ഡിജിറ്റല്‍ ഡീറ്റോക്സിനെ കുറിച്ച് നിങ്ങളും ചിന്തിക്കുന്നോ ? അതിരിക്കട്ടെ എന്താണത് ?

0
478

എഴുതിയത് : Fasil Shajahan

ഡിജിറ്റൽ ഡീറ്റോക്സ്
———————-
ഒരുപാടു പേര്‍ ഡിജിറ്റല്‍ ഡീറ്റോക്സിനെ കുറിച്ചു ചിന്തിക്കാറുണ്ട്. ഡിജിറ്റല്‍ ഡീറ്റോക്സ് ജീവിതത്തിൽ അനുവർത്തിക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ ആ വഴിയിലൂടെ യാത്ര ചെയ്യുന്നുണ്ട്.

ഡിജിറ്റല്‍ ഡീറ്റോക്സ് എന്താണ് എന്നാലോചിച്ചു തലപുകയണ്ട. ഡിജിറ്റല്‍ & ഓണ്‍ലൈന്‍ ലോകത്തു നിന്നും വിട്ടു നില്‍ക്കുന്നതിനെ ആണ് ഡിജിറ്റല്‍ ഡീറ്റോക്സ് എന്നു പറയുക.

ഇതു പല തരത്തില്‍ ഉണ്ട്. ചിലര്‍ ചില മണിക്കൂറുകള്‍ നേരത്തേയ്ക്ക് മൊബൈല്‍ ഫോൺ ഓഫ് ആക്കി വെക്കും. ചിലര്‍ കുറെ നാളുകള്‍ ഫേസ്ബുക്കും വാട്സപ്പും ഒഴിവാക്കും. ചിലര്‍ ഓൺലൈൻ ലോകത്തോടു പാടേ വിടപറയും.

വേറെയും ചിലര്‍ മക്കളോടൊത്തുള്ള നിമിഷങ്ങളിലും ഭക്ഷണം കഴിക്കുന്ന സമയത്തും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോഴും ഒക്കെ മൊബൈലും കമ്പ്യൂട്ടറും ഓഫാക്കി വെക്കും.

ആളുകൾ ഡിജിറ്റല്‍ ഡീറ്റോക്സ് തെരഞ്ഞെടുക്കാന്‍ ഒരുപാടു കാരണങ്ങള്‍ ഉണ്ട്. മടുപ്പ് ഒരുപ്രധാന കാരണമാണ്. മറ്റൊരു കാരണം തൊഴില്‍ സ്ഥലത്തും ഡ്രൈവിങ്ങിലും മറ്റും ഉണ്ടാകുന്ന ആബ്സന്റ് മൈന്‍ഡ് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ്.

അതിശക്തമായ പുസ്തക വായന ഉണ്ടായിരുന്നവര്‍ അത് തിരികെ പിടിക്കാന്‍ വേണ്ടിയും ഡിജിറ്റല്‍ ഡീറ്റോക്സ് ചെയ്യാറുണ്ട്.

കുട്ടികള്‍ മൊബൈല്‍ ഡിജിറ്റല്‍ ലോകത്തിനു അടിമപ്പെടുന്നതു തടയാന്‍ വീടുകളില്‍ ഡിജിറ്റല്‍ ഡീറ്റോക്സ് പ്രഖ്യാപിക്കുന്നവരും ഉണ്ട്.

ഡിജിറ്റല്‍ ലോകത്ത് നിരന്തരം ചുറ്റി കറങ്ങുന്നത് പ്രായഭേദമന്യേ ആളുകളില്‍ ഉത്കണ്ഠ രോഗം ( Anxiety Disorder) ഉണ്ടാക്കുന്നു എന്നതാണ് മുകളില്‍ പറഞ്ഞ പ്രശ്നങ്ങളെക്കാള്‍ ഏറ്റവും വലിയ പ്രശ്നം. അതൊഴിവാക്കാന്‍ വേണ്ടിയും ആളുകള്‍ ഈ വഴി തെരെഞ്ഞെടുക്കാറുണ്ട്.

ഡിജിറ്റല്‍ ഡീറ്റോക്സ് കൊണ്ടു മുകളില്‍ പറഞ്ഞ കാര്യങ്ങൾ ഉള്ളപ്പോള്‍ തന്നെ ദോഷവും ഉണ്ട്. ചുറ്റിലും നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് നമ്മള്‍ അപ്ഡേറ്റഡ് ആകാതെ പോകുന്നു എന്നതാണ് ഏറ്റവും വലിയ ദോഷം.

മത്സരത്തില്‍ അധിഷ്ഠിതമായ ഒരു ഗ്ലോബലൈസേഷന്‍ ലോകക്രമത്തില്‍
ജീവിക്കുന്ന നമ്മള്‍ ആ പരിസരത്തു നിന്നും ഔട്ട്‌ ഡേറ്റഡ് ആയിപ്പോകുന്നു എന്നത് പരിപൂര്‍ണ്ണമായും ഡിജിറ്റല്‍ ഡീകോക്സ് തെരഞ്ഞെടുക്കുന്നതില്‍ നിന്നും ആളുകളെ തടയുന്നു. ഡിജിറ്റൽ സൂയിസൈഡ് എന്നാണ് ഇതിനു പറയുക.

പരിപൂര്‍ണ്ണമായും മൊബൈല്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ ലോകത്തു നിന്നും വിടപറയുന്നത് അഭികാമ്യമല്ല എന്നാണു എന്‍റെ വ്യക്തിപരമായ അഭിപ്രായം. കാരണം അതൊരു വലിയ വെല്ലുവിളിയാണ്. എല്ലാവരെയും കൊണ്ടു അതു നേരിടാന്‍ കഴിയണമെന്നില്ല. മറിച്ചു, അതിന്‍റെ നിയന്ത്രിത ഉപയോഗം തെരഞ്ഞെടുക്കുന്നതാവും അഭികാമ്യം.

ലോകത്ത് ഒരു സംഗതിയും ഒരു സംവിധാനവും പൂര്‍ണ്ണമായി ദോഷമുള്ളതോ പൂര്‍ണ്ണമായി ഗുണമുള്ളതോ ഇല്ല. ഇതു തെളിയിക്കാന്‍ സാധാരണ കത്തിയെ ആണ് ഉദാഹരണമായി എടുക്കാറുള്ളത്.

കത്തികൊണ്ടു ചെത്താം, മറ്റൊരാളെ കുത്താം. ലോകം നിറയെ അവസരങ്ങളാണ്. പ്രപഞ്ചത്തിലെ ഓരോ അണുവിലും നിറയെ നല്ലതും ചീത്തയുമായ സാധ്യതകളാണ്.. അവയുടെ വിവേകപൂർണ്ണമായ തെരെഞ്ഞെടുപ്പുകളിലാണു കാര്യമിരിക്കുന്നത്.

വാടക വീടുകള്‍ ഒരു അവസരമാണ്. അവിടെ നമുക്കു ചെടികള്‍ നടാം. പക്ഷെ കൂടുതല്‍ പേരും അത് ചെയ്യാറില്ല. പക്ഷേ അങ്ങിനെ ചെയ്യുന്നവര്‍ അതൊരു അവസരമാക്കി മാറ്റുന്നു.

കഴിഞ്ഞ ദിവസം ദുബായിലെ നജീബ് എന്നൊരാളുടെ വീഡിയോ കണ്ടു. വഴിവക്കിലെ പ്ലാസ്റ്റിക് വേസ്റ്റുകള്‍ കൊണ്ട് അദ്ദേഹം എന്തെല്ലാം ചെയ്യുന്നു. നമ്മുടെ മുന്നിലും ഇതൊക്കെ നമ്മള്‍ നിരന്തരം കാണുന്നതാണ്. പക്ഷേ അതിലൊന്നും നമ്മള്‍ അവസരങ്ങളും സാധ്യതകളും കാണുന്നില്ല എന്നേയുള്ളൂ.

ഫേസ്ബുക് നമുക്കുപയോഗപ്പെടുത്താവുന്ന മറ്റൊരു അനന്ത സാധ്യതയാണ്. അതിലൂടെ നമുക്ക് അറിവുകള്‍ പകരാം. ആനന്ദം നല്‍കാം. എത്രയോ പേരെ പ്രോല്‍സാഹിപ്പിക്കാം. നന്മയുടെ പക്ഷം ചേരാം. നല്ല സംരംഭങ്ങളുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാം.

ചാറ്റ് ബോക്സുകളും വാട്സപ്പും മറ്റൊരു അവസരമാണ്. വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍, മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടണം എന്നുറപ്പുള്ള കാര്യങ്ങള്‍ പങ്കുവെക്കാന്‍ അതിലും നല്ല മറ്റൊരു ഇടമില്ല.

നമ്മുടെ മക്കള്‍ മറ്റൊരു സുവര്‍ണ്ണാവസരമാണ്. യൂ ട്യൂബ് വീഡിയോകള്‍ മറ്റൊരു വലിയ ലോകമാണ്.

നമ്മുടെ മേല്‍ ഉല്‍ക്ക പോലെ വന്നു ഭവിക്കുന്ന ദുരന്തങ്ങള്‍ പോലും മറ്റൊരു തരത്തിലുള്ള അവസരങ്ങളും സാധ്യതകളും ആണെന്ന് വിളിച്ചു പറയാത്ത ഒരൊറ്റ റോള്‍ മോഡലുകളും ഇല്ല.

നമ്മുടെ കാഴ്ചകള്‍… കേള്‍വികള്‍.. അനുഭവങ്ങള്‍….പരിചയങ്ങള്‍..

ഒരു മൂന്നാം കണ്ണുണ്ടെങ്കില്‍ എല്ലായിടത്തും അവസരങ്ങള്‍ ഒളിച്ചു നില്‍ക്കുന്നത് കാണാം.

പ്രഭാതം..
പ്രദോഷം…
പകല്‍..
രാത്രി…
യാത്രകള്‍…
സന്ദർശനങ്ങൾ…
പോയിപ്പാർക്കലുകൾ…
പുസ്തകങ്ങള്‍…
സിനിമകൾ…
പുഴകൾ…
കടൽത്തീരങ്ങൾ…
പക്ഷിമൃഗാദികൾ..

സാധ്യതകളും അവസരങ്ങളും ഒളിഞ്ഞിരിക്കാത്ത ഇടം എവിടെയുമില്ല.

അവസരങ്ങള്‍ എന്നത് എപ്പോഴും ഒരു ഭാഗ്യമല്ല. മാത്രവുമല്ല മിക്കപ്പോഴും അത് ഉണ്ടാക്കിയെടുക്കുന്നതാണ്. കണ്ടെത്തുന്നവയാണ്. അതൊരു ഭാഗ്യമോ നിമിത്തമോ ആയി നമ്മില്‍ വന്നു ചേരുക എന്നത് വളരെ കുറച്ചു മാത്രം സംഭവിക്കുന്ന ഒന്നാണ്.

ഓൺലൈനും ഒരു അവസരമായിരിക്കേ, അവിടെ നാം നിന്നും തിരിഞ്ഞു മറിഞ്ഞു ഉരുണ്ടു കളിക്കുന്ന നിമിഷങ്ങളെ കുറിച്ചു നമുക്കു ബോധവാൻമാർ ആവാം. അതു ഗുണപരമല്ല എങ്കിൽ ആ നിമിഷം ഡിജിറ്റല്‍ ഡീറ്റോക്സിനെ വാരിപ്പുണരാം.

ഗുണപരമല്ലാത്ത ഓൺലൈൻ സമയ നഷ്ടങ്ങൾ ഒഴിവാക്കിയാൽ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ ജീവിതത്തിലും കുടുംബ ജീവിതത്തിലും സുഹൃദ്ബന്ധങ്ങളിലും തൊഴിലിടങ്ങളിലും തിരിച്ചുപിടിക്കാൻ കഴിയുന്നു എന്നാണ് ഇന്നുവരെ നടന്ന എല്ലാ പഠനങ്ങളും തെളിയിക്കുന്നത്.

ഏതൊരു കാര്യവും നമ്മുടെയും നമുക്കു ചുറ്റിലുമുള്ളവരുടെയും വളര്‍ച്ചയ്ക്കും സന്തോഷത്തിനും ആനന്ദത്തിനും സുഖസൌകര്യങ്ങള്‍ക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുന്നുവോ അവിടെ നാം ശരിയായ വഴിയിലാണ്. അവിടെ ഒരു ഡീറ്റോക്സിന്‍റെ ആവശ്യമുദിക്കുന്നില്ല.

നമുക്ക് ലഭിച്ച ഏറ്റവും വലിയ സാധ്യതകള്‍ ആണു ഡിജിറ്റല്‍, ഇന്റെനെറ്റ്, മൊബൈല്‍ സൗകര്യങ്ങള്‍. വലിയ അവസരങ്ങളും. അതിന്റെ ഉപയോഗം ശരിയായ വിധത്തിലെങ്കില്‍ ഒരു ഡിജിറ്റല്‍ ഡീറ്റോക്സിന്‍റെ ആവശ്യം ഇല്ല.

“ശരിയായ വിധത്തിലെങ്കില്‍!”