മദ്യത്തിന് അഡിക്റ്റ് ആയ മിക്കവരുടെയും ഭാര്യമാരുടെ ശരീരത്തില്‍ ഏതെങ്കിലുമൊരുത്തന്റെ കണ്ണോ കയ്യോ വീണിട്ടുണ്ടാകും

338

Fasil Shajahan

മദ്യത്തിന് അഡിക്റ്റ് ആയ മിക്കവരുടെയും ഭാര്യമാരുടെ ശരീരത്തില്‍ ഏതെങ്കിലുമൊരുത്തന്നെ കണ്ണോ കയ്യോ വീണിട്ടുണ്ടാകും. അവരുടെ മേൽ നൂറു കണ്ണുകൾ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു സദാചാര പഠനം നടത്തുന്നുണ്ടാവും.

അവരിതൊന്നും പുറത്തു പറയണമെന്നില്ല. പക്ഷേ അത്രയ്ക്കും അരക്ഷിതമാണ് അവരുടെ സുരക്ഷിതത്വം. അവരുടെ മക്കളുടെ കഥയും ഇത്തരം നീറ്റലുകള്‍ പേറുന്നവ ആയിരിക്കും. അവർ സമൂഹിക വിചാരണയ്ക്ക് നിരന്തരം വിധേയരാവും.

നാമറിയാത്ത ശ്രദ്ധിക്കാത്ത വേറെയും എണ്ണമറ്റ പ്രശ്നങ്ങള്‍ മദ്യപാനം കൊണ്ടുണ്ടാകുന്നുണ്ട്.

ബാഹ്യപ്രണയങ്ങള്‍, പൊതുപ്രവര്‍ത്തന വിരക്തി ‍, കലാസ്വാദന വൈകല്യം ‍, കുടുംബമില്ലാതെയുള്ള യാത്രകള്‍, വര്‍ദ്ധിത തോതിലുള്ള ടെലിവിഷന്‍ കാണല്‍, ഭാര്യയുടെ ചാരിത്ര്യത്തിലെ സംശയങ്ങള്‍, ക്രിമിനല്‍ കൂട്ടുകെട്ടുകള്‍,. അങ്ങിനെ പലതും.

പുതിയ ഒരു വ്യക്തി മദ്യപാനത്തെ കുറിച്ചറിയുന്നത് മദ്യപരിൽ വല്ലാത്ത കുറ്റബോധം ഉണ്ടാക്കുന്നതിനാല്‍ പരിചിത ഇടങ്ങളില്‍ തന്നെ ഒതുങ്ങിക്കഴിയാന്‍ മദ്യപാനം ശീലിച്ചു പോയവര്‍ ശ്രമിക്കുന്നു.

ഇനി മദ്യപാനം നിറുത്തിയാല്‍ തന്നെ ചികിത്സയുടെ ഫലമായി കുറച്ചു ദിവസങ്ങളോ മാസങ്ങളോ നല്ല രീതിയില്‍ മക്കളുമൊത്തുള്ള കുടുംബ ജീവിതം സ്നേഹപൂര്‍വ്വം മുന്നോട്ടു പോകുമെങ്കിലും, പ്രത്യേക തരം സ്വപ്‌നങ്ങള്‍, ഭയപ്പെടുത്തുന്ന തോന്നലുകള്‍, തന്മൂലമുണ്ടാകുന്ന ഉറക്കമില്ലായ്മ, ഇതെല്ലാമുണ്ടാക്കുന്ന ശാരീരിക അസ്വസ്ഥതകള്‍, അങ്ങിനെ എല്ലാം കൂടിച്ചേര്‍ന്നു വീണ്ടും പിന്നീട് വീണ്ടും പഴയ പടി മദ്യത്തിന് കീഴ്പ്പെടും.

മദ്യപാനം നല്ലതല്ല എന്നത് മദ്യം ശീലിച്ചു പോയ ഏതൊരാള്‍ക്കും അറിയാം. അങ്ങിനെയൊരു തിരിച്ചറിവ് അവര്‍ക്ക് ഇല്ലാത്തതു കൊണ്ടല്ല അവര്‍ പിന്നെയും കുടിക്കുന്നത്. അവര്‍ക്ക് “തിരിച്ചറിവുകള്‍” ഉണ്ട്. ഇല്ലാത്തത് “മാറ്റ”മാണ്.

തിരിച്ചറിവിനും മാറ്റത്തിനും ഇടയില്‍ ഒരു സ്പേസ് ഉണ്ട്. മദ്യം കഴിക്കരുത് എന്നത് “തിരിച്ചറി”വാണ്. മദ്യപാനം അവസാനിപ്പിക്കുന്നതാണ് “മാറ്റം”.

ചിലരുടെ മാറ്റത്തിന് നിമിഷം മതി. ചിലര്‍ ഒന്നോ രണ്ടോ അതില്‍ കൂടുതലോ വര്ഷം എടുക്കും. ചിലര്‍ എല്ലാം വൈകിപ്പോയ നിമിഷത്തിലാണ് മാറുന്നത്. ചിലര്‍ മരണത്തിനു തൊട്ടു മുന്നേയും.

നാമൊരു മദ്യപാനിയാണെന്നു മറ്റുള്ളവർ അറിഞ്ഞു തുടങ്ങിയാൽ പിന്നെ, അതിങ്ങനെ നമ്മിലേയ്ക്ക് വന്നുകൊണ്ടിരിക്കും എന്നതാണ് അതവസാനിപ്പിക്കാന്‍ പറ്റാതിരിക്കുന്ന ഒരുവലിയ പ്രശ്നം.

സഹപാഠിയുടെ പ്രൊമോഷന്റെ വക, കൂട്ടുകാരന്‍റെ പെങ്ങളുടെ കല്യാണം വക . റൂം മേറ്റിന്റെ അപ്പന്‍ മരിച്ച ദുഃഖ സേവ, ഗള്‍ഫില്‍ നിന്നും വന്നവന്റെ വക.. ഇങ്ങിനെ പോകും അത്.

ഇങ്ങിനെ വല്ലപ്പോഴും മദ്യം കഴിക്കുന്നവർ അപ്പോഴത്തെ ഒരു കമ്പനിക്കു വേണ്ടി കൂട്ടുന്നവൻ സ്ഥിരമായി മദ്യം ഫ്രീയായി ലഭിക്കുന്നവനായി മാറുന്നു.

കണക്കുകള്‍ പ്രകാരം ഓണത്തിനും പെരുന്നാളിനും ക്രിസ്ത്യന്‍ ആഘോഷ ദിവസങ്ങളിലും ആണ് ഏറ്റവും കൂടുതല്‍ മദ്യം ചിലവാകുന്നത്. അഥവാ മതവിശ്വാസികളാണ്, ദൈവ ഭയം ഉള്ളവര്‍ തന്നെയാണ് ഏറ്റവുമധികം മദ്യവ്യാപാരം നടത്തിക്കൊടുക്കുന്നത് എന്നു സാരം.

ടീന്‍ ഏജ് സമയത്താണ് മിക്കവാറും ആളുകള്‍ മദ്യം രുചിച്ചു തുടങ്ങുന്നത്. ഇതില്‍ തന്നെ തൊണ്ണൂറു ശതമാനം പേരും മദ്യത്തിനു അഡിക്റ്റ് ആവുന്നില്ല. പക്ഷേ പത്തുശതമാനം പേര്‍ ഇനിയുമൊരു അമ്പതോ അറുപതോ വര്‍ഷത്തേയ്ക്കു വേണ്ടി ഒരുക്കപ്പെടുന്ന ഇരകളായി മാറുന്നു.

ഈ പത്തു ശതമാനത്തില്‍ പെട്ടവരാണ് പിന്നീട് നമ്മുടെ ആരുടെയെങ്കിലും മകളുടെയോ പെങ്ങള്‍സിന്റെയോ ഭര്‍ത്താക്കന്മാരായി വരുന്നത്. അങ്ങിനെയുള്ള ഒരൊറ്റ ആള്‍ മതി നാമതുവരെയും കഷ്ടപ്പെട്ടു നേടിയ എല്ലാ സന്തോഷങ്ങളും ഇല്ലാതാവാന്‍.

വിവാഹ സമയത്ത് അതൊരു വലിയ ദോഷമായി അനുഭവപ്പെടില്ല. അങ്ങിനെയാണ് അവരെ പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാരായി തെരഞ്ഞെടുക്കുന്നത്.

പക്ഷേ മദ്യത്തോടുള്ള ആസക്തി അവരില്‍ കുടിയിരിക്കുന്നുണ്ടാവും. വയസ്സ് കൂടുന്തോറും മനുഷ്യരുടെ ജീവിതത്തില്‍ സങ്കീര്‍ണ്ണതകള്‍ കൂടിവരിക എന്നതു സ്വാഭാവികമാണ്. അപ്പോഴാണ്‌ ഈ ആസക്തി വീണ്ടും സജീവമാകുന്നത്.

ഒരു തിരുത്തലിനു സാധ്യമല്ലാത്ത വിധം അപ്പോഴേയ്ക്കും അവര്‍ക്കു കുട്ടികളും സാമൂഹിക കെട്ടുപാടുകളും ഒക്കെ ആയിക്കഴിഞ്ഞിട്ടുണ്ടാകും. പിന്നെ ആയൊരു ദുരവസ്ഥയെ കണ്ണുനീരൊപ്പോടെ അംഗീകരിക്കുകയേ നിര്‍വ്വാഹമുള്ളൂ.

ഇതിനൊരു ഒരു വലിയ പോംവഴിയുള്ളത് ടീനേജിലെ മദ്യപാന സാധ്യതകളെ ഇല്ലാതാക്കുക എന്നതാണ്. അതിനു രക്ഷിതാക്കളുടെ ശ്രദ്ധ കൊണ്ടു മാത്രം സാധിക്കില്ല.

ടീന്‍ ഏജ് ആവുന്നതിനു മുമ്പു തന്നെ കുട്ടികള്‍ക്കു സോഷ്യല്‍ കമ്മിറ്റ്മെന്‍റ് സാധ്യമാക്കും വിധം കലാകായിക ബന്ധങ്ങള്‍ ഉണ്ടാക്കി കൊടുക്കണം. സാമൂഹികമായ ചങ്ങലകളില്‍ അവരെ ഉറപ്പിച്ചു നിറുത്തണം.

അവരുടെ സൗഹൃദങ്ങളെ നിരീക്ഷിച്ചു നിരീക്ഷിച്ചു ചുരുക്കിക്കളയുന്നതിനു പകരം അവര്‍ക്കു ഇഷ്ടം പോലെ നല്ല കൂട്ടുകാരെ ഉണ്ടാക്കാന്‍ സഹായിക്കണം.

ഒരു വലിയ സമൂഹത്തിന്‍റെ ഭാഗമായി, അതിന്റെ കണ്ണിയായി, വളരുന്ന കുട്ടികള്‍ക്കു പേരു ദോഷം വരുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ വൈമുഖ്യം ഉണ്ടാവും.

എല്‍ കെ ജി മുതലുള്ള അവരുടെ സൗഹൃദങ്ങളുടെ പേരുകളും അധ്യാപക ബന്ധങ്ങളും കണ്ണി മുറിയാതെ കൊണ്ടു നടക്കണം.

മദ്യം ശീലിച്ചു പോയവർ അവരുടെ മക്കളുടെ അറിവിൽ അതു വരാതെ നോക്കണം….