എഴുപത്തി ഒന്നാമത് റിപ്ലബ്ലിക് ദിനം വരുമ്പോള്‍ നാമതിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കണം, നമ്മുടെ പ്രതിഷേധങ്ങള്‍ ഒരിക്കലും ഒരു മഹദ് ചരിത്രത്തോടാവരുത്

193

fasil shajahan

എഴുപത്തി ഒന്നാമത് റിപ്ലബ്ലിക് ദിനം വരുമ്പോള്‍ നാമതിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കണം. നമ്മുടെ പ്രതിഷേധങ്ങള്‍ ഒരിക്കലും ഒരു മഹദ് ചരിത്രത്തോടാവരുത്. വര്‍ത്തമാനകാല സാഹചര്യങ്ങള്‍ മാറിയും മറഞ്ഞും തിരിഞ്ഞും വരും. അതിനോടു പാശം പിടിച്ചു നില്‍ക്കാതെ നമ്മുടെ രാജ്യത്തിന്‍റെ മാത്രമായ പൈതൃകങ്ങളെ, പ്രത്യേകതകളെ ചേര്‍ത്തു പിടിക്കാനാവണം നാം ശ്രദ്ധിക്കേണ്ടത്.
ഓർമ്മയിലിരിക്കാനായി ചില കാര്യങ്ങൾ പറയട്ടെ.നമ്മുടെ അടയാളങ്ങളില്‍ ഒന്നായ രൂപയുടെ കാര്യം ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വെറും ഒന്നോ രണ്ടോ അടിസ്ഥാന ഭാഷകള്‍ മാത്രമുള്ള ലോക രാജ്യ കറന്‍സികള്‍ പോലെയല്ല നമ്മുടെ രൂപ.

ജന്മഭൂമിയെ പരസ്പരം കൈകോര്‍ത്തു പിടിക്കുന്ന പതിനേഴു ഭാഷകളുടെ പേരുകള്‍ അതില്‍ ആലേഖനം ചെയ്തതായി നമുക്കു കാണാം. നമ്മുടെ കറന്‍സിക്ക് പാസ്പോര്‍ട്ടു പോലെ നിരവധി പേജുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ 1,652 മാതൃഭാഷകളും നമ്മള്‍ അതില്‍ രേഖപ്പെടുത്തിയേനെ! നമ്മള്‍ അങ്ങിനെയാണ്. ഇങ്ങിനെ ഓരോ കാര്യമെടുത്താലും ഒന്നോ രണ്ടോ ഭാഷയും ഒന്നോ രണ്ടോ വര്‍ണ്ണവും എണ്ണം പറഞ്ഞ മതങ്ങളും മാത്രമായിട്ടും പരസ്പരം കൊന്നും കൊലവിളിച്ചും തളര്‍ന്നു വീണു കിതക്കുന്ന ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാമെന്നും ഒരു വിസ്മയമാണ്. എന്തു കൊണ്ടു നമുക്ക് മാത്രം ഇങ്ങിനെ സാധ്യമാകുന്നു എന്നു ചിന്തിക്കുമ്പോള്‍ ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്, ഏറ്റവും കൂടുതല്‍ ദൈവങ്ങള്‍ വസിക്കുന്ന മണ്ണായതു കൊണ്ടാവും നമുക്കിത്ര പ്രൊട്ടക്ഷന്‍ ലഭിക്കുന്നത് എന്ന്.

33 മില്യന്‍ ദൈവങ്ങള്‍ ഹിന്ദു മതത്തില്‍ മാത്രമുണ്ട്. ബാക്കി 6 മതങ്ങളുടെ വക വേറെ. പേരു റെജിസ്റ്റര്‍ ചെയ്യപ്പെടാത്ത കാട്ടു ദൈവങ്ങളും ആദിവാസി ദൈവങ്ങളും വേറെയും ഉണ്ട്.ക്രിസ്റ്റ്യാനിറ്റി, ഇസ്ലാം, ബഹായി, സോറോസ്ട്രിയനിസം, ജൂദായിസം തുടങ്ങി ഇത്രയുമധികം അന്യരാജ്യ മതങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന മറ്റൊരു രാജ്യം ലോകത്ത് വേറെയില്ല. വെറുമൊരു ജന്മം കൊണ്ട്, ഒരു ഭാഗ്യം പോലെ നമ്മിലേയ്ക്കു വന്നു ചേര്‍ന്ന ഈ മഹനീയതയെ നമ്മുടെ ദേശീയ ദിനങ്ങളിൽ സ്മരിക്കാന്‍ നമ്മോടു വിട്ടു പോകരുത്. കാരണം, മറ്റൊരു രാജ്യത്തിനും ഈ പ്രത്യേകയില്ല.ഹിന്ദുയിസം, ബുദ്ധിസം, ജൈനിസം, സിഖിസം തുടങ്ങി ഇത്രയുമധികം മതങ്ങള്‍ ജന്മമെടുത്തതും ഒന്നിച്ചു ജീവിക്കുന്നതുമായ മറ്റൊരു രാജ്യത്തെ കൃതിമമായി പോലും നിര്‍മ്മിക്കാന്‍ ലോകത്ത് ആര്‍ക്കെങ്കിലും സാധിക്കുമോ? ഒരിക്കലുമില്ല. കഴിഞ്ഞ ഒരു നാല്‍പ്പതു വർഷം എടുത്തു നോക്കിയാല്‍ ലോക മനുഷ്യര്‍ക്ക്‌ ഏറ്റവുമധികം ഭക്ഷണം നല്‍കിയ രണ്ടാമത്തെ രാജ്യവും നമ്മളാണ്.

ശരീരത്തിനുള്ള അന്നം മാത്രമല്ല നമ്മള്‍ നല്‍കിയത്. ആത്മാവിനുള്ള ഭക്ഷണം കൂടിയാണ്. ഇത്രയുമധികം ഫിലോസഫികള്‍, ദൈവേതര ചിന്തകള്‍, കലകള്‍, ഭൗതിക ചിന്തകള്‍, ഗ്രന്ഥങ്ങള്‍ ലോകമനസ്സാക്ഷിക്കു സംഭാവന ചെയ്ത മറ്റൊരു നാടില്ല. നമ്മുടെ രാജ്യത്തെ മതങ്ങളുടെ കാര്യം മാത്രമെടുത്താലും വൈവിധ്യങ്ങളുടെ കലവറകള്‍ ആണ്. ഒരേ പേരില്‍ ബോര്‍ഡ് തൂക്കിയ പലജാതി മതങ്ങള്‍. ക്രിസ്ത്യാനികള്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ നമുക്കു തോന്നും അതൊരൊറ്റ മതമാണെന്ന്!
കാത്തലിക്സും പ്രൊട്ടസ്റ്റന്റും അള്‍ട്രാ പ്രൊട്ടസ്റ്റന്റും ഓര്‍ത്തഡോക്സും യാഹോവക്കാരും.എല്ലാം ആ മതത്തിലെ തന്നെ വേറെ വേറെ മതങ്ങളാണ്. സിറോ-മലബാർ, ലത്തീൻ, സിറോ-മലങ്കര, യാക്കോബായ സുറിയാനി, കൽദായ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ തുടങ്ങി നിരവധി പരസ്പരം യോജിക്കാത്ത ഉപവിഭാഗങ്ങള്‍ വേറെയും ഉണ്ട്. സി.എസ്.ഐ, ആംഗ്ലിക്കൻ, സെവൻ‍ത് ഡേ അഡ്വന്റിസ്റ്റ്, സാൽ‌വേഷൻ ആർമി, ബിലീവേഴ്സ് ചർച്ച്, ബ്രദറൺ, യഹോവയുടെ സാക്ഷികൾ എന്നിങ്ങനെ പിരിച്ചലുകള്‍ വേറെയുമുണ്ട്. എങ്കിലും മാതൃരാജ്യത്തെ നെഞ്ചില്‍ ചേര്‍ത്തു പിടിച്ചു ലോക ക്രിസ്ത്യാനിസത്തെ വിസ്മയപ്പെടുത്താറുണ്ട് ഇന്ത്യന്‍ ക്രിസ്റ്റ്യാനിറ്റി. ഇനി മുസ്ലിംകളുടെ കാര്യമെടുത്തു നോക്കൂ.ഷിയാ വിഭാഗക്കാരും സുന്നികളും ആഹ്മദിയാ വിഭാഗവും വേറെത്തന്നെ വേര്‍പെട്ടു ജീവിക്കുന്നവരാണ്.ഷിയാക്കളില്‍ തന്നെ ഇസ്നാ അശരികളും, ഇസ്മാഈലികളും സൈദികളും ബൊഹ്‌റകളും വേറെ വേറെ മത ജീവിത രീതികള്‍ വെച്ച് പുലര്‍ത്തുന്നവരാണ്.

ഒരിക്കലും വിവാഹം കൊണ്ടോ പലപ്പോഴും ആരാധനാലയങ്ങള്‍ കൊണ്ടോ ഒരുമിക്കാത്തവര്‍ ഇതിലെല്ലാം ഉണ്ട്. സിനിമ ആയാലും ടെന്നീസായാലും സംഗീതമായാലും മറ്റു കലാരൂപങ്ങള്‍ ആയാലും മതത്തിലെ ഭൂതക്കണ്ണാടി പേടിച്ച് അകത്തും പുറത്തുമായി നില്‍ക്കുന്നവർ വേറെയുമുണ്ട്. ഇത്രയും വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും ഇവരെല്ലാവരും ഒരുമിക്കുന്ന ഒരേയൊരു വിഷയമുണ്ടെങ്കില്‍ അതു രാജ്യസ്നേഹം മാത്രമാണ്. രാജ്യസ്നേഹം വിശ്വാസത്തിന്‍റെ ഭാഗം കൂടിയാണ് മുസ്ലിംകള്‍ക്ക്..
മഹായാന വിഭാഗവും ഹീനയാന വിഭാഗവും പൂര്‍ണ്ണമായും രണ്ടു വേറെ വേറെ ബുദ്ധ സരണികളാണ്. വജ്രായന ബുദ്ധമതം, സെൻ ബുദ്ധമതം എല്ലാം ബുദ്ധമതം എന്നു തോന്നിപ്പിക്കുന്ന വെവ്വേറെ മതങ്ങളാണ്. ശ്വേതംബരന്മാരും ദിഗംബരന്മാരും ജൈനമതത്തിലെ തികച്ചും വ്യത്യസ്തമായ, വേറിട്ടു നില്‍ക്കുന്ന ധാരകളാണ്. മൂവായിരം ജാതികളും ഇരുപത്തി അയ്യായിരം ഉപജാതികളും ഉള്ള, പലപ്പോഴും ഒരു പുല ബന്ധവുമില്ലാത്ത ഏറ്റവുമധികം മതങ്ങള്‍ ഉള്‍ക്കൊള്ളുന്ന മതമാണ്‌ ഹിന്ദൂയിസം.
രണ്ടു മതങ്ങള്‍ക്കു പോലും ഒരുമിച്ചു ജീവിക്കാനറിയയാത്ത ഒരു ലോക ക്രമത്തില്‍, സഹിഷ്ണുതയുടെയും ആതിഥേയത്തിന്‍റെയും ആറായിരം വര്‍ഷങ്ങള്‍ അതിജീവിച്ച ഒരേയൊരു സംസ്കാരമാണ് അത്. ഹൈന്ദവത ഒരുക്കിയ മണ്ണിലെ കഥയാണ് മുകളില്‍ പറഞ്ഞ വൈവിധ്യങ്ങൾ മുഴുവനും. നിരീശ്വര വാദത്തിനും കമ്യൂണിസത്തിനും യുക്തി ചിന്തകള്‍ക്കും തുടങ്ങി മനുഷ്യ നാനാത്വങ്ങൾക്ക് ഇതുപോലെ ജീവിക്കാന്‍ പറ്റിയ മറ്റൊരു മണ്ണ് വേറെയുണ്ടോ?

ഇങ്ങിനെയുള്ള ഒരു മഹത്തായ ഭൂമികയുടെ മഹനീയമായ ചരിത്ര സ്മരണകളും പരിത്യാഗങ്ങളും ഓര്‍ക്കുകയും ഉണര്‍ത്തുകയും ചെയ്യേണ്ടുന്ന ഒരു ദിനത്തെ സമകാലീന അപചയത്തില്‍ നാം മുക്കിക്കളയരുത്. രാജ്യത്തിന്റെ നല്ലോര്‍മ്മ ദിനങ്ങളെ വര്‍ത്തമാന നിറത്തില്‍ മുക്കി കറുപ്പിച്ചു കളയരുത്. നമുക്കു സന്തോഷിക്കാനും അഹങ്കരിക്കാനുമുള്ള അവസരങ്ങളാണവ.  നമുക്കിതൊന്നു ആഘോഷിക്കണം.നമ്മുടെ മാതാപിതാക്കളെ ഓര്‍ക്കുന്നത് പോലെ, നമ്മുടെ കലാലയ ദിനങ്ങളെ സ്മരിക്കുന്നതു പോലെ, നമ്മുടെ നെഞ്ചിലേറ്റി നമുക്കിതൊന്നു മധുര നൊമ്പരത്തില്‍ ചാലിച്ചു നുകരണം. നമ്മുടെ വേരും വളർച്ചയുമാണത്‌.  പ്രിയപ്പെട്ടവര്‍ക്ക് റിപബ്ലിക് ദിനാശംസകള്‍.