ഒരിക്കലും നന്നാവില്ലെന്ന് എല്ലാവരും വിധിച്ച ഒരു കുട്ടിയെ നന്നാക്കാൻ അദ്ധ്യാപിക ചെയ്തത് !

0
1535

Fasil Shajahan എഴുതുന്നു

സ്കൂളില്‍ അല്ലെങ്കില്‍ കോളേജിൽ നമ്മെ ‍ പഠിപ്പിച്ച അധ്യാപകരെ വെറുതേ ഒന്നോര്‍ത്തു നോക്കൂ, ചില മുഖങ്ങള്‍ നമുക്കു ഓര്‍മ്മ വരികയേ ഇല്ല.

ചിലരെ ഓര്‍മ്മ വരും, എങ്കിലും അവരെ ഓര്‍ക്കാന്‍ പോലും നമ്മള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.

പക്ഷേ ഇതിലൊന്നും പെടാത്ത ചിലരുണ്ടാവും. നമ്മുടെ മനസ്സിനെ തൊട്ടവര്‍. ഹൃദയത്തെ ചുംബിച്ചവര്‍. നമ്മുടെ ചിന്തകളെ അവിസ്മരണീയമാം വിധം വഴിതിരിച്ചു വിട്ടവര്‍.

Nicholas Kristof (CreditDamon Winter/The New York Times) എഴുതിയ ഒരു സംഭവ കഥ വായിച്ചു നോക്കൂ.

കറുത്ത വംശജനായ വളരെ മോശമായ പെരുമാറ്റം കൈമുതലായുള്ള ഒരു കുട്ടിയായിരുന്നു ഒല്ലി നീൽ . പതിമൂന്നു മക്കളില്‍ ഒരുവന്‍. കറണ്ടോ വെളിച്ചമോ ഇല്ലാത്ത വീട്ടില്‍ വളര്‍ന്ന, വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത കര്‍ഷകനായ അച്ഛന്റെ മകന്‍.

ഗ്രേഡി എന്ന തന്‍റെ ഇംഗ്ലീഷ് ടീച്ചറെ കരയിപ്പിച്ച സ്കൂളിലെ കുരുത്തം കെട്ട ഏക ചെറുക്കന്‍. മോഷണവും കൂടി അവന്‍റെ ഹരമായപ്പോള്‍ ഈ കുട്ടിയെ നന്നാക്കാന്‍ കഴിയില്ല എന്ന് അവസാനം എല്ലാ അധ്യാപകര്‍ക്കും പറയേണ്ടി വന്നു.

കരോലിന്‍ എന്ന ടീച്ചര്‍ പറയുന്നു; കുട്ടികള്‍ അധ്യാപകരെ മിസ്റ്റര്‍ എന്നും മിസിസ് എന്നും ഒക്കെ ബഹുമാനപൂര്‍വ്വം വിളിച്ചപ്പോള്‍ അവന്‍ എല്ലാവരെയും പേരാണ് വിളിച്ചിരുന്നത്‌!

സ്കൂളിലെ ഫൈനല്‍ ഇയര്‍ ക്ലാസില്‍ എത്തിയപ്പോള്‍, ക്ലാസ് കട്ട് ചെയ്തു അലഞ്ഞു തിരിഞ്ഞു നീല്‍ ലൈബ്രറിയില്‍ എത്തി. വളരെ സെക്സിയായ ഒരു പെണ്‍കുട്ടി ഇരിക്കുന്ന കവറോടു കൂടിയ ഒരു പുസ്തകം നീല്‍ കണ്ടു.

കറുത്ത വർഗ്ഗക്കാരനായ ഫ്രാങ്ക് യെർബി എഴുതിയ ‘ദ ട്രഷർ ഓഫ് പ്ലസന്റ് വാലി ‘ എന്ന പുസ്തകമായിരുന്നു അത്. നീല്‍ അതു മോഷ്ടിച്ചു. വീട്ടില്‍ കൊണ്ടു പോയി നോക്കി. അവന്‍ വിചാരിച്ചതൊന്നും അതിലില്ല. പക്ഷേ എവിടെയോ വെച്ച് അവന്‍ വായനയില്‍ കുരുങ്ങി. ആ പുസ്തകം മുഴുവന്‍ വായിച്ചു.

താല്‍പര്യം തലയ്ക്കു കയറി പിടിച്ചപ്പോള് അടുത്ത ആഴ്ച ‍ വീണ്ടും ലൈബ്രറിയില്‍ പോയി അതേ എഴുത്ത്കാരന്റെ മറ്റൊരു പുസ്തകം മോഷ്ടിച്ചു. അവനു അത്ഭുതമായി. എന്തൊരു രസം. അങ്ങിനെ അതും വായിച്ചു.

വീണ്ടും ലൈബ്രറിയില്‍ പോയപ്പോള്‍ അതേ എഴുത്തുകാരന്‍റെ മറ്റൊരു പുസ്തം അവിടെയിരിക്കുന്നു. ഇങ്ങിനെ മോഷണവും വായനയും നാലാം പുസ്തകത്തിലേയ്ക്കു കടന്നപ്പോള്‍ നീലിന് വായനയുടെ സുഖം ഹരമായി.

പില്‍ക്കാലത്ത് ആൽബെർ കമ്യുവിനെ പോലെയുള്ളവരുടെ കടുകട്ടി പുസ്തകങ്ങള്‍ വായിക്കുന്നവനായി നീല്‍ മാറി. പത്രങ്ങളും മാസികകളും എല്ലാം നീലിനെ കെട്ടിപ്പുണര്‍ന്നു അരികില്‍ കിടന്നു.

പിന്നീടവന്‍‍ സ്കൂളും കോളേജും എല്ലാം അനായസം പടികടന്നു. ബിരുദധാരി ആയി. നിയമം പഠിച്ചു. അഭിഭാഷകനായി.1991ല്‍ അർക്കൻസാസിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ജില്ലാ പ്രോസിക്യൂഷൻസ് അറ്റോർണിയായി . പിന്നെ ജഡ്ജിയായി..

ഇനിയാണ് കഥ.

ഒരിക്കല്‍ നീല്‍ എല്ലാവരുടെയും മുന്നില്‍ വെച്ചു കരയിച്ച ഗ്രേഡി എന്ന അധ്യാപികയാണ് കഥയിലെ നായിക. ആ ഒരു സംഭവത്തോടെ അവര്‍ നീലിനെ സദാസമയവും നിരീക്ഷിക്കാന്‍ തുടങ്ങി. അവന്‍റെ നടപ്പു താവളങ്ങളും ദു:ശീലങ്ങളും കണ്ടുപിടിച്ചു വെച്ചു.

ലൈബ്രറിയില്‍ അവന്‍ വരുന്നിടത്ത് സെക്സിയായ പെണ്‍കുട്ടിയുടെ ചിത്രമുള്ള പുസ്തകം കൊണ്ടുവെച്ചത് അവരായിരുന്നു. അവര്‍ പ്രതീക്ഷിച്ചതു പോലെ നീല്‍ ആ പുസ്തകം മോഷ്ടിച്ചു. നീല്‍ ലൈബ്രറിയിലേയ്ക്ക് തിരികെ വന്നപ്പോഴെല്ലാം ആരുമറിയാതെ മറ്റൊരു പുസ്തകം അവിടെ കൊണ്ടു വെച്ചത് അവരായിരുന്നു.

ഓരോ പ്രാവശ്യവും അവനു വേണ്ടിയുള്ള പുസ്തകത്തിനായി സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി നൂറിലധികം കിലോമീറ്റര്‍ അകലെയുള്ള മെംഫിസിലേക്ക് അവര്‍ കാറോടിച്ചു പോയി.

ഓരോ ആഴ്ചയും അവനു മോഷ്ടിക്കാന്‍ പറ്റിയ പുസ്തകങ്ങള്‍ മെംഫിസിലെ നിരവധി ലൈബ്രറികളില്‍ നിന്നും തപ്പിയെടുത്തു ആ അധ്യാപിക അവിടെ കൊണ്ടുവന്നു വെച്ചു.

തന്നെ കരയിച്ച, ഒരിക്കലും നന്നാവില്ല എന്ന് എല്ലാവരും വിധിച്ച ഒരു കുട്ടിയെ നേരയാക്കാനുള്ള ആ അധ്യാപികയുടെ ഉറക്കമില്ലാത്ത പ്രയത്നം ഉദാത്തമായ ഒരു ചരിത്രകഥയായി മാറി.
—– —- —-
“ഒരിക്കലും നന്നാവില്ല” എന്ന മറ്റൊരാളെ കുറിച്ചുള്ള നമ്മുടെ പ്രസ്താവന നമ്മുടെ തന്നെ ബലഹീനതയെ മറച്ചു പിടിക്കാനുള്ള സുന്ദരമായ വിധിയെഴുതലാണ്.. Image may contain: 1 person

Translated: Fasil Shajahan. ചിത്രത്തില് ഉള്ളത് ‍ Olly Neal