ഘാടനത്തിനു മുന്നേ കടപൂട്ടി. ബിസിനസിൽ ഷെയർ ഇട്ട ആറു പേർക്ക് അവൻ മാസാമാസം ലാഭം കൊടുക്കണം. എവിടെ നിന്ന് എടുത്തു കൊടുക്കും? പലിശക്കും ബ്ലേഡ് പലിശക്കും പണം വാങ്ങി വാങ്ങി ഇപ്പോൾ മാസം എൺപത്തി എട്ടായിരം രൂപ ബ്ലേഡുകാർക്ക് കൂട്ടുപലിശ നൽകുകയാണ് അവൻ. ഞാനും രണ്ടു കൂട്ടുകാരുമാണ് മധ്യസ്ഥത്തിന് പോയത്.
നാടിന്റെ ഓരോ മുക്കിലും മൂലയിലും പണയ സ്ഥാപനങ്ങളാണ്. കാറും ബൈക്കും സ്വർണ്ണവും ആധാരവും പാസ്പോർട്ടും എല്ലാം പണയത്തിലാണ്. “ഉടൻ പണം” എന്ന ബോർഡുകൾ തൂങ്ങാത്ത ഇലക്ട്രിക് പോസ്റ്റുകളും പോസ്റ്റർ പതിയാത്ത ചുവരുകളും നന്നേ കുറവ്. കടത്തിൽ വീണു പോയവവരും അവർക്ക് പലിശക്ക് പണം കൊടുത്തു ആ പണം തിരികെ കിട്ടാതായവരും പൂട്ടിപ്പോയ ജ്വല്ലറികളും ഇൻസ്റ്റിറ്റ്യൂട്ടുകളും അങ്ങോട്ടും ഇങ്ങോട്ടും ഈടായി വാങ്ങിയ ചെക്കും സ്റ്റാമ്പു പേപ്പറുകളും കേസുകളും വക്കീൽ നോട്ടീസുകളുമായി ആകെ ജഗപൊക! രണ്ടു കൂട്ടരുടെയും ചോര കുടിക്കാനായി ക്വട്ടേഷൻ സംഘങ്ങളും.
അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഗവ. ഉദ്യോഗസ്ഥൻമാർ, ഒരു പണിക്കും പോകാത്ത ചില മഹല്ല് കമ്മിറ്റി പ്രമാണിമാർ, കയ്യിലൊരു പൈസയുമില്ല എന്നു സദാ പറയുന്ന മുതലാളിമാർ, നേരത്തെ പറഞ്ഞതു പോലെയുളള പ്രവാസികളുടെ ഭാര്യമാർ, ലിക്വിഡ് മണി കൈയ്യിലുള്ള അച്ചായൻമാർ, പുത്തൻ പണക്കാർ, എല്ലാവർക്കും രഹസ്യ ബിനാമികളാണ്. ഈ ബിനാമികളാണ് സമൂഹത്തിൽ പണം കൊണ്ടുള്ള ഈ ചൂതുകളി നടത്തുന്നത്.സ്നേഹമെവിടെ? ചേർത്തു പിടിക്കലുകളെവിടെ?
അച്ഛനും അമ്മയ്ക്കും ഹാർട്ട് അറ്റാക്ക് വന്നാൽ, മകൾ സ്കൂളിൽ പോകുമ്പോൾ ബസ്സിടിച്ച് ചോരയിൽ മുങ്ങിയാൽ, ഓടി വരാൻ ചുറ്റിലും ആംബുലൻസുകളാണ്. അവ ഏറ്റവും മികച്ച ആശുപത്രികളിലേയ്ക്കു പായുകയാണ്. ഒടുക്കം ബില്ലു വരുന്നത് രണ്ടും മൂന്നും ലക്ഷം രൂപയാണ്. ഹൃദയം തകർന്നു സാമ്പത്തിക ഭദ്രത തെറ്റി നിൽക്കുന്ന ആ അവസ്ഥയിൽ നമ്മിലേയ്ക്ക് സഹായ ഹസ്തവുമായി നീളുന്ന ഓരോ കൈകളും ലക്ഷത്തിന് മാസത്തിൽ ഇത്ര എന്ന കണക്കിന് പലിശപ്പേപ്പറിൽ ഒപ്പിടുവിക്കുകയാണ്. കണ്ണുനീരിൽ നിന്ന് പണം ഉൽപാദിപ്പിക്കുന്ന നാട്! ഗ്രാൻഡ് ആയി നടക്കുന്ന ഒട്ടുമിക്ക കല്യാണങ്ങളുടെയും പിറകിൽ പിന്നീട് ബാക്കിയാവുന്ന കടങ്ങളുടെ കൂമ്പാരം ആരുമറിയാതെ മുനിഞ്ഞു കത്തിക്കൊണ്ടിരിക്കുന്നുണ്ടാവും. റോഡുകളിലൂടെ ബൈക്കുകളിൽ രാപകലില്ലാതെ പായുന്ന കഠിനാധ്വാനം ചെയ്യുന്ന യുവാക്കളുടെ വരുമാനത്തിന്റെ പകുതിയും ഇൻസ്റ്റാൾമെന്റുകൾ അടച്ചു തീർക്കാനുള്ളതാണ്.
മൊബൈൽ കടയിൽ പോയാൽ, ഒരു വാഹനം വാങ്ങാൻ പോയാൽ, മക്കളെ ഒരു കോഴ്സിന് ചേർക്കാൻ ആഗ്രഹിച്ചാൽ, ഒരു വീടു വെക്കാതെ വഴിയില്ലെന്നു വന്നാൽ, എല്ലായിടത്തും ഇ എം ഐ സൗകര്യമാണ്. പലിശ രഹിത വായ്പ എന്നാണ് പലതിന്റെയും പേര്. ഒരു അടവ് തെറ്റിയാൽ, കുറച്ചു പണം ഒരു മാസത്തേയ്ക്ക് ആരോടെങ്കിലും ചോദിച്ചു നോക്കൂ, എന്റെ കയ്യിൽ അഞ്ചു നയാ പൈസയില്ല എന്നാണ് അവർ പറയുക. പകരം പണം കിട്ടാൻ സാധ്യതയുള്ളവരെ അവർ പറഞ്ഞു തരും. അത് ബ്ലേഡ് പലിശയുമായിരിക്കും. ഭൂരിപക്ഷത്തിന് ഭ്രാന്തായാൽ അതിനെ സ്വാഭാവികതയായി കണക്കാക്കും എന്നൊരു കീഴ്വഴക്കമുണ്ട്. ആ കീഴ് വഴക്കത്തിൽ, ആ സ്വാഭാവികതയിൽ ലോണുകളിൽ പരസ്പരം വീണു കിടക്കുകയാണ് നമ്മൾ. അതിൽ ഞാനും നിങ്ങളും അവരും ഇവരും ഉണ്ട്.
ആരാരുമറിയാതെ ഉള്ളിൽ കിടന്നു കത്തുന്ന കടബാധ്യതകളുടെ തീ കത്തിയുണ്ടാകുന്ന പ്രകാശമാണ് മിക്ക ആളുകളെയും മുഖത്തു കാണുന്നത്. മനസ്സമാധാനത്തിന്റെ തെളിച്ചമല്ല. രണ്ടു കാഴ്ചകൾ ഇപ്പോൾ എന്നെ നിരന്തരം വിസ്മയിപ്പിക്കുന്നു. പലിശ കൊടുത്തു കൊടുത്തു മുടിഞ്ഞ്, ഇനി പലിശ ഇടപാടിന് താനില്ല എന്നു ശപഥമെടുത്തവർ ജീവിതത്തിൽ രക്ഷപ്പെടുന്നു. മറ്റൊരു കാഴ്ച, വല്ലാതെ വിസ്മയിപ്പിക്കുന്ന കാഴ്ച, കണ്ണുനീരിൽ നിന്ന് കോടികൾ ഉണ്ടാക്കിയിട്ടും ഹൃദയത്തിൽ സന്തോഷം ബാക്കിയാവാത്ത മുതലാളിമാരാണ്. ഒരു ബ്ലേഡ് / പണയ / പലിശ ഇടപാടിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള കണ്ണികളാവുന്ന ഓരോ വ്യക്തിക്കും സമാധാനക്കേടാണ്. ആധിയും ആന്തലുമാണ്. എത്ര മഴ പെയ്തിട്ടും നനയാത്ത മണ്ണു പോലെ അശാന്തിയാൽ വരണ്ടു നിൽക്കുകയാണ് അവരുടെ മനസ്സകം. അതും പ്രകൃതിയുടെ ഒരു നീതിയാവാം ….